യെശയാവു 65:20

 

യെശയാവു 65:20: “കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.”

ദൈവജനത്തിന്‍റെ ഭൂമിയിലെ  ഭാവി മഹത്വത്തെക്കുറിച്ചു വിവരിച്ചിരിക്കുന്ന ഭാഗങ്ങളെടുത്തു പ്രീമില്ലേന്നിയലിസ്റ്റുകൾ ആയിരമാണ്ടു വാഴ്ചയെക്കുറിച്ചാണ് അതെന്നു പറയുന്നത് സാധാരണമാണ്. വാസ്തവത്തിൽ അതൊക്കെ ഭൂമിയിലെ താത്കാലികമായ ആയിരമാണ്ടു വാഴ്ചയെക്കുറിച്ചുള്ളതല്ല, നിത്യരാജ്യത്തെക്കുറിച്ചുള്ളതാണ്.  ഇവിടെ പരാമർശിച്ചിരിക്കുന്ന യെശയ്യാ. 65:17-25, ആ നിത്യരാജ്യത്തിന്‍റെ സമ്പൂർണ്ണതയെ കുറിച്ച് വിവരിച്ചിരിക്കുന്ന ഭാഗമാണ്.

പുതിയ ആകാശ പുതിയ ഭൂമിയിൽ മരണം എന്ന യാഥാർഥ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഭാഷാശൈലിയാണിവിടെ കാണുന്നത്.  മരണത്തിന്‍റെ സാന്നിധ്യം ഉള്ളതുകൊണ്ട് അത് പുതിയ ഭൂമിയിൽ നിറവേറണ്ട കാര്യമല്ലെന്നും കർത്താവ് വന്നു കഴിഞ്ഞു സഹസ്രാബ്ദവാഴ്ചയിൽ അത് നിറവേറുമെന്നും പ്രീമില്ലേന്നിയലിസ്റ്റുകൾ വാദിക്കുന്നു. അതുകൊണ്ടു ആയിരമാണ്ടു എന്ന സുവർണ്ണകാലത്തെക്കുറിച്ചു പഠിപ്പിക്കുന്നവർ എടുത്തുകാണിക്കുന്ന ഏറ്റവും വിശിഷ്ടമായ തെളിവ് വചനമാണിത്. 

യെശയാവു 65:17-25  മറ്റു ഭാഗങ്ങളിൽ വച്ച് സങ്കീർണ്ണമായതും ഒറ്റനോട്ടത്തിൽ ഭാവികാല സമ്പൂർണ്ണതയെ തോന്നിപ്പിക്കുന്നതുമല്ല. എന്നാൽ, പ്രീമില്ലേന്നിയൽ വ്യാഖ്യാനത്തിനായി ഈ ഭാഗം ഉപയോഗിക്കുന്നവർ അവഗണിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്:

1.      “പുതിയ ആകാശ പുതിയ ഭൂമി” എന്നു പറഞ്ഞിരിക്കുന്ന മറ്റിടങ്ങളിൽ, അത് നിത്യതയെയാണ്, സമ്പൂർണ്ണമായി വീണ്ടെടുക്കപ്പെട്ട ഭൂമിയെയാണ്  ചൂണ്ടിക്കാണിക്കുന്നത് (യെശയ്യാ. 66:22-24; വെളി. 21:1-5; 2 പത്രോസ് 3:11-13)

2.      ഈ ഭാഗം പുതിയ നിയമ പുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് നിത്യതയോടുള്ള ബന്ധത്തിലാണ്. വെളി. 21:4-ഉം  യെശയ്യാ. 65:19-ഉം  താരതമ്യം ചെയ്യുക. യെശയാവു 65:19 : "ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും എനി അതിൽ കേൾക്കയില്ല ........" വെളിപ്പാട് 21:4: "അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും."  സമ്പൂർണ്ണമായി വീണ്ടെടുക്കപ്പെട്ട ഭൂമിയിലാണ് കരച്ചലും നെടുവീർപ്പും ഇല്ലാതിരിക്കുന്നത്.

3.      ഇവിടെ  പറഞ്ഞിരിക്കുന്ന അവസ്ഥ എന്നേക്കുമുള്ളതാണ് , ആയിരം  ആണ്ടേക്കു മാത്രം താല്കാലികമായിട്ടുള്ളതല്ല.    യെശയ്യാവ്  65: 17-19: “മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; *ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല.”

4.      യെശയ്യാ. 65-ൽ വിവരിച്ചിരിക്കുന്ന അവസ്ഥയുടെ സമ്പൂർണ്ണത ആയിരമാണ്ടു വ്യാഖ്യാനത്തിനു ഘടകവിരുദ്ധമാണ്. യെശയ്യാ 65:25: “ചെന്നായയും  കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വയ്ക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; ന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു”. നിത്യതയിൽ മാത്രമേ ദൈവത്തിന്‍റെ വിശുദ്ധപർവ്വതത്തിൽ എല്ലാ ദോഷവും ശാപവും അവസാനിക്കുകയുള്ളൂ.

5.      സാധാരണയായി (പ്രീമില്ലേന്നിയലിസ്റ്റുകൾ ഉൾപ്പെടെ) മരണത്തിന്‍റെ സാന്നിധ്യമില്ലാത്ത പുതിയ ആകാശ പുതിയ ഭൂമിയുടെ വിവരണമായി ചൂണ്ടിക്കാണിക്കുന്ന ഭാഗമാണ് യെശയ്യാ 25:7-8: “7സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും. 8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും ; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” 1 കൊരിന്ത്യർ 15:25-26: "25അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. 26ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.” പുതിയ ആകാശ പുതിയ ഭൂമി വരുമ്പോൾ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും. മരണം അവസാന ശത്രുവായി നീങ്ങിപ്പോകും. അതുകഴിഞ്ഞു ഒരു ശത്രുവും ശേഷിച്ചിരിക്കയില്ല.  യെശയ്യാ 65:20-24-ന്‍റെ പ്രീമില്ലേന്നിയൽ വ്യാഖ്യാനത്തിനു വിരുദ്ധമാണ് ഇക്കാര്യം.

6.      വിശുദ്ധന്മാർ പുനരുത്ഥാനം ചെയ്യുമ്പോഴാണ് യെശയാവു 25:7-8 നിറവേറുന്നതെന്നു പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു. 1 കൊരിന്ത്യർ 15:54: “ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.” അതിന്‍റെ അർത്ഥം, കർത്താവിന്‍റെ രണ്ടാം വരവിൽ അവസാനത്തെ ശത്രുവായ മരണം നീങ്ങിപ്പോകുമെന്നാണ്. അതിന്‍റെ അർത്ഥം, കർത്താവിന്‍റെ രണ്ടാം വരവിൽ പുതിയ ആകാശ പുതിയ ഭൂമി സ്ഥാപിക്കപ്പെടുമെന്നാണ്.

7.      യെശയാവു 65:20-23-ൽ നാം കാണുന്നത് 65:19-ആം വാക്യത്തിന്‍റെ വിശദീകരണമാണ്‌. യെശയ്യാവ്‌ 65:19: ".......കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല". എന്തുകൊണ്ട് നിലവിളി കേൾക്കുകയില്ല എന്നതാണ് വാക്യം 20-23-ന്‍റെ വിഷയം. എന്നാൽ, വെളിപ്പാട് 21:4-ൽ പറയുന്നത് നിവൃത്തിയാകുമ്പോൾ യെശയാവു 65:19 നിവൃത്തിയാകും എന്ന് നമുക്ക് കാണുവാൻ സാധിക്കും. അങ്ങനെയെങ്കിൽ, "ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല" എന്ന് വെളിപ്പാട് 20:5-ൽ പറഞ്ഞിരിക്കുന്നത് യെശയാവു 65:20-23-ന്‍റെ പുതിയ നിയമ വ്യാഖ്യാനമാണ്.

 

വെളിപ്പാട് 21:4,5 വേദഭാഗം യെശയാവു 65:19-23-നെ വ്യാഖ്യാനിക്കുന്നു

യെശയാവു 65:19-23

വെളിപ്പാട് 21:4,5

“കരച്ചലും നിലവിളിയും എനി അതിൽ കേൾക്കയില്ല” (വാക്യം 19)

“അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും” (വാക്യം 4)

കാരണം (വാക്യം 20-23): ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.

അവർ‍ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.

കാരണം (വാക്യം 5): ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.

 

എന്നാൽ പുതിയ ആകാശ പുതിയ ഭൂമിയെക്കുറിച്ചു വിവരിച്ചിരിക്കുമ്പോൾ തന്നെ, യെശയ്യാ. 65:20-ൽ “ബാലൻ നൂറു വയസ്സ് പ്രായമുള്ളവനായി മരിക്കും. പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ” എന്നൊക്കെ പറഞ്ഞിരിക്കുന്നത് എങ്ങിനെയാണ് നാം മനസ്സിലാക്കേണ്ടത്?

a)      ചരിത്ര പുസ്തകത്തിൽ ആയിരുന്നു ഇതെഴുതിയതെങ്കിൽ നമുക്ക് ഇതിനെ ആക്ഷരീകമായി വ്യാഖ്യാനിക്കാമായിരുന്നു. എന്നാൽ, ഇത് പ്രവചനമാണ്. അതിൽ മറപൊരുളായ വശങ്ങൾ ഉണ്ടായിരിക്കുമെന്ന് ദൈവവചനത്തിൽനിന്നു തന്നെ നമുക്ക് ഗ്രഹിക്കുവാൻ സാധിക്കും (സംഖ്യാ 12:6-8). മാത്രമല്ല, പുതിയ ഭൂമിയിൽ മരണം ഉണ്ടായിരിക്കുമെന്ന് തന്‍റെ ജനത്തെ ബോധ്യപ്പെടുത്തുവാനല്ല ഇത് എഴുതിയിരിക്കുന്നത്. പുതിയ ഭൂമിയിൽ മരണം ഉണ്ടായിരിക്കുമെന്ന ഉപദേശം സ്ഥാപിക്കുവാനല്ല ഇത് എഴുതിയിരിക്കുന്നതെന്നു സാരം. അതുകൊണ്ടു, ഈ പ്രവചനത്തെ സസൂക്ഷ്മം നാം പരിശോധിക്കേണ്ടതായിട്ടുണ്ട്.

b)     ബൈബിളിലെ എഴുത്തുകാർ അവർ അനുഭവിച്ചിട്ടില്ലാത്ത ഭാവിയെക്കുറിച്ചു വിവരിക്കുമ്പോൾ, അവർ അനുഭവിച്ചിട്ടുള്ള, അവർക്കറിയുന്ന ഭാഷയും ചിത്രീകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഈ വ്യാഖ്യാന പ്രമാണം യെഹെസ്കേൽ 40-48 പരിശോധിച്ചപ്പോൾ നാം കണ്ടു.

c)      മശീഹായുടെ വരവിനെക്കുറിച്ചും ദൈവത്തിന്‍റെ രാജ്യത്തെക്കുറിച്ചും പ്രവചിച്ചപ്പോൾ ദൈവജനത്തിനു പരിചിതമായ കാര്യങ്ങളാൽ അവർ സംസാരിച്ചു.

d)     ഭാവിയിലെ അവരുടെ സന്തോഷം വിവരിക്കുവാൻ,  ലോകത്തു അവർക്കറിയുന്ന ഏറ്റവും വലിയ സന്തോഷ അനുഭവങ്ങളെ ഉപയോഗിച്ചു പ്രവാചകന്മാർ  ചിത്രീകരിച്ചു. സങ്കടവും ആഴമേറിയ ദുരന്തങ്ങളും ഒന്നുമില്ലാത്ത ദേശം. അതുകൊണ്ട്, പുതിയ ഭൂമിയിലുള്ള ദീർഘായുസ്സിനെക്കുറിച്ചും അവിടെ അകാലമരണം ഇല്ലെന്നും യെശയ്യാ. 65:20 ചിത്രരൂപത്തിലൂടെ  പറഞ്ഞിരിക്കുന്നു.

e)      ഇവിടെ യെശയ്യാവ്‌ ഫലപ്രദമായും വ്യക്തവും ഉജ്ജ്വലവുമായി ജനത്തോടു  ആശയവിനിമയം നടത്തുന്നു. നിരന്തരമായി ശിശുമരണങ്ങളാലും മറ്റും ഭാരപ്പെടുന്നവരോട് പറയുന്നു; ഭാവിയിൽ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടി വരികയില്ല. മാത്രമല്ല, ബാലന്മാർ നൂറു വയസ്സുള്ളവരായി മരിക്കുമെന്നതു അക്ഷരീകമായി ചിന്തിച്ചു ഗ്രഹിക്കുവാൻ സാധ്യമല്ലല്ലോ.

f)       അവർ അനുഭവിച്ച കഷ്ടപ്പാടുകൾ എന്തെല്ലാമായിരുന്നു? അകാല മരണം, അവരുടെ വീടുകൾ ശത്രുക്കൾ വന്നു നശിപ്പിക്കുന്നു, അവർ പണിയുന്നു, മറ്റുള്ളവർ പാർക്കുന്നു, അവർ നടുന്നു, മറ്റുള്ളവർ തിന്നുന്നു.  എന്നാൽ, അവർ അന്ന് അനുഭവിച്ച കഷ്ടങ്ങൾ ഭാവിയിൽ അവർ അനുഭവിക്കുകയില്ല എന്ന് കാണിക്കുകയാണ് ഈ വിവരണങ്ങളിലൂടെ (യെശയാവു 65:21-24). അത് എല്ലാം ആക്ഷരീകമായി വ്യാഖ്യാനിക്കേണ്ടവയല്ല.

g)     "പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ." ഇതും ഒരു ആലങ്കാരിക പ്രയോഗമാണ്. ദുഷ്ടന്മാർ മേൽക്കുമേൽ അഭിവൃദ്ധി പ്രാപിക്കുന്നു, അവർ ഭരിക്കുന്നു എന്നതായിരുന്നു യെശയാവിന്‍റെ കാലത്ത് കണ്ടുവന്നിരുന്ന പ്രവണത. ആ അവസ്ഥ ഭാവി ലോകത്തിൽ ഉണ്ടാവുകയില്ല എന്ന് യെശയാവു അവർക്കു മനസ്സിലാകുന്ന ഭാഷയിൽ പറയുകയാണ്. അതുകൊണ്ട്, അവിടെ പാപി ഉണ്ടായിരിക്കും എന്ന് നാം മനസ്സിലാക്കേണ്ട. അത് പുതിയ ആകാശ പുതിയ ഭൂമിയാണ്. ഒന്നാമത്തെ ഭൂമി തീക്കിരയായ ശേഷം, ഒന്നാമത്തെ ഭൂമി ഒഴിഞ്ഞുപോയ ശേഷം വരുന്ന പുതിയ ആകാശ പുതിയ ഭൂമി.

കർത്താവ് രണ്ടാമത് വന്നുകഴിഞ്ഞിട്ടു ആയിരമാണ്ടു എന്ന സുവർണ്ണകാലം ഉണ്ടെന്നു പഠിപ്പിക്കുന്നവർ എടുത്തുകാണിക്കുന്ന ഏറ്റവും വിശിഷ്ടമായ തെളിവ് വചനമാണ് യെശയാവു 65:19-23. അതിനെ, ദൈവവചനപ്രകാരം അമില്ലേന്നിയൽ ചിന്താഗതിക്കനുസരിച്ചു മനസ്സിലാക്കാമെങ്കിൽ പ്രീമില്ലേന്നിയലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്ന മറ്റു പഴയ നിയമ വേദഭാഗങ്ങളും അതുപോലെ തന്നെ വ്യാഖ്യാനിക്കുവാൻ സാധിക്കുമെന്ന് വായനക്കാർ മനസ്സിലാക്കുക.

 

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും