ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)
ആയിരാമാണ്ടു വാഴ്ച എന്ന വിഷയത്തെകുറിച് വിശ്വാസികളുടെ ഇടയിൽ പ്രധാനപ്പെട്ട രണ്ടു അഭിപ്രായങ്ങൾ ഉണ്ട്:
പ്രീ - മില്ലേനിയം (Pre-millennium) - കർത്താവിന്റെ രണ്ടാം വരവ് കഴിഞ്ഞു ആയിരമാണ്ടു എന്ന വാദം.
എ-മില്ലേനിയം
(A-millennium) - കർത്താവിന്റെ വരവിനു മുന്പായി ആയിരമാണ്ടു എന്ന വാദം
ആയിരാമാണ്ടു
വാഴ്ചയെ സംബന്ധിച്ചു പഠിക്കണമെങ്കിൽ ബൈബിളിലെ ഏതു പുസ്തകത്തിൽ നിന്ന് പഠിച്ചു തുടങ്ങണം?
വിശ്വാസികളിൽ രൂപപ്പെടുന്ന ഒരു സംശയമാണ് ഇത്. ചിലർ വെളിപ്പാട് പുസ്തകത്തിൽ നിന്ന് പഠിച്ചു
തുടങ്ങും. മറ്റുചിലർ പഴയനിയമ പ്രവചനത്തിൽ നിന്ന് പഠിച്ചു തുടങ്ങും. എവിടെനിന്നു ആരംഭിച്ചാലും
തത്വത്തിൽ കുഴപ്പമില്ല. കാരണം, ബൈബിൾ ഉടനീളം പറയുന്നത് ഒരേ കാര്യമാണ്. അതിൽ ഒരു വൈരുധ്യവുമില്ല.
എന്നാൽ,
പ്രായോഗികമായി ചിന്തിക്കുകയാണെങ്കിൽ സുവിശേഷങ്ങളിൽ നിന്ന് തുടങ്ങുന്നതാണ് ഉത്തമം. അത്
ഈ കാരണങ്ങളാലാണ്:
1. ആക്ഷരീകമായി
പറയുന്ന വേദഭാഗത്തുനിന്നും ഉപദേശങ്ങളെ സ്ഥാപിക്കുന്നതാണ് ഉചിതം. വെളിപ്പാട് പുസ്തകം
പല പ്രതീകാത്മകമായ ചിത്രത്തിലൂടെയാണ് അന്ത്യകാലത്തെകുറിച്ചു നമുക്ക് പറഞ്ഞുതരുന്നതെന്നു
എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്.
2. ക്രിസ്തു
പഴയ നിയമ പ്രവചനങ്ങളെ അതിന്റെ ശരിയായ അർത്ഥത്തിൽ തന്റെ ശിഷ്യന്മാർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അതാണ് സുവിശേഷങ്ങളിൽ നാം കാണുന്നത്. ആ വ്യാഖ്യാനമാണ് ശിഷ്യന്മാർ അവരുടെ ലേഖനങ്ങളിലും
നമുക്ക് എഴുതി തന്നിരിക്കുന്നത്.
അതുകൊണ്ടു,
സുവിശേഷത്തിൽ നിന്ന് തുടങ്ങി ലേഖനങ്ങൾ വഴി വെളിപ്പാട് പുസ്തകത്തെ നാം പഠിക്കുന്നതാണ്
പ്രായോഗികമായി സുഖകരം എന്ന് ഞാൻ അനുമാനിക്കുന്നു.
ആയിരാമാണ്ടിനെകുറിച്ചുള്ള
യേശുക്രിസ്തുവിന്റെ വീക്ഷണം എന്താണെന്നു നമുക്ക് പരിശോധിക്കാം. യേശു ക്രിസ്തു ഭൂമിയിൽ
ആയിരുന്നപ്പോൾ തന്റെ ശിഷ്യന്മാരോട് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം. സുവിശേഷങ്ങളിൽ
കാണുന്ന ചില വേദഭാഗങ്ങൾ നമുക്ക് പരിശോധിക്കാം.
വാക്യം:
മത്തായി 12:32; മർക്കൊസ്
3:29; ലൂക്കൊസ് 20:34-36; മർക്കൊസ് 10:29, 30; ലൂക്കൊസ് 18:29, 30; മത്തായി
13:24-30, 37-43.
ഈ വാക്യങ്ങളിൽ വരുവാനുള്ള ലോകം, ഈ ലോകം, ഈ കാലം എന്ന പ്രയോഗത്തിലെ "കാലവും",
"ലോകവും" ഒരേ ഗ്രീക്ക് വാക്കിന്റെ (eion) തർജ്ജമയാണ്.
മേൽപ്പറഞ്ഞ വേദഭാഗങ്ങൾ പഠിപ്പിക്കുന്ന
വ്യക്തമായ സത്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം.
1. ഈ ലോകവും വരുവാനുള്ള ലോകവും ഉൾപ്പെടുമ്പോൾ മനുഷ്യ സൃഷ്ടി മുതൽ നിത്യതയും ഉൾപ്പെടുന്ന കാലമാണ്. അതിന്റെ ഇടയിൽ വേറൊരു ലോകവും ഇല്ല.
കാരണം: പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തും വരുവാനുള്ള ലോകത്തും ക്ഷമിക്കയില്ല എന്ന് മത്തായി 12:32-ൽ കാണുന്നു. ഒരുനാളും ക്ഷമിക്കയില്ല എന്ന് മാർക്കോസ് 3:29-ൽ കാണുന്നു. അതുകൊണ്ടു ഈ ലോകത്തിനും വരുവാനുള്ള ലോകത്തിനും ഇടയിൽ വേറൊരു ലോകവും കാലഘട്ടവും ഇല്ല.
വാക്യം:
മത്തായി 12:32; മർക്കൊസ്
3:29
മത്തായി 12:32: "ആരെങ്കിലും മനുഷ്യപുത്രനു നേരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും;
പരിശുദ്ധാതമാവിനു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും
അവനോടു ക്ഷമിക്കയില്ല"
മർക്കൊസ്
3:29: "പരിശുദ്ധാതമാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷക്കു
യോഗ്യനാകും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
2. ഈ ലോകവും വരുവാനുള്ള ലോകവും രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളാണ്. രണ്ടു ലോകവും വ്യത്യസ്ത സ്വഭാവഗുണങ്ങൾ ഉള്ളതാണ്. രണ്ടും ഇടകലർന്നു കിടക്കുന്ന മറ്റൊരു കാലഘട്ടം ഇല്ല. (There is no overlap between these two ages).
കാരണം: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് കൊടുക്കയും ചെയ്യുന്നു എന്ന് ലൂക്കൊസ് 20:34-36-ൽ കാണുന്നു. വരുവാനുള്ള ലോകത്തിൽ വിവാഹം ഇല്ല എന്നും കാണുന്നു. പുനരുത്ഥാന പുത്രന്മാർ മാത്രമേ വരുവാനുള്ള ലോകത്തു വാസം ചെയ്യുകയുള്ളൂ. ഈ ലോകത്തിൽ ഉപദ്രവങ്ങളോട് കൂടെ പ്രതിഫലം വിശ്വാസികൾക്ക് ഉണ്ട് എന്ന് മാർക്കോസ് 10:29, 30-ൽ പറയുന്നു. വരുവാനുള്ള ലോകത്തിൽ നിത്യജീവൻ വിശ്വാസികൾക്ക് ലഭിക്കുന്നു. അവിടെ ഉപദ്രവങ്ങൾ ഇല്ല. വരുവാനുള്ള ലോകം നിത്യമാണ്. കാരണം, അതിൽ വിശ്വാസികൾക്ക് ലഭിക്കുക നിത്യ ജീവനാണ്. മത്തായി 13: 30, 40-43-ൽ വിശ്വാസികളും അവിശ്വാസികളും ഈ ലോകാവസാനം വരെ ഒരുമിച്ചുണ്ടാവുമെന്നും വരുവാനുള്ള ലോകത്തു വിശുദ്ധന്മാർ മാത്രമേ ഉണ്ടാവുകയുള്ളു എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
വാക്യം:
ലൂക്കൊസ് 20:34-36; മർക്കൊസ് 10:29, 30; ലൂക്കൊസ് 18:29,
30; മത്തായി 13: 30, 40-43
ലൂക്കൊസ്
20:34-36: "അതിനു യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ
മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന് കൊടുക്കയും ചെയ്യുന്നു.
എങ്കിലും ആ ലോകത്തിനും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല.
അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവർ പുനരുത്ഥാനപുത്രന്മാർ ആകയാൽ ദൈവദൂത തുല്യരും ദൈവപുത്രന്മാരും
ആകുന്നു."
മർക്കൊസ്
10:29, 30: “അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും
വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നെ ഉപദ്രവങ്ങളോടും കൂടെ നൂറു
മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും
വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവർ
ആരുമില്ല എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു"
മത്തായി 13: 30, 40-43: (വാക്യം 30) രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.” (വാക്യം 37-39) “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.
|
ഈ ലോകം |
വരുവാനുള്ള ലോകം |
|
വിവാഹം ഉണ്ട് |
വിവാഹം ഇല്ല |
|
മരണം ഉണ്ട് |
മരണം ഇല്ല |
|
ഉയിർത്തെഴുന്നേൽക്കപ്പെടാത്ത ശരീരം |
പുനരുത്ഥാന മക്കൾ |
|
അവിശ്വാസികളും വിശ്വാസികളും ലോകത്തിൽ |
വിശ്വാസികൾ മാത്രം ലോകത്തിൽ |
|
കോതമ്പും കളയും ഒരുമിച്ചു വയലിൽ |
കോതമ്പു മാത്രം |
3. ഈ ലോകത്തെയും വരുവാനുള്ള ലോകത്തെയും വേർതിരിക്കുന്നത് വിശുദ്ധന്മാരുടെ പുനരുത്ഥാനവും അന്ത്യന്യായവിധിയുമാണ്. ഈ ലോകം കർത്താവിന്റെ രണ്ടാം വരവിൽ അവസാനിക്കും.
കാരണം:
വരുവാനുള്ള
ലോകത്തിനു യോഗ്യരാവുകയെന്നാൽ മരിച്ചവരുടെ പുനരുത്ഥാനത്തിനു യോഗ്യർ ആവുകയെന്നാണ് അർത്ഥമെന്നു
ലൂക്കൊസ് 20:34-36 പഠിപ്പിക്കുന്നു. ബൈബിൾ
ഉടനീളം പഠിപ്പിക്കുന്നത് വിശുദ്ധന്മാരുടെ പുനരുത്ഥാനം കർത്താവിന്റെ രണ്ടാം വരവിൽ സംഭവിക്കുമെന്നാണ്
(1 കൊരിന്ത്യർ 15:22, 23; 1 തെസ്സ. 4:16). വരുവാനുള്ള ലോകത്തിൽ നിത്യജീവൻ പ്രാപിക്കും
എന്ന് മർക്കോസ് 10:29, 30 പറയുന്നു. വിശുദ്ധമാർക്കു നിത്യജീവൻ ലഭിക്കുന്നത് കർത്താവിന്റെ
രണ്ടാം വരവിൽ ആണെന്ന് മത്തായി 25:31, 46 പറയുന്നു. അതുകൊണ്ടു വിശുദ്ധന്മാരുടെ പുനരുത്ഥാനത്തോടുകൂടെ
ഈ ലോകം അവസാനിക്കും.
ഈ ലോകത്തിന്റെ അവസാനത്തിലാണ് ദുഷ്ടന്മാർ വിധിക്കപെടുകയുള്ളു എന്നും അപ്പോൾ മാത്രമാണ് നീതിമാന്മാർ പുനരുത്ഥാനം ചെയ്യുകയുള്ളൂ എന്നും മത്തായി 13:40-43 പഠിപ്പിക്കുന്നു. ലോകാവസാനത്തിലാണ് ദുഷ്ടന്മാരുടെ ന്യായവിധിയെന്നു മത്തായിയിൽ കാണുന്നു. അതുകൊണ്ടു ഈ ലോകം കർത്താവിന്റെ രണ്ടാം വരവിൽ അവസാനിക്കും. ഈ ലോകം രണ്ടാം വരവിൽ അവസാനിച്ചാൽ വരുവാനുള്ള നിത്യ ലോകം വരും.
വാക്യം:
ലൂക്കൊസ് 20:34-36; മത്തായി 13:40-43
ലൂക്കൊസ്
20:34-36: "അതിനു യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ
മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന് കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിനും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ
വിവാഹം കഴിക്കയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല. അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവർ പുനരുത്ഥാനപുത്രന്മാർ
ആകയാൽ ദൈവദൂത തുല്യരും ദൈവപുത്രന്മാരും ആകുന്നു."
മത്തായി
13: 30, 39-43: (വാക്യം 30) രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.” (വാക്യം 39-43) “കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു
ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ
പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.”
ഇതിൽനിന്നും
നമുക്കെന്തു മനസ്സിലാക്കാം?
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അന്ത്യകാല വീക്ഷണം എന്താണെന്നു നമുക്ക് പഠിക്കുവാൻ ഇടയായി.
ആയിരമാണ്ടു എന്ന വിഷയത്തെ മനസ്സിലാക്കുവാൻ
ഈ അറിവ് നമ്മെ എങ്ങനെ സഹായിക്കും എന്ന് നമുക്ക് നോക്കാം.
മുൻപ്
സൂചിപ്പിച്ചതുപോലെ ആയിരാമാണ്ടു വാഴ്ച എന്ന വിഷയത്തെകുറിച് വിശ്വാസികളുടെ ഇടയിൽ ഉള്ള രണ്ടു അഭിപ്രായം പ്രീ-മില്ലെനിയലിസവും എ- മില്ലെനിയലിസവും ആണ്.
പ്രീ - മില്ലേനിയം - കർത്താവിന്റെ രണ്ടാം വരവ് കഴിഞ്ഞു ആയിരമാണ്ടു വാഴ്ച എന്ന വാദം.
എ-മില്ലേനിയം
- കർത്താവിന്റെ വരവിനു മുന്പായി (ഈ സഭാകാലയളവിൽ) ആയിരമാണ്ടു വാഴ്ച എന്ന വാദം
ഈ രണ്ടു വാദങ്ങളിൽ ഏതാണ് യേശു ക്രിസ്തു പറഞ്ഞ അന്ത്യ കാല സിദ്ധാന്തവുമായി യോജിച്ചു പോകുന്നത് എന്നാണ് നാം പരിശോധിക്കേണ്ടത്. അതോടെ ആയിരാമാണ്ടു എന്ന വിഷയത്തെ കുറിച്ച് തീരുമാനമായി എന്ന് പറയാം.
അതിനു മുന്പായി ആയിരമാണ്ടിനെക്കുറിച്ചു എല്ലാവരും (അഭിപ്രായവ്യത്യാസമെന്യേ) വിശ്വസിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു:
1. ആയിരമാണ്ടിൽ അവിശ്വാസികൾ ഭൂമിയിൽ വസിക്കുന്നുണ്ട്. ആയിരമാണ്ടു കഴിഞ്ഞിട്ട് അവർ യുദ്ധത്തിന് വരുമെന്ന് വേദപുസ്തകം പറയുന്നു (വെളിപ്പാട് 20:7-10). ആയിരാമാണ്ടിൽ
വിവാഹം നടക്കുമെന്നുള്ളതിനും ആർക്കും സംശയം ഇല്ല.
2. അന്ത്യന്യായവിധി ആയിരമാണ്ടു കഴിഞ്ഞിട്ടാണ് എന്നുള്ളതും എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.
പ്രീ മില്ലേനിയം വിശ്വസിക്കുന്നവർ ആയിരമാണ്ടിനെ എവിടെയാണ് ബന്ധിപ്പിക്കുക?
ഈ ലോകമായി ബന്ധിപ്പിക്കുവാൻ കഴിയുകയില്ല. കാരണം, ഈ ലോകം വിശുദ്ധന്മാരുടെ പുനരുത്ഥാനത്തോടുകൂടെ അവസാനിക്കും എന്ന് നാം വായിച്ചു. അത് രണ്ടാം വരവിൽ ആണെന്നതിനു ആർക്കും സംശയം ഇല്ല.
വരുവാനുള്ള ലോകവുമായും ആയിരാമാണ്ടിനെ ബന്ധിപ്പിക്കുവാൻ അവർക്കു കഴിയുകയില്ല. കാരണം, വരുവാനുള്ള ലോകത്തു പുനരുത്ഥാനം ചെയ്തവർ മാത്രമേ ഉണ്ടാവുകയുള്ളു എന്നും അവിടെ വിവാഹം ഇല്ല എന്ന് നാം കണ്ടു.
മൂന്നാമത്, ഈ ലോകവും വരുവാനുള്ള ലോകവും അല്ലാതെ വേറൊരു ലോകവും ഇല്ല എന്നും നാം കണ്ടു.
ചുരുക്കിപ്പറഞ്ഞാൽ, പ്രീ-മില്ലേനിയം എന്ന വ്യവസ്ഥയ്ക്ക് കർത്താവിന്റെ അന്ത്യകാല സിദ്ധാന്തത്തിൽ ഒരു സ്ഥാനവും ഇല്ല. പ്രീ-മില്ലേനിയം വിശ്വസിക്കുന്നവർ അനുഭവിക്കുന്ന ഒരു ആശയക്കുഴപ്പമാണിത്. പ്രീ-മില്ലേനിയം
എന്ന ഉപദേശം തെറ്റാണ്. പ്രീ-മില്ലേനിയം എന്ന ഉപദേശം തെറ്റാണെന്നു വരികിൽ അതിന്റെയർത്ഥം
ദൈവവചനം തെറ്റാണെന്നല്ല. നമ്മുടെ വ്യാഖ്യാനമേ തെറ്റെന്നു വരികയുള്ളു. അതുകൊണ്ടു പ്രീ-മില്ലേനിയം
എന്ന ഉപദേശം മുറുകെപ്പിടിക്കുവാൻ ഒരു വിശ്വാസിയും കടപ്പെട്ടവൻ അല്ല.
രണ്ടായിരം കൊല്ലം മുൻപ് ക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ ശിഷ്യന്മാർക്കു പഠിപ്പിച്ചു കൊടുത്ത അന്ത്യകാല വീക്ഷണത്തിൽ പ്രീ-മില്ലേനിയം എന്ന ഉപദേശം ഉൾപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ആ ഉപദേശത്തിനു നേർ വിപരീതവുമായിരുന്നു.
തെറ്റായ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞു ശരിയായ അഭിപ്രായം അറിയുവാൻ, ഗ്രഹിക്കുവാൻ, വിശ്വസിക്കുവാൻ, പ്രസംഗിക്കുവാൻ നമ്മുടെ കർത്താവിന്റെ വാമൊഴി നമ്മെ സഹായിക്കുമാറാകട്ടെ. ആമേൻ.
ഗ്രന്ഥാസൂചി (Bibliography):
1. Waldron, Samuel E. The End Times Made Simple.
Comments
Post a Comment