ശത്രുക്കളുടെ മദ്ധ്യേയുള്ള ക്രിസ്തുവിന്‍റെ വാഴ്ച

 

ഉള്ളടക്കം:

1.      1 കൊരിന്ത്യർ 15:20-28

2.      പ്രീമില്ലേന്നിയലിസത്തെ തള്ളിക്കളയുവാനുള്ള നിർണായകമായ രണ്ടു  കാരണങ്ങൾ

3.      പിതാവിന്‍റെ വലത്തുഭാഗത്തിരിക്കുന്ന രാജാവ്


1 കൊരിന്ത്യർ 15:20-28

1 കൊരിന്ത്യർ 15:20-28-ൽ ദൈവരാജ്യത്തിന്‍റെ വരവിനെക്കുറിച്ചു  സാധാരണ ലേഖന രൂപത്തിൽ എഴുതിയിരിക്കുന്നു. ആലങ്കാരിക ഭാഷയോ ഉപമകളോ ദർശനമോ അല്ലാതെ സാധാരണ ഗദ്യ രൂപത്തിലാകയാൽ, വായിച്ചു മനസ്സിലാക്കുവാൻ പ്രയാസമില്ലത്തതാകയാൽ, ഈ ഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഭാഗത്തു ദൈവരാജ്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് സകലവും കാൽക്കീഴാക്കുന്ന ക്രിസ്തുവിന്‍റെ വാഴ്ചയെന്നാണ്.  ശത്രുക്കളുടെ മദ്ധ്യേയുള്ള ക്രിസ്തുവിന്‍റെ വാഴ്ചയാണ് വിഷയം.

1 കൊരിന്ത്യർ 15:24-25: “. . . . പിന്നെ അവസാനം; അന്ന് അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിയ്ക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകല ശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു”.

ദൈവരാജ്യത്തിന്‍റെ വരവിനെപ്പറ്റി ഈ വേദഭാഗത്തു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുവാൻ താഴെപ്പറയുന്ന ലളിതമായ രണ്ടു ചോദ്യങ്ങൾ സഹായിക്കും.

1.     സകലവും കീഴാക്കുന്ന ക്രിസ്തുവിന്‍റെ വാഴ്ച അവസാനിക്കുന്നത് എപ്പോഴാണ്?

ഈ വാഴ്ച അവസാനിക്കുന്നത് ഒടുക്കത്തെ ശത്രുവായ  മരണവും  നീക്കപ്പെടുന്നതോടെയാണ്. 1 കൊരിന്ത്യർ 15:25, 26: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.” മരണം നീങ്ങുന്ന സമയം ക്രിസ്തുവിന്‍റെ വാഴ്ച അവസാനിക്കും. എന്നാണ് മരണം മാറുന്നത്? 1 കൊരിന്ത്യർ 15:50-58 വരെയുള്ള വാക്യങ്ങൾ അത് വളരെ വ്യക്തമാക്കുന്നു.

1 കൊരിന്ത്യർ 15:54,55: "ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ "മരണം നീങ്ങി ജയം വന്നിരിക്കുന്നു" എന്ന് എഴുതിയ വചനം നിവൃത്തിയാകും. ഹേ, മരണമേ നിന്‍റെ ജയമെവിടെ? ഹേ, മരണമേ നിന്‍റെ വിഷമുള്ളു എവിടെ?"

മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്ന വചനം നിവൃത്തിയാകുന്നത് വിശുദ്ധന്മാർ ഉയിർത്തെഴുന്നേൽക്കുമ്പോഴാണെന്നു പൗലോസ് രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ വാഴ്ചയുടെ അവസാനം സംഭവിക്കുന്നത്  ക്രിസ്തുവിന്‍റെ മഹത്വപ്രത്യക്ഷതയിൽ വിശുദ്ധന്മാരുടെ പുനരുത്ഥാനത്തോടെയാണ്. ക്രിസ്തുവിന്‍റെ വാഴ്ച വിശുദ്ധന്മാരുടെ പുനരുത്ഥാനത്തിൽ അവസാനിക്കുമെങ്കിൽ അവന്‍റെ വാഴ്ച അതിനുമുൻപ്‌ തുടങ്ങണമല്ലോ.

{Note: ഇവിടെ നാം മനസ്സിലാക്കേണ്ടത്, ശത്രുക്കളുടെ മദ്ധ്യേയുള്ള ക്രിസ്തുവിന്‍റെ വാഴ്ചയാണ് ശത്രുക്കളുടെ നാശത്തോടെ  അവസാനിക്കുന്നത്. ക്രിസ്തുവിന്‍റെ വാഴ്ച ശത്രുക്കളില്ലാത്ത പിതാവിന്‍റെ രാജ്യത്തിൽ തുടർന്നുകൊണ്ടേയിരിക്കും; വെളിപ്പാട്  11:15; 22:3}

2.     സകലവും കീഴാക്കുന്ന ക്രിസ്തുവിന്‍റെ വാഴ്ച ആരംഭിച്ചത് എപ്പോഴാണ്?

1 കൊരിന്ത്യർ 15:27-ൽ  ക്രിസ്തുവിന്‍റെ സിംഹാസനാരോഹണത്തെക്കുറിച്ചു പറയുന്നത് ഭൂതകാലത്തിലാണ്. “സകലത്തെയും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ”. സങ്കീർത്തനം 8-ലെ ഈ വാക്യം  എഫെസ്യർ 1:20-22-ൽ ഉദ്ധരിച്ചിരിക്കുന്നതും ചേർത്ത് പഠിക്കുമ്പോൾ സകലത്തെയും കീഴാക്കുന്ന ക്രിസ്തുവിന്‍റെ വാഴ്ച തന്‍റെ പുനരുത്ഥാനത്താലും സ്വർഗ്ഗാരോഹണത്താലും ആരംഭിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം.

സങ്കീർത്തനം 8:6: “നിന്‍റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്‍റെ കാൽകീഴെയാക്കിയിരിക്കുന്നു”

എഫെസ്യർ 1:20-22: “20 അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും 21 സ്വർഗ്ഗത്തിൽ തന്‍റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 22 സർവ്വവും അവന്‍റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി 23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.”

1 കൊരിന്ത്യർ 15:25-ൽ “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു” എന്ന് പറയുന്നു. ഈ വാഴ്ച ഇപ്പോഴാണ് നടക്കുന്നത് എന്ന് സൂചിപ്പിക്കുന്ന വേറെ ചില വേദഭാഗങ്ങൾ പരിശോധിക്കാം.

എബ്രായർ 10:12, 13: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്‍റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു. തന്‍റെ ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.”

പ്രവർത്തികൾ 2:33-36: “33അവൻ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, 34ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: 35ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്‍റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. 36ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”

പ്രീമില്ലേന്നിയലിസത്തെ തള്ളിക്കളയുവാനുള്ള നിർണായകമായ രണ്ടു  കാരണങ്ങൾ

1.      ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിൽ സകല വിശുദ്ധന്മാരും ഉയിർത്തെഴുന്നേൽക്കുമ്പോൾ സകലവും കീഴാക്കുന്ന ക്രിസ്തുവിന്‍റെ വാഴ്ച പരിസമാപ്തിയിലേക്കു വരുന്നു. വിശ്വാസികളുടെ ഉയിർത്തെഴുന്നേൽപ്പോടെ അവസാനത്തെ ശത്രുവായ മരണം നീങ്ങിപ്പോയ ശേഷം (വാക്യങ്ങൾ 54,55) പിന്നെയൊരു ശത്രുവും നീക്കിക്കളയുവാൻ അവശേഷിക്കുന്നില്ല.

1 കൊരിന്ത്യർ 15:25,26: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.”

1 കൊരിന്ത്യർ 15: 54,55: "ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ "മരണം നീങ്ങി ജയം വന്നിരിക്കുന്നു" എന്ന് എഴുതിയ വചനം നിവൃത്തിയാകും. ഹേ, മരണമേ നിന്‍റെ ജയമെവിടെ? ഹേ, മരണമേ നിന്‍റെ വിഷമുള്ളു എവിടെ?"

വിശുദ്ധന്മാർ ഉയിർത്തെഴുന്നേൽക്കുമ്പോൾ മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്ന പ്രവചനം നിവൃത്തിയാകും. ഏതാണ് ആ പ്രവചനം?

യെശയ്യാ 25:8: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.”

വിശുദ്ധന്മാർ ഉയിർത്തെഴുന്നേൽക്കുമ്പോൾ അവസാനത്തെ ശത്രുവായ മരണം നീങ്ങിപ്പോകും. വെളിപ്പാട് 20:1-10-ൽ പറയുന്ന ആയിരമാണ്ടു വാഴ്ചയിൽ പല ശത്രുക്കളും നീക്കപ്പെടാതെയുണ്ടെന്നുള്ളത് വ്യക്തമാണ്. 1 കൊരിന്ത്യർ 15:21-28-ന്‍റെ വെളിച്ചത്തിൽ വെളിപ്പാട് 20:1-10-ന്‍റെ പ്രീമില്ലേന്നിയൽ വ്യാഖ്യാനം അസാധ്യമാണ്. അതുകൊണ്ടു വെളിപ്പാട് 20-ലെ ആയിരമാണ്ടു വാഴ്ച കർത്താവിന്‍റെ രണ്ടാമത്തെ വരവിൽ ഒടുക്കത്തെ ശത്രുവും (മരണവും) നീങ്ങിപ്പോകുന്നതിന് മുൻപ് ആയിരിക്കുക തന്നെ വേണം.

പ്രീമില്ലേന്നിയലിസ്റ്റുകൾ പറയുന്നത് പോലെ കർത്താവിന്‍റെ രണ്ടാമത്തെ വരവിനുശേഷവും ഇവിടെ മരണം തുടരുന്നു എങ്കിൽ നമ്മുടെ കർത്താവായ യേശുക്രിസ്തു രണ്ടാമത് വരുമ്പോൾ,  അന്ത്യകാഹള നാദത്തിങ്കൽ, “മരണം നീങ്ങി ജയം വന്നു” എന്നുള്ള വചനം നിവൃത്തിയാകുന്നത് എങ്ങിനെ? യെശയ്യാ 25:8 പ്രകാരം “അവൻ മരണത്തെ സദാകാലത്തേയ്ക്കും നീക്കിക്കളയും….” മാത്രമല്ല  “……യഹോവയായ കർത്താവു സകല മുഖങ്ങളിലും നിന്ന് കണ്ണുനീർ തുടയ്ക്കയും…….ചെയ്യും” എന്നുമുണ്ട്. വെളിപ്പാട് 21:1-4-ൽ പുതിയ ആകാശവും  പുതിയ ഭൂമിയും വരുമ്പോൾ “…… അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയും. ഇനി മരണം ഉണ്ടാകയില്ല. ദുഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല…..” എന്ന് വായിക്കുന്നു. ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിൽ മരണം നീങ്ങിപ്പോകുന്നു എന്നും കർത്താവു തന്‍റെ ജനത്തിന്‍റെ കണ്ണുനീർ എന്നേയ്ക്കുമായി തുടച്ചു കളയുന്നു എന്നും  പുതിയ ആകാശവും പുതിയ ഭൂമിയും വരുന്നു എന്നും നിത്യത ആരംഭിക്കുന്നു എന്നുള്ളതുമൊക്കെ ഇതിൽ നിന്ന് വ്യക്തമാവുകയാണ്.

2.    സകലവും കീഴ്പ്പെടുത്തുന്ന ക്രിസ്തുവിന്‍റെ വാഴ്ച അവന്‍റെ രണ്ടാമത്തെ വരവിൽ അവസാനിക്കുമ്പോൾ അത് നമ്മെ സകല സമ്പൂർണതയിലേക്കും നയിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വ പ്രത്യക്ഷതയിൽ ക്രിസ്തുവിന്‍റെ വാഴ്ച അവസാനിക്കുന്നത് കൊണ്ട് (ഒടുക്കത്തെ ശത്രുവും നീങ്ങിപ്പോകുന്നതുകൊണ്ട്), മഹത്വപ്രത്യക്ഷത നിത്യതയുടെ മുന്നോടിയാണ്, ആയിരമാണ്ടു വാഴ്ചയുടേതല്ല.

 

1 കൊരിന്ത്യർ 15:20-28:- ഒരു സംഗ്രഹം

ദൈവരാജ്യം ക്രിസ്തുവിന്‍റെ ഒന്നാം വരവിൽ

(ഒന്നാം ഘട്ടം)

ദൈവരാജ്യം ക്രിസ്തുവിന്‍റെ രണ്ടാം വരവിൽ

(രണ്ടാം ഘട്ടം)

ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തോടുകൂടെ തുടങ്ങി

വിശുദ്ധന്മാർ പുനരുത്ഥാനം ചെയ്യുമ്പോൾ 

ശത്രുക്കളുടെ മധ്യേയുള്ള വാഴ്ച,

സകലവും കാൽക്കീഴാക്കുന്ന ക്രിസ്തുവിന്‍റെ വാഴ്ച

ശത്രുക്കളില്ലാത്ത പിതാവിന്‍റെ രാജ്യം

  

പിതാവിന്‍റെ വലത്തുഭാഗത്തിരിക്കുന്ന രാജാവ്

ശത്രുക്കളുടെ മധ്യേയുള്ള ക്രിസ്തുവിന്‍റെ വാഴ്ചയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുവാൻ രണ്ടു വേദഭാഗങ്ങൾ നമുക്ക് പരിശോധിക്കാം.

സങ്കീർത്തനം 110:1, 2: “യഹോവ എന്‍റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക. 2നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

1 കൊരിന്ത്യർ 15:25: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.”

ഈ രണ്ടു വേദഭാഗങ്ങളും ചേർത്തുപടിക്കുമ്പോൾ ഗ്രഹിക്കാവുന്ന സത്യങ്ങൾ രേഖപ്പെടുത്തുന്നു:

1.      ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക എന്ന് സങ്കീർത്തനത്തിൽ നാം കാണുന്നു. സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം ക്രിസ്തു വാഴേണ്ടതാകുന്നു എന്ന് പൗലോസ് പറയുന്നു. അതുകൊണ്ടു, പിതാവിന്‍റെ വലതുഭാഗത്തിരുന്നാണ് ശത്രുക്കളുടെ മധ്യേയുള്ള ക്രിസ്തുവിന്‍റെ വാഴ്ച നടക്കുന്നത്.

2.      ക്രിസ്തു രാജാവാകുന്നത് പിതാവിന്‍റെ വലത്തുഭാഗത്തു ഇരുത്തപ്പെടുമ്പോഴാണെന്നു നമുക്ക് ഗ്രഹിക്കുവാൻ സാധിക്കും. മാത്രമല്ല, പിതാവിന്‍റെ വലഭാഗത്തേയ്ക്കു എടുക്കപ്പെട്ടു എന്നുവച്ചാൽ സിംഹാസനത്തിലേക്കു എടുക്കപ്പെട്ടു എന്നാണ് അർത്ഥം.

വെളിപ്പാട് 12:5: “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുക്കലേക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.”

3.      അതുകൊണ്ടു, ക്രിസ്തുവിന്‍റെ വാഴ്ച എപ്പോൾ തുടങ്ങി എന്നറിയുവാൻ, ക്രിസ്തു എപ്പോഴാണ് പിതാവിന്‍റെ വലഭാഗത്തു ഇരിക്കുവാൻ തുടങ്ങിയതെന്ന് കണ്ടെത്തിയാൽ മതി. ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തപ്പോഴാണ്, അവൻ പിതാവിന്‍റെ വലഭാഗത്തു ഇരുന്നതെന്നു പുതിയ നിയമം വ്യക്തമായും സ്പഷ്ടമായും പറയുന്നു.

അപ്പോസ്തല പ്രവർത്തികൾ 2:33-36: “33അവൻ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, 34ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: 35“ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്‍റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. 36ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”

എഫെസ്യർ 1:20-22: “20 അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും 21 സ്വർഗ്ഗത്തിൽ തന്‍റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 22 സർവ്വവും അവന്‍റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി 23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.”

എബ്രായർ 10:12, 13: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്‍റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു. തന്‍റെ ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.”

യേശു ക്രിസ്തു പിതാവിന്‍റെ വലഭാഗത്തു ഇരിക്കുന്നു എന്ന വസ്തുതയാണ്, അവൻ ഇന്ന് ശത്രുക്കളുടെ മദ്ധ്യേ വാഴുന്നു എന്നതിന്‍റെ തെളിവ്.

 

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും