പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 2): കുഞ്ഞാടിന്റെ കോപത്തിൽനിന്നുമുള്ള രക്ഷാ വാദം
പ്രീ-ട്രിബുലേഷണൽ വാദം: ക്രിസ്തു, സഭയെ ദൈവക്രോധത്തിൽനിന്ന് രക്ഷിച്ചെന്നും, മഹോപദ്രവം ദൈവത്തിന്റെ ക്രോധമാണെന്നും, അതുകൊണ്ടു സഭ മഹോപദ്രവത്തിലൂടെ പോവുകയില്ല എന്നുമാണ് പ്രീട്രിബുലേഷണലിസ്റ്റുകളുടെ വാദം.
മറുപടി: ദൈവക്രോധത്തിൽനിന്നും സഭ രക്ഷിക്കപ്പെട്ടു എന്നുള്ളത് തർക്കമില്ലാത്ത സത്യമാണ്. എന്നാൽ, പ്രീ-ട്രിബുലേഷണൽ വീക്ഷണത്തിന്റെ യുക്‌തിരാഹിത്യം ചില കാരണങ്ങളാൽ നമുക്ക് ബോധ്യപ്പെടും:
1 തെസ്സലൊനീക്യർ 5:9,10: 9”ദൈവം നമ്മെ കോപത്തിന്നല്ല, 10നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.”
കർത്താവായ യേശു ക്രിസ്തു വിശ്വാസികൾക്കുവേണ്ടി മരിച്ചിരിക്കയാൽ അവർ ദൈവകോപത്തിൽനിന്നു രക്ഷപ്രാപിക്കുന്നവരാണ് എന്നാണ് പൗലോസ് അപ്പോസ്തലൻ പറയുന്നത്.
എന്നാൽ, മഹോപദ്രവ കാലത്തും യേശുക്രിസ്തുവിന്റെ ചോരയാൽ രക്ഷിക്കപ്പെട്ട മനുഷ്യർ ഉണ്ടെന്നു എല്ലാവരും അംഗീകരിക്കുന്നുണ്ട്. അവരും ദൈവത്തിന്റെ കോപത്തിൽനിന്നു രക്ഷപ്രാപിച്ചവരാണ്. കാരണം, ക്രിസ്തു അവർക്കു വേണ്ടിയും മരിച്ചു.
അതുകൊണ്ടു, പ്രീ-ട്രിബുലേഷണൽ വ്യാഖ്യാനം സ്ഥിരതയില്ലാത്തതാണ്.
മഹോപദ്രവം ദൈവകോപമാണെങ്കിൽ ഒരു വിശ്വാസി പോലും അത് അനുഭവിക്കുവാൻ പാടുള്ളതല്ല.
1 തെസ്സലൊനീക്യർ 5:9,10-ൽ “കോപം” എന്നതുകൊണ്ട് നിത്യനാശത്തെയാണ് അർത്ഥമാക്കുന്നത്.
ഏറ്റവ്വും അടുത്ത പശ്ചാത്തലം നോക്കിയാൽ നമുക്കിത് മനസ്സിലാകും.
കർത്താവിന്റെ നാളിൽ അവിശ്വാസികൾക്കു പെട്ടെന്ന് നാശം വന്നുഭവിക്കും എന്ന് 1 തെസ്സലൊനീക്യർ 5:3-ൽ നാം വായിക്കുന്നു. അതാണ് ദൈവത്തിന്റെ കോപം.
കർത്താവ് രണ്ടാമത് വരുമ്പോൾ അവിശ്വാസികൾ നിത്യനാശമെന്ന ശിക്ഷാവിധി അനുഭവിക്കും എന്ന് 2 തെസ്സലൊനീക്യർ 1:9,10-ൽ പറഞ്ഞിരിക്കുന്നു. അതാണ് ദൈവത്തിന്റെ കോപം. സഭയെ തന്റെ അടുക്കൽ ചേർക്കുന്ന അന്നാണ് ആ ദൈവകോപം ചൊരിയപ്പെടുന്നത്. അത് നിത്യനാശമാണ്. അത് പെട്ടെന്നുള്ള നാശമാണ്. അല്ലാതെ ഏഴു കൊല്ല മഹോപദ്രവം അല്ല.
"ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും" എന്ന് വെളിപ്പാട് 3:10-ൽ നാം വായിക്കുന്നു. എന്നാൽ ഇത് മഹോപദ്രവത്തിനു മുമ്പുള്ള സഭയുടെ ഉൽപ്രാപണത്തെ കാണിക്കുന്നതല്ല. കാരണം:
"പരീക്ഷാ കാലം" (hour of trial) എന്ന് പറയുന്നത് കർത്താവിന്റെ വരവിൽ സംഭവിക്കുന്ന അവിശ്വാസികളുടെ ന്യായവിധിയായി നമുക്ക് മനസ്സിലാക്കാം. (ലൂക്കോസ് 21:34-36; മത്തായി 24:37-40; ലൂക്കോസ് 17:28-30; വെളിപ്പാട് 18:10,16). അങ്ങനെയെങ്കിൽ, "പരീക്ഷാ കാലം" എന്നത് മഹോപദ്രവത്തെ കാണിക്കുന്നതല്ല.
"പരീക്ഷാ കാലം" എന്നുപറഞ്ഞാൽ മഹോപദ്രവമാണെന്നു തന്നെയിരിക്കട്ടെ. (വാദത്തിന് വേണ്ടി സമ്മതിക്കുന്നു). എന്നാൽ ഭൂമിയിൽനിന്നും ഉൽപ്രാപണം ചെയ്യുമെന്ന ആശയം വെളിപ്പാട് 3:10-ൽ ഇല്ല.
യോഹന്നാൻ 17:15: "അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.”
ലോകത്തിൽനിന്നും എടുക്കും എന്ന പ്രയോഗത്തിന് ഉൽപ്രാപണത്തിന്റെ സമാനമായ ആശയമാണുള്ളത്. എന്നാൽ, തന്റെ ശിഷ്യന്മാരെ ലോകത്തിൽനിന്നുമെടുക്കേണം എന്നല്ല കർത്താവ് പറയുന്നത്. ശിഷ്യന്മാരെ ലോകത്തിൽനിന്നുമെടുക്കാതെ ദുഷ്ടന്റെ കയ്യിൽനിന്നും കാക്കേണം എന്ന് കർത്താവ് പറയുന്നു.
കുഞ്ഞാടിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഒരു വലിയ സമൂഹം മഹാകഷ്ടത്തിലൂടെ കടന്നുവരുമെന്ന് വെളിപ്പാട് 7:14-ൽ നാം വായിക്കുന്നു.
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരുള്ളവരാണവർ (വെളിപ്പാട് 13:8)
കുഞ്ഞാടിന്റെ കാന്തയായ പുതിയ യെരൂശലേമിന്റെ ഭാഗമാണവർ (വെളിപ്പാട് 21:27).
കുഞ്ഞാടിന്റെ കാന്ത സഭയാണെന്നു വെളിപ്പാട് പത്തൊമ്പതാം അദ്ധ്യായത്തിൽനിന്നും മനസ്സിലാക്കാം.
അതുകൊണ്ടു, സഭയുടെ അംഗങ്ങളാണ് അവർ
അതുകൊണ്ടു, മഹോപദ്രവത്തിലൂടെ സഭ കടന്നുപോവുകയില്ല എന്ന പ്രീട്രിബുലേഷണൽ വീക്ഷണത്തിന് ദൈവവചനാടിസ്ഥാനം ഇല്ല. അത് മനുഷ്യരുടെ ബുദ്ധിയിൽ നിർമ്മിക്കപ്പെട്ട ഒരു കപട സിദ്ധാന്തമാണ്.
Comments
Post a Comment