പ്രീ-ട്രിബുലേഷൻ സിദ്ധാന്തത്തിന്റെ പ്രായോഗിക അപകടങ്ങൾ
ദൈവവചനാടിസ്ഥാനമില്ലാത്ത ഉപദേശം പിൻപറ്റുന്നവരുടെ അജ്ഞത വലിയതാണ്.
ദൈവവചന പരിജ്ഞാനം വിശ്വാസികളുടെ ഇടയിൽ കുറഞ്ഞുവരുന്നു എന്ന് അത് കാണിക്കുന്നു.
ആ പരിജ്ഞാന കുറവ് അവരുടെ ജീവിതത്തിന്റെ ഓരോ തുറകളിലും അവരെ ബാധിക്കും. അവരുടെ കുടുംബത്തെ ആ പരിജ്ഞാനകുറവു ബാധിക്കും. അവരുടെ സഭയെ ആ പരിജ്ഞാനകുറവു ബാധിക്കും.
അനേകം ദുരുപദേശങ്ങൾക്കു വഴിയൊരുക്കുന്ന ഉപദേശമാണ് പ്രീട്രിബുലേഷണലിസം.
കർത്താവ് രഹസ്യത്തിൽ വന്നു കഴിഞ്ഞു എന്ന് ചിലർ പറയുന്നു. വിശ്വാസികളെ മറിച്ചുകളയുന്നു.
യേശുക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തിയെ നിരസിക്കുന്ന ഉപദേശമാണ് പ്രീട്രിബുലേഷണലിസം
മഹോപദ്രവം കുഞ്ഞാടിന്റെ കോപമാണെന്നു പറയുകവഴി കുഞ്ഞാടിന്റെ കോപത്തിലൂടെ അനേകം രക്ഷിക്കപ്പെട്ടവർ (മഹോപദ്രവ വിശുദ്ധന്മാർ) കടന്നുപോകുമെന്നു പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
വിശ്വാസികൾക്ക് ലോകത്തിൽ കഷ്ടമില്ല എന്ന വൃഥാ ആശ വിശ്വാസികളുടെ ഉള്ളിലേക്ക് പ്രീ-ട്രിബുലേഷണലിസം കുത്തിവയ്‌ക്കുന്നു.
രക്ഷിക്കപ്പെടേണ്ടവർ, കർത്താവ് വരുന്നതിനു മുമ്പ് രക്ഷിക്കപ്പെടേണമെന്ന അടിയന്തിരസ്ഥിതിയെ പ്രീ-ട്രിബുലേഷണലിസം ഇല്ലാതാക്കുന്നു. അത് മനുഷ്യർക്ക് ഭീഷണിയാണ്.
യേശു ക്രിസ്തു തന്റെ സഭയ്ക്ക് വേണ്ടി വന്നതിനു ശേഷവും മനുഷ്യർക്ക് രക്ഷിക്കപ്പെടുവാൻ അവസരം ഉണ്ടായിരിക്കുമെന്ന് പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
പ്രീ-ട്രിബുലേഷണലിസം ക്രൂശിനെ നിന്ദിക്കുന്നു
യേശു ക്രിസ്തു തന്റെ ക്രൂശിലൂടെ എന്നേക്കുമായി നിവൃത്തിച്ച മൃഗബലികളും, ലേവ്യപൗരോഹിത്യവും വീണ്ടും തിരിച്ചുവരുമെന്നും അത് ദൈവത്തിനു പ്രസാദമായ കാര്യമാണെന്നും പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
തന്റെ പുത്രനെ ബലിയായി നൽകി യഹോവ ഉണ്ടാക്കിയ സമാധാനം സഭാകാലത്തോടെ അവസാനിക്കുമെന്ന് പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു. ഇസ്രായേലും ജാതികളും തമ്മിലുള്ള നടുചുവർ വീണ്ടും പണിയപ്പെടുമെന്നും ഇസ്രായേലിനു വീണ്ടും പ്രത്യേക പദ്ധതി ഉണ്ടായിരിക്കുമെന്നും പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
കർത്താവും അപ്പോസ്തലന്മാരും സുവിശേഷങ്ങളിലും ലേഖനങ്ങളിലും ആക്ഷരീകമായി പറഞ്ഞിരിക്കുന്ന വ്യക്തമായ സത്യങ്ങളെ തിരസ്കരിക്കുന്ന പ്രീ-ട്രിബുലേഷണലിസം ദൈവവചനത്തിനു നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ്.
യഹോവയുടെ സ്വഭാവത്തെ മനുഷ്യരുടെ മുമ്പിൽ പ്രീ-ട്രിബുലേഷണലിസം വികലമാക്കുന്നു
യഹോവ വാഗ്‌ദത്തം നൽകിയ കാര്യങ്ങൾ മനുഷ്യരുടെ മത്സരം നിമിത്തം നീട്ടിവയ്ക്കപ്പെട്ടു എന്ന് പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
യഹോവയുടെ സർവാധികാരത്തെയും, യഹോവ പറഞ്ഞ വാക്കിനേയും അവിശ്വസിക്കുന്ന വ്യാഖ്യാനമാണത്.
പ്രവചനങ്ങളെ കുറിച്ചുള്ള വിശ്വാസികളുടെ കാഴ്ചപ്പാട് ഊഹാപോഹങ്ങളിലേക്കു വഴുതിപ്പോകുന്നു. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാഞ്ഞതുകൊണ്ടു അത് സംഭവിക്കുന്നു. പ്രവചന പണ്ഡിതന്മാരായ ചിലർ വ്യാഖ്യാനിച്ചു തന്നില്ലെങ്കിൽ പ്രവചനങ്ങൾ മനസ്സിലാക്കുവാൻ കഴിയാത്ത സ്ഥിതിയിലേക്ക് വിശ്വാസികൾ വീഴുന്നു. കേൾക്കുന്നത് എല്ലാം വിശ്വസിക്കുന്ന ഒരു അവസ്ഥയാണത്. അത് ഒരു വിശ്വാസിക്ക് ചേർന്നതല്ല.
ദൈവവചനത്തിൽനിന്നു അവരുടെ വീക്ഷണം സ്ഥാപിക്കുവാൻ കഴിയാതെയാകുമ്പോൾ മനുഷ്യർ പരിഹാസത്തിലൂടെയും, സഹോദരനെ ദ്വേഷിക്കുന്നതിലൂടെയും അവരുടെ വീക്ഷണം സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. അവർക്കു ക്രിസ്തുവിന്റെ സ്നേഹത്തിൽ നടക്കുവാൻ സാധിക്കാതെ പോകുന്നു.
Comments
Post a Comment