ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

മത്തായി 13-ലെ ഉപമകൾ

മത്തായി 13-ലെ ഉപമകൾ പറയുവാൻ ഇടയായ പൊതുവായ പശ്ചാത്തലം നമുക്ക് പരിശോധിക്കാം. ദൈവരാജ്യത്തിന്റെ വരവിനെ കുറിച്ച് യഹൂദന്മാർക്കു വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. മശിഹാ അവരെ രാഷ്ട്രീയമായി രക്ഷിക്കുമെന്നും അവർ കരുതി. യോഹന്നാനും ദൈവരാജ്യത്തിന്റെ വരവിനെ ദുഷ്ടന്മാരുടെ ന്യായവിധിയായി കണ്ടു. മത്തായി 3:10: “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കർത്താവു ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിച്ചു വന്നത്. യേശുവിനെ ദൈവത്തിന്റെ മശിഹയായി അംഗീകരിച്ച സ്നാപക യോഹന്നാന് പോലും യേശുക്രിസ്തുവിന്റെ പ്രസംഗത്തിൽ സംശയം വന്നു. യേശു ക്രിസ്തു ദൈവരാജ്യം സമീപിച്ചു എന്നും ദൈവരാജ്യം അവരുടെ മദ്ധ്യേ ഉണ്ട് എന്നും പറയുമ്പോൾ തന്നെ ദുഷ്ടന്മാർ ന്യായം വിധിക്കപ്പെടുന്നില്ല എന്ന വസ്തുത യോഹന്നാനെ സംശയാലുവാക്കി. യോഹന്നാനെ തടവിലാക്കി കാരാഗൃഹത്തിൽ അടച്ചപ്പോൾ അവന്റെ സംശയം വർധിച്ചു. കർത്താവിന്റെ രാജ്യം വന്നെങ്കിൽ അതിനെക്കുറിച്ച് പ്രസംഗിച്ചവൻ എന്തുകൊണ്ട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നു എന്നവൻ ചിന്തിച്ചു.

മത്തായി 11:2, 3: “യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു; വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.”

ദൈവത്താൽ അഭിഷിക്തനുമായ യോഹന്നാൻ സ്നാപകന് പോലും യേശുക്രിസ്തുവിന്റെ ദൈവരാജ്യം സംബന്ധിച്ചുള്ള പ്രസംഗത്തിൽ സംശയം വന്നു എങ്കിൽ, അവനെ അനുഗമിക്കുന്ന സാധാരണക്കാരായ ശിഷ്യന്മാർക്കു ഒരു സംശയവും ഇല്ല എന്ന് നമുക്ക് ചിന്തിക്കുവാൻ കഴിയുമോ? ഇല്ല. അവർക്കും അതേ ചോദ്യം അഭിമുഖീകരിക്കേണ്ടി വരും. സകല ദുഷ്ടശക്തികളെയും ഉന്മൂലനം ചെയ്യുന്ന ദൈവത്തിന്റെ രാജ്യം ഗലീലയിലെ ഒരു മരപ്പണിക്കാരനിലും അവന്റെ ശിഷ്യന്മാരിലും എങ്ങനെ യാഥാർഥ്യം ആകുന്നു എന്ന ചോദ്യം. ഈ ചോദ്യത്തിനാണ് ക്രിസ്തു മത്തായി 13-ലെ ഉപമകളിലൂടെ ഉത്തരം നൽകുന്നത്.

വിതയ്ക്കുന്നവന്റെ ഉപമ (മത്തായി 13:18-23)

“എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു. പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു. നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.”

രാജ്യത്തിൻറെ വചനം വിതയ്ക്കപ്പെടുന്നു എന്നത് ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെ കാണിക്കുന്നു. യഹൂദന്മാർക്കു നല്ലപോലെ അറിയാമായിരുന്നു, എത്ര നല്ല വിത്ത് വിതച്ചാലും അത് മുളയ്ക്കണമെന്നില്ല. നിലത്തിന്റെ അവസ്ഥയെ അനുസരിച്ചിരിക്കും അത്. അതുകൊണ്ടു ചില നിലങ്ങളിൽ വിത്തു മുളയ്ക്കുന്നില്ല എന്നതുകൊണ്ട് ദൈവരാജ്യം വന്നിട്ടേയില്ല എന്ന് നാം വിധിയെഴുതരുത്. മാത്രമല്ല, ചില നിലങ്ങളിൽ ദൈവരാജ്യത്തിന്റെ വചനം അത്ഭുതമായി ഫലം കായിക്കുന്നു എന്നുള്ളത് ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെ കാണിക്കുന്നു.

കടുക് മണിയുടെയും പുളിച്ച മാവിന്റേയും ഉപമകൾ  (മത്തായി 13:21, 32;  മത്തായി 13:33)

“മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.”

“അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

യേശുക്രിസ്തുവിന്റെയും തന്റെ ശിഷ്യന്മാരുടെയും നിലവിലെ താഴ്ന്ന അവസ്ഥ തന്റെ രാജ്യം വന്നു എന്ന വസ്തുതയെ സംശയിക്കുവാൻ കാരണം നൽകുന്നില്ല. കടുക് മണിയുടെ ചെറിയ തുടക്കം കടുക് മണി ഇല്ല എന്ന് തെളിയിക്കുന്നില്ല. ദൈവരാജ്യം ഭാവിയിൽ സകല ലോകത്തെയും നിറയുന്നതായി തീരും.

വയലിലെ നിധിയുടെയും മുത്തിന്റെയും ഉപമകൾ  (മത്തായി 13:44; മത്തായി 13:45, 46)

സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.”

ഈ ഉപമകളിലൂടെ യേശു പറയുന്നത് എന്താണ്? ദൈവരാജ്യം ഇക്കാലത്തു നിലകൊള്ളുന്നത് മറയ്ക്കപ്പെട്ട നിലയിലാണ്. അത് അപ്രതീക്ഷിതമായ നിലയിലാണ് ഇന്നുള്ളത്. അത് അവകാശമാക്കുവാൻ വലിയ ത്യാഗം സഹിക്കണം എന്നും യേശു സൂചിപ്പിക്കുന്നു. യഹൂദന്മാർക്കു ഈ പഠിപ്പിക്കൽ ഒരു പുതുമയുള്ള കാര്യമായിരുന്നു. അവർ വിചാരിച്ചുവച്ചിരുന്നത് ദൈവരാജ്യം എന്നാൽ പ്രതാപത്തിന്റെയും, ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ആഡംബരത്തിന്റെയും അവസ്ഥ മാത്രമായിരിക്കും എന്നായിരുന്നു. ക്രിസ്തു പറയുന്നത് എന്താണ്? അല്ലേയല്ല. ഇന്ന് ദൈവരാജ്യം ആസ്വദിക്കുവാൻ സകലവും ഉപേക്ഷിച്ചു അവനെ അനുഗമിക്കണം എന്നാണ്. അതിനിടയിൽ ജീവഹാനി വരെ വിശ്വാസികൾക്ക് സംഭവിച്ചേക്കാം. ഒരു വലിയ ത്യാഗം വിശ്വാസികൾ ചെയ്യണം.

വയലിലെ കളയുടെ ഉപമ (മത്തായി 13:24-30; മത്തായി 13:36-43)

(ഉപമ) 24 അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. 25 മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. 26 ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. 27 അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. 28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. 29 അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. 30 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

(ഉപമയുടെ വ്യാഖ്യാനം) 37 “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; 38 വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; 39 കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; 40 കൊയ്യുന്നവർ ദൂതന്മാർ കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. 41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു 42 തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. 43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.”

യഹൂദന്മാർ ധരിച്ചുവച്ചിരുന്നത് ദൈവരാജ്യം വരുമ്പോൾ സകല ശത്രുക്കളും ഉടനടി ഉന്മൂലനം ചെയ്യപ്പെടുമെന്നാണ്. എന്നാൽ യേശു എന്താണ് പറയുന്നത്? ഒരു കൊയ്ത്തു നടക്കണമെങ്കിൽ ആദ്യം വിതയ്ക്കണം. ദൈവരാജ്യം ഒരു വിതയ്ക്കപ്പെടുന്ന അവസ്ഥയിലാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ ഒരുനാൾ കൊയ്ത്തു സംഭവിക്കും. അതിനു ക്രിസ്തു വീണ്ടും വരണം. അന്ന് അവൻ തന്റെ രാജ്യത്തിൽ നിന്ന് എല്ലാ ഇടർച്ചകളെയും നീക്കം ചെയ്യും. ഇതിൽ നിന്നും ഒരു കാര്യം വ്യക്‌തമാണ്‌. കൊയ്ത്തിന്റെ സമയം വരെ ഈ ലോകത്തു ദുഷ്ടന്മാരും നീതിമാന്മാരും ഒരുമിച്ചു വസിക്കും. എന്നാൽ കൊയ്ത്തിന്റെ സമയത്തു ദുഷ്ടന്മാർ ന്യായവിധിക്കപ്പെടും. അന്ന് നീതിമാന്മാർ പുനരുത്ഥാനം ചെയ്യും. പിന്നെ ദൈവത്തിന്റെ ലോകത്തിൽ നീതിമാന്മാർ മാത്രമേ ഉണ്ടാവുകയുള്ളു. അതാണ് പിതാവിന്റെ രാജ്യം.

വയൽ ലോകമാണെന്നു യേശു ക്രിസ്തു ഈ ഉപമയിലൂടെ പറയുന്നു. ഈ ലോകത്താണ് ദുഷ്ടന്മാരും വിശ്വാസികളും ഒരുമിച്ചു വസിക്കുന്നത്. ലോകാവസാനത്തിൽ യേശു ലോകത്തിൽ നിന്ന് ദുഷ്ടന്മാരെ നശിപ്പിക്കും എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

മീൻപിടിക്കുന്ന വലയുടെ ഉപമ (മത്തായി 13:47-50)

47 പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം. 48 നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. 49 അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; 50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.”

മീൻപിടുത്തതിലും രണ്ടു വ്യത്യസ്തമായ ഘട്ടങ്ങൾ ഉണ്ട് എന്ന് യേശു പറയുന്നു. ആദ്യം തന്നെ നല്ല മീനിനെയും ചീത്ത മീനിനെയും വേർതിരിക്കുകയല്ലല്ലോ ചെയ്യുന്നത്. ആദ്യം വല വീശണം, മീൻ പിടിക്കണം. അവസാനമാണ് വേർതിരിക്കുന്നത്. അതുപോലെ തന്നെയാണ് ഇന്ന് ലോകത്തിന്റെ സ്ഥിതി. ഈ ലോകത്തിൽ ദുഷ്ടന്മാരും നീതിമാന്മാരും ഒരുമിച്ചു വസിക്കുന്നുണ്ട്. അതിന്റെയർത്ഥം ദൈവരാജ്യം വന്നിട്ടേയില്ല എന്നല്ല. എന്നാൽ ലോകാവസാനത്തിൽ നല്ലതും ചീത്തയും വേർതിരിക്കപ്പെടും. അന്ന് ദൈവരാജ്യം അതിന്റെ പൂർണതയിൽ വെളിപ്പെടും. അന്ന് ലോകത്തിൽ ഒരു ദുഷ്ടനും ശേഷിച്ചിരിക്കയില്ല.

മത്തായി 13-ലെ ഉപമകളുടെ ഒരു സംഗ്രഹം:

ദൈവരാജ്യം ക്രിസ്തുവിന്റെ ഒന്നാം വരവിൽ

(ഒന്നാം ഘട്ടം)

ദൈവരാജ്യം ക്രിസ്തുവിന്റെ രണ്ടാം വരവിൽ

(രണ്ടാം ഘട്ടം)

ദുഷ്ടന്മാരും നീതിമാന്മാരും ലോകത്തിൽ നിലകൊള്ളുന്നു

നീതിമാന്മാർ മാത്രം പുതിയ ലോകത്തിൽ

 

ത്യാഗം അനിവാര്യമാണ്

വിശുദ്ധന്മാർ തേജസ്സും മഹത്വവും ബഹുമാനവും പ്രാപിക്കും

ദൈവവചനം ചിലരിൽ ഫലം കായ്ക്കും ചിലരിൽ ഫലം കായിക്കുകയില്ല.

 

 

പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും

 



ഗ്രന്ഥസൂചി:

1. Waldron, Samuel E. The End Times Made Simple

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും