തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം
പൗലോസ് തെസ്സലൊനീക്യർക്കെഴുതിയ ഒന്നും രണ്ടും ലേഖനങ്ങൾ കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചു വിശദമായ ഒരു പഠനം വിശ്വാസികൾക്ക് നൽകുന്നുണ്ട്. കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചു മനസ്സിലാക്കുവാൻ മൂന്നു വേദഭാഗങ്ങൾ നമുക്ക് പരിശോധിക്കാം:
1 തെസ്സലൊനീക്യർ 4:13 – 5:11
2 തെസ്സലൊനീക്യർ 1:4-10
2 തെസ്സലൊനീക്യർ 2:1-12
1 തെസ്സലൊനീക്യർ 4:13 – 5:11
വേദഭാഗത്തിന്റെ ഉദ്ദേശ്യം: തെസ്സലൊനീക്യരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വേദഭാഗത്തിന്റെ ഉദ്ദേശ്യം (1 തെസ്സലൊനീക്യർ 4:13,18; 5:11). അപ്പോൾ ഒരു ചോദ്യം ഉയരും? എന്തുകൊണ്ടാണ് തെസ്സലൊനീക്യർ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കുവാൻ ഇടവന്നത്? ഊഹാപോഹങ്ങളിലേക്കു നാം തിരിയേണ്ട ആവശ്യമില്ല. അതിന്റെ മറുപടി ദൈവവചനത്തിൽനിന്നും നമുക്ക് ലഭിക്കും.
നിദ്രയിലായ വിശ്വാസികളെക്കുറിച്ചുള്ള തെസ്സലൊനീക്യരുടെ അജ്ഞതയാണ് അവരുടെ ദുഃഖത്തിന്റെ മുഖ്യകാരണം. പുനരുത്ഥാനം എന്ന പ്രധാനപ്പെട്ട വിഷയത്തിൽ തെസ്സലൊനീക്യർക്കു അജ്ഞത ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ. കാരണം:
പല വിധ ഉപദ്രവങ്ങൾ കാരണം പൗലോസിന് തെസ്സലൊനീക്യയിൽ അധികം നാൾ നിൽക്കുവാൻ സാധിച്ചില്ല. അവരെ അധികം ഉപദേശിക്കുവാൻ സാധിച്ചില്ല എന്ന് വേണം മനസ്സിലാക്കുവാൻ (അപ്പോ. പ്രവർത്തി. 17:1-10)
മരിച്ചവരുടെ പുനരുത്ഥാനം എന്ന വിഷയം ഗ്രീക്ക് സംസ്കാരത്തിനു അന്യമായിരുന്നു (അപ്പോ. പ്രവർത്തി. 17:32)
പൗലോസ് വ്യക്തമായി പറയുന്നു, "നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു". അവിശ്വാസികൾക്കുള്ള അജ്ഞത തെസ്സലൊനീക്യർക്കും ഉണ്ടായിരുന്നു എന്നത് വ്യക്‌തമാണ്. ആ അജ്ഞതയാണ് പൗലോസ് മാറ്റുന്നത്.
കർത്താവ് വരുമ്പോൾ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമെന്നും, പിന്നെ ദൈവജനം കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടുമെന്നും പൗലോസ് പറയുന്നു. ഇതെല്ലം തൽക്ഷണം സംഭവിക്കുന്ന കാര്യങ്ങളാണ്.
ഗംഭീരനാദം, പ്രധാനദൂതന്റെ ശബ്ദം, ദൈവത്തിന്റെ കാഹളം:
ഈ വേദഭാഗത്തു പറഞ്ഞിരിക്കുന്ന കർത്താവിന്റെ വരവ് രഹസ്യമായിരിക്കുമെന്നാണ് പ്രീ-ട്രിബുലേഷണലിസം പഠിപ്പിക്കുന്നത്. ആ വീക്ഷണം ശരിയാണെങ്കിൽ, വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പൗലോസിന്റെ ചിത്രീകരണമെന്നു പറയേണ്ടി വരും. മരിച്ചവരെ നിദ്രയിൽനിന്നും ഉണർത്തുവാൻ വേണ്ടിയാണ് ഗംഭീരനാദം, പ്രധാനദൂതന്റെ ശബ്ദം, ദൈവത്തിന്റെ കാഹളം മുതലായവയെന്നു തെസ്സലൊനീക്യ ലേഖനത്തിന്റെ പശ്ചാത്തലത്തിൽനിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. യോഹന്നാൻ 5:28,29-ഉം ഇത് ഉറപ്പിക്കുന്നു. കർത്താവിന്റെ ശബ്ദമാണ് മരിച്ചവരെ ഉയിർപ്പിക്കുന്നതു. എന്നാൽ, ഭൂമിയിൽ ജീവിക്കുന്ന അവിശ്വാസികൾ ആ ശബ്ദം കേൾക്കുകയില്ല എന്ന് പ്രീട്രിബുലേഷണലിസ്റ്റുകൾക്കു പറയേണ്ടി വരുന്നത് അവരുടെ വ്യാഖ്യാനത്തിന്റെ ഗതികേടിനെ കാണിക്കുന്നു.
പ്രധാനദൂതന്റെ ശബ്ദത്തെ പഴയനിയമ വിശുദ്ധന്മാരുടെ പുനരുത്ഥാനവുമായി നമുക്ക് ബന്ധിപ്പിക്കുവാൻ സാധിക്കും. ദാനിയേൽ 12:1-2-ൽ വിശുദ്ധന്മാരുടെ പുനരുത്ഥാനത്തോടനുബന്ധിച്ചു പ്രധാനദൂതനെ നാം കാണുന്നുണ്ട്. പഴയനിയമ വിശ്വാസികളുടെയും പുതിയ നിയമ വിശ്വാസികളുടെയും ഉയിർത്തെഴുന്നേൽപ്പ് ഒരേ സമയം സംഭവിക്കുമെന്ന് അത് സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, മഹോപദ്രവം കഴിഞ്ഞാണ് സഭയെ ചേർക്കുവാനുള്ള കർത്താവിന്റെ വരവ്. കാരണം, പഴയ നിയമ വിശുദ്ധന്മാരുടെ ഉയിർപ്പു പീഡനം കഴിഞ്ഞേ സംഭവിക്കുകയുള്ളൂ എന്ന് ദൈവവചനം പറയുന്നു (യെശയാവു 25:8; ദാനിയേൽ 12:1-3,13).
കർത്താവിന്റെ വരവും കർത്താവിന്റെ ദിവസവും
1 തെസ്സലൊനീക്യർ 4:13-18-ൽ നാം കണ്ട കർത്താവിന്റെ വരവും കർത്താവിന്റെ നാളും തമ്മിൽ വേർതിരിവുണ്ടെന്നു പ്രീട്രിബുലേഷണലിസം പഠിപ്പിക്കുന്നു. എന്നാൽ അത് തെറ്റാണ്. കാരണം:
വിശ്വാസികൾക്കുള്ള മുന്നറിയിപ്പാണ് നാം 1 തെസ്സലൊനീക്യർ 5:6-ൽ കാണുന്നത്: “ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക”. കർത്താവിന്റെ നാളിനായി തെസ്സലൊനീക്യയിലെ വിശ്വാസികൾ പ്രതീക്ഷിച്ചിരിക്കണം എന്നാണു അതിന്റെ അർത്ഥം.
കർത്താവിന്റെ നാൾ അവിശ്വാസികൾക്കും വിശ്വാസികൾക്കും കള്ളനെപ്പോലെ വരും (1 തെസ്സലൊനീക്യർ 5:4). എന്നാൽ കള്ളൻ എന്നപോലെ വിശ്വാസികളെ ആ നാൾ പിടിക്കുകയില്ല.
അതുകൊണ്ടു, കർത്താവിന്റെ നാൾ തുടങ്ങുന്നത് കർത്താവിന്റെ വരവോടുകൂടിയാണ്. സഭയിലെ വിശ്വാസികൾ ഉയിർത്തെഴുന്നേൽക്കുന്ന ക്രിസ്തുവിന്റെ ആ വരവിന്റെ സമയത്തുതന്നെ അവിശ്വാസികളുടെ "പെട്ടെന്നുള്ള നാശവും" സംഭവിക്കും (1 തെസ്സലൊനീക്യർ 5:3; 2 പത്രോസ് 3:10; വെളിപ്പാട് 16:15). ഈ സത്യം പ്രീട്രിബുലേഷണലിസത്തിന്റെ അടിസ്ഥാനം തകർക്കുന്നു.
കർത്താവിന്റെ നാളിന്റെ സമയം
കർത്താവിന്റെ നാളിന്റെ സമയം തെസ്സലൊനീക്യർക്കു എഴുതിയറിയിക്കേണ്ട ആവശ്യമില്ല എന്ന് പൗലോസ് പറയുന്നു. തെസ്സലൊനീക്യർക്കു അറിയുന്നതുപോലെ കർത്താവിന്റെ നാൾ കള്ളനെപോലെവരും (1 തെസ്സലൊനീക്യർ 5:1-2; മത്തായി 24:36).
ആരും പ്രതീക്ഷിക്കാത്ത സമയത്തു കർത്താവിന്റെ നാൾ വരും (1 തെസ്സലൊനീക്യർ 5:2,3; മത്തായി 24:36-44). അവിശ്വാസികൾ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോഴായിരിക്കും കർത്താവിന്റെ നാൾ വരിക (1 തെസ്സലൊനീക്യർ 5:3; വെളിപ്പാട് 11:10; cf. യിരേമ്യാവു 6:14; 8:14).
കർത്താവിന്റെ ദിവസത്തിനായി സഭ (മണവാട്ടി) ഉണർന്നും സുബോധത്തോടുകൂടെയും ഇരിക്കുന്നു. ആ നാൾ കള്ളനെന്നപോലെ വിശ്വാസികളെ പിടിക്കുകയില്ല (1 തെസ്സലൊനീക്യർ 5:4; മത്തായി 24:42-44).
1 തെസ്സലൊനീക്യർ 4:13 – 5:11-ഉം മത്തായി 24-ഉം തമ്മിലുള്ള ബന്ധം:
കഷ്ടം കഴിഞ്ഞുള്ള കർത്താവിന്റെ വരവിനെക്കുറിച്ചാണ് മത്തായി 24-ൽ നാം കാണുന്നത്. 1 തെസ്സലൊനീക്യർ 4:13–5:11-ലും നാം അതേ വരവിനെക്കുറിച്ചുള്ള വിവരണങ്ങളാണ് കാണുന്നത്.
2 തെസ്സലൊനീക്യർ 1:4-10
വേദഭാഗത്തിന്റെ ഉദ്ദേശ്യം: കഷ്ടങ്ങളുടെ നടുവിലും തെസ്സലൊനീക്യർക്കുള്ള വിശ്വാസത്തെയോർത്തു പൗലോസ് പ്രശംസിക്കുകയാണ് (2 തെസ്സലൊനീക്യർ 1:4). തെസ്സലൊനീക്യർ അനുഭവിക്കുന്ന കഷ്ടപ്പാടും പീഡനവും അവർക്കു ലഭിക്കുവാൻ പോകുന്ന ഭാവി അനുഗ്രഹത്തിന്റെ അടയാളമാണ് (2 തെസ്സലൊനീക്യർ 1:5). വാക്യം 5-ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ന്യായമുള്ള വിധിയെ പൗലോസ് തുടർന്ന് വിശദീകരിക്കുന്നു. തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് ആശ്വാസവും, അവരെ പീഡിപ്പിച്ചവർക്കു പീഡയും കൊടുക്കുന്നതാണ് ദൈവത്തിന്റെ ന്യായമുള്ള വിധി (2 തെസ്സലൊനീക്യർ 1:6-8).
ഇതെല്ലം സംഭവിക്കുന്നത് എപ്പോഴാണെന്ന് വാക്യം 6-ൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനാകുമ്പോൾ ഇത് സംഭവിക്കും. കർത്താവായ യേശു പ്രത്യക്ഷനായി അവിശ്വാസികൾക്കു പ്രതികാരം കൊടുക്കുമ്പോഴാണ് വിശ്വാസികൾക്ക് ആശ്വാസം ലഭിക്കുന്നതെന്ന് പൗലോസ് വ്യക്തമായി പറയുന്നു.
കർത്താവ് അഗ്നിജ്വാലയിൽ പ്രത്യക്ഷനാകുമ്പോൾ അവിശ്വാസികൾ പീഡിപ്പിക്കപ്പെടും. നിത്യനാശമെന്ന ശിക്ഷാവിധിയാണ് അവിശ്വാസികൾ അനുഭവിക്കുവാൻ പോകുന്ന ആ പീഡ (2 തെസ്സലൊനീക്യർ 1:6-8,10)
കർത്താവ് അഗ്നിജ്വാലയിൽ പ്രത്യക്ഷനാകുമ്പോഴാണ് വിശ്വാസികൾക്ക് ആശ്വാസം ലഭിക്കുക (2 തെസ്സലൊനീക്യർ 1:6,8).
അതിന്റെ അർത്ഥം, കർത്താവിന്റെ “അഗ്നിജ്വാലയിലുള്ള പ്രത്യക്ഷതവരെ” സഭ ഭൂമിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കും.
കർത്താവ് വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും (2 തെസ്സലൊനീക്യർ 1:10)
ഈ സത്യങ്ങൾ പ്രീട്രിബുലേഷണലിസത്തിന്റെ അടിസ്ഥാനം തകർക്കുന്നു.
2 തെസ്സലൊനീക്യർ 2:1-12
യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും വിശ്വാസികളുടെ സമാഗമനവും: ഈ വേദഭാഗത്തിന്റെ വിഷയം “യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും (parousia) അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും” ആണെന്ന് പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു (2 തെസ്സലൊനീക്യർ 2:1). ഒരേ സമയത്ത് നടക്കുന്ന രണ്ടു സംഭവങ്ങളാണ് കർത്താവിന്റെ പ്രത്യക്ഷതയും സഭയുടെ ഉൽപ്രാപണവും. കാരണം:
കർത്താവിന്റെ പ്രക്ത്യക്ഷതയെക്കുറിച്ചും (parousia) സഭയുടെ ഉൽപ്രാപണത്തെക്കുറിച്ചും 1 തെസ്സലൊനീക്യർ 4:15,17-ൽ പൗലോസ് വ്യക്തമായി പഠിപ്പിച്ചിരുന്നു. അത് ഒരുമിച്ചു സംഭവിക്കുന്നു എന്നാണ് പൗലോസ് പഠിപ്പിച്ചത്.
സഭയുടെ ഉൽപ്രാപണത്തെക്കുറിച്ചു പൗലോസ് 2 തെസ്സലൊനീക്യർ 2:2-13-ൽ പിന്നീട് പറയുന്നില്ല. എന്നാൽ, സഭയുടെ ഉൽപ്രാപണമാണ് ഈ അധ്യായത്തിലെ ഒരു വിഷയമെന്നും പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട് (വാക്യം 1). കർത്താവിന്റെ പ്രത്യക്ഷതയെക്കുറിച്ചു പൗലോസ് വാക്യം 8-ൽ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു, കർത്താവിന്റെ പ്രത്യക്ഷതയും സഭയുടെ ഉൽപ്രാപണവും ഒരേ സമയത്തു നടക്കുന്ന സംഭവങ്ങളാണെന്ന് വ്യക്തമാകുന്നു.
പൗലോസ് പറയുന്ന ക്രമവും അത് തെളിയിക്കുന്നു. സഭയുടെ ഉൽപ്രാപണം കർത്താവിന്റെ പ്രത്യക്ഷതയ്ക്കു മുമ്പാണ് സംഭവിക്കേണ്ടതെങ്കിൽ "അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും" എന്നാണ് പൗലോസ് പറയേണ്ടത്. എന്നാൽ പൗലോസ് നേരെ തിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇതേ ക്രമം തന്നെയാണ് 1 തെസ്സലൊനീക്യർ 4:13-18-ലും പൗലോസ് ഉപയോഗിച്ചിരിക്കുന്നത്.
പ്രീട്രിബുലേഷണലിസം ഇവിടെ പൊളിയുന്നു. കർത്താവിന്റെ പ്രത്യക്ഷതയും സഭയുടെ ഉൽപ്രാപണവും, അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയ്ക്കു ശേഷമാണെന്നാണ് ഈ വേദഭാഗം തെളിയിക്കുന്നത്.
വഴിതെറ്റിക്കുന്ന ഉപദേശം:-
എന്തായിരുന്നു തെസ്സലൊനീക്യർ നേരിട്ട ഉപദേശ പ്രശ്നം? ഈ വിഷയത്തെക്കുറിച്ചും വിശ്വാസികളുടെ ഇടയിൽ അനേക ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. പൗലോസ് തന്റെ ലേഖനങ്ങളിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന അടിസ്ഥാന സത്യങ്ങൾക്കു കോട്ടം തട്ടാത്ത നിലയിൽ നമുക്ക് ഈ വിഷയം മനസ്സിലാക്കേണ്ടതുണ്ട്. പൗലോസ് വിശദമായി പഠിപ്പിച്ച സത്യങ്ങളെ തിരസ്ക്കരിക്കാതെ ഈ വേദഭാഗം നാം വ്യാഖ്യാനിക്കേണം.
സഭയുടെ ഉൽപ്രാപണത്താലാണ് കർത്താവിന്റെ നാൾ തുടങ്ങുക (1 തെസ്സലൊനീക്യർ 4,5; 2 തെസ്സലൊനീക്യർ 1) എന്ന് പൗലോസ് പഠിപ്പിച്ചിട്ടുണ്ട് (മുകളിൽ അത് വിശദീകരിച്ചിട്ടുണ്ട്).
എന്തായിരുന്നു തെസ്സലൊനീക്യ പ്രദേശത്തു വ്യാപരിച്ച ആ തെറ്റായ ഉപദേശം? രണ്ടു സാധ്യതകളാണുള്ളത്:
ഒന്നാമത്തെ സാധ്യത: കർത്താവിന്റെ നാൾ വന്നു കഴിഞ്ഞെന്നും വിശുദ്ധന്മാരുടെ പുനരുത്ഥാനവും ഉൽപ്രാപണവും കഴിഞ്ഞുപോയി എന്നും പറഞ്ഞു തെസ്സലൊനീക്യരെ ചിലർ തെറ്റിദ്ധരിപ്പിച്ചു.
എന്നാൽ ഈ അഭിപ്രായത്തിനു പല ന്യൂനതകളുമുണ്ട്:
1 തെസ്സലൊനീക്യർ 4,5-ൽ ഉൽപ്രാപണത്തെക്കുറിച്ചും മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചും പൗലോസ് വ്യക്തമായി പഠിപ്പിച്ചിരുന്നു. രക്ഷിക്കപ്പെട്ടവർ എല്ലാവരും കർത്താവിന്റെ പ്രത്യക്ഷതയുടെ സമയത്തു ഉൽപ്രാപണം ചെയ്യുമെന്ന് പൗലോസ് പറഞ്ഞു.
കർത്താവിന്റെ പ്രത്യക്ഷതയും, വിശുദ്ധന്മാരുടെ പുനരുത്ഥാനവും കഴിഞ്ഞു പോയി എന്ന് പറഞ്ഞാൽ ഒരു വിശ്വാസി അത് അംഗീകരിക്കുമോ? അതും, പൗലോസ് വ്യക്തമായി തന്റെ ആദ്യ ലേഖനത്തിൽ അവരെ പഠിപ്പിച്ചിരിക്കെ!?
സഭയുടെ ഉൽപ്രാപണം കഴിഞ്ഞുപോയി എന്നും, എന്നാൽ അവർ അതിൽ പങ്കുകാരുമായില്ല എന്ന് തെസ്സലൊനീക്യർ വിശ്വസിച്ചുവെങ്കിൽ, അവരുടെ രക്ഷയെക്കുറിച്ചു അവർക്കുതന്നെ സംശയമുണ്ടായിരുന്നു എന്ന് വരില്ലേ? അങ്ങനെയെങ്കിൽ പൗലോസിനു അവരുടെ രക്ഷയെ സംബന്ധിച്ച ആ തെറ്റിധാരണ മാറ്റേണ്ട ആവശ്യമുണ്ടായിരുന്നു. പൗലോസ് അങ്ങനെ ചെയ്യുന്നുമില്ല.
പൗലോസിന്റെയും കൂട്ടരുടെയും എഴുത്തെന്ന രൂപത്തിലാണ് തെറ്റായ ഉപദേശം അവരുടെ അടുത്തേക്ക് വന്നത് (വാക്യം 2). ഈ സാധ്യത ശരിയാണെകിൽ, സഭയുടെ ഉൽപ്രാപണത്തിൽ പൗലോസും ഉൾപ്പെട്ടിട്ടില്ല എന്ന് വരില്ലേ!? അപ്പോസ്തലനായ പൗലോസിനും കൂട്ടർക്കും സഭയുടെ ഉൽപ്രാപണം നഷ്ടപ്പെട്ടുവെന്നു തെസ്സലൊനീക്യർ വിശ്വസിച്ചിരുന്നു എന്ന് പഠിപ്പിക്കുന്നത് യുക്തിസഹമാണോ? അല്ല എന്ന് വേണം കരുതുവാൻ.
രണ്ടാമത്തെ സാധ്യത: തൊട്ടടുത്ത ഭാവിയിൽ (immediate future) കർത്താവ് വന്നിരിക്കുമെന്നു ചിലർ പഠിപ്പിച്ചു. ഈ സാധ്യതയ്ക്കു സന്ദർഭപരമായും അനേകം തെളിവുകളുണ്ട്.
ഈ തെറ്റായ ഉപദേശം കാരണം “ക്രമാതീതമായ വികാരവിക്ഷോഭമാണ്” തെസ്സലൊനീക്യ സഭയിൽ പലർക്കും ഉണ്ടായത് (വാക്യം 2). അച്ചടക്കമില്ലാത്ത ഒരു അവസ്ഥയിലേക്ക് അവരെ അത് നയിച്ചിട്ടുണ്ടാകാം. അതിനെക്കുറിച്ചു, 2 തെസ്സലൊനീക്യർ 3:6-12-ഉം സൂചന നൽകുന്നുണ്ട്.
കർത്താവ് (ഉറപ്പായും) ഉടനെ വരുമെന്നും അത് നിമിത്തം ജോലിയൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും പലരും ആ സഭയിൽ ചിന്തിക്കുന്നുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ (2 തെസ്സലൊനീക്യർ 3:6-12).
എന്നാൽ, ആ നിലയിലുള്ള ഉപദേശം തെറ്റാണെന്നു പൗലോസ് അവരെ പറഞ്ഞുമനസ്സിലാക്കുന്നു. കർത്താവ് വരുന്നതിനു മുമ്പ് ചില സംഭവങ്ങൾ നടക്കേണ്ടതുണ്ടെന്നു പൗലോസ് അവരെ ഉപദേശിക്കുന്നു. “ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം” (2 തെസ്സലൊനീക്യർ 2:3).
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
“the day of the Lord has come” എന്നാണ് വാക്യം 2-ൽ നാം കാണുന്നത്. “the day of the Lord has come (enestēken)” (perfect tense) എന്ന പ്രയോഗം സാധാരണയായി വർത്തമാന കാലത്തിൽ നടക്കുന്ന സംഭവങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. നടന്നുകഴിഞ്ഞ സംഭവങ്ങൾ, എന്നാൽ, അതിന്റെ ഫലങ്ങൾ വർത്തമാനകാലത്തു നടക്കുന്നു എന്നത് സൂചിപ്പിക്കുവാനും ആ ക്രിയ ഉപയോഗിക്കാറുണ്ട്. എന്നാൽ, തൊട്ടടുത്ത ഭാവിയിൽ നടക്കുന്ന കാര്യങ്ങൾക്കും ആ ക്രിയ ഉപയോഗിക്കാറുണ്ടെന്നു ഗ്രീക്ക്-ഇംഗ്ലീഷ് ശബ്ദകോശം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (page 568-569, Greek-English Lexicon by Henry Liddell and Robert Scott, Revised Edition, 1996). ‘ഭാവിയിൽ ഉറപ്പായും നടക്കുമെന്ന’ ഒരു വിശാലമായ സൂഷ്മ അർത്ഥത്തിലാണ് ആ ക്രിയ പൗലൊസ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം.
മറ്റൊരു കാര്യം, കർത്താവിന്റെ ദിവസം അടുത്തിരിക്കുന്നു എന്ന പ്രസ്താവന ശരിയായ നിലയിൽ പൗലോസ് പലയിടത്തും ഉപയോഗിച്ചിട്ടുണ്ട് (റോമർ 13:11,12; ഫിലിപ്പിയർ 4:5). ആ ഒരു ആശയത്തെയല്ല പൗലോസ് ഇവിടെ ഖണ്ഡിക്കുന്നതു. കർത്താവ് വരുവാൻ അടുത്തിരിക്കുന്നു എന്ന് പറയുന്നതും, കർത്താവ് എന്തായാലും അടുത്ത ദിവസങ്ങളിൽ വരുമെന്ന് പറയുന്നതും രണ്ടു കാര്യങ്ങളാണല്ലോ. രണ്ടാമത്തെ ആശയത്തെയാണ് പൗലോസ് ഇവിടെ എതിർക്കുന്നത്.
സത്യമായ ഉപദേശം:-
തെസ്സലൊനീക്യയിൽ പ്രചരിച്ച അസത്യത്തെ പൗലോസ് സ്പഷ്ടമായി എതിർക്കുന്നു. കർത്താവിന്റെ ദിവസം വരുന്നതിനു മുമ്പേ നടക്കേണ്ട ചില കാര്യങ്ങൾ പൗലോസ് ഇവിടെ പറഞ്ഞിരിക്കുന്നു. "ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം" എന്ന് നാം വായിക്കുന്നു (വാക്യം 3). കർത്താവിന്റെ ദിവസത്തെക്കുറിച്ചാണ് പൗലോസ് തൊട്ടുമുമ്പത്തെ വാക്യത്തിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ടു, കർത്താവിന്റെ ദിവസം വരുന്നതിനു മുമ്പേ വിശ്വാസത്യാഗം സംഭവിക്കേണമെന്നാണ് വാക്യം 3-ന്റെ അർത്ഥം. സമീപഭാവിയിൽ കർത്താവിന്റെ ദിവസം ഉറപ്പായും വരുമെന്ന് പറയുന്നത് അസംബന്ധമാണെന്ന് പൗലോസ് ഇവിടെ തെളിയിക്കുകയാണ്. ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം:
കർത്താവ് വരുവാൻ അടുത്തിരിക്കുന്നു എന്ന ഉപദേശം സത്യമാണ്. എന്നാൽ ഏതു നിമിഷവും കർത്താവ് വരാമെന്ന ഉപദേശം ദൈവവചനപ്രകാരമുള്ളതല്ല. കർത്താവ് വരുന്നതിനു മുമ്പ്, ചില സംഭവങ്ങൾ നടക്കേണ്ടതാണെന്നു ദൈവവചനം തന്നെ വ്യക്തമായി പറയുന്നു. (https://letusstudyeschatologymalayalam.blogspot.com/2021/06/argument-from-imminence.html)
അധർമ്മമൂർത്തിയുടെ വരവ് കഴിഞ്ഞുള്ള കർത്താവിന്റെ പ്രത്യക്ഷത എപ്പോഴായിരിക്കുമെന്നു നമുക്ക് പ്രവചിക്കുവാൻ കഴിയുകയില്ല. കാരണം, അധർമ്മം എത്രത്തോളം മൂർച്ഛിക്കുവാൻ കർത്താവ് അനുവദിക്കും എന്നുള്ളത് നമുക്ക് പ്രവചിക്കുവാൻ കഴിയുകയില്ല. അതുകൊണ്ടു, അധർമ്മമൂർത്തിയുടെ വരവ് കർത്താവിന്റെ വരവിന്റെ സമയത്തെ (കൊല്ലം, ദിവസം, നാഴിക) പ്രവചിക്കുവാൻ സാധിപ്പിക്കുന്ന വിധത്തിലാക്കുന്നില്ല. കർത്താവ് കള്ളനെപ്പോലെ വരും.
വിശ്വാസത്യാഗം (apostasy):-
വിശ്വാസത്യാഗം എന്ന് പറഞ്ഞാൽ "സഭയുടെ ഉൽപ്രാപണമാണെന്നാണ് ചില പ്രീ-ട്രിബുലേഷണലിസ്റ്റുകളുടെ പഠിപ്പിക്കൽ. അത് അസംബന്ധമാണ്. കാരണം:
കോയിൻ ഗ്രീക്കിലെ (Koine Greek) എഴുത്തുകൾ മുഴുവൻ പരിശോധിച്ചാലും അതിൽ ഒരിടത്തുപോലും "പുറപ്പാട്" എന്ന ആശയത്തിൽ apostasia എന്ന പദം ഉപയോഗിച്ചിട്ടില്ല.
പുതിയ നിയമത്തിലും പഴയ നിയമത്തിലും (സെപ്റ്റുവാജിന്റ), ആ പദം ഉപയോഗിച്ചിരിക്കുന്ന സ്ഥലങ്ങളിലെല്ലാം (41 പ്രാവിശ്യത്തോളം) വിശ്വാസത്യാഗമെന്നും, അല്ലെങ്കിൽ, അധികാരത്തിനെതിരെയുള്ള മത്സരമെന്നുമാണ് അർത്ഥം.
അതിക്രമത്തെയും, വിശ്വാസത്യാഗത്തെയും സൂചിപ്പിക്കുന്ന ഒരു പദത്തെ ഉപയോഗിച്ചു സഭയുടെ ഉൽപ്രാപണത്തെ പൗലോസ് വിവരിക്കും എന്നതു നമുക്ക് ചിന്തിക്കാവുന്നതേയല്ല.
സഭയുടെ ഉൽപ്രാപണത്തെ കാണിക്കുവാൻ പൗലോസ് episunagógé, harpazó എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട് (1 തെസ്സലൊനീക്യർ 4:17; 2 തെസ്സലൊനീക്യർ 2:1).
സഭയുടെ ഉൽപ്രാപണമാണ് apostasia എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നു വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കാം. എന്നാൽ വലിയൊരു പ്രശ്നം അവിടെ വരുന്നുണ്ട്. കർത്താവിന്റെ ദിവസം വരുന്നതിനു മുമ്പേ "സഭയുടെ ഉൽപ്രാപണം" നടക്കേണമെന്നു പൗലോസ് പറഞ്ഞതായി നാം വ്യാഖ്യാനിക്കേണ്ടിവരും. എന്നാൽ, കർത്താവിന്റെ ദിവസം ആരംഭിക്കുന്നത് സഭയുടെ ഉൽപ്രാപണത്താലാണെന്നു പൗലോസ് വ്യക്തമാക്കിയിട്ടുള്ളതാണ് (1 തെസ്സലൊനീക്യർ 4,5; 2 തെസ്സലൊനീക്യർ 1; മുകളിൽ വിശദീകരിച്ചിട്ടുണ്ട്). പ്രീ-ട്രിബുലേഷണൽ വീക്ഷണം അനുസരിച്ചു, സഭയുടെ ഉൽപ്രാപണത്തിനു മുമ്പേ സഭയുടെ ഉൽപ്രാപണം സംഭവിക്കുമെന്ന യുക്‌തിരഹിതമായ പ്രസ്താവന പൗലോസ് പറയുന്നു എന്ന് പഠിപ്പിക്കേണ്ടവരും. അതായത്, “കർത്താവിന്റെ ദിവസം” വരുന്നതിനു മുമ്പേ “കർത്താവിന്റെ ദിവസം” വരുമെന്ന് പറയേണ്ടി വരും.
ആരാണ് തടുക്കുന്നവൻ:-
അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടെന്നു പൗലോസ് പറയുന്നു (വാക്യം 7). തടുക്കുന്നവൻ വഴിയിൽനിന്നും മാറിപ്പോയാൽ അധർമ്മമൂർത്തി വെളിപ്പെടും. തടുക്കുന്നവൻ ആരാണെന്ന വിഷയത്തിൽ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. തടുക്കുന്നവൻ പരിശുദ്ധാത്മാവാണെന്നു ചിലർ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവ് വഴിയിൽനിന്നും മാറുമ്പോൾ സഭയും എടുക്കപ്പെടുമെന്നാണ് അവരുടെ അനുമാനം. പല കാരണങ്ങൾകൊണ്ട് അത് തെറ്റാണ്:
പരിശുദ്ധാത്മാവിന്റെ വരവ് ക്രിസ്തുവിന്റെ ഒരു വീണ്ടെടുപ്പിൻ പ്രവർത്തിയായിരുന്നു (അപ്പോ. പ്രവർത്തി. 2:33; യോഹന്നാൻ 14:16). പരിശുദ്ധാത്മാവിനെ ഭൂമിയിൽ നിന്നും എടുക്കുമെന്ന് പറഞ്ഞാൽ ആ വീണ്ടെടുപ്പിൻ പ്രവർത്തിയെ തിരിച്ചെടുക്കുമെന്നാണ് അർത്ഥം. അങ്ങനെ പഠിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണ്.
തടുക്കുന്നവനെ ഒരു ദൂതനായി മനസ്സിലാക്കുന്നതാണ് കൂടുതൽ ഉത്തമമായ വ്യാഖ്യാനം.
തടുക്കുന്നു എന്ന് പറഞ്ഞാൽ "അനുവദിക്കാതിരിക്കുക" എന്നാണർത്ഥം. തടുക്കുന്നവൻ വഴിയിൽ നിന്നും നീങ്ങിപ്പോവുകയെന്നു പറഞ്ഞാൽ "അനുവദിക്കുക" എന്നാണർത്ഥം.
വെളിപ്പാട് 20-ലും നാം സമാനമായ ഒരു ചിത്രീകരണം കാണുന്നുണ്ട്. ദൈവജനത്തിനെതിരായ അവസാനത്തെ യുദ്ധത്തിനായി പിശാചിനെ "ദൂതൻ" അനുവദിക്കുന്നില്ല (ബന്ധിച്ചിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു (വെളിപ്പാട് 20:3). എന്നാൽ, കർത്താവ് വരുന്നതിനു മുമ്പായി അല്പസമയത്തേക്കു പിശാചിനെ അഴിച്ചുവിടുമെന്നും ആ വേദഭാഗത്തിൽ പറഞ്ഞിരിക്കുന്നു (വെളിപ്പാട് 20:3,7-8). വെളിപ്പാട് 20-ന്റെ വിശദമായ വ്യാഖ്യാനത്തിനായി “അമില്ലേന്നിയലിസം: ഒരു പ്രതിവാദം” എന്ന പുസ്തകം വായിക്കുക (അദ്ധ്യായം 17-19, പേജ് 95-123). (https://drive.google.com/file/d/13iC1cBgnzxtQWhGbDab9AQMZbZm1pIZZ/view?usp=sharing).
ദുഷ്ട ദൂതന്മാരെ പിടിച്ചുകെട്ടുവാൻ (പ്രവർത്തന പരിധി കല്പിക്കുവാൻ) നല്ലവരായ ദൂതന്മാരെ ദൈവം ഉപയോഗിക്കുന്നു എന്ന് നമുക്ക് ചിന്തിക്കാം.
സംഗ്രഹം:-
സഭയുടെ ഉൽപ്രാപണത്താലാണ് കർത്താവിന്റെ ദിവസം ആരംഭിക്കുന്നതെന്ന് വചനം വ്യക്തമായി പഠിപ്പിക്കുന്നു.
കർത്താവിന്റെ ദിവസത്തിൽ ക്രിസ്തുവിന്റെ പ്രത്യക്ഷതയും വിശ്വാസികളുടെ പുനരുത്ഥാനവും, ഉൽപ്രാപണവും, അവിശ്വാസികളുടെ പെട്ടെന്നുള്ള നാശവും സംഭവിക്കും. അത് നിത്യനാശമാണ്.
കർത്താവിന്റെ ദിവസം വരുന്നതിനു മുമ്പായി (സഭയുടെ ഉൽപ്രാപണത്തിനു മുമ്പ്), വിശ്വാസത്യാഗവും അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയും സംഭവിക്കുമെന്ന് പൗലോസ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
കർത്താവിന്റെ വരവ് ഏതു നിമിഷവും ആകാമെന്ന പ്രീട്രിബുലേഷണൽ ഉപദേശം പൗലോസ് 2 തെസ്സലൊനീക്യർ 2-ൽ തള്ളിക്കളഞ്ഞ ദുരുപദേശത്തിനു അടുത്തുനിൽക്കുന്നതാണ്. പൗലോസിന്റെ പ്രതികരണത്തിലൂടെ “ഏതുനിമിഷ വരവെന്ന” പ്രീട്രിബുലേഷണൽ സിദ്ധാന്തവും തകർക്കപ്പെടുന്നു. അതുകൊണ്ടു വിശ്വാസികൾ പ്രീ-ട്രിബുലേഷണലിസം ഉപേക്ഷിക്കേണം.
Comments
Post a Comment