പ്രീട്രിബുലേഷണലിസം: ദൈവവചനത്തിൽ കാണുന്ന ക്രമത്തിന് വിരുദ്ധം
ദൈവവചനത്തിൽ കഷ്ടതയെക്കുറിച്ചും, കർത്താവിന്റെ വരവിനെക്കുറിച്ചും സഭയുടെ ഉൽപ്രാപണത്തെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങളിൽ കഷ്ടത്തിനു മുമ്പേ സഭയുടെ ഉൽപ്രാപണം സംഭവിക്കും എന്ന ക്രമം നമുക്ക് കാണുവാൻ സാധിക്കില്ല. സഭയുടെ ഉൽപ്രാപണം, അതുകഴിഞ്ഞു മഹാകഷ്ടം എന്ന ക്രമത്തിൽ ഒരു വേദഭാഗംപോലും പ്രീ-ട്രിബുലേഷൻ വീക്ഷണക്കാർക്കു കാണിച്ചുതരുവാൻ സാധിക്കില്ല. എന്നാൽ, നേരെ വിപരീതമായ ക്രമമാണ് നമുക്ക് ബൈബിളിൽ കാണുവാൻ കഴിയുന്നത്.
മത്തായി 24:29-31
കർത്താവിന്റെ മഹത്വപ്രത്യക്ഷതയ്ക്കു മുമ്പ് നടക്കേണ്ട മഹോപദ്രവത്തെകുറിച്ചാണ് മത്തായി 24:15-28-ൽ കാണുന്നതെന്നാണ് പ്രീട്രിബുലേഷൻ വീക്ഷണക്കാർ പറയുന്നത്. എന്നാൽ രസകരമായ ഒരു കാര്യം എന്താണ് എന്നുവച്ചാൽ, മഹാകഷ്ടത്തിനു മുമ്പ് ഒരു രഹസ്യ ഉൽപ്രാപണം ഉണ്ടായിരിക്കുമെന്ന് അവിടെ പറഞ്ഞിട്ടേയില്ല. എന്നാൽ, കർത്താവിന്റെ വരവ് വരെ കഷ്ടം ഉണ്ടായിരിക്കുമെന്നും ആ കഷ്ടം കഴിഞ്ഞാണ് കർത്താവിന്റെ വരവും വിശുദ്ധന്മാരുടെ സമാഗമനമെന്നും മത്തായി 24:29-31-ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് താനും.
വെളിപ്പാട് പുസ്തകത്തിന്റെ ക്രമം
പ്രീട്രിബുലേഷൻ വീക്ഷണപ്രകാരമുള്ള വെളിപ്പാട് പുസ്തകത്തിന്റെ ക്രമം രേഖപ്പെടുത്തട്ടെ:
വാദത്തിനു വേണ്ടി ഈ ക്രമം ശരിയാണ് എന്നു സമ്മതിച്ചാൽ തന്നെ, സഭാകാലത്തിനു ശേഷവും, എന്നാൽ മഹോപദ്രവകാലത്തിനു മുമ്പായും നടക്കും എന്നു അവർ പറയുന്ന രഹസ്യ ഉൽപ്രാപണം നമുക്ക് കാണുവാനേ കഴിയുന്നില്ല.
2 തെസ്സലോനിക്യർ 2:1-12
പ്രീട്രിബുലേഷൻ വീക്ഷണക്കാർക്കു ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വേദഭാഗമാണ് ഇത്. ഈ വേദഭാഗത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ ലോകാവസാനത്തോട് അനുബന്ധിച്ചു സംഭവിക്കേണ്ടതാണെന്നു ഞാനും വിശ്വസിക്കുന്നു. എന്നാൽ പ്രീട്രിബുലേഷണൽ ക്രമം നമുക്ക് ഇവിടെയും കാണുവാൻ സാധിക്കുകയില്ല.
ആദ്യമേ "വിശ്വാസത്യാഗവും അധർമ്മമൂർത്തിയുടെ വെളിപ്പെടും" സംഭവിക്കുമെന്നും അതുകഴിഞ്ഞേ “കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും” നടക്കുകയുള്ളൂ എന്നുമാണ് 2 തെസ്സലോനിക്യർ 2:1-3 വ്യക്തമായും ലളിതമായും പറയുന്നത്.
പുതിയ നിയമത്തിൽ കഷ്ടത്തെക്കുറിച്ചും, വിശുദ്ധന്മാരുടെ സമാഗമനത്തെക്കുറിച്ചും വിവരിച്ചിട്ടുള്ള വേദഭാഗങ്ങൾ എല്ലാം വ്യക്തമായും കൃത്യമായും പ്രീട്രിബുലേഷണൽ ക്രമത്തെ തള്ളിക്കളയുന്നതാണ്. ആകയാൽ ഈ വേദഭാഗങ്ങൾ എല്ലാം കഷ്ടം കഴിഞ്ഞാണ് ഉൽപ്രാപണമെന്ന വീക്ഷണത്തെ ഉറപ്പിക്കുന്നതുമാണ്.
Comments
Post a Comment