പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും
ഉള്ളടക്കം
1.
പഴയ
നിയമ പുതിയ നിയമ വിശുദ്ധന്മാർ
2.
യുഗങ്ങൾ
3.
സഭ
പഴയ
നിയമ പുതിയ നിയമ വിശുദ്ധന്മാർ
വിശ്വാസത്താൽ
രക്ഷ, വിശ്വാസത്താൽ നീതീകരണം
പഴയനിയമ വിശുദ്ധന്മാർ വിശ്വസിച്ചിരുന്നത് യഹോവയായ ദൈവത്തിലാണ്.
യഹോവയായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നവർക്കു വെളിപ്പെട്ടു. ദൈവം
വെളിപ്പെടുത്തി. ഇസ്രായേൽ ഒരു രാഷ്ട്രമായി രൂപപ്പെടുന്നതിനു മുൻപേ യഹോവ തന്‍റെ കൃപയാൽ അപ്പോഴുള്ള പിതാക്കന്മാരുടെ ജീവിതത്തിൽ തന്‍റെ ആത്മാവിനാൽ പ്രവർത്തിച്ചു കൊണ്ടിരുന്നു. അവർ അവർക്കു വാഗ്‌ദത്തം
നൽകിയ യഹോവയിൽ വിശ്വസിച്ചു. ചില വാഗ്‌ദത്തങ്ങൾ ചൂണ്ടിക്കാണിക്കാം.
·
ഉല്പത്തി
3:15 - സ്ത്രീയുടെ സന്തതി
·
ഉല്പത്തി
22:18 - അബ്രഹാമിന്‍റെ സന്തതി
·
2 സാമുവേൽ
7:12 - ദാവീദിന്‍റെ സന്തതി
അപ്പോസ്തലനായ പൗലോസ് എഴുതി:
“ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ
ഓർത്തുകൊൾക. അതു ആകുന്നു എന്‍റെ സുവിശേഷം”(2 തിമോത്തി. 2:8-9).
ആദാം മുതലുള്ള സകല മനുഷ്യർക്കും രക്ഷിക്കപ്പെടുവാനുള്ള ഏക മാർഗ്ഗം
ഒരു വ്യക്തിയാണ്. വീണ്ടെടുപ്പുകാരനായ യഹോവ. പുതിയ നിയമ ഭാഷയിൽ പറഞ്ഞാൽ
ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചു ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തു.
സുവിശേഷം ഒരു വ്യക്തിയാണെന്നുള്ളത് ഒന്നാമത് മനസിലാക്കുക. അത് മറ്റുള്ളവർക്ക്
പറഞ്ഞുകൊടുക്കുക. നാം എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു എന്നതിലല്ല നമ്മുടെ
രക്ഷ. നാം ആരിൽ വിശ്വസിച്ചിരിക്കുന്നു എന്നതിലാണ് നമ്മുടെ രക്ഷ. പഴയനിയമ കാലത്തു
യാഗം കഴിച്ചു എന്നത് കൊണ്ട് എല്ലാവരും രക്ഷിക്കപ്പെട്ടവർ ആയിരുന്നില്ല. യഹോവ എന്ന
വീണ്ടെടുപ്പുകാരനിൽ വിശ്വസിച്ചവർ മാത്രമാണ് രക്ഷിക്കപ്പെട്ടവർ,
വീണ്ടെടുക്കപ്പെട്ടവർ.
പഴയ നിയമ വിശുദ്ധന്മാരും കൃപയാലാണ് രക്ഷിക്കപ്പെട്ടതു (ഉൽപ്പത്തി
6:8). പഴയനിയമ വിശുദ്ധന്മാർ യഹോവ എന്ന വീണ്ടെടുപ്പുകാരനിലുള്ള വിശ്വാസത്താൽ പാപം മോചിക്കപ്പെട്ടു
നീതികരിക്കപ്പെട്ടവർ ആയിരുന്നുവെന്നു പുതിയ
നിയമം പറയുന്നു.
റോമർ 4:2,3: “2അബ്രാഹാം
പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ
ഇല്ലതാനും, 3തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു;
അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.”
റോമർ 4:6-8: “6ദൈവം പ്രവൃത്തിക്കുടാതെ
നീതികണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നതു: 7“അധർമ്മം
മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. 8കർത്താവു പാപം കണക്കിടാത്ത
മനുഷ്യൻ ഭാഗ്യവാൻ.”
ക്രിസ്തുവിന്‍റെ
രക്തത്താൽ വീണ്ടെടുപ്പ്
യേശുവിന്‍റെ ക്രൂശുമരണത്തിലൂടെയല്ലാതെ ആർക്കും ദൈവത്തിന്‍റെ
മുമ്പിൽ നീതീകരിക്കപ്പെടുവാൻ സാധിക്കുകയില്ല. കാരണം, പാപിയായ മനുഷ്യനെ
രക്ഷിക്കണമെങ്കിൽ അവന്‍റെ സ്ഥാനത്തു പാപമില്ലാത്ത മനുഷ്യൻ ദൈവത്തിന്‍റെ കോപം
സഹിച്ചേ മതിയാകൂ. അങ്ങനെ ദൈവത്തിന്‍റെ കോപം സഹിച്ച പാപമില്ലാത്ത മനുഷ്യൻ നമ്മുടെ
കർത്താവായ യേശു ക്രിസ്തു മാത്രമാണ്.
മൃഗബലിയാൽ പാപത്തിനു പരിഹാരം വരികയില്ല.
എബ്രായർ 10:3, 4: “3ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ
ഉണ്ടാകുന്നു. 4കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു
പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.”
സൽപ്രവർത്തിയാൽ പാപത്തിനു പരിഹാരം വരികയില്ല.
റോമർ 3:20: “അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ
സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ
വരുന്നതു.”
യെശയാവു 64:6: “ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീർന്നു; ഞങ്ങളുടെ
നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ
വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.”
പാപത്തിനു പരിഹാരം വരണമെങ്കിൽ ഒരു കാര്യം സംഭവിക്കണം. പാപമില്ലാത്ത ഒരു മനുഷ്യൻ പാപികൾക്ക് വേണ്ടി
ദൈവത്തിന്‍റെ കോപം സഹിച്ചേ മതിയാകൂ. അങ്ങനെ ദൈവത്തിന്‍റെ കോപം സഹിച്ച പാപമില്ലാത്ത
മനുഷ്യൻ നമ്മുടെ കർത്താവായ യേശു ക്രിസ്തു മാത്രമാണ്.
എബ്രായർ 9:25-26: “25മഹാപുരോഹിതൻ
ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ
കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. 26അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു
അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു
പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.”
ഓരോരുത്തർക്കും വേണ്ടി യേശു ക്രിസ്തു കൂടെകൂടെ യാഗം ആകുവാൻ ആവശ്യമായിരുന്നു
എങ്കിൽ ലോകസ്ഥാപനം മുതൽക്കു യേശു ക്രിസ്തു കഷ്ടമനുഭവിക്കേണമായിരുന്നു എന്ന് എബ്രായലേഖന
കർത്താവ് പറയുന്നു. അതുകൊണ്ടു, പഴയ നിയമ വിശുദ്ധന്മാരുടെ രക്ഷയ്ക്ക് യേശുവിന്‍റെ ക്രൂശിലെ
യാഗം അനിവാര്യമായിരുന്നു.
പഴയനിയമ വിശുദ്ധന്മാർ രക്ഷിക്കപ്പെട്ടവർ ആണെന്ന് നാം
വിശ്വസിക്കുന്നുണ്ടെങ്കിൽ, അവർ പാപമോചനം പ്രാപിച്ചവർ ആണെന്ന് നാം
വിശ്വസിക്കുന്നുണ്ടെങ്കിൽ, അവരുടെ അതിക്രമത്തെ ദൈവം ക്ഷമിച്ചു എന്ന് നാം
വിശ്വസിക്കുന്നുണ്ടെങ്കിൽ നാം ഒരു കാര്യം കൂടെ വിശ്വസിക്കണം. യേശുവിന്‍റെ രക്തത്താലാണ്
അവർ നീതീകരിക്കപ്പെട്ടതു.
പരിശുദ്ധാത്മസ്നാനം
യേശു ക്രിസ്തുവിന്‍റെ
രക്തത്താൽ വീണ്ടെടുക്കപ്പെട്ട എല്ലാവരെയും ഒരു ശരീരമാക്കുന്ന ദൈവത്തിന്‍റെ
വീണ്ടെടുപ്പിൻ പ്രവർത്തിയായിരുന്നു പരിശുദ്ധാത്മ സ്നാനം.
മത്തായി 3:10-12:
“10ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി
വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ
ഇട്ടുകളയുന്നു. 11ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം
ഏല്പിക്കുന്നതേയുള്ളു; എന്‍റെ പിന്നാലെ
വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്‍റെ
ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും
സ്നാനം ഏല്പിക്കും. 12വീശുമുറം അവന്‍റെ
കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
രണ്ടു
തരം മനുഷ്യരെ നാം ഇവിടെ കാണുന്നുണ്ട്. നല്ല ഫലം കായ്ക്കുന്ന വൃക്ഷമുണ്ട്.
നല്ല ഫലം കായ്ക്കാത്ത വൃക്ഷമുണ്ട്. രണ്ടു സ്നാനത്തെക്കുറിച്ചും യോഹന്നാൻ
സ്നാപകൻ സൂചിപ്പിക്കുന്നു.
തീയിൽ സ്നാനം:
·
പതിർ കെടാത്ത തീയിൽ ഇട്ടുകളയും. ഇതാണ്
തീയിലെ സ്നാനം. അവിശ്വാസികൾ അനുഭവിക്കുന്ന നിത്യന്യായവിധിയെ ആണ് തീയിലെ സ്നാനം
കൊണ്ട് സൂചിപ്പിക്കുന്നത്. മത്തായി 3:10, 12 ഈ വ്യാഖ്യാനത്തെ ഉറപ്പിക്കുന്നു.
·
എപ്പോഴാണ് തീയിലെ സ്നാനം
നടക്കുന്നത്? അന്ത്യന്യായവിധിയുടെ സമയത്തു.
·
തീയിലെ സ്നാനത്തിൽ ആരൊക്കെ
പങ്കുകാരാകും? നല്ല ഫലം കായ്ക്കാത്ത
വൃക്ഷം എല്ലാം. കള എല്ലാം. അതിൽ യുഗ വ്യത്യാസം ഇല്ല. പഴയ നിയമ പാപികൾക്ക് വേറെ
തീയിലെ സ്നാനം അങ്ങനെയൊന്നു ഇല്ല. എല്ലാ ദുഷ്ടന്മാരും അന്ത്യന്യായവിധിക്കു
പാത്രമാകും.
പരിശുദ്ധാത്മ സ്നാനം:
·
എന്താണ് പരിശുദ്ധാത്മസ്നാനം? കോതമ്പു
കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതു.
·
എപ്പോഴാണ് പരിശുദ്ധാത്മ സ്നാനം
നടന്നത്? പെന്തെകോസ്തു നാളിൽ (അപ്പൊ. പ്രവർത്തി. 1:4, 5).
·
പരിശുദ്ധാത്മ സ്നാനത്തിൽ ആർക്കൊക്കെ
പങ്കുണ്ട്? നല്ല വൃക്ഷങ്ങൾക്കെല്ലാം. കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കും. തീയിലെ
സ്നാനത്തിൽ യുഗവ്യത്യാസമില്ലാതെ എല്ലാ അവിശ്വാസികൾക്കും പങ്കുണ്ടെങ്കിൽ
പരിശുദ്ധാത്മസ്നാനത്തിലും യുഗവ്യത്യാസം ഇല്ലാതെ എല്ലാ വിശ്വാസികൾക്കും പങ്കുണ്ട്.
യേശുവിന്‍റെ ക്രൂശു മരണവും
പരിശുദ്ധാത്മസ്നാനവും
യേശുവിന്‍റെ ക്രൂശിലെ മരണം മുൻകാലപ്രാപല്യം ഉള്ളതാണ്. യേശു
ഓരോരുത്തർക്കും വേണ്ടി ഓരോ പ്രാവശ്യം വന്നു മരിക്കുകയില്ല. അവൻ ഒരിക്കൽ വന്നു
പാപത്തിനു പ്രായശ്ചിത്തം വരുത്തി എന്ന് നാം കണ്ടുവല്ലോ. യേശു മരിച്ചപ്പോൾ ജനിച്ചിട്ടില്ലാത്ത
നമുക്കും അവൻ പ്രായശ്ചിത്തം ഒരുക്കി. നാം വിശ്വാസത്തിലൂടെ അതിൽ പങ്കുകാരാണ്.
യേശുവിന്‍റെ മരണംപോലെത്തന്നെ ചരിത്രസംഭവമാണ് പരിശുദ്ധാത്മാവിന്‍റെ
സ്നാനവും. അത് ഒരിക്കൽ നിറവേറിയ സംഭവമാണ്. കർത്താവിന്‍റെ മരണം യെരുശലേമിൽ സംഭവിക്കണമായിരുന്നു.
പരിശുദ്ധാത്മസ്നാനവും അങ്ങനെതന്നെ.
അപ്പോസ്തല പ്രവർത്തികൾ
1:4,5: “4അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു:
നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5യോഹന്നാൻ
വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ
പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.”
പരിശുദ്ധാത്മസ്നാനം
പിതാവിന്‍റെ വാഗ്‌ദത്തമാണ്. അത് യേശു മരിച്ചു
ഉയിർത്തെഴുന്നേറ്റു എറിയനാൾ
കഴിയും മുമ്പേ യെരൂശലേമിൽ
സംഭവിക്കണമായിരുന്നു.
അപ്പോസ്തല പ്രവർത്തികൾ
2:33: “അവൻ ദൈവത്തിന്‍റെ വല
ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു
വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,”
യേശു
ക്രിസ്തു സ്വർഗാരോഹണം ചെയ്തു പരിശുദ്ധാത്മാവെന്ന വാഗ്‌ദത്തം പിതാവിനോട് വാങ്ങി.
പകർന്നു തന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മസ്നാനം ഒരിക്കൽ നിറവേറിയ
ചരിത്രസംഭവമാണെന്നു പറയുന്നത്. പരിശുദ്ധാത്മാവിന്‍റെ
സ്നാനം ഒരിക്കൽ ചരിത്രത്തിൽ സംഭവിച്ച കാര്യമാണ്. അതിൽ അതിനുശേഷം ജീവിച്ച
വ്യക്തികൾക്കും അതിനു മുമ്പ് ജീവിച്ച വ്യക്തികൾക്കും പങ്കുണ്ട്. യേശുവിന്‍റെ മരണ പുനരുത്ഥാനം
പോലെ തന്നെ.
പാപികളെ
രക്ഷിക്കുവാൻ യേശുക്രിസ്തു ഒരിക്കൽ മനുഷ്യനായി വന്നു. ആ രക്ഷിക്കപ്പെട്ട മനുഷ്യരുടെ
ഉള്ളിൽ എന്നേക്കുമായി വാസം ചെയ്യുവാനും, അവരെ ഒരു ശരീരമാക്കി തീർക്കുവാനും പരിശുദ്ധാത്മാവും
ഒരിക്കൽ ഇറങ്ങിവന്നു. യേശു ക്രിസ്തുവിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും
വരവ് ചരിത്രസംഭവങ്ങളായിരുന്നു. അത് ആവർത്തിക്കപ്പെടുകയില്ല. അതിൽ എല്ലാ കാലത്തെ വിശുദ്ധന്മാർക്കും
പങ്കുണ്ട്.
പരിശുദ്ധാത്മ നിവാസം
പഴയ നിയമ വിശുദ്ധന്മാർ കർത്താവിന്‍റെ ചോരയാൽ വിലയ്ക്ക്
വാങ്ങപ്പെട്ടവരാണെന്നു നാം കണ്ടുവല്ലോ. അവർ ക്രിസ്തുവിന്‍റെ വകയുമാണ്.
അങ്ങനെ വീണ്ടെടുക്കപ്പെട്ട എല്ലാവരിലും പരിശുദ്ധാത്മാവ് വാസം ചെയ്തിരുന്നു.
റോമർ 8:7-11:
“7ജഡത്തിന്‍റെ ചിന്ത ദൈവത്തോടു
ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ
ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല. 8ജഡസ്വഭാവമുള്ളവർക്കു
ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. 9നിങ്ങളോ,
ദൈവത്തിന്‍റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു
എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. 10ക്രിസ്തു
നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു
നീതിനിമിത്തം ജീവനാകുന്നു. 11യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്‍റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു
ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്‍റെ
ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും
ജീവിപ്പിക്കും.”
·
ദൈവത്തിന്‍റെ
ആത്മാവ് ഇല്ലാത്തവർ ജഡസ്വഭാവമുള്ളവർ ആണ്. അവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ
കഴികയില്ല. എന്നാൽ വിശ്വാസികൾക്ക് ദൈവാത്മാവ് ഉണ്ടെന്നു പൗലോസ് പറയുന്നു.
·
ക്രിസ്തുവിന്‍റെ
ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.
·
ക്രിസ്തുവിന്‍റെ
ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുവിനെ ഉയിർപ്പിച്ചവൻ തന്‍റെ ആത്മാവിനെകൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും
ജീവിപ്പിക്കും.
ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും:
·
പഴയനിയമവിശുദ്ധന്മാർ
ക്രിസ്തുവിനുള്ളവർ ആയിരുന്നു. അവർ ക്രിസ്തുവിന്‍റെ
വകയായിരുന്നു. ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടവർ.
·
പഴയനിയമവിശുദ്ധന്മാർ ജഡസ്വഭാവമുള്ളവർ
ആയിരുന്നില്ല. ആത്മസ്വഭാവമുള്ളവർ ആയിരുന്നു. കാരണം ദൈവം പഴയനിയമവിശ്വാസികളിൽ
പ്രസാദിച്ചു (എബ്രായർ 11:6).
·
യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്‍റെ ആത്മാവു പഴയ നിയമ വിശുദ്ധന്മാരിൽ ഉള്ളതുകൊണ്ട്
അവരിലുള്ള ക്രിസ്തുവിന്‍റെ ആത്മാവ് അവരുടെ
മർത്യശരീരങ്ങളെ ജീവിപ്പിക്കും.
1 കൊരിന്ത്യർ 12:3:
“പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു
ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.”
·
ദാവീദ് യേശുവിനെ കർത്താവ് എന്ന്
പറയുന്നുണ്ട്. പരിശുദ്ധാത്മാവ് ഇല്ലാതെ അത് കഴിയുകയില്ല. അബ്രഹാം ക്രിസ്തുവിന്‍റെ നാൾ കാണുമെന്നു ആശിച്ചു.
ഗലാത്യർ 5:22,23: “ആത്മാവിന്‍റെ
ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23ഇന്ദ്രിയജയം;
ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.”
·
പഴയ നിയമ വിശ്വാസികൾ ആത്മാവിന്‍റെ ഫലം ഉള്ളവരായിരുന്നു. ദൈവ സ്നേഹം തന്നെ ആത്മാവിന്‍റെ ഫലമാണല്ലോ.
യോഹന്നാൻ 3:5,10: “5അതിന്നു യേശു: “ആമേൻ, ആമേൻ,
ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ
കടപ്പാൻ ആർക്കും കഴികയില്ല........10യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?”
·
പഴയ നിയമ കാലഘട്ടത്തിലും പരിശുദ്ധാത്മാവാണ്
വീണ്ടുംജനനം നൽകിയത്.
·
പഴയ നിയമ കാലഘട്ടത്തിൽ വീണ്ടുംജനനം ഉണ്ടായിരുന്നു.
അവരും ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടവർ ആയിരുന്നു (മത്തായി 8:11; ലൂക്കോസ് 13:28).
·
വീണ്ടും ജനനം കൂടാതെ ദൈവരാജ്യത്തിൽ കടപ്പാൻ
കഴിയുകയില്ല.
പരിശുദ്ധാത്മാവ്
വസിക്കാത്തവരായിരുന്നു പഴയ നിയമ വിശുദ്ധന്മാർ എങ്കിൽ അവർ ആത്മാവിന്‍റെ ഫലം പുറപ്പെടുവിച്ചിരുന്നോ? പഴയ നിയമ വിശ്വാസികൾ
ആത്മഫലം ഇല്ലാത്തവർ ആയിരുന്നോ? ആത്മഫലം ഇല്ലാത്ത വിശ്വാസികൾ ഉണ്ടോ? അവരിൽ ആത്മഫലം ഉണ്ടായിരുന്നു
എങ്കിൽ പരിശുദ്ധാത്മാവ് വസിക്കാതെ എങ്ങനെ ആ ഫലങ്ങൾ ലഭിക്കും? പഴയ നിയമ വിശുദ്ധന്മാരിൽ
ആത്മഫലം വന്നും പോയ്‌കൊണ്ടുമിരുന്നോ? പരിശുദ്ധാത്മാവ് പഴയ നിയമ വിശ്വാസികളിൽ വസിച്ചിരുന്നില്ല
എന്ന് പറയുന്ന യുഗവാദികൾക്കു പരിശുദ്ധാത്മാവിന്‍റെ
പ്രവർത്തിയെക്കുറിച്ചു വല്യ ധാരണയൊന്നുമില്ല എന്നത് വ്യക്തമാണ്.
പൗരോഹിത്യം
യേശു ക്രിസ്തു ചരിത്രത്തിൽ യാഗമാകുന്നതിനു
മുൻപ് ജീവിച്ച വിശുദ്ധന്മാർ യേശുവിന്‍റെ രക്തത്താലാണ് നീതീകരിക്കപ്പെട്ടതു
എന്ന് നാം കണ്ടുവല്ലോ. എന്നാൽ പഴയ നിയമത്തിൽ നിഴലായി മൃഗബലികൾ ഉണ്ടായിരുന്നു. അത് നിഴൽ
മാത്രമായിരുന്നു. അതിനു പാപത്തെ മോചിക്കുവാൻ കഴിയുകയില്ല (എബ്രായർ 10:4). അതുപോലെ തന്നെ
നിഴലായിരുന്നു ലേവ്യപൗരോഹിത്യം. ക്രിസ്തുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട സകലരും
പുരോഹിതവർഗമാണ്. അതിൽ പഴയനിയമ വിശുദ്ധന്മാരും ഉൾപ്പെടുന്നു. യേശുക്രിസ്തുവിന്‍റെ
രക്ഷണ്യ പ്രവർത്തി സംബന്ധിച്ച കാര്യങ്ങളെ സമയത്തിന്‍റെ
കുടകീഴിൽ കെട്ടിവെക്കുന്നതാണ് യുഗവാദികൾക്കു പറ്റിയ വിനാശകരമായ തെറ്റ്.
തിരഞ്ഞെടുപ്പ്
എഫെസ്യർ 1:4-7:
“4നാം തന്‍റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും
ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും 5തിരുഹിതത്തിന്‍റെ
പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
6അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്‍റെ
കൃപാമഹത്വത്തിന്‍റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. 7അവനിൽ
നമുക്കു അവന്‍റെ
രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു
ഉണ്ടു.”
നാലാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പ്
പുതിയ നിയമ വിശ്വാസികളോടുള്ള ബന്ധത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതു ഗുരുതരമായ
തെറ്റാണ്. അങ്ങനെ പരിമിതപ്പെടുത്തുന്നവർക്കു
തിരഞ്ഞെടുപ്പും, വീണ്ടെടുപ്പും എന്ന വിഷയത്തിൽ വല്യ ഗ്രാഹ്യം ഒന്നുമില്ല എന്ന്
മനസ്സിലാക്കാം. ഒരു സത്യം പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നു എന്നതുകൊണ്ട് പഴയ നിയമ
വിശുദ്ധന്മാർക്കു അതിൽ പങ്കില്ല എന്ന് നമുക്ക് എങ്ങനെ പറയുവാൻ സാധിക്കും? ഏഴാം വാക്യത്തിൽ
യേശുക്രിസ്തുവിന്‍റെ രക്തം മൂലമുള്ള പാപമോചനത്തെക്കുറിച്ചു
പറയുന്നു. യുഗവാദികളുടെ യുക്തി അനുസരിച്ചു പഴയ നിയമ വിശുദ്ധന്മാരുടെ പാപം മോചിക്കപ്പെട്ടതു
യേശുവിന്‍റെ
രക്തത്താലല്ല എന്ന് പറയേണ്ടി വരും. അത് ഗുരുതരമായ തെറ്റാണ് എന്ന് നാം മുകളിൽ കണ്ടുവല്ലോ.
അതുകൊണ്ടു, ലോകസ്ഥാപനത്തിനു മുമ്പേയുള്ള തിരഞ്ഞെടുപ്പ്, ദത്തെടുക്കൽ, മുൻനിയമനം, ക്രിസ്തുവിന്‍റെ
രക്തത്താലുള്ള വീണ്ടെടുപ്പ് എന്നിവയ്ക്ക് യുഗപരമായി ഒരു വ്യത്യാസവുമില്ല.
റോമർ 8:33:
“ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.”
·
നീതികരിക്കപ്പെട്ട
എല്ലാ വിശുദ്ധന്മാരും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. പഴയ നിയമ വിശുദ്ധന്മാർ വിശ്വാസത്താൽ
നീതീകരിക്കപ്പെട്ടവരാണ് എന്ന് നാം കണ്ടുവല്ലോ.
റോമർ 8:29-30:
“അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ
ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. 30മുന്നിയമിച്ചവരെ
വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.”
·
പഴയ
നിയമ വിശ്വാസികൾ നമ്മെപ്പോലെ തേജസ്കരിക്കപ്പെടുന്നവർ ആണ്. അതുകൊണ്ടു അവർ മുൻനിയമിക്കപ്പെട്ടവർ
ആണ് എന്നതിലും ആർക്കും സംശയം വേണ്ട.
·
മുൻനിയമനവും
തിരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം നാം എഫെസ്യ ലേഖനത്തിൽ കണ്ടുവല്ലോ. ദൈവം തിരഞ്ഞെടുത്തവരെയാണ് മുൻനിയമിക്കുന്നതു.
ഉപസംഹാരം
Ø
എല്ലാ
കാലത്തെ മനുഷ്യരും കൃപയാൽ വിശ്വാസത്താലാണ് നീതീകരിക്കപ്പെടുന്നത്
Ø
യേശു
ക്രിസ്തുവിന്‍റെ രക്തമാണ് എല്ലാ കാലത്തിലെ
മനുഷ്യരുടെയും വീണ്ടെടുപ്പിനു കാരണം
Ø
എല്ലാ
കാലത്തിലെ വിശുദ്ധന്മാർക്കും പരിശുദ്ധാത്മസ്നാനത്തിൽ പങ്കുണ്ട്
Ø
എല്ലാ
കാലത്തിലെ വിശ്വാസികളിലും പരിശുദ്ധാത്മാവ്
വാസം ചെയ്തിരുന്നു
Ø
എല്ലാ
കാലത്തിലെ വിശുദ്ധന്മാരും ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്
യുഗങ്ങൾ
സുഖകരമായ പഠനത്തിനുവേണ്ടി ഓരോ കാലഘട്ടത്തെ
വേർതിരിച്ചു പഠിക്കുന്നത് നല്ല പഠനരീതിയാണ്. ആ അർത്ഥത്തിൽ യുഗപരമായ പഠനരീതിയെ എതിർക്കേണ്ട
കാര്യമില്ല. ഒരു കാലത്തെ വേർതിരിച്ചു മനസ്സിലാക്കുവാൻ പല മാനദണ്ഡങ്ങൾ ഉപായോഗിക്കാം.
ഉദാ. ലോകത്തിന്‍റെ സൃഷ്ടിക്കു മുമ്പും ശേഷവും, മനുഷ്യ
സൃഷ്ടിക്കു മുൻപും മനുഷ്യസൃഷ്ടിക്കു ശേഷവും, മനുഷ്യന്‍റെ വീഴ്ചയ്ക്ക് മുമ്പും ശേഷവും, യേശു
ക്രിസ്തു ജനിക്കുന്നതിനു മുൻപും ശേഷവും.....
എന്നാൽ, ഓരോ യുഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും
സാമ്യങ്ങളും ദൈവവചനപ്രകാരം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യന്‍റെ
വീഴ്ച മുതൽ പുതിയ ആകാശ പുതിയ ഭൂമിയുടെ വരവ് വരെയുള്ള കാലത്തിന്‍റെ
പൊതുവായ സാമ്യത നാം കണ്ടുവല്ലോ.
1.
എല്ലാകാലത്തിലെ
മനുഷ്യരും ഒരുപോലെ പാപികളാണ്. അവർക്കു ഒരു വീണ്ടെടുപ്പുകാരനെ ആവശ്യമുണ്ട്.
2.
എല്ലാ
കാലത്തിലും രക്ഷിക്കപെടുവാനുള്ള ഏകമാർഗം വീണ്ടെടുപ്പുകാരനായ യഹോവയിലുള്ള വിശ്വാസമാണ്.
3.
എല്ലാ
കാലത്തും കൃപയാലാണ് രക്ഷ
4.
എല്ലാ
കാലത്തെ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ്.
ദൈവത്തിനു മുൻപിൽ ശുദ്ധീകരിക്കപ്പെടുവാൻ വേറെ ഒരു മാർഗം ഇല്ല.
5.
എല്ലാ
കാലത്തിലെ വിശുദ്ധന്മാരും പരിശുദ്ധാത്മാവിനാൽ വസിക്കപ്പെട്ടവരായിരുന്നു.
6.
എല്ലാ
കാലത്തിലെ വിശുദ്ധന്മാർക്കും യേശുവിന്‍റെ ക്രൂശിലെ യാഗത്തിൽ പങ്കുണ്ട്
7.
എല്ലാ
കാലത്തിലെ വിശുദ്ധന്മാർക്കും പരിശുദ്ധാത്മസ്നാനത്തിൽ പങ്കുണ്ട്
8.
എല്ലാ
കാലത്തിലെ വിശുദ്ധന്മാരും പരിശുദ്ധാത്മാവിനാൽ വീണ്ടുംജനനം പ്രാപിച്ചവരാണ്.
9.
എല്ലാ
കാലത്തിലെ വിശുദ്ധന്മാരും ലോകസ്ഥാപനത്തിനു മുമ്പേ തിരഞ്ഞെടുക്കപ്പെട്ടവരും, മുൻനിയമിക്കപ്പെട്ടവരുമാണ്.
യുഗവാദത്തിന്‍റെ
പ്രശ്നം (Problems of Dispensationalism)
യുഗവാദികൾ പഴയ നിയമ വിശുദ്ധന്മാരെയും
സഭാകാലത്തിലെ വിശുദ്ധന്മാരെയും എങ്ങനെ വേർതിരിക്കുന്നു എന്ന് നമുക്ക് നോക്കാം. അവർ
പറയും:
·
പഴയ
നിയമ വിശുദ്ധന്മാർക്കു പരിശുദ്ധാത്മസ്നാനത്തിൽ പങ്കില്ല.
·
പഴ
നിയമ വിശുദ്ധന്മാരിൽ പരിശുദ്ധാത്മാവ് വസിച്ചിരുന്നില്ല.
·
സഭാകാലയളവിൽ
യെഹൂദൻ ജാതി എന്ന വേർതിരിവ് ഇല്ല. യെഹൂദന്മാർക്കു
പ്രത്യേക പദ്ധതി ഇന്നില്ല. പഴയനിയമത്തിൽ വേർപാടിന്‍റെ
നടുച്ചുവർ അവർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ സഭ ഉൽപ്രാപണം ചെയ്തതിനുശേഷം യെഹൂദൻ, ജാതി
എന്ന വേർതിരിവ് പുനഃസ്ഥാപിക്കപ്പെടും. ഇസ്രായേലിനോടുള്ള പ്രത്യേക പദ്ധതി പുനരാരംഭിക്കും.
·
ലോകസ്ഥാപനത്തിനു
മുമ്പേ ക്രിസ്തുവിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് സഭാകാലയളവിലെ വിശ്വാസികൾ
·
സഭാകാലയളവിലെ
വിശ്വാസികൾ ഒരു ആത്മീയ ഭവനമായി, വിശുദ്ധ പുരോഹിതവർഗമായി പണിയപ്പെടുന്നു. പഴയ നിയമ വിശ്വാസികൾക്ക്
വേറൊരു പൗരോഹിത്യം ആയിരുന്നു ഉണ്ടായിരുന്നത്.
ഇങ്ങനെ വേർതിരിക്കുന്നത് എന്തുകൊണ്ട്
തെറ്റാണു എന്ന് നാം നേരത്തെ കണ്ടുവല്ലോ. അത് വീണ്ടും ആവർത്തിക്കുന്നില്ല. എന്നാൽ സഭായുഗത്തിനുശേഷം
ഇസ്രായേലിനു പ്രത്യേകമായി ഒരു പദ്ധതി ഉണ്ടായിരിക്കും എന്ന് അവർ പഠിപ്പിക്കുന്നു. ചില
പ്രശ്നങ്ങൾ അപ്പോൾ ഉയർന്നുവരും.
എഫെസ്യർ 2:13-16:
"13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്‍റെ
രക്തത്താൽ സമീപസ്ഥരായിത്തീർന്നു. 14അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും
ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ
ജഡത്താൽ നീക്കി വേർപ്പാടിന്‍റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം
ഉണ്ടാക്കിക്കൊണ്ടു 15ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
16ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ
ദൈവത്തോടു നിരപ്പിപ്പാനും തന്നേ."
സഭാകാലയളവിൽ ഇസ്രായേലിനു പ്രത്യേകിച്ച്
ഒരു പദ്ധതി ഇല്ല എന്ന് പഠിപ്പിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന വാക്യമാണ് എഫെസ്യർ
2:13-16. സഭാകാലയളവിനു ശേഷം ഇസ്രായേലിനു പ്രത്യേക പദ്ധതി ഉണ്ട് എന്ന് അവർ പഠിപ്പിച്ചാൽ
അതിന്‍റെ
അർത്ഥം ക്രൂശിന്മേൽവെച്ചു ഇല്ലാതാക്കിയ ശത്രുത്വം
വീണ്ടും പുനഃസ്ഥാപിക്കും എന്നാണ്. കർത്താവ് ഇടിച്ചുകളഞ്ഞ വേർപാടിന്‍റെ
നടുചുവർ വീണ്ടും പണിയപ്പെടും എന്ന് വാദിക്കുന്നതിനു തുല്യമാണ് അത്. ന്യായപ്രമാണം വീണ്ടും
പുനഃസ്ഥാപിക്കപ്പെടുമെന്നു പറയുന്നതിന് തുല്യമാണ് അത്. കർത്താവ് ഇടിച്ചുകളഞ്ഞ വേർപാടിന്‍റെ
നടുചുവർ പണിയുവാൻ ആർക്കാണ് അധികാരം? കർത്താവ് എന്തായാലും അത് തിരികെ പണിയുകയില്ല. സ്വന്തം
ജീവൻ കൊടുത്താണ് നമ്മുടെ കർത്താവ് സമാധാനം ഉണ്ടാക്കിയത്.
കർത്താവ് തന്‍റെ
ജഡത്താൽ നീക്കിയ ന്യായപ്രമാണം തിരിച്ചുവരും എന്ന് പറയുന്നത് ഗുരുതരമായ തെറ്റാണ്. കർത്താവ്
ക്രൂശിൽ സ്ഥാപിച്ചതിനെ നീക്കി പഴയ ക്രമം പുനഃസ്ഥാപിക്കും എന്ന് പറയുന്നത് ദുഷ്ടമായ
ചിന്തയാണ്.
മറ്റൊരുകാര്യം, പരിശുദ്ധാത്മസ്നാനത്തിൽ
പങ്കുള്ളവർ എല്ലാവരും സഭയാണ് എന്ന് യുഗവാദികൾ സമ്മതിക്കും. അങ്ങനെ എങ്കിൽ സഭയുടെ ഉൽപ്രാപണത്തിനു
ശേഷം രക്ഷിക്കപ്പെടുന്നവർക്കു (വാദത്തിനു വേണ്ടി സമ്മതിക്കുകയാണെങ്കിൽ) പരിശുദ്ധാത്മസ്നാനത്തിൽ
പങ്കില്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്?
സഭയുടെ ഉൽപ്രാപണത്തിനു ശേഷം രക്ഷിക്കപ്പെടുന്നവർ
ലോകസ്ഥാപനത്തിനു മുമ്പേ തിരഞ്ഞെടുക്കപ്പെട്ടവരല്ല എന്ന് എന്തടിസ്ഥാനത്തിലാണ് യുഗവാദികൾ
പറയുന്നത്? ഒരു ഉത്തരമേ ഉള്ളു, അവർ മെനഞ്ഞ കഥയുടെ അടിസ്ഥാനത്തിൽ.
സഭയിലെ ഓരോ വിശ്വാസികളും പുരോഹിതവർഗമാണെന്നും
എന്നാൽ പഴയ നിയമത്തിൽ ലേവ്യ പൗരോഹിത്യം ആണ് എന്നും പറയുന്ന യുഗവാദികൾ സഭയുടെ ഉൽപ്രാപണത്തിനുശേഷം
എന്ത് പൗരോഹിത്യം ആയിരിക്കും എന്ന് പറയാമോ? ക്രിസ്തുവിന്‍റെ
പൗരോഹിത്യം ആണെങ്കിൽ, ആ കാലമെങ്ങനെയാണ് പഴയ നിയമ പദ്ധതിയുടെ പുനരാരംഭിക്കൽ ആകുന്നതു?
സഭയുടെ ഉൽപ്രാപണത്തിനുശേഷവും വിശ്വാസികൾ എല്ലാവരും പുരോഹിതവർഗമാണെങ്കിൽ പിന്നെ അവർ
സഭ അല്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സഭയെ പഴയ നിയമ വിശുദ്ധന്മാരിൽ നിന്നും
വേർതിരിക്കുവാൻ യുഗവാദികൾ ഉണ്ടാക്കിയ മാനുഷികമായ വിഭജനം അവർക്കു തന്നെ ഒരു ഇടർച്ചകല്ലാണ്.
സഭ
പഴയ നിയമ വിശുദ്ധന്മാർ സഭയിൽ ഉണ്ടായിരുന്നോ
എന്നറിയുവാൻ എന്താണ് സഭ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സഭയെ കുറിച്ചുള്ള യുഗവാദികളുടെ
നിർവചനം തന്നെ നമുക്ക് അതിനായി എടുക്കാം. യുഗവാദികൾ മനസ്സിലാക്കുന്ന സഭയിലെ വിശ്വാസികളുടെ
പ്രത്യേകതകൾ എന്താണ് എന്ന് നാം കണ്ടുവല്ലോ. അതിന്‍റെ അടിസ്ഥാനത്തിൽ ഒരു നിർവചനം നൽകാം:
ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവിൽ തിരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധാത്മ സ്നാനത്തിൽ
പങ്കാളികളായ, പരിശുദ്ധാത്മാവ് നിവാസമാക്കിയിരിക്കുന്ന, ക്രിസ്തുവിന്‍റെ
രക്തത്താൽ വീണ്ടെടുക്കപ്പെട്ട എല്ലാ വിശുദ്ധന്മാരും ഉൾപ്പെടുന്നതാണ് ക്രിസ്തുവിന്‍റെ
സഭ.
പഴയ നിയമ വിശുദ്ധന്മാർ ലോകസ്ഥാപനത്തിനു
മുമ്പേ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും, അവർക്കു പരിശുദ്ധാത്മസ്നാനത്തിൽ പങ്കുള്ളവരാണെന്നും,
അവരിൽ പരിശുദ്ധാത്മാവ് വസിച്ചിരുന്നെന്നും നേരത്തെ തെളിയിക്കുകയുണ്ടായി. അതുകൊണ്ടു
യുഗവാദികളുടെ നിർവചനപ്രകാരം പഴയ നിയമ വിശ്വാസികളും
ക്രിസ്തുവിന്‍റെ
മണവാട്ടി സഭയിൽ ഉൾപ്പെടുന്നു എന്ന് നിസ്സംശയം പറയാം.
യുഗവാദികൾ
ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി
1.
കർത്താവിന്‍റെ ക്രൂശിലാണ് സഭയുടെ സ്ഥാപനം അടിസ്ഥാനപ്പെട്ടിരിക്കുന്നതു
എന്നിരിക്കെ അതിനു മുമ്പുള്ള വിശുദ്ധന്മാർക്കെങ്ങനെയാണ് അതിൽ പങ്കുണ്ടാവുക?
മറുപടി: സഭയുടെ സ്ഥാപനം അടിസ്ഥാനപ്പെട്ടിരിക്കുന്നതു
കർത്താവിന്‍റെ
മരണ പുനരുത്ഥാന സ്വർഗാരോഹണത്തിലും പരിശുദ്ധാത്മസ്നാനത്തിലുമാണ്. എന്നാൽ ഇതെല്ലാം ചരിത്രസംഭവങ്ങൾ
ആണെന്ന് നാം കണ്ടുവല്ലോ. യേശു ക്രിസ്തുവിന്‍റെ മരണ പുനരുത്ഥാനത്തിൽ എല്ലാ കാലത്തെ
വിശുദ്ധന്മാർക്കും പങ്കുണ്ട്. യേശു ക്രിസ്തു മരിക്കുന്നതിന് മുമ്പും വിശുദ്ധന്മാരുടെ
പാപം മോചിക്കപ്പെട്ടിരുന്നു. യേശു ക്രിസ്തുവിന്‍റെ രക്തം കൂടാതെ ആരുടേയും പാപം കഴുകപ്പെട്ടിട്ടില്ല
എന്നും നാം കണ്ടുവല്ലോ. അതുപോലെ, കർത്താവിന്‍റെ ക്രൂശിനാൽ സ്ഥാപിക്കപ്പെട്ട സഭയിൽ
പഴയ നിയമ വിശുദ്ധന്മാർക്കും പങ്കുണ്ട്.
2.
ഞാൻ
എന്‍റെ സഭയെ പണിയും എന്ന ഭാവികാലപ്രയോഗമാണ്
മത്തായി 16:18-ൽ കാണുന്നത്. ക്രിസ്തുവിന്‍റെ ജനനത്തിനു മുമ്പുള്ള വിശുദ്ധന്മാർക്കെങ്ങനെയാണ്
അതിൽ പങ്കുണ്ടാകുന്നത്?
മറുപടി: സഭയുടെ സ്ഥാപനം യേശുക്രിസ്തുവിന്‍റെ
ക്രൂശിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്ന് നാം മനസ്സിലാക്കി. അതുകൊണ്ടാണ് സഭയെ പണിയും
എന്ന ഭാവികാലപ്രയോഗം നമ്മുടെ കർത്താവ് ഉപയോഗിക്കുന്നത്. യേശുക്രിസ്തുവിന്‍റെ
ക്രൂശുമരണം അന്ന് നടന്നിട്ടില്ലായിരുന്നു. എന്നാൽ ഒരിക്കൽ നടന്ന ക്രൂശുമരണത്തിൽ സകല
വിശുദ്ധന്മാർക്കും പങ്കുള്ളതുപോലെ, ഒരിക്കൽ നടന്ന പരിശുദ്ധാത്മസ്നാനത്തിൽ സകല വിശുദ്ധന്മാർക്കും
പങ്കുള്ളതുപോലെ, ഒരിക്കൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുവിന്‍റെ
സഭയിൽ എല്ലാ കാലത്തെ വിശുദ്ധന്മാർക്കും പങ്കുണ്ട്.
3.
സഭയെ
വിളിച്ചു വേർതിരിക്കുന്നത് പഴയ നിയമ പ്രവാചകന്മാർ അറിഞ്ഞിരുന്നില്ല. സഭയെകുറിച്ചുള്ള
സത്യങ്ങൾ പഴയ നിയമ മനുഷ്യർക്ക് അറിവില്ലാത്ത രഹസ്യമായിരുന്നു. പിന്നെ അവർ എങ്ങനെ സഭയുടെ
ഭാഗമാകും?
മറുപടി: പഴയ നിയമ വിശുദ്ധന്മാർക്കു യേശുവിന്‍റെ
രക്തത്തെക്കുറിച്ചു എത്ര അറിവുണ്ടായിരുന്നു? നമുക്കുള്ള അറിവ് അവർക്കുണ്ടായിരുന്നില്ല.
എന്നിരുന്നാലും, അവർ ശുദ്ധീകരിക്കപ്പെട്ടതു യേശുവിന്‍റെ രക്തത്താലാണ്. അല്ലാതെ, ദൈവത്തിന്‍റെ
മുമ്പിൽ പാപം മോചിക്കപ്പെടുവാൻ വേറെ വഴി ഒന്നുമില്ലല്ലോ. അതുപോലെ, കർത്താവിൽ വിശ്വസിച്ചു
പാപം മോചിക്കപ്പെട്ട അവർ ക്രിസ്തുവിന്‍റെ സഭയുടെ ഭാഗവുമാണ്.
ഉപസംഹാരം
എല്ലാ കാലത്തിലെ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ
സഭയുടെ ഭാഗമാകയാൽ സഭായുഗം എന്ന പേര് തന്നെ ശരിയല്ല. യേശുക്രിസ്തുവിന്‍റെ
രക്തത്താൽ വീണ്ടെടുക്കപ്പെട്ട എല്ലാ വിശുദ്ധൻമാരും സാർവത്രീക സഭയുടെ ഭാഗമാണ്.
Comments
Post a Comment