ഇസ്രായേലും സഭയും

 

ഉള്ളടക്കം

1.      ഇസ്രായേൽ

2.      ഇസ്രായേലും സഭയും: ഐക്യം, തുടർച്ച (??)

3.      ഇസ്രായേലും സഭയും ഒന്നാണോ?

4.      ഇസ്രായേലും സഭയും: ചരിത്രാധിഷ്ഠിത പഠനം

 

ഇസ്രായേൽ

അബ്രാഹാം ഒരു ജാതീയനായിരുന്നു

യെഹൂദന്മാരുടെ പിതാവായ അബ്രഹാം ഒരു ജാതീയനായിരുന്നു എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (യോശുവ 24:2). ആത്മീയമായോ, വംശീയമായോ, ബുദ്ധിപരമായോ മാറ്റ് ജാതികളിൽനിന്നും അബ്രഹാമിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എന്നാൽ യഹോവ അവനെ തിരഞ്ഞെടുത്തു. അവനു ഒരു ദേശത്തെയും, സന്തതിയെയും വാഗ്ദത്തം ചെയ്തു.

ആരാണ് യിസ്രായേല്യർ?

അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾക്കു മാത്രമേ ഒരു ഇസ്രായേല്യനാകുവാൻ കഴിയുകയുള്ളു എന്നാണു യുഗവാദികൾ ധരിച്ചുവച്ചിരിക്കുന്നതു. അതുകൊണ്ടാണ് അവർ പ്രസംഗങ്ങളിൽ ഡി.എൻ.എ. ടെസ്റ്റ് എന്നൊക്കെ പറഞ്ഞു വാചാലമാകുന്നത്.  ഇസ്രായേൽ രാഷ്ട്രത്തിന്‍റെ പൗരനാകുവാൻ വംശീയ ജൂതൻ (യെഹൂദാ മാതാപിതാക്കന്മാരിൽ നിന്നും ജനിച്ചവർ) ആയിരിക്കണം എന്നൊരു ഉപാധി ഒരിക്കലും ഉണ്ടായിരുന്നില്ല.

പഴയ നിയമത്തിൽ, ജാതീയനായ ഒരു വ്യക്തിക്ക് പരിച്ഛേദന ചെയ്തു ഉടമ്പടിയുടെ അനുഗ്രഹത്തിനും ഉത്തരവാദിത്വത്തിനും പങ്കുകാരനാകാമായിരുന്നു.

ഉല്പത്തി 17:10-14: “10എനിക്കും നിങ്ങൾക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. 11നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും. 12തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി. 13നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. 14അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു.

·        പരിച്ഛേദന എന്ന കർമം ഒരു ജാതീയനായിരുന്ന അബ്രഹാമിന് നിർണായകമായിരുന്നു.

·        പരിച്ഛേദന ചെയ്യാത്ത അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ ഛേദിക്കപ്പെടേണം എന്നതായിരുന്നു വ്യവസ്ഥ. ദൈവം അവരെ ഇസ്രായേൽ ആയി കണക്കാക്കുന്നില്ല എന്ന് സാരം.

·        ജാതികളായവർക്കും ഉടമ്പടിയുടെ അടയാളമായ പരിച്ഛേദന ഏറ്റു ഇസ്രായേൽ സഭയുടെ ഭാഗമാകാമായിരുന്നു.

പുറപ്പാട് 12:47-49: “47യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം. 48ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്തു യഹോവെക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്‍റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. 49സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേൽമക്കൾ ഒക്കെയും അങ്ങനെ ചെയ്തു.”

·        പെസഹായിൽ പങ്കെടുക്കുവാൻ പരിച്ഛേദന അത്യാവശ്യമായിരുന്നു.

·        ജാതികൾക്കും പരിച്ഛേദന ചെയ്തു പെസഹായിൽ പങ്കെടുക്കാമായിരുന്നു.

·        ഒരു ജാതീയൻ പരിച്ഛേദന ഏറ്റാൽ, പരിച്ഛേദന ഏറ്റ അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതിയെപോലെയാകും, സ്വദേശിയെപോലെയാകും.

·        അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ പരിച്ഛേദന ഏൽക്കാതിരുന്നാൽ അവനു പെസഹായിൽ പങ്കെടുക്കുവാൻ സാധിക്കുമായിരുന്നില്ല. അവനെ ദൈവം ഇസ്രായേലായി കണക്കാക്കുന്നില്ല എന്ന് സാരം.

എന്നാൽ, പുതിയ ഉടമ്പടിയിൽ ശാരീരിക പരിച്ഛേദന റദ്ദാക്കപ്പെട്ടു എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു. ഇന്ന്, ഒരു വ്യക്തിയെ ഉടമ്പടിയുടെ ഭാഗമാക്കുന്നത് ഹൃദയത്തിന്‍റെ പരിച്ഛേദനയാണ്. ശാരീരികമായ പരിച്ഛേദന യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന ഹൃദയ പരിച്ഛേദനയുടെ നിഴലായിരുന്നു (ആവർത്തനം 10:16; 30:6). ശരീരത്തിന്‍റെ പരിച്ഛേദനകൊണ്ട് ഇന്ന് ഒരു ഗുണവുമില്ലായെന്നു പൗലോസ് പറയുന്നു (ഗലാത്യർ 6:15: “For in Christ Jesus neither circumcision availeth any thing, nor uncircumcision, but a new creature”). അതുകൊണ്ടു പരിച്ഛേദന ഏൽക്കാത്ത മനുഷ്യർക്ക് ഹൃദയ പരിച്ഛേദനയിലൂടെ ദൈവത്തിന്‍റെ ഉടമ്പടിയുടെ ജനത്തിന്‍റെ ഭാഗമാകാം. ഈ പ്രമാണം അനുസരിച്ചു, പരിച്ഛേദന ഏൽക്കാത്ത വിശ്വാസിയായ ജാതി ഇന്ന് ദൈവജനമായ ഇസ്രയേലിന്‍റെ ഭാഗമാണ്. ശരീരത്തിന്‍റെ പരിച്ഛേദന ഏറ്റ അവിശ്വാസികളായ (ഹൃദയ പരിച്ഛേദന ഏൽക്കാത്ത) അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ ദൈവജനമായ ഇസ്രായേലിനു പുറത്താണ് (റോമർ 2:25-29; 1 കൊരിന്ത്യർ 7:18-19; ഗലാത്യർ 5:6; 6:15; എഫെസ്യർ 2:11-12; ഫിലിപ്പിയർ 3:2,3; കൊലൊസ്സ്യർ 2:11; 3:11). പുതിയ ഉടമ്പടിയുടെ കീഴിൽ ഒരു വ്യക്തിക്ക് ഉടമ്പടിയുടെ പദവി നൽകുന്നത് ഹൃദയ പരിച്ഛേദനയാണ്.

ഇസ്രായേലും സഭയും: ഐക്യം, തുടർച്ച

സഭ ദൈവത്തിന്‍റെ ഇസ്രായേൽ: ഒരു പുതിയ നിയമ സത്യം

അനേകം പുതിയ നിയമ വേദഭാഗങ്ങൾ സഭയെ ദൈവത്തിന്‍റെ ഇസ്രായേലായി കാണുന്നുണ്ട്.

റോമർ 2:28,29: “28പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; 29അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.”

·        അകമേ യെഹൂദനായവനത്രേ യെഹൂദൻ എന്ന് പൗലോസ് പറഞ്ഞിരിക്കുന്നു.

·        എന്നാൽ വിശ്വാസികളായ അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതി മാത്രമേ അതിൽ ഉൾപ്പെടുകയുള്ളു എന്ന് യുഗവാദികൾ ശാഠ്യം പിടിക്കുന്നു. എന്നാൽ അത് തീർത്തും വചനവിരുദ്ധമാണ്. കാരണം:

Ø  ഒരു അഗ്രചർമ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്‍റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുമെന്നു പൗലോസ് പറഞ്ഞിരിക്കുന്നു (റോമർ 2:26,27).

Ø  "അകമേ യെഹൂദനായവനത്രേ യെഹൂദൻ" എന്ന് പൗലോസ് അഖണ്ഡമായി പറഞ്ഞിരിക്കെ യെഹൂദനാകുവാൻ വേറെ ഒരു ഉപാധി കൂടെ വയ്ക്കുന്നത് തെറ്റാണ്.

Ø  അകമേ യെഹൂദനാകുവാൻ ശരീരത്തിന്‍റെ പരിച്ഛേദനകൂടെ വേണം എന്ന് പഠിപ്പിക്കുന്നത് തെറ്റാണ്. (പരിച്ഛേദനയിലൂടെയാണ് പഴയ നിയമത്തിൽ ഇസ്രായേൽ പൗരതയോടു ചേർന്നിരുന്നതെന്നു നാം കണ്ടുവല്ലോ).

Ø  ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന എന്ന് പൗലോസ് റോമർ 2:28-ൽ പറയുന്നുണ്ട്. യുഗവാദികളുടെ വാദം അനുസരിച്ചു  അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ ഹൃദയ പരിച്ഛേദന ചെയ്താൽ മാത്രമേ അത് പരിച്ഛേദനയാവുകയുള്ളു എന്ന് പറയേണ്ടി വരും. അത് എത്രയോ വിചിത്രമാണ്!

Ø  പഴയ നിയമത്തിൽ ഇസ്രായേലിന്‍റെ ഭാഗമാകുവാൻ അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതി ആവേണ്ടത് അത്യന്താപേക്ഷിതമല്ലായിരുന്നു എന്ന് നാം കണ്ടുവല്ലോ. പഴയ നിയമത്തിൽപോലുമില്ലാത്ത ഒരു ഉപാധി പുതിയ നിയമ കാലഘട്ടത്തിൽ കൊണ്ടുവരുന്നത് അസംബന്ധമാണ്.

Ø  റോമർ 9:6-8-ലെ പൗലോസിന്‍റെ പ്രസ്താവനയും ഇത് ഉറപ്പിക്കുന്നു

റോമർ 9:6-8: “6ആമേൻ. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും 7അബ്രാഹാമിന്‍റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. 8അതിന്‍റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്‍റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.”

·        ഇവിടെയും യുഗവാദികൾ അവരുടെ തെറ്റായ വ്യാഖ്യാനം തുടരും. ഹൃദയ പരിച്ഛേദനയേറ്റ അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ മാത്രമാണ് ഇസ്രായേല്യരെന്ന് അവർ പറയും. അത് തെറ്റാണ്. കാരണം:

Ø  വാഗ്ദത്തപ്രകാരം ജാനിച്ചവരാണ് സന്തതി എന്ന് എട്ടാം വാക്യം പറയുന്നു. ആരാണ് അവർ? വിശ്വാസികൾ എല്ലാവരും. "നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു എന്ന് പൗലോസ് ഗലാത്യയിലുള്ള വിശ്വാസികളോട് പറഞ്ഞിരിക്കുന്നു (ഗലാത്യർ 4:28).

Ø  അതുകൊണ്ടു റോമർ 9:6 പറയുകയാണ്: അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതി ആയവർ എല്ലാവരും യഥാർത്ഥത്തിൽ ഇസ്രായേല്യരല്ല. വാഗ്ദത്തപ്രകാരം ജനിച്ച മക്കളാണ് യഥാർത്ഥ ഇസ്രായേല്യർ. വിശ്വാസികളായ യെഹൂദന്മാരും യവനന്മാരും യിസ്ഹാക്കിനെപോലെ വാഗ്ദത്തപ്രകാരം ജനിച്ച മക്കളാണ് എന്ന് ഗലാത്യ ലേഖനം പറയുന്നു. അതുകൊണ്ടു വിശ്വാസികളായ എല്ലാവരുമാണ് യഥാർത്ഥ ഇസ്രായേൽ.

ഫിലിപ്പിയർ 3:3: “നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്‍റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.”

·        യഥാർത്ഥ പരിച്ഛേദനയായി കണക്കാക്കപ്പെടുവാനുള്ള ഉപാധി ശാരീരികമല്ല എന്ന് പൗലോസ് വ്യക്തമായി പറയുന്നു. വിശ്വാസികളായ എല്ലാവരുമാണ് യഥാർത്ഥ പരിച്ഛേദനക്കാർ.

·        പരിച്ഛേദന ഏറ്റവരെയാണ് പഴയ നിയമത്തിൽ ഇസ്രായേലിന്‍റെ പൗരന്മാരായി ദൈവം കണക്കാക്കിയതെന്നു നാം കണ്ടുവല്ലോ.

·        വിശ്വാസികളാണ് യഥാർത്ഥ പരിച്ഛേദനക്കാർ എന്ന് പൗലോസ് പറയുമ്പോൾ അതിന്‍റെ അർത്ഥം അവരാണ് യഥാർത്ഥ ഇസ്രായേൽ എന്നാണ്. അവരാണ് ദൈവത്തിന്‍റെ ഇസ്രായേൽ.

ഗലാത്യർ 6:15,16: “15പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. 16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്‍റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.”

·        വിശ്വാസികളായ യെഹൂദന്മാർ മാത്രമാണ് ദൈവത്തിന്‍റെ ഇസ്രായേൽ എന്നാണ് യുഗവാദികളുടെ വാദം. അത് ഗലാത്യ ലേഖനത്തിന്‍റെ പശ്ചാത്തലത്തിൽ തെറ്റാണു.

·        ഗലാത്യർ 6:15-ന്‍റെ ആക്ഷരീകമായ വ്യാഖ്യാനമനുസരിച്ചു ശരീരത്തിലുള്ള പരിച്ഛേദനകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു രേഖപ്പെടുത്തിയിരിക്കുന്നു (“Neither circumcision nor uncircumcision means anything; what counts is the new creation”).

·        എന്നാൽ, പഴയ നിയമത്തിൽ പരിച്ഛേദനയേറ്റവരാണ് യിസ്രായേല്യർ എന്ന് നാം കാണുകയുണ്ടായി. യുഗവാദികളുടെ വാദമനുസരിച്ചു ഒരുവന് ദൈവത്തിന്‍റെ ഇസ്രായേലായി അറിയപ്പെടുവാൻ പുതിയ സൃഷ്ടി ആയാൽ മാത്രം പോരാ, ഇസ്രായേൽ രാഷ്ട്രത്തിന്‍റെ അംഗവുമാകണം. പരിച്ഛേദനകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പറഞ്ഞ പൗലോസിന് എങ്ങനെയാണ് ശരീരത്തിന്‍റെ പരിച്ഛേദനകൊണ്ട് ദൈവത്തിന്‍റെ ഇസ്രായേൽ ആകുവാൻ കഴിയും എന്ന് തൊട്ടടുത്ത വാക്യത്തിൽ പറയുവാൻ കഴിയുക? ശരീരത്തിന്‍റെ പരിച്ഛേദയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണത്. അത് അസാധ്യമാണ്. കാരണം, ഗലാത്യർ 6:15-ൽ ശരീരത്തിലുള്ള പരിച്ഛേദനകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു രേഖപ്പെടുത്തിയിരിക്കുന്നു അല്ലെങ്കിൽ ദൈവത്തിന്‍റെ ഇസ്രായേൽ ആകുന്നതു ഒരു പ്രയോജനവുമില്ലാത്ത കാര്യമാണെന്ന് യുഗവാദികൾ പറയേണ്ടി വരും.

·        പരിച്ഛേദനകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പൗലോസ് പറയുമ്പോൾ അതിന്‍റെ അർത്ഥം ഇതാണ്: ഒരുവനെ ഇന്ന് ഇസ്രായേലിന്‍റെ പൗരനായി കണക്കാക്കുവാൻ ശരീരത്തിന്‍റെ പരിച്ഛേദന ഒരു മാനദണ്ഡമല്ല.

·        അതുകൊണ്ടു, പുതിയ സൃഷ്ടിയായ യെഹൂദനും യവനനുമാണ് ദൈവത്തിന്‍റെ ഇസ്രായേൽ.

എഫെസ്യർ 2:12,13: “12അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ. 13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്‍റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.

·        ജാതികൾ മുമ്പേ ദൂരസ്ഥരായിരുന്നു എന്ന് പൗലോസ് പറയുന്നു. എന്തിൽ നിന്നെല്ലാം ആയിരുന്നു അവർ ദൂരസ്ഥർ. വാക്യം 12 അത് രേഖപ്പെടുത്തുന്നു.

Ø  ക്രിസ്തുവിനെ കൂടാതെയുള്ളവർ

Ø  യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവർ

Ø  വാഗ്ദത്തത്തിന്‍റെ നിയമങ്ങൾക്കു അന്യർ

Ø  പ്രത്യാശയില്ലാത്തവർ

Ø  ലോകത്തിൽ ദൈവമില്ലാത്തവർ.

·        എന്നാൽ ദൂരസ്ഥരായ ജാതികൾ ഇന്ന് ക്രിസ്തുവിൽ സമീപസ്ഥരാണ്. എന്തിനോട് സമീപസ്തർ?

Ø  ക്രിസ്തു ഉള്ളവർ

Ø  ഇസ്രായേൽ പൗരതയോടു സംബന്ധമുള്ളവർ

Ø  വാഗ്ദത്തത്തിന്‍റെ നിയമങ്ങൾക്കു സമീപസ്തർ

Ø  പ്രത്യാശയുള്ളവർ

Ø  ലോകത്തിൽ ദൈവമുള്ളവർ

·        വിശ്വാസികൾ എല്ലാവരും ദൈവത്തിന്‍റെ ഇസ്രായേൽ ആണെന്ന സത്യം എത്രയോ വ്യക്തമാണ്. വിശ്വാസികളായ യവനനെയും യെഹൂദനെയും ഒരു പുതുമനുഷ്യനാക്കി ക്രിസ്തുവിൽ സൃഷ്ടിക്കുന്നു എന്ന് നാം വാക്യം 15-ൽ വായിക്കുന്നു. ആ പുതുമനുഷ്യനാണ് ദൈവത്തിന്‍റെ ഇസ്രായേൽ.

മത്തായി 21:42,43: “42യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? 43അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

·        ഈ വേദഭാഗം എടുത്താണ് ഇസ്രായേലിനോടുള്ള പ്രത്യേക പദ്ധതി താത്കാലികമായി റദ്ദാക്കപ്പെട്ടു എന്ന് യുഗാവാദികൾ പഠിപ്പിക്കുന്നത്. അത് തികച്ചും തെറ്റാണ്. കാരണം:

Ø  അവിശ്വാസികളായ യെഹൂദന്മാരിൽ നിന്നുമെടുത്ത അതെ ദൈവത്തിന്‍റെ രാജ്യമാണ് ഫലം പുറപ്പെടുവിക്കുന്ന മറ്റൊരു ജാതിക്കു കൊടുത്ത്. ആ ജാതിയാണ് ദൈവത്തിന്‍റെ ഇസ്രായേൽ (സഭ). മറ്റൊരു ജാതിക്കു കൊടുത്തത് വേറെ ഒരു രാജ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

Ø  എന്നാൽ ഭാവിയിൽ ദൈവരാജ്യം സഭയിൽനിന്നുമെടുത്തു ഇസ്രായേലിനു കൊടുക്കുമെന്ന് പറയുന്നത് തന്നെ എന്തൊരു അബദ്ധമാണെന്ന് കേൾക്കുന്നവർക്ക് ചിന്തിക്കാവുന്നതേയുള്ളു.

എല്ലാ കാലത്തിലെ വിശുദ്ധന്മാരും കൂടിച്ചേരുന്ന ആ കൂട്ടമാണ് കുഞ്ഞാടിന്‍റെ കാന്തയായ സഭ. അവരാണ് ദൈവത്തിന്‍റെ ഇസ്രായേൽ.

വീണ്ടെടുപ്പിൻ ചരിത്രം അതിന്‍റെ പൂർത്തീകരണത്തിൽ എത്തുമ്പോഴുള്ള ഒരു ചിത്രമാണ് നാം വെളിപ്പാട് 21-ൽ കാണുന്നത്.

വെളിപ്പാട് 21:9-14: “9അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. 10അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു. 11അതിന്‍റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു. 12അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു. 13കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. 14നഗരത്തിന്‍റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്‍റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.”

·        കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാമെന്നാണ് ദൂതൻ യോഹന്നാനോട് പറഞ്ഞത്. കാണിച്ചുകൊടുത്തതാകട്ടെ, യെരൂശലേം എന്ന വിശുദ്ധ നഗരത്തെയും. അതുകൊണ്ടു യെരൂശലേം എന്ന വിശുദ്ധ നഗരമാണ് കുഞ്ഞാടിന്‍റെ കാന്ത.

·        ഈ കുഞ്ഞാടിന്‍റെ കാന്തയിൽ ആരൊക്കെ ഉൾപ്പെടുന്നു? പഴയ പുതിയ നിയമ വിശുദ്ധന്മാർ അതിന്‍റെ ഭാഗമാണ്. കുഞ്ഞാടിന്‍റെ കാന്തയായ യെരൂശലേമിന്‍റെ പന്ത്രണ്ടു ഗോപുരങ്ങളിൽ യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു. നഗരത്തിന്‍റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്‍റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.

·        പഴയ നിയമ വിശുദ്ധന്മാരും പുതിയ നിയമ വിശുദ്ധന്മാരും കുഞ്ഞാടിന്‍റെ കാന്തയുടെ ഭാഗമാണ് എന്നത് വളരെ വ്യക്തമായ കാര്യമാണ്. അവരെ യെരൂശലേം എന്നും വിളിച്ചിരിക്കുന്നു.

·        കുഞ്ഞാടിന്‍റെ കാന്ത സഭയാണെന്നു വെളിപ്പാട് പത്തൊമ്പതാം അദ്ധ്യായത്തിൽനിന്നും മനസ്സിലാക്കാം 

 

 

 

സഭ: ദൈവത്തിന്‍റെ ഇസ്രായേലാണ്: ആക്ഷരീകമായ വചന സത്യം

ഭൂരിഭാഗവും ജാതികൾ അംഗങ്ങളായുള്ള ഒരു കൂട്ടത്തെ എങ്ങനെയാണ് ദൈവത്തിന്‍റെ ഇസ്രായേൽ എന്ന് വിളിക്കുവാൻ സാധിക്കുന്നത് എന്നതാണ് യുഗവാദികളുടെ ഒരു സംശയം? എന്നാൽ ചില സത്യങ്ങൾ ഈ സംശയത്തെ അകറ്റുവാൻ സഹായിക്കും:

1.      സഭയുടെ രാജാവ് ഒരു യെഹൂദനാണ്.

സഭയുടെ സ്ഥാപനത്തെക്കുറിച്ചു യേശുക്രിസ്തു മത്തായി 16:18-ൽ പറയുന്നു. യേശു ക്രിസ്തു ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു (മശീഹ) എന്ന് പത്രോസ് പറഞ്ഞപ്പോഴാണ് കർത്താവ് തന്‍റെ സഭയെകുറിച്ചുള്ള വെളിപ്പാട് കൊടുത്ത്. പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന, വിശ്വാസികളായ യെഹൂദന്മാർ കാത്തിരുന്ന ക്രിസ്തുവാണ് (മശീഹയാണ്) യേശുവെന്ന് പത്രോസ് സാക്ഷ്യപ്പെടുത്തി. നമ്മുടെ കർത്താവ് പറയുകയുണ്ടായി: ഞാൻ എന്‍റെ സഭയെ പണിയും. അപ്പോൾ ഈ സഭ ആരുടേതാണ്? മശിഹായുടെ സഭ. യെഹൂദന്മാരുടെ രാജാവിന്‍റെ, യെഹൂദന്മാർ നോക്കിപ്പാർത്തിരുന്ന മശിഹായുടെ സഭയാണ് ഈ സഭ. അതുകൊണ്ടു സഭ എന്നത് അന്ത്യകാലത്തിൽ ഇസ്രയേലിന്‍റെ മശീഹ സ്ഥാപിക്കുന്ന മശിഹായുടെ സഭയാണ്.

ദൈവം ഇസ്രയേലിനോട് ചെയ്ത വാഗ്ദത്തങ്ങൾ എല്ലാം ക്രിസ്തുവിൽ ഉവ്വ്, ഉവ്വ് എന്നാണ് (2 കൊരിന്ത്യർ 1:20). ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന നാം ഓരോരുത്തരും ആ വാഗ്ദത്തങ്ങളുടെ ഗുണഭോക്താക്കളുമാണ്. ഗലാത്യർ 3:28,29: “28അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. 29ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.”

2.      സഭയുടെ അടിസ്ഥാന കല്ലുകൾ യെഹൂദന്മാരായ അപ്പോസ്തലന്മാരാണ്.

സഭയുടെ അടിസ്ഥാനമെന്ന് ദൈവവചനം പറയുന്ന അപ്പോസ്തലന്മാർ എല്ലാവരും യെഹൂദന്മാരായിരുന്നു.

എഫെസ്യർ 2:20: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.”

വെളിപ്പാട് 21:14: “നഗരത്തിന്‍റെ  മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്‍റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.”

ക്രിസ്തുവിൽ വിശ്വസിച്ചു ദൈവത്തിന്‍റെ ഉടമ്പടിയുടെ ജനമായ ജാതികൾ എല്ലാവരും പണിയപ്പെടുന്നത് ഈ യെഹൂദാ അടിസ്ഥാനത്തിന്‍റെ മീതെയാണ് എന്നത് നാം മറക്കരുത്. അപ്പോസ്തലന്മാരാണ് സഭയുടെ അടിസ്ഥാനം.

3.      വിശ്വാസികളായ യെഹൂദാ ശേഷിപ്പ്  സഭയിൽ ഉണ്ട്.

റോമർ 11:4,5: "4......ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു എന്നു തന്നേ. 5അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു."

ഇസ്രായേൽ രാഷ്ട്രത്തിനു ദൈവം നൽകിയ വാഗ്ദത്തങ്ങൾ അനുഭവിച്ചത്‌ ഒരു ശേഷിപ്പ് മാത്രമായിരുന്നു. മിസ്രയീമിൽനിന്നുമുള്ള പുറപ്പാടിന്‍റെ സമയത്തു ദൈവം അവരെ കനാൻ ദേശത്തിൽ എത്തിക്കും എന്ന് വാഗ്ദത്തം നൽകി. എന്നാൽ ഒരു ശേഷിപ്പ് മാത്രമാണ് കനാൻ ദേശത്തേക്കു പ്രവേശിച്ചത്. അതുകൊണ്ടു, അവിശ്വാസികളായ യഹൂദന്മാർക്കു വാഗ്ദത്തങ്ങളിൽ അവകാശമില്ല എന്ന് നാം മനസ്സിലാക്കണം. ഈ കാലത്തിലും യെഹൂദന്മാരിൽ നിന്നുമുള്ള വിശ്വാസികളായ ശേഷിപ്പ് ഉണ്ട് എന്ന് നാം കണ്ടുവല്ലോ. അവരാണ് അബ്രാഹാമിന്‍റെ വാഗ്‌ദത്തങ്ങൾക്കു അവകാശികൾ.

പുതിയ ഉടമ്പടിയും ഈ യെഹൂദാ ശേഷിപ്പിലൂടെയാണ് നിറവേറുന്നതു എന്ന് വചനം വ്യക്തമായി പറയുന്നു (യെശയാവു 59:20, 21; റോമർ 11:1-10).

4.    പുതിയ ഉടമ്പടിയുടെ അനുഗ്രഹങ്ങൾ ജാതികൾക്കും ലഭിക്കുമെന്ന് പ്രവാചകന്മാർ പ്രവചിച്ചിരുന്നു (യെശയാവു 19:25; 42:1-6; 49:5, 6; 52:13-15; 54:1-3; 56:1-8). പുതിയ നിയമവും ഈ സത്യം സ്ഥിരീകരിക്കുന്നു (ഗലാത്യർ 4:26-30).

ജാതികളായ വിശ്വാസികളെ ഇസ്രായേലായി ദൈവം കണക്കാക്കുമ്പോൾ, വിശ്വസിക്കുന്ന ഒരു യെഹൂദനും അവന്‍റെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല. എന്നാൽ, വിശ്വാസിയായ യെഹൂദനോടുകൂടെ വിശ്വാസിയായ ജാതിയും കൂട്ടവകാശികൾ ആവുകയാണ് ചെയ്യുന്നത്. തന്‍റെ രാഷ്ട്രത്തിന്‍റെ അതിരുകളെ വിശാലമാക്കി ജാതികളിൽ നിന്നുമുള്ള ഒരു വലിയ ജനസാഗരത്തെ തന്‍റെ രാഷ്ട്രത്തിൽ ഉൾകൊള്ളിക്കുവാൻ ഇസ്രയേലിന്‍റെ രാജാവിന് പ്രസാദമായി എന്നതാണ് പുതിയ നിയമം പഠിപ്പിക്കുന്ന സത്യം (എഫെസ്യർ 3:5, 6).

ഈ കാരണങ്ങളാൽ സഭ ദൈവത്തിന്‍റെ ഇസ്രായേലാണെന്ന വചന സത്യം കൂടുതൽ തെളിവാകുന്നു.

ഇസ്രായേലും സഭയും ഒന്നാണോ?

കഴിഞ്ഞ അധ്യായത്തിൽ ഇസ്രായേലും സഭയും തമ്മിലുള്ള ഐക്യവും തുടർച്ചയും നാം ശ്രദ്ധിക്കുകയുണ്ടായി. സഭ എന്നത് ദൈവത്തിന്‍റെ ഇസ്രായേൽ ആണെന്ന വചന സത്യം നാം കാണുകയുണ്ടായി. സഭയാണ് ദൈവത്തിന്‍റെ യഥാർത്ഥ ഇസ്രായേൽ എന്നും ആ അർത്ഥത്തിൽ പഴയ നിയമ വിശുദ്ധന്മാരും കൂടെ ഉൾപ്പെടുന്നതാണ് സഭ എന്നും നാം കണ്ടുവല്ലോ. ഇനി ഇസ്രായേലും സഭയും തമ്മിലുള്ള വ്യത്യാസങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.

ഒരേസമയത്തു, സഭ ദൈവത്തിന്‍റെ ഇസ്രായേൽ ആണെന്നും എന്നാൽ ഇസ്രയേലുമായി വ്യത്യാസമുണ്ടെന്നും നമുക്ക് എങ്ങനെ പറയാൻ സാധിക്കും എന്ന സംശയം പലരിലും വരാം. പ്രകൃതിയിൽ കാണുന്ന കമ്പിളി പുഴു ഒരു നല്ല ചിത്രീകരണമാണ്. അവിടെ അറപ്പുളവാക്കുന്ന, ഇഴഞ്ഞു നീങ്ങുന്ന പുഴു രൂപാന്തരീകരണം പ്രാപിച്ചു ഒരു മനോഹരമായ ചിത്രശലഭമായി മാറുന്നു. കമ്പിളിപുഴുവിനില്ലാത്ത വിശേഷലക്ഷണങ്ങളും കഴിവുകളും ചിത്രശലഭത്തിനുണ്ട്. എന്നാൽ അടിസ്ഥാനപരമായി അത് ഒരേ ജീവിയാണ്.

സഭ ഒരു “ആത്മീയ ഇസ്രായേൽ” ആണ് എന്നല്ല, മറിച് നവീകരിക്കപ്പെട്ട ഇസ്രായേലാണ് (Reorganized Israel) സഭ എന്നതാണ് വാസ്തവം. സഭയെ പുതിയ ഉടമ്പടിയുടെ ഇസ്രായേൽ (ദൈവത്തിന്‍റെ ഇസ്രായേൽ) എന്ന് നാം പറയുമ്പോൾ നാം (ചിലർ ആക്ഷേപിക്കുന്നതുപോലെ) പ്രവചനങ്ങളെ ആത്മീയമായും രൂപകാത്മകമായും മനസ്സിലാക്കുകയല്ല ചെയ്യുന്നത്. മറിച്, ചരിത്രപരമായി സംഭവിച്ച ഈ നവീകരണം (Re-organization) നാം അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഈ ചരിത്രപരമായ നവീകരണത്തിൽ, രാഷ്ട്രീയ ഇസ്രായേലിനു ദൈവം കൊടുത്ത വാഗ്ദത്തങ്ങൾ എല്ലാം നിയമാനുസൃതമായും, മുറിഞ്ഞുപോകാത്ത തുടർച്ചയെന്നോണവും ദൈവത്തിന്‍റെ യഥാർത്ഥ ഇസ്രായേലിനു ലഭിച്ചു. ആ ലഭിച്ചതിന്‍റെ കാരണം, സഭ എന്നത്, എല്ലാ അർത്ഥത്തിലും ദൈവത്തിന്‍റെ ഇസ്രായേൽ എന്ന നിലയിൽ, അതിനു അവകാശികൾ ആണ് എന്നതുകൊണ്ടാണ്.

സഭ: നവീകരിക്കപ്പെട്ട ഇസ്രായേൽ (Re-organized Israel, Restored Israel)

ഏതൊക്കെ നിലയിലാണ് ഇസ്രായേൽ നവീകരിക്കപ്പെട്ടതെന്ന് നമുക്ക് ഇനി പരിശോധിക്കാം.

1.    സാർവ്വലൗകീകത (Universality)

ഇന്ന്, ദൈവത്തിന്‍റെ ജനത്തിൽ (രാഷ്ട്രത്തിൽ) എല്ലാ ജാതികളിൽനിന്നുമുള്ള മനുഷ്യർ ഉണ്ട്. ഈ ഒരു സത്യം പഴയ നിയമ പ്രവാചകന്മാരുടെ ഒരു പ്രവചന വിഷയമായിരുന്നു (സങ്കീർത്തനം 22:25-31; 72:8-11, 17; യെശയാവു 19:19-25; 42:1-6; 49:5, 6; 52:13-15; 54:1-3; 62:1, 2; 65:12-15; 56:1-8; 66:2-10). അവർ ഈ കാലത്തെ കുറിച്ച് ആശയോടെ പ്രവചിച്ചു. ജാതികളെ ദൈവത്തിന്‍റെ ഉടമ്പടിയുടെ ജനത്തിലേക്കു ഉൾപ്പെടുത്തുന്നത് പഴയ നിയമ പ്രവചനങ്ങളുടെ നിവൃത്തിയായി അപ്പോസ്തലന്മാർ കണ്ടു (അപ്പൊ. പ്രവർത്തികൾ 15:15-17;  റോമർ 15:7-12). പൗലോസിന്‍റെ ലേഖനത്തിൽ സഭയെ കുറിച്ചുള്ള മർമം ഈ സാർവ്വലൗകീകതയാണ്. പഴയ നിയമത്തിൽ പ്രവചിക്കപ്പെടാത്ത ഒരു കാര്യത്തെയാണ് മർമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് യുഗവാദികളുടെ പഠിപ്പിക്കൽ. എന്നാൽ തിരുവെഴുത്തിന്‍റെ നിർവചനപ്രകാരം, പഴയ നിയമ പ്രവാചകന്മാർ പ്രവചിച്ചതും എന്നാൽ അനുഭവിക്കാതിരുന്നതുമായ ഒന്നാണ് മർമം (റോമർ 16:25-26). ആ മർമം ഈ സാർവ്വലൗകീകതയാണ്. ദൈവത്തിന്‍റെ നവീകരിക്കപ്പെട്ട ഇസ്രായേലായ തന്‍റെ രാഷ്ട്രത്തിൽ എല്ലാ ദേശത്തിലും ജീവിക്കുന്ന സകല വിശ്വാസികളും പൗരന്മാരാണ് (ശരീരത്തിന്‍റെ പരിച്ഛേദന ഏൽക്കാതെ തന്നെ).

2.      വിശ്വാസികളുടെ രാഷ്ട്രം എന്ന നിലയിൽ

പഴയ നിയമത്തിലും യഹോവയിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ ഉണ്ടായിരുന്നു എന്ന് നാം കണ്ടുവല്ലോ. അവർ പരിശുദ്ധാത്മാവിനാൽ വാസം ചെയ്യപ്പെട്ടവരും ആയിരുന്നു. ഇസ്രായേല്യർ പലരും രക്ഷിക്കപ്പെട്ടവരായിരുന്നു എങ്കിലും ഇസ്രായേൽ എന്ന രാഷ്ട്രം രക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇസ്രായേലിൽ അവിശ്വാസികളുണ്ടായിരുന്നു. ഇസ്രായേല്യർ പലരിലും പരിശുദ്ധാത്മാവ് വാസം ചെയ്തിരുന്നുവെങ്കിലും ഇസ്രായേൽ രാഷ്ട്രത്തിന്മീതെ പരിശുദ്ധാത്മ വാസം ഇല്ലായിരുന്നു. എന്നാൽ, നവീകരിക്കപ്പെട്ട ഇസ്രയേലിന്‍റെ എല്ലാ പൗരന്മാരും വിശ്വാസികളാണ് (യിരെമ്യാവ് 31:34). ആ അർത്ഥത്തിൽ നവീകരിക്കപ്പെട്ട ഇസ്രായേൽ രക്ഷിക്കപ്പെട്ടവരാണ്. ഈ ഇസ്രായേലിന്‍റെ മീതെ പരിശുദ്ധാത്മാവിന്‍റെ പ്രത്യേക നിവാസമുണ്ട്. ഒരു രാഷ്ട്രമെന്ന നിലയിൽ വിശ്വാസികളെകൊണ്ട് മാത്രം നിറഞ്ഞതാണ് യഥാർത്ഥ ഇസ്രായേൽ. ആ നിലയിൽ ഇസ്രായേലിന്‍റെ മശിഹായുടെ ശരീരമാണ് ഈ രാഷ്ട്രം.

3.      പൗരത്വ മാനദണ്ഡം

അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതിയോ, വിജാതീയനോ പഴയ ഇസ്രയേലിന്‍റെ പൗരന്മാരാകുവാൻ ശരീരത്തിന്‍റെ പരിച്ഛേദന ഏൽക്കണമായിരുന്നു. എന്നാൽ പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ, പരിച്ഛേദനകൊണ്ട് ഒരു പ്രയോജനവുമില്ല. ഹൃദയത്തിന്‍റെ പരിച്ഛേദനയാണ് ഒരുവനെ ദൈവത്തിന്‍റെ ഇസ്രയേലിന്‍റെ പൗരനാക്കുന്നതു. ഈ മാനദണ്ഡപ്രകാരം അവിശ്വാസികളായ അബ്രഹാമിന്‍റെ സ്വാഭാവിക സന്തതി ദൈവത്തിന്‍റെ ഇസ്രായേലിനു പുറത്താണ്. ഈ മാനദണ്ഡപ്രകാരം ഇസ്രായേലിന്‍റെ രാജാവിനെ അംഗീകരിച്ചു വന്ന ജാതികൾ ഇസ്രയേലിന്‍റെ അകത്താണ്.

അബ്രാഹാമിനോട് ദൈവം ചെയ്ത വാഗ്ദത്തങ്ങൾ ഇസ്രയേലിനെ നവീകരിച്ചു യേശു ക്രിസ്തു നിറവേറ്റി. നമ്മുടെ ദൈവം എത്രയോ വിശ്വസ്തൻ. ആകാശം മാറിയാലും ഭൂമി ഇളകിയാലും അവന്‍റെ വാക്കു ഒരിക്കലും മാറുകയില്ല.  ന്‍റെ വാഗ്ദത്തങ്ങൾ തന്‍റെ ക്രൂശിലെ യാഗത്താൽ നിറവേറ്റിയ നമ്മുടെ കർത്താവ് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.

ഇസ്രായേലും സഭയും: ചരിത്രാധിഷ്ഠിത പഠനം

സഭയും ഇസ്രായേലും എന്ന വിഷയത്തിൽ അടിസ്ഥാനപരമായി രണ്ടു വീക്ഷണ ധാരകളാണുള്ളത്. ഒന്ന് യുഗവാദ സിദ്ധാന്തം. മറ്റൊന്ന് ചരിത്രാധിഷ്ഠിതമായ ക്രിസ്തീയ വീക്ഷണം.

യുഗവാദ സിദ്ധാന്തം (Dispensational view): ഓരോ കാലത്തിലും ദൈവം വ്യത്യസ്തമായി ഇടപെടുന്ന രണ്ടു വ്യത്യസ്ത കൂട്ടരാണ് സഭയും ഇസ്രായേലും എന്നതാണ് യുഗവാദികളുടെ പഠിപ്പിക്കൽ. സഭ എന്നത് ഇസ്രായേലിന്‍റെ തുടർച്ച അല്ലെന്നും ദൈവത്തിന്‍റെ ഇസ്രായേൽ അല്ലെന്നും അവർ വാദിക്കുന്നു. ഈ വിഷയമാണ് യുഗവാദികളെയും യുഗവാദികൾ അല്ലാത്തവരും വേർതിരിക്കുന്ന അടിസ്ഥാനമെന്ന് ചാൾസ് റൈറി പറയുകയുണ്ടായി (C. C. Ryrie, Dispensationalism Today, pp. 44-48).

ചരിത്രാധിഷ്ഠിതമായ ക്രിസ്തീയ വീക്ഷണം (view of historic Christianity): ഈ കൂട്ടർ വിശ്വസിക്കുന്നത്, ദൈവത്തിനു കാലവ്യത്യാസം കൂടാതെ "ഒരൊറ്റ ജനമേ" ഉണ്ടായിരുന്നുള്ളു എന്നാണ്. ഇസ്രായേലിനു നൽകിയ വാഗ്ദത്തം യഥാസ്ഥാനപ്പെട്ട ഇസ്രായേലായ സഭയിൽ നിറവേറുന്നു എന്നും ഇവർ പഠിപ്പിക്കുന്നു.

രണ്ടാമത്തെ വീക്ഷണത്തെ ചരിത്രപരമായ വീക്ഷണം എന്ന് രേഖപ്പെടുത്തുവാനുള്ള കാരണങ്ങൾ നിരത്തട്ടെ:

1.      ആദിമ പുതിയ നിയമ സഭാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രീമില്ലേനിയലിസ്റ്റുകൾ ഈ ആശയമായിരുന്നു പിന്തുടർന്നിരുന്നത്.

സഭ ദൈവത്തിന്‍റെ ഇസ്രായേലാണെന്നു പഠിപ്പിക്കുന്നവരായിരുന്നു അവർ. ഒരു ഉദാഹരണമാണ് ജസ്റ്റിൻ മാർട്ടിയർ എന്ന ദൈവദാസൻ.

“For the true spiritual Israel, and descendants of Judah, Jacob, Isaac, and Abraham (who in uncircumcision was approved of and blessed by God on account of his faith, and called the father of many nations), are we who have been led to God through this crucified Christ, as shall be demonstrated while we proceed.” (Justin Martyr’s Dialog with Trypho the jew, ch. XI)

·        കർത്താവായ യേശുക്രിസ്തുവിനോട് വിശ്വാസത്താൽ ചേർക്കപ്പെട്ടവർ യഥാർത്ഥ ഇസ്രായേൽ ആണെന്ന് ജസ്റ്റിൻ മാർട്ടിയർ വിശ്വസിച്ചിരുന്നു.

അലൻ പാട്രിക് ബോയ്‌ഡ്‌ എന്ന യുഗവാദി തന്‍റെ ദൈവശാസ്ത്ര പഠനത്തോടുള്ള ബന്ധത്തിൽ തയ്യാറാക്കിയ ഒരു തീസിസും ഇത് ഉറപ്പിക്കുന്നു (Thesis done by Alan Patrick Boyd: A Dispensational Premillennial Analysis of the Eschatology of the Post-Apostolic Fathers (until the Death of Justin Martyr), a Th.M. thesis for Dallas Theological Seminary)

2.      മധ്യ നാളുകളിൽ (നാലാം നൂറ്റാണ്ടു മുതൽ) പ്രീമില്ലേനിയലിസം എന്ന വീക്ഷണം സഭകളിൽ പഠിപ്പിക്കപ്പെട്ടിട്ടേയില്ല എന്ന് വേണം മനസ്സിലാക്കുവാൻ.

3.      പ്രീമില്ലേനിയലിസം വീണ്ടും തലപൊക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അന്നത്തെ പ്രീമില്ലേനിയലിസ്റ്റുകൾ യുഗവാദികളായിരുന്നില്ല. ദൈവഭക്തന്മാരായ പ്രീമില്ലേനിയലിസ്റ്റുകൾ  അതിനെ എതിർത്തിരുന്നു. ഒരു ഉദാഹരണമാണ് ചാൾസ് സ്പർജൻ (1834-1892).

“We have even heard it asserted that those who lived before the coming of Christ do not belong to the church of God! We never know what we shall hear next, and perhaps it is a mercy that these absurdities are revealed one at a time, in order that we may be able to endure their stupidity without dying of amazement” (Iain Murray, The Puritan Hope, pp. 258-260)

·        പഴയ നിയമ വിശുദ്ധന്മാർ സഭയിൽ ഉൾപ്പെടുന്നില്ല എന്ന പഠിപ്പിക്കലുകളെകുറിച്ചാണ് സ്പർജൻ ഇവിടെ അഭിപ്രായപ്പെട്ടത്.

·        ബുദ്ധിശൂന്യമായ, അബദ്ധമായ, യുക്തിഹീനമായ വീക്ഷണം എന്നാണ് യുഗവാദ സിദ്ധാന്തത്തെ കുറിച്ച് സ്പർജൻ പറഞ്ഞിരിക്കുന്നത്.

4.      സ്പർജൻ മുകളിൽ പറഞ്ഞതനുസരിച്ചു പത്തൊമ്പതാം നൂറ്റാണ്ടിലാണ് സഭ, ഇസ്രായേൽ സംബന്ധിച്ച യുഗവാദ വീക്ഷണം തുടങ്ങുന്നത്.

 

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)