മത്തായി 24 - ഒലിവുമല പ്രഭാഷണം

 

ഉള്ളടക്കം:

1.      വ്യത്യസ്തമായ വീക്ഷണങ്ങൾ

2.      മത്തായി 24: വിവരണം

വ്യത്യസ്തമായ വീക്ഷണങ്ങൾ

മത്തായി 24-ന്‍റെ വിവരണം നൽകുന്നതിന് മുമ്പ് അത് സംബന്ധിച്ച് വിശ്വാസസമൂഹത്തിലുള്ള വ്യത്യസ്തമായ വീക്ഷണങ്ങൾ നിരത്താം. “വലിയ കഷ്ടം” (മത്തായി 24:21), മനുഷ്യപുത്രന്‍റെ മേഘങ്ങളിന്മേലുള്ള വരവ് (മത്തായി 24:30) എന്നീ കാര്യങ്ങളുടെ വ്യാഖ്യാനത്തിലാണ് ഈ വീക്ഷണങ്ങൾ അന്യോന്യം വ്യത്യസ്തപ്പെട്ടിരിക്കുന്നത്.

ഭാവികാല നിവൃത്തീകരണ വീക്ഷണം (Futurist view)

Ø  വലിയ കഷ്ടം കർത്താവിന്‍റെ രണ്ടാം വരവിനോട് അനുബന്ധിച്ചു സംഭവിക്കുമെന്നും, മനുഷ്യപുത്രന്‍റെ മേഘത്തിന്മേലുള്ള വരവ് (മത്തായി 24:30) വലിയ കഷ്ടം കഴിഞ്ഞു നടക്കുന്ന കർത്താവിന്‍റെ പ്രത്യക്ഷതയാണെന്നും പഠിപ്പിക്കുന്നു.

Ø  ഈ വീക്ഷണം പിന്തുടരുന്നവരിൽ തന്നെ സഭ മഹാകഷ്ടത്തിലൂടെ കടന്നുപോകുമോ ഇല്ലയോ എന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങൾ പുലർത്തുന്നവർ ഉണ്ട്.

പ്രീ ട്രിബുലേഷൻ വീക്ഷണം (Pre Tribulational view):

§  മത്തായി 24:30-ലെയും മത്തായി 24:36,37-ലെയും മനുഷ്യപുത്രന്‍റെ വരവ് വ്യത്യസ്തമായ സംഭവങ്ങളാണ് എന്ന് പഠിപ്പിക്കുന്നു.

§  മത്തായി 24:37-ലെ മനുഷ്യപുത്രന്‍റെ വരവ് സഭയെ ചേർക്കുവാനുള്ള വരവാണെന്നും  മത്തായി 24:30-ലെ മനുഷ്യപുത്രന്‍റെ വരവ്  മഹാകഷ്ടത്തിനു ശേഷമാണ് സംഭവിക്കുകയെന്നും പഠിപ്പിക്കുന്നു.

§  സഭയെ എടുത്തതിനുശേഷം ഒരു ഏഴു വർഷത്തെ മഹാ കഷ്ടം കഴിഞ്ഞു കർത്താവ് ഭൂമിയിലേക്ക് വരും എന്ന് പഠിപ്പിക്കുന്നു.

§  മഹാകഷ്ടം സംഭവിക്കുന്ന നാളിൽ സഭ ഭൂമിയിൽ ഉണ്ടായിരിക്കുകയില്ലെന്നു പഠിപ്പിക്കുന്നു.

പോസ്റ്റ് ട്രിബുലേഷൻ വീക്ഷണം (Post Tribulational view):

§  മത്തായി 24:30-ലെയും മത്തായി 24:36,37-ലെയും മനുഷ്യപുത്രന്‍റെ വരവ് ഒരേ വരവ് ആണെന്നും, അത് മഹാകഷ്ടത്തിനു ശേഷമാണ് സംഭവിക്കുകയെന്നും പഠിപ്പിക്കുന്നു.

§  മഹാകഷ്ടം സംഭവിക്കുന്ന നാളിൽ സഭ ഭൂമിയിൽ ഉണ്ടായിരിക്കുമെന്ന് പഠിപ്പിക്കുന്നു.

ഭൂതകാല നിവൃത്തീകരണ വീക്ഷണം (Preterist view)

Ø  വലിയ കഷ്ടം യെരൂശലേമിന്‍റെ ന്യായവിധിയോടുകൂടെ (AD 70) നിവൃത്തിയായി എന്ന് പഠിപ്പിക്കുന്നു.

Ø  മനുഷ്യപുത്രന്‍റെ മേഘങ്ങളിന്മേലുള്ള വരവ് AD 70-ൽ കഴിഞ്ഞുപോയി എന്നും അത് യെരൂശലേമിന്‍റെ ന്യായവിധിക്കായുള്ള അദൃശ്യമായ വരവായിരുന്നു എന്നും അവർ പഠിപ്പിക്കുന്നു.

Ø  ഈ വീക്ഷണം പിന്തുടരുന്നവരിൽ തന്നെ “AD 70-ൽ എത്ര ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയായി” എന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങൾ പുലർത്തുന്നവർ ഉണ്ട്.

സമ്പൂര്‍ണ്ണ പ്രെറ്ററിസം (Full Preterism)

§  ബൈബിളിലെ എല്ലാ പ്രവചനങ്ങളും AD 70-തോടുകൂടെ നിവൃത്തിയായി എന്ന് പഠിപ്പിക്കുന്നു.

§  കർത്താവിന്‍റെ രണ്ടാമത്തെ വരവും, അന്ത്യന്യായവിധിയും നടന്നുകഴിഞ്ഞു എന്ന് പഠിപ്പിക്കുന്നു.

§  പുനരുത്ഥാനം നടന്നു കഴിഞ്ഞു എന്ന് പഠിപ്പിക്കുന്ന ഇവർ ദുരുപദേഷ്ടാക്കന്മാരാണ് (2 തിമൊഥെയൊസ് 2:18). ആയതിനാൽ അവരുമായി നമുക്ക് കൂട്ടായ്മയില്ല.

ഭാഗിക പ്രെറ്ററിസം (Partial Preterism)

§  ബൈബിളിലെ ചില പ്രവചനങ്ങൾ മാത്രം AD 70-ൽ നിവൃത്തിയായി എന്ന് ഇവർ വിശ്വസിക്കുന്നു.

§  കർത്താവായ യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിനെ ഇവർ പ്രത്യാശിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനവും അന്ത്യന്യായവിധിയും കർത്താവിന്‍റെ രണ്ടാം വരവിൽ സംഭവിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.

§  ഇവർ യാഥാസ്ഥിതിക വിശ്വാസപ്രമാണങ്ങൾ പിന്തുടരുന്നവരാണ്. അതുകൊണ്ടു ഈ വീക്ഷണക്കാരുമായി കൂട്ടായ്മ ആചരിക്കാം.

§  മുകളിൽ പറഞ്ഞ സമ്പൂർണ പ്രെറ്ററിസം എന്ന ആശയം ദുരുപദേശം ആണെന്ന് അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഈ കൂട്ടർ.

§  സമ്പൂർണ പ്രെറ്ററിസം എന്ന വീക്ഷണത്തെ ഈ വീക്ഷണവുമായി കൂട്ടിക്കുഴയ്ക്കാതെ നാം വകതിരിച്ചു മനസ്സിലാക്കണം. അല്ലെങ്കിൽ, കർത്താവ് കല്പിച്ചതുപോലെ സഹോദരന്മാരുമായി സ്നേഹത്തിൽ നടക്കുവാൻ നമുക്ക് സാധിക്കാതെ പോകും.

ഭാവി കാല നിവൃത്തീകരണ വീക്ഷണത്തിന്‍റെ ന്യൂനതകൾ

1.      മത്തായി 24:15-21-ൽ യെരൂശലേമിന്‍റെ നാശത്തെക്കുറിച്ചു പരാമർശിക്കുന്ന വേദഭാഗങ്ങളോട് നീതിപുലർത്തുന്നില്ല.

2.      ലൂക്കോസ് 21-ൽ നാം സമാന്തര വിവരണം കാണുന്നുണ്ട്. അവിടെ യെരൂശലേമിന്‍റെ നാശത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. എന്നാൽ, മത്തായി 24-ഉം ലൂക്കോസ് 21-ഉം രണ്ടു വ്യത്യസ്ത സംഭവങ്ങളെകുറിച്ചാണ് വിവരിക്കുന്നത് എന്ന വ്യാഖ്യാനം തെറ്റാണു.        .

3.      പ്രീ-ട്രിബുലേഷനൽ ആശയം പല തെറ്റായ അനുമാനങ്ങളിന്മേൽ പണിയപ്പെട്ട ഒരു വീക്ഷണമാണ്. അതിൽ ഒന്നാണ് യുഗവാദം.

4.      ദാനീയേൽ      9-ന്‍റെ തെറ്റായ വ്യാഖ്യാനത്തിൽ അടിസ്ഥാനപ്പെട്ടതാണ് പ്രീ-ട്രിബുലേഷനൽ ആശയം. അവരുടെ ദാനീയേൽ 9-ന്‍റെ വ്യാഖ്യാനം, അവർ അവകാശപ്പെടുന്നതിനു വിപരീതമായി സ്വാഭാവികവും, ആക്ഷരീകവുമായ വ്യാഖ്യാനത്തിനു എതിരാണ്. അറുപത്തിയൊമ്പതാം ആഴ്ചവട്ടത്തിനും എഴുപതാം ആഴ്ചവട്ടത്തിനും ഇടയിൽ ഒരു നീണ്ട കാലത്തെ അകലമുണ്ടന്നു അവർ അനുമാനിക്കുന്നു.

ഭൂതകാല നിവൃത്തീകരണ വീക്ഷണത്തിന്‍റെ ന്യൂനതകൾ

1.      മത്തായി 24:29-31-ൽ നാം കാണുന്ന വിവരണങ്ങൾ കർത്താവിന്‍റെ രണ്ടാം വരവിനെ കാണിക്കുന്നതല്ല എന്ന രീതിയിൽ നാം വ്യാഖ്യാനിച്ചാൽ പുതിയ നിയമത്തിലെ ഏകദേശം എല്ലാ പ്രവചനങ്ങളും അതേ രീതിയിൽ വ്യാഖ്യാനിക്കാവുന്നതാണ് (ഉദാഹരണം: മത്തായി 13:39, 40, 49; 28:20). സമ്പൂർണ പ്രെറ്ററിസം എന്ന ഉപദേശത്തിന് വഴികാട്ടുന്ന വ്യാഖ്യാനമാകുമത്.

2.      ലൂക്കോസ് 21:24-27-ലെ വിവരണം ഈ വീക്ഷണത്തെ അനുകൂലിക്കുന്നതല്ല (കൂടുതലായി അടുത്ത അധ്യായത്തിൽ വിവരിക്കുന്നതായിരിക്കും).

മത്തായി 24-ന്‍റെ ശരിയായ വ്യാഖ്യാനം വിവരിക്കുമ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന വീക്ഷണങ്ങളുടെ ന്യൂനതകൾ കൂടുതൽ തെളിവാകും.


മത്തായി 24: വിവരണം

ആദ്യം തന്നെ, യേശു ക്രിസ്തുവിന്‍റെ ഒലിവുമല പ്രഭാഷണത്തെക്കുറിച്ചുള്ള എഴുത്തുകാരന്‍റെ കാഴ്ചപ്പാട് ചുരുക്കത്തിൽ രേഖപ്പെടുത്താം. മത്തായി 24:21-ൽ നാം കാണുന്ന വലിയ കഷ്ടം യെരൂശലേമിന്‍റെ നാശത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി (AD 70-ൽ). എന്നാൽ, മത്തായി 24:30-ൽ കാണുന്ന മനുഷ്യപുത്രന്‍റെ മേഘത്തിലുള്ള വരവ് കർത്താവിന്‍റെ രണ്ടാം വരവാണ്. ആ വരവാണ് സഭയുടെ പ്രത്യാശ. ആ വരവിനെ കുറിച്ചാണ് മത്തായി 24:27, 36, 37, 39, 42, 44; മത്തായി 25:6, 19, 31 എന്നീ വേദഭാഗങ്ങളിലും പ്രതിപാദിക്കുന്നത്. ഈ വീക്ഷണം സ്ഥാപിക്കുവാൻ രണ്ടു രീതിയിലുള്ള തെളിവുകളാണ് ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നത്.

·        ഒന്നാമതായി, മത്തായി 24-ൽ കാണുന്ന ആന്തരീക തെളിവുകൾ

·        രണ്ടാമതായി, സമാന്തര വേദഭാഗമായ ലൂക്കോസ് 21-ലെ തെളിവുകൾ

മത്തായി 24:1-3

യേശു ക്രിസ്തു ഒലിവുമല പ്രഭാഷണം നടത്തിയത് തന്‍റെ ശിഷ്യന്മാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ്. അന്ന് അവിടെ നിലവിലുണ്ടായിരുന്ന ദൈവാലയം നശിപ്പിക്കപ്പെടുമെന്നു യേശുക്രിസ്തു പറയുകയുണ്ടായി (മത്തായി 24:1,2). അപ്പോഴാണ് ശിഷ്യന്മാർ ചോദ്യങ്ങൾ ചോദിച്ചത്. ശിഷ്യന്മാരുടെ ചോദ്യങ്ങൾ എന്തൊക്കെയായിരുന്നു?

1.      അത് (ദൈവാലയനാശം) എപ്പോൾ സംഭവിക്കും? (മത്തായി 24:3)

2.      നിന്‍റെ വരവിന്‍റെ അടയാളമെന്തു? (മത്തായി 24:3)

3.      ലോകാവസാനത്തിന്‍റെ അടയാളമെന്തു? (മത്തായി 24:3)

ലൂക്കോസിലും മർക്കോസിലും നാം ആദ്യത്തെ ചോദ്യം മാത്രമേ കാണുന്നുള്ളൂ. അതു (ദൈവാലയനാശം) എപ്പോൾ സംഭവിക്കും? അതിന്നു (ദൈവാലയനാശം) എല്ലാം നിവൃത്തി വരുന്ന കാലത്തിന്‍റെ ലക്ഷണം എന്തു? (മർക്കോസ് 13:4; ലൂക്കോസ് 21:7).

യെരൂശലേം ദൈവാലയ നാശവും ലോകാവസാനവും ഒരുമിച്ചായിരിക്കും എന്ന് ശിഷ്യന്മാർ അനുമാനിച്ചിരുന്നതായി നമുക്ക് ശിഷ്യന്മാരുടെ ചോദ്യങ്ങളിൽനിന്നും മനസ്സിലാക്കുവാൻ സാധിക്കും. കർത്താവിന്‍റെ ക്രൂശുമരണ സ്വർഗാരോഹണ പുനരുത്ഥാനത്തെ സംബന്ധിച്ചു പോലും വലിയ ഗ്രാഹ്യം ഒന്നുമില്ലാതിരുന്ന തന്‍റെ ശിഷ്യന്മാർക്കു ദൈവാലയ നാശത്തെയും ലോകാവസാനത്തേയും കുറിച്ചുള്ള ശരിയായ വീക്ഷണം ഉണ്ടായിരിക്കും എന്ന് നാം കരുതേണ്ടതില്ലല്ലോ. ദൈവാലയത്തെ അവർ ബഹുമാനത്തോടും ആദരവോടുംകൂടെയാണ് കണ്ടിരുന്നത്. അതിന്‍റെ നാശം എന്ന് പറഞ്ഞാൽ ഈ ലോകത്തിന്‍റെ നാശം എന്നല്ലാതെ എന്താകും എന്ന് അവർ ധരിച്ചിരിക്കാം. അതായത്, ലോകാവസാനത്തിൽ മാത്രമേ ദൈവാലയം നശിപ്പിക്കപ്പെടുകയുള്ളു എന്നവർ ചിന്തിച്ചിരുന്നു. കർത്താവ് തന്‍റെ പ്രഭാഷണത്തിൽ തന്‍റെ ശിഷ്യന്മാരുടെ ഈ ഒരു അനുമാനത്തെ തിരുത്തുകയാണ് ചെയ്യുന്നത്. ലോകാവസാനവും യെരൂശലേമിന്‍റെ നാശവും രണ്ടു വ്യത്യസ്ത സംഭവങ്ങളാണ് എന്ന് യേശു ക്രിസ്തു തന്‍റെ പ്രഭാഷണത്തിൽ ഉറപ്പിച്ചു പറയുന്നു.

മറ്റൊരു വസ്തുത എന്താണ് എന്നുവച്ചാൽ, കർത്താവ് അന്ന് നിലവിലുണ്ടായിരുന്ന ദൈവാലയത്തിന്‍റെ നാശം പ്രവചിച്ചപ്പോഴാണ് ശിഷ്യന്മാർ ചോദ്യങ്ങൾ ചോദിച്ചത്. അന്നത്തെ ദൈവാലയത്തിന്‍റെ നാശമായിരുന്നു വിഷയമെന്ന് സന്ദർഭം നോക്കിയാൽ നമുക്ക് മനസ്സിലാക്കാം (മത്തായി 23:35-38; 24:1, 2). അന്നത്തെ ദൈവാലയം AD 70-ൽ നശിപ്പിക്കപ്പെട്ടുവെന്നുള്ളത് ചരിത്ര വസ്തുതയാണ്. അന്നത്തെ ദൈവാലയത്തിന്‍റെ നാശം എപ്പോൾ ആകുമെന്നായിരുന്നു ശിഷ്യന്മാരാരുടെ ഒരു ചോദ്യം. അതുകൊണ്ടു, ആ ചോദ്യത്തിനുള്ള മറുപടി മത്തായി 24-ൽ കർത്താവ് ഉറപ്പായും പറഞ്ഞിട്ടുണ്ട് എന്ന് നമുക്ക് വിശ്വസിക്കാം. അതുകൊണ്ടു, മത്തായി 24-ലെ ഒലിവുമല പ്രഭാഷണത്തിന്‍റെ ഒരു വിഷയം AD 70-ൽ നിവൃത്തിക്കപ്പെട്ട ദൈവാലയനാശമായിരുന്നു.

മത്തായി 24:4-14

കർത്താവിന്‍റെ ഒന്നാം വരവ് മുതൽ രണ്ടാം വരവ് വരെയുള്ള കാലഘട്ടത്തിൽ പൊതുവായി നടക്കേണ്ട കാര്യങ്ങളാണ് നാം മത്തായി 24:4-13-ൽ കാണുന്നത്.

Ø  കള്ളക്രിസ്തുക്കൾ, കള്ളപ്രവാചകന്മാർ (വാക്യം 5,11)

Ø  യുദ്ധങ്ങൾ, ആഭ്യന്തര കലഹങ്ങൾ (വാക്യം 6,7)

Ø  ക്ഷാമവും, ഭൂകമ്പവും ഉണ്ടാകും (വാക്യം 7)

Ø  വിശ്വാസികൾക്ക്  ഉപദ്രവം (വാക്യം 9,10)

Ø  അധർമ്മം പെരുകും, അനേകരുടെ സ്നേഹം തണുത്തുപോകും (വാക്യം 12)

മത്തായി 24:6,13,14 എന്നിവിടങ്ങളിൽ നാം കാണുന്ന "അവസാനം" എന്ന പദവും മത്തായി 24:3-ലെ “അവസാനം” എന്ന പദവും ചേർത്തുവയ്ക്കുമ്പോൾ ഈ പറയുന്നത് എല്ലാം ലോകാവസാനം വരെ ബാധകമായ കാര്യമാണെന്ന് നമുക്ക് മനസ്സിലാകും.

ഈ കാര്യങ്ങൾ എല്ലാം ഈ കാലഘട്ടത്തിന്‍റെ സ്വഭാവമായിട്ടാണ് കർത്താവ് രേഖപ്പെടുത്തുന്നത്. “അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല” എന്നും “ഇതു ഒക്കെയും ഈറ്റുനോവിന്‍റെ ആരംഭമത്രേ” എന്നും കർത്താവ് പറയുന്നു (മത്തായി 24:6,8). കർത്താവ് വരുന്നതിന്‍റെ സമയം അളക്കുവാനുള്ള അടയാളങ്ങളായിട്ടല്ല  ഈ കാര്യങ്ങളെ കർത്താവ് പറഞ്ഞിട്ടുള്ളത്. മറിച്, നാം കർത്താവിന്‍റെ ഒന്നാം വരവിന്‍റെയും രണ്ടാം വരവിന്‍റെയും ഇടയിലുള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന്  ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ നാം മനസ്സിലാക്കേണം. യുദ്ധം, യുദ്ധ ശ്രുതി, ഭൂകമ്പം, കള്ള പ്രവാചകന്മാർ, ക്ഷാമം, ആഭ്യന്തര കലഹം ഇതെല്ലാം ഈ കാലത്തിന്‍റെ  (പുതിയ നിയമ കാലത്തിന്‍റെ) ഒരു സ്വഭാവമാണ്.

യുദ്ധം, ഭൂകമ്പം എല്ലാം കേൾക്കുമ്പോൾ അത് ഈ കാലത്തിൽ സംഭവിക്കേണ്ടത് തന്നെ എന്ന മനോഭാവം നമുക്ക് വേണം. കർത്താവ്‌ നമ്മുടെ തലമുറയിൽ വരുംമെന്നു ഉറപ്പിക്കുവാൻ വേണ്ടി തന്നതല്ല ഈ അടയാളങ്ങൾ. യുദ്ധം, ഭൂകമ്പം, കള്ള പ്രവാചകന്മാർ, ക്ഷാമം ഇല്ലാത്ത ഏതെങ്കിലും കാലം ഉണ്ടായിട്ടുണ്ടോ? ഇല്ല. ഈ അടയാളങ്ങൾ എല്ലാം ഈ പുതിയ നിയമ കാലഘട്ടത്തിന്‍റെ പൊതുവായ സ്വഭാവമാണ്.

എന്നാൽ അവസാനം എപ്പോൾ വരുമെന്ന് കർത്താവ്‌ പറഞ്ഞിട്ടുണ്ട്. "രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും" (മത്തായി 24:14). ലോകാവസാനം വരെ  ന്‍റെ ശിഷ്യന്മാർ സുവിശേഷം പ്രസംഗിക്കണമെന്നു യേശു വ്യക്തമാക്കിയിട്ടുണ്ട് (മത്തായി 28:19, 20). രക്ഷിക്കപ്പെടുവാനുള്ള അവസാനത്തെ വ്യക്തിയും രക്ഷിക്കപ്പെട്ട ശേഷമേ കർത്താവ്‌ മടങ്ങി വരികയുള്ളു എന്ന് പത്രോസ് അപ്പോസ്തലൻ പറയുന്നു. 

2 പത്രോസ് 3: 9,10: "...... 9ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. 10കർത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും."

മത്തായി 24:15-22

ഈ വേദഭാഗം യെരൂശലേമിന്‍റെ നാശത്തെക്കുറിച്ചു വിവരിക്കുന്നു. അത് AD 70-ൽ നിവൃത്തിയാവുകയും ചെയ്തു. ലൂക്കോസ് 21:20,21-ഉം മത്തായി 24:15,16-ഉം നമുക്ക് ഒത്തുനോക്കാം. AD 70-ൽ സംഭവിച്ച യെരൂശലേമിന്‍റെ നാശത്തെക്കുറിച്ചാണ് ലൂക്കോസ് വിവരിക്കുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അത് തന്നെയാണ് മത്തായിയും വിവരിക്കുന്നതെന്നു നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

മത്തായി 24:15 മുതൽ 22 വരെ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ AD 70-ൽ നിവൃത്തിയായില്ല എന്ന് സ്ഥാപിക്കുവാൻ വേണ്ടി ചിലർ മത്തായി 24:21 ഉപയോഗിക്കാറുണ്ട്. മത്തായി 24:21: "ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും." AD 70-ൽ സംഭവിച്ച കഷ്ടത്തെക്കാൾ വലിയ കഷ്ടങ്ങൾ വേറെയും നടന്നിട്ടുണ്ടെന് അവർ വാദിക്കുന്നു. എന്നാൽ അവരുടെ വ്യാഖ്യാനം ശരിയല്ല. കാരണം:

1.      യെഹൂദ്യയിൽ നടക്കേണ്ട കഷ്ടം ആയിരുന്നു അത്. സാർവത്രീക കഷ്ടത്തെക്കുറിച്ചല്ല  നാം മത്തായി 24:15-22-ൽ കാണുന്നത്.

2.      ലൂക്കോസ് 21:20-23-മായി താരതമ്യം ചെയ്യുമ്പോൾ മത്തായി 24:15-22 യെരൂശലേമിന്‍റെ നാശത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാകും.

മത്തായി 24:15-22

ലൂക്കോസ് 21:20-23

എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ (വാക്യം 15)

എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു (വാക്യം 22)

ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ (വാക്യം 15)

സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ (വാക്യം 20)

അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ (വാക്യം 16)

അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ (വാക്യം 21)

കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം (വാക്യം 19)

കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം (വാക്യം 23)

വലിയ കഷ്ടം അന്നു ഉണ്ടാകും (വാക്യം 21)

വലിയ ഞെരുക്കവും ജനത്തിന്മേൽ ക്രോധവും ഉണ്ടാകും (വാക്യം 23)

3.      ഇസ്രായേൽ ജനത്തിന്മീതെയുള്ള  ദൈവത്തിന്‍റെ ക്രോധം ആയിരുന്നു ആ പ്രതികാരകാലം (ലുക്കോസ് 21:22, 23). മത്തായി 23:35, 36; മത്തായി 23:37, 38; മത്തായി 24:2; ലുക്കോസ് 23:28, 29; മത്തായി 24:19 എന്നീ വേദഭാഗങ്ങൾ ചേർത്ത് പരിശോധിക്കുമ്പോൾ ആ പ്രതികാരകാലം യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരുടെ കാലത്തു നിവൃത്തിയാകേണ്ടതാണെന്നു മനസ്സിലാക്കുവാൻ സാധിക്കും.

4.      യേശുവിനെ ക്രൂശിച്ച സംഭവമായിരുന്നു ലോകചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ കുറ്റകൃത്യം. ആ കുറ്റകൃത്യത്തിന്‌ ഒത്തവണ്ണം ലോകചരിത്രത്തിലെ ഏറ്റവും വലിയ പീഡനം ആ യെഹൂദാ ജാതി അന്ന് അനുഭവിച്ചു എന്ന് ദൈവവചനം പറയുന്നത് എത്രയോ യുക്തിസഹമാണ്. യേശുവിനെ ക്രൂശിച്ച ആ കുറ്റകൃത്യം ഇനി ലോകചരിത്രത്തിൽ സംഭവിക്കുകയില്ല. അതുപോലെതന്നെ, യെഹൂദന്മാർ AD 70-ൽ അനുഭവിച്ച അത്ര പീഡനം ആരും ലോകചരിത്രത്തിൽ അനുഭവിക്കുകയില്ല എന്ന് ദൈവവചനം പറയുന്നു.

5.      “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും” എന്ന പ്രയോഗം ന്യായവിധിയുടെ തീവ്രതയെ കാണിക്കുന്നു. യെഹൂദന്മാരുടെ സംഹാരത്തിന്‍റെ തീവ്രതയും സ്വഭാവവുമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കഠിനമായ ക്ഷാമം, നരമാംസഭോജനം, ആഭ്യന്തരകലഹങ്ങൾ, യുദ്ധങ്ങൾ, ക്രൂശുമരണങ്ങൾ എന്നിവയിലൂടെ യഹൂദാജാതി കടന്നുപോയി. AD 70-ലെ ന്യായവിധിയെകുറിച്ച് ചരിത്രകാരനായ ജോസിഫസും ഇതേ ഭാഷ ഉപയോഗിച്ചിരുന്നു. പഴയ നിയമ കാലഘട്ടത്തിൽ നടന്ന സാർവത്രീക പ്രളയത്തെകുറിച്ചു അറിവില്ലാത്ത വ്യക്തിയായിരുന്നില്ല ജോസിഫസ്.

“The misfortunes of all men, from the beginning of the world, if they be compared to these of the Jews [at the destruction of Jerusalem], are not so considerable as they were” (Wars of the Jews, Preface, 4)

6.      യേശു ക്രിസ്തു ഉദ്ദേശിക്കാത്തവിധം നാം ഒരു പ്രയോഗത്തെ അമിതമായി ആക്ഷരീകരിക്കുന്നതു തെറ്റാണ്. അങ്ങനെ ശഠിക്കുന്നവർ ഇതേ വിധത്തിലുള്ള പ്രയോഗങ്ങൾ എല്ലാം ആക്ഷരീകമായി എടുക്കുമോ!? (ഉദാ: മത്തായി 5:29; 23:24; മർക്കോസ് 9:23; ലൂക്കോസ് 14:26; യോഹന്നാൻ 12:19; 21:25)

7.      യേശു ക്രിസ്തു മത്തായി 24:1-ൽ പ്രവചിച്ച, അന്ന് നിലനിന്നിരുന്ന ദൈവാലയത്തിന്‍റെ നാശം എപ്പോഴാണെന്നായിരുന്നു ശിഷ്യന്മാരുടെ ഒരു ചോദ്യം (മത്തായി 24:3). അതുകൊണ്ടു, കർത്താവിന്‍റെ ഉത്തരത്തിൽ AD 70-ൽ സംഭവിച്ച ദൈവാലയത്തിന്‍റെ നാശവും അതിനോടനുബന്ധിച്ച ന്യായവിധിയും ഉൾപ്പെടുമെന്ന് നമുക്ക് ഉറപ്പായും വിശ്വസിക്കാം.

8.      കർത്താവ്‌ പറഞ്ഞത് പോലെ ശിഷ്യന്മാർ മനസ്സിലാക്കി. കർത്താവ്‌ പറഞ്ഞത് പോലെ അന്ന് അവർ യെരൂശലേം വിട്ടു ഓടിപോയി. ഒരു ക്രിസ്ത്യാനിപോലും യെരൂശലേമിന്‍റെ നാശത്തിന്‍റെ സമയത്തു കൊല്ലപ്പെട്ടില്ല എന്നതാണ് ചരിത്രം.

മത്തായി 24:23-28

യെരൂശലേം നശിപ്പിക്കപ്പെട്ട ആ കാലത്ത് കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും സുലഭമായി കാണപ്പെട്ടിരുന്നു. ഒരു പ്രശ്നം ഒരു സ്ഥലത്തു ഉണ്ടാകുമ്പോൾ "വ്യാജ പ്രശ്ന പരിഹാരക്കാർ" ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. AD 70 കാലഘട്ടത്തിലും അത് ഉണ്ടായിരുന്നു. ക്രിസ്തു ആരും കാണാതെ മരുഭൂമിയിൽ ഉണ്ട് എന്ന് പലരും പറഞ്ഞു വന്നു. യേശു തന്‍റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. അവരെ വിശ്വസിക്കരുത് എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞൂ.

ന്‍റെ രണ്ടാം വരവിന്‍റെ യഥാർത്ഥ സ്വഭാവം ചൂണ്ടികാണിച്ചായിരുന്നു യേശുക്രിസ്തു തന്‍റെ ശിഷ്യന്മാർക്കു മുന്നറിയിപ്പ് കൊടുത്തത്. ഇതാ അവൻ മരുഭൂമിയിൽ ഉണ്ടെന്നും രഹസ്യ അറയിൽ ഉണ്ടെന്നും യേശു ക്രിസ്തു രണ്ടാമത് വരുമ്പോൾ ആർക്കും പറയേണ്ടി വരില്ല. അത് വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ വ്യക്തമായിരിക്കുംകാരണം, “മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്‍റെ വരുവു ആകും” (മത്തായി 24:27). മിന്നൽ വരുന്നത് എല്ലാവർക്കും കാണത്തക്ക വിധത്തിലാണ്. ആരുടേയും കാഴ്ചയ്ക്കു മിന്നൽ മറഞ്ഞിരിക്കുകയില്ല. അതുപോലെതന്നെയായിരിക്കും മനുഷ്യപുത്രന്‍റെ വരവും എന്ന് യേശു ക്രിസ്തു സംശയലേശമെന്യേ പറഞ്ഞു. യേശുക്രിസ്തുവിന്‍റെ രണ്ടാം വരവ് പരസ്യപ്രത്യക്ഷതയാണ്‌, രഹസ്യവരവല്ല.

മത്തായി 24:29-31

വ്യാഖ്യാതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു വേദഭാഗമാണ് ഇത്.

മത്തായി 24:29: “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും”

ഈ വാക്യത്തിൽ ഒരു കഷ്ടത്തെക്കുറിച്ചും അത് കഴിഞ്ഞു ഉടനെ നടക്കേണ്ട കാര്യങ്ങളെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ മനുഷ്യപുത്രന്‍റെ വരവും ഉൾപ്പെടുന്നു (വാക്യം 31). മത്തായി 24:21-ൽ നാം കാണുന്ന മഹാ കഷ്ടമാണ് ഈ കഷ്ടമെന്നു നമുക്ക് തോന്നിയേക്കാം. എന്നാൽ ലൂക്കോസ് 21-ലെ സമാന്തര വേദഭാഗം കൂടുതൽ വ്യക്തത നമുക്ക് നൽകും. ലൂക്കോസ് 21:23-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളുടെ ക്രമം ഇങ്ങനെയാണ്:

1.      വലിയ ഞെരുക്കം (= വലിയ കഷ്ടം)

2.      യെഹൂദന്മാർ വാളിന്‍റെ വായ്ത്തലയാൽ വീഴുന്നു

3.      യെഹൂദന്മാരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകുന്നു

4.      ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളയുന്നു (ലൂക്കോസ് 21:24)

5.      സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും

6.      അപ്പോൾ മനുഷ്യപുത്രൻ മേഘത്തിൽ വരും

മത്തായി 24:21, 22-ന്‍റെയും 24:29-ന്‍റെയും ഇടയിൽ നടക്കുന്ന ഒരു സംഭവം നാം ലൂക്കോസ് 21:24-ൽ കാണുന്നു.

ലൂക്കോസ് 21:24: “അവർ വാളിന്‍റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.”

അതുകൊണ്ടു, മത്തായി 24:29-ൽ നാം കാണുന്ന “ആ കാലത്തിലെ കഷ്ടത്തിൽ” യെഹൂദന്മാർ വാളിന്‍റെ വായ്ത്തലയാൽ വീഴുന്നതും, അവരെ ജാതികളിലേക്കു ബദ്ധരായി കൊണ്ടുപോകുന്നതും, ജാതികളുടെ കാലവും ഉൾപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. "ആ കാലത്തിലെ കഷ്ടം" എന്ന പ്രയോഗത്തിൽ ഈ സഭാ കാലയളവ് മുഴുവൻ ഉൾപ്പെട്ടിരിക്കുന്നു. അതായത്, “ആ കാലത്തിലെ കഷ്ടം” എന്ന് മത്തായി 24:29-ൽ പറയുന്നത് AD 70-ൽ നിവൃത്തിയായ ആ മഹാകഷ്ടത്തെ മാത്രം ഉദ്ദേശിച്ചല്ല. "ആ കാലത്തിലെ കഷ്ടം" എന്ന് പറഞ്ഞതിൽ  ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടികളയുന്നതും ഉൾപ്പെടുന്നു.

ജാതികളുടെ കാലം എപ്പോഴാണ് അവസാനിക്കുന്നതെന്നു കർത്താവിനു മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ടു മത്തായി 24:29-ൽ പറഞ്ഞിരിക്കുന്ന “ആ കാലത്തിലെ കഷ്ടം” എപ്പോഴാണ് അവസാനിക്കുകയെന്നു നമുക്ക് അറിഞ്ഞുകൂടാ. അത് അവസാനിക്കുന്നത് കർത്താവിന്‍റെ വരവോടുകൂടി ആയിരിക്കും. കർത്താവിന്‍റെ വരവ് ആരും നിനയ്ക്കാത്ത നാഴികയിലായിരിക്കും.

മത്തായി 24:29-31: “29ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. 30അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. 31അവൻ തന്‍റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്‍റെ വൃതന്മാരെ ആകാശത്തിന്‍റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ (ജാതികളുടെ കാലം കഴിഞ്ഞ ഉടനെ) സൂര്യൻ ഇരുണ്ടുപോകും. കർത്താവായ യേശു ക്രിസ്തു രണ്ടാമത് വരും. ഇതെല്ലം പെട്ടെന്ന് നടക്കുന്ന കാര്യങ്ങളാണ്. കർത്താവിന്‍റെ വിവരവിനോട് അനുബന്ധിച്ചു നടക്കേണ്ട കാര്യങ്ങൾ രേഖപ്പെടുത്തട്ടെ:

·        കർത്താവായ യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ സമയത്തു സൂര്യനും ചന്ദ്രനും ആകാശവും ഭൂമിയും മാറിപ്പോകും എന്ന് ദൈവവചനം സ്ഥിരതയോടുകൂടി പ്രസ്താവിക്കുന്നു (മത്തായി 24:29; അപ്പോസ്തല പ്രവർത്തികൾ 2:20; 2 പത്രോസ് 3:10; വെളിപ്പാട് 6:14-17; വെളിപ്പാട് 20:11; എബ്രായർ 12:26, 27).

·        കർത്താവായ യേശു ക്രിസ്തുവിന്‍റെ രണ്ടാം വരവ് എല്ലാവരും കാണത്തക്കവണ്ണമായിരിക്കും (മത്തായി 24:30; മത്തായി 25:31; മത്തായി 26:64; 1 തെസ്സലോനിക്യർ 5:1-3; 2 തെസ്സലോനിക്യർ 1:6-10; വെളിപ്പാട് 1:7)

·        വിശുദ്ധന്മാർ എല്ലാവരും ഒരുമിച്ചു ചേർക്കപ്പെടും (മത്തായി 24:31; മത്തായി 25:31).

·        കർത്താവായ യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിൽ സൂര്യനും ചന്ദ്രനും ആകാശവും ഭൂമിയും നശിപ്പിക്കപ്പെടുന്നതുകൊണ്ടു അത് ലോകാവസാനമാണ് (മത്തായി  24:3; മത്തായി 13:39; മത്തായി 28:20)

·        കർത്താവിന്‍റെ വരവിൽ ഈ ലോകമവസാനിക്കും. ഭാവിലോകം വരും (എബ്രായർ 2:5; മർക്കോസ് 10:30). അതാണ് പുതിയ ഭൂമി (മത്തായി 13:43; 2 പത്രോസ് 3:13; വെളിപ്പാട് 21:1-3).

മത്തായി 24:32-33

"അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ" എന്ന് യേശു പറഞ്ഞു. അത്തി ഇസ്രായേൽ ആണ് എന്നൊക്കെ പലരും പ്രസംഗിക്കാറുണ്ട്. അത് തെറ്റായ വ്യാഖ്യാനമാണ്. അത്തി ഇസ്രായേൽ ആണ് എന്നല്ല യേശു ഇവിടെ പറയുന്നത്. ലൂക്കോസിൽ “അത്തി മുതലായ വൃക്ഷങ്ങൾ” എന്നാണ് നാം കാണുന്നത് (ലുക്കോസ് 21:2). അത്തി ഇസ്രായേൽ ആണെന്നും മറ്റു വൃക്ഷങ്ങൾ മറ്റു രാജ്യങ്ങൾ ആണെന്നും  പറയുന്നത് വിചിത്രമാണ്. അത്തിയുടെ ഉപമ ഉപയോഗിച്ചു കർത്താവ്‌ പറയുവാൻ ആഗ്രഹിച്ചത് എന്താണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. വാക്യം 33 അത് വ്യക്തമാക്കുന്നുണ്ട്. “അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ” (മത്തായി  24:33).

മത്തായി 24:34

വ്യാഖ്യാതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു വേദഭാഗമാണ് ഇത്.

മത്തായി 24:34: “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

രണ്ടു പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർന്നുവരും. "ഇതൊക്കെയും" എന്ന് പറയുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു? "ഈ തലമുറ" എന്നതിന്‍റെ അർത്ഥമെന്താണ്?

"തലമുറ" എന്നതിന്‍റെ അർത്ഥം നമുക്ക് ആദ്യം പരിശോധിക്കാം.  "ജീനിയ" എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാള ബൈബിളിൽ നാം കാണുന്നതുപോലെ ആ പദത്തെ തലമുറയെന്നാണ് തർജ്ജമചെയ്യേണ്ടതു. ചിലർ ആ പദത്തിന് ഗോത്രം, വംശം, കുലം എന്നൊക്കെ അർത്ഥം കൊടുക്കാറുണ്ട്. അത് തെറ്റാണ്. കാരണം:

1.      "തലമുറ" എന്ന എബ്രായ പദത്തിന്‍റെ തർജ്ജമയായിട്ടാണ് "ജീനിയ" എന്ന പദം പഴയ നിയമ ഗ്രീക്ക് ബൈബിളിൽ  ഉപയോഗിച്ചിരിക്കുന്നത്. "ജീനിയ" എന്ന പദം കുലം, വംശം എന്ന എബ്രായ പദങ്ങളെ തർജ്ജമ ചെയ്യാൻ ഉപയോഗിച്ചിട്ടില്ല.

2.      കുലം, വംശം എന്ന അർത്ഥമാണ് യേശുക്രിസ്തു അർത്ഥമാക്കിയതെങ്കിൽ അതിനു വ്യക്തവും സ്പഷ്ടവുമായ മറ്റൊരു ഗ്രീക്ക് പദം ഉണ്ടായിരുന്നു.

3.      പുതിയ നിയമത്തിൽ "ജീനിയ" എന്ന പദം ഉപയോഗിച്ചിരിക്കുന്നത് തലമുറ എന്ന ആശയത്തിലാണ്.

4.      സമീപ പശ്ചാത്തലത്തിൽ "ഈ തലമുറ" എന്ന പ്രയോഗം നാം കാണുന്നത് മത്തായി 23:36-ലാണ്. നാം പരിശോധിക്കുന്ന വേദഭാഗത്തിന്‍റെ സമാന്തര വേദഭാഗമാണത്. അവിടെ യേശുക്രിസ്തുവിന്‍റെ സമകാലിക തലമുറയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നു നിസ്സംശയം പറയാം.

അതുകൊണ്ടു, "ഈ തലമുറയെന്നു" പറഞ്ഞാൽ യേശുക്രിസ്തുവിന്‍റെ സമകാലിക തലമുറയെന്നാണ് അർത്ഥം.

"ഇതൊക്കെയും" എന്ന് പറയുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്ന് നമുക്ക് പരിശോധിക്കാം. ഇതൊക്കെയും എന്ന് പറയുന്നതിൽ മത്തായി 24:29-31-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഉൾപ്പെടും എന്ന് ചിലർ വാദിക്കാറുണ്ട്. അതുകൊണ്ടു മത്തായി 24:30-ലെ മനുഷ്യപുത്രന്‍റെ വരവ് ആ തലമുറയിൽ തന്നെ നിവൃത്തിയായി എന്ന് അവർ വാദിക്കുന്നു. എന്നാൽ, അത് തെറ്റാണ്. കാരണം, മത്തായി 24:33-ൽ സമാനമായ ഒരു പ്രയോഗം നാം കാണുന്നുണ്ട്.  "അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ." അവിടെ "ഇതൊക്കെയും" എന്ന് പറയുന്നതിൽ കർത്താവിന്‍റെ വരവ് ഉൾപ്പെടുന്നില്ല എന്ന് വ്യക്തമല്ലേ. കർത്താവ്‌ വരുന്നത് കാണുമ്പോൾ കർത്താവു വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.

അതുകൊണ്ടു, ഇതൊക്കെയും എന്ന് മത്തായി 24:34-ൽ പറഞ്ഞിരിക്കുന്നതിൽ കർത്താവിന്‍റെ വരവ് സംബന്ധമായ സംഭവങ്ങൾ ഉൾപ്പെടുന്നില്ല എന്നതു വ്യക്തമാണ്. ആ തലമുറയിൽ സംഭവിക്കേണ്ട യെരൂശലേമിന്‍റെ  ന്യായവിധിയും, യെഹൂദ്യയിലെ മഹാകഷ്ടവും "ഇതൊക്കെയും" എന്ന് പറയുന്നതിൽ ഉൾപ്പെടുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

മത്തായി 24:36

മത്തായി 24:34-ഉം മത്തായി 24:36-ഉം ചേർത്തുവച്ചു പരിശോധിക്കുമ്പോൾ നമുക്ക് ചില കാര്യങ്ങൾ മനസ്സിലാകും.

1.      മത്തായി 24:36 തുടങ്ങുന്നത് “എന്നാൽ” എന്ന പദത്താലാണ്. മലയാള തർജ്ജമയിൽ നാം അത് കാണുന്നില്ല. ഇംഗ്ലീഷ് തർജ്ജമയിൽ "But" എന്ന് നാം കാണുന്നുണ്ട്. ആ ഒരു സംയോജന പദം വ്യത്യസ്തമായ ആശയത്തെ അവതരിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്.

2.      “ഇതൊക്കെയും” (All these things) എന്ന് മത്തായി 24:34-ൽ പറഞ്ഞിരിക്കുന്നത് സമീപമായി നിറവേറേണ്ട സംഭവങ്ങളെ സൂചിപ്പിക്കുന്നു. എന്നാൽ "ആ നാളും നാഴികയും" (that day and hour) എന്ന് മത്തായി 24:36-ൽ പറഞ്ഞിരിക്കുന്നത് താരതമ്യേന വിദൂരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നു.

3.      “ഇതൊക്കെയും” എന്ന് പറഞ്ഞതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ആ തലമുറയിൽത്തന്നെ (this generation) സംഭവിക്കണമായിരുന്നു. എന്നാൽ കർത്താവിന്‍റെ വരവിനെ ചൂണ്ടിക്കാണിക്കുന്ന “ആ നാളും നാഴികയും” എപ്പോൾ ആണെന്ന് കർത്താവ് പറയുന്നില്ല. യെരൂശലേമിന്‍റെ നാശം ആ തലമുറയിൽ സംഭവിക്കേണം എന്ന് യേശു സ്പഷ്ടമായി പറഞ്ഞു, എന്നാൽ തന്‍റെ വരവിന്‍റെ സമയം യേശു തന്‍റെ ശിഷ്യന്മാർക്കു വെളിപ്പെടുത്തിയില്ല. കർത്താവിന്‍റെ രണ്ടാം വരവിനോടുള്ള ബന്ധത്തിൽ സമയ ബന്ധിത അടയാളങ്ങൾ കർത്താവ് നൽകിയിട്ടില്ല.

കർത്താവിന്‍റെ രണ്ടാം വരവ്

ദൈവാലയത്തിന്‍റെ നാശം

സമയം ആരും അറിയുന്നില്ല (no one knows)

ഈ തലമുറയിൽ (this generation)

ആ നാളും നാഴികയും (that day and hour)

ഇതൊക്കെയും (all these things)

സമയ ബന്ധിത അടയാളങ്ങൾ ഇല്ല

സമയ ബന്ധിത അടയാളങ്ങൾ ഉണ്ട്

മത്തായി 24: സംഗ്രഹം

Ø  മത്തായി 24:21-ൽ നാം വായിക്കുന്ന വലിയ കഷ്ടം AD 70-ൽ യെരൂശലേമിന്‍റെ നാശത്തോടുകൂടെ നിവൃത്തിയായി.

Ø  കർത്താവായ യേശുക്രിസ്തുവിന്‍റെ മേഘത്തിലുള്ള വരവാണ് (മത്തായി 24:29-31) സഭയുടെ പ്രത്യാശ വിഷയം.

Ø  യേശു ക്രിസ്തു തന്റെ പ്രഭാഷണത്തിലൂടെ തന്‍റെ ശിഷ്യന്മാരുടെ പല തെറ്റിദ്ധാരണകളും തിരുത്തി. യെരൂശലേമിന്‍റെ നാശവും ലോകാവസാനവും വ്യത്യസ്ത സംഭവങ്ങളാണെന്നു യേശു പഠിപ്പിച്ചു.

Ø  യെരൂശലേമിന്‍റെ നാശത്തിനു സമയ ബന്ധിത അടയാളങ്ങൾ ഉണ്ട്. എന്നാൽ, ആരും നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുമെന്ന് യേശു പറഞ്ഞു. അതിനു സമയ ബന്ധിത അടയാളങ്ങളില്ല.

 

 

 

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും