പ്രീ-മില്ലേനിയലിസത്തിന്റെ ന്യൂനതകൾ
പ്രീ-മില്ലേനിയലിസം
(Premillennialism): കർത്താവിന്റെ രണ്ടാം വരവിനു ശേഷം ആയിരാമാണ്ടു
വാഴ്ച എന്ന ഉപദേശം. കർത്താവായ യേശു ക്രിസ്തുവും പുനരുത്ഥാന പുത്രന്മാരും
ഭൂമിയിൽ വസിക്കുന്ന അവിശ്വാസികളെ ആയിരം വർഷം ഭരിക്കുന്നു എന്ന ഉപദേശം. ഈ ഉപദേശം വിശ്വസിക്കുന്നവരുടെ
ഇടയിൽ പല അഭിപ്രായങ്ങൾ ഉണ്ട്. ചിലർ പറയും ആയിരാമാണ്ടു വാഴ്ചയിൽ പഴയ നിയമ കാലത്തെ മൃഗബലികൾ
പുനഃസ്ഥാപിക്കപ്പെടുമെന്നു. ചിലർ അത് നിഷേധിക്കും. എന്നാൽ, പൊതുവെ പ്രീ-മില്ലേനിയലിസം
എന്ന വ്യവസ്ഥിതി മുറുകെപ്പിടിക്കുന്ന എല്ലാവരും വിശ്വസിക്കുന്ന ചില കാര്യങ്ങൾ നമുക്ക്
പരിശോധിക്കാം. താഴെ കാണുന്ന രേഖാ ചിത്രം അവരുടെ ആശയങ്ങളെ വിവരിക്കുന്നു:
നിങ്ങൾ ഒരു പ്രീ-മില്ലേനിയലിസ്റ്റ് ആണെങ്കിൽ നിർബന്ധമായും
അംഗീകരിക്കുവാൻ ആവശ്യമുള്ള കാര്യങ്ങളുണ്ട്.
1. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു ശേഷം തുടർന്നും ഒരായിരം വർഷങ്ങൾ ഭൗതികമായ മരണം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ തീർച്ചയായും വിശ്വസിക്കണം.
കാരണം: മത്സരികളും അവിശ്വാസികളുമായ ജാതികളെക്കുറിച്ചു വെളിപ്പാട് 20:7,10 വാക്യങ്ങളിൽ പരാമർശിക്കുന്നുണ്ട്. ചിലർ പറയുന്നത് ഈ ജാതികൾ ആയിരാമാണ്ടിലേക്കു പ്രവേശിച്ച രൂപാന്തരപ്പെടാത്തവരും പഴയ ഭൗതിക ശരീരത്തിൽ തന്നെയുള്ള ചില വിശ്വാസികളുടെ അവിശ്വാസികളായ തലമുറയായിരിക്കും എന്നുമാണ്. മറ്റു ചിലർ പറയുന്നത് അയിരാമാണ്ടിലേക്കു പ്രവേശിക്കുന്ന വിശ്വാസികളല്ലാത്തവർ, അവർ പെറ്റു പെരുകി മത്സരികളായിത്തീരുന്നു എന്നാണ്. സ്വാഭാവികമായി മത്സരികളും പാപികളും മരണത്തിനു അധീനരാണ്. യെശയ്യാവ് 65:20: “ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും” എന്ന ഭാഗം ആയിരാമാണ്ടു വാഴ്ചയാണെന്നും അവിടെ സംഭവിക്കുന്ന ശാരീരിക മരണങ്ങളെക്കുറിച്ചാണെന്നും പ്രീ-മില്ലേനിയലിസ്റ്റുകൾ വിശ്വസിക്കുന്നു. യെഹെസ്കേൽ 44:22: “ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.” ഈ ഭാഗവും ആക്ഷരീകമായി ആയിരാമാണ്ടു വാഴ്ചയെ കുറിച്ചാണ് പറയുന്നതെന്നു പ്രീ-മില്ലേനിയലിസ്റ്റുകൾ വിശ്വസിക്കുന്നു.
2. ഈ ശാപഗ്രസ്തമായ ഭൂമി, ഈ പഴയ സൃഷ്ടി, മനുഷ്യന്റെ വീഴ്ച നിമിത്തം സംഭവിച്ച ശാപവും പേറി, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു ശേഷവും ഒരായിരം വർഷം അതുപോലെ തന്നെ തുടരുമെന്ന് നിങ്ങൾ തീർച്ചയായും വിശ്വസിക്കേണ്ടി വരും.
കാരണം: അവിശ്വാസികൾ ഭൂമിയിൽ തുടരുകയും പെരുകുകയും ചെയ്യുന്നു എന്നാണല്ലോ അവർ പറയുന്നത്. ആയിരമാണ്ടു വാഴ്ചയുടെ അവസാനം ഭൂമിയിൽ യുദ്ധമുണ്ടാകും, പാപവും മത്സരവും മരണവുമുണ്ടാകും. അങ്ങനെയാണല്ലോ ആയിരാമാണ്ടു വാഴ്ച അവസാനിക്കുന്നത്! (വെളിപ്പാട് 20:7-10). കർത്താവിന്റെ മഹത്വപ്രത്യക്ഷത കഴിഞ്ഞു ഒരായിരം ആണ്ടിന് ശേഷം മാത്രമേ ഭൂമി അതിന്റെ ദ്രവത്വം, ശാപം വിട്ടൊഴിയുകയുള്ളൂ എന്നവർ വിശ്വസിക്കണം.
3. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും ശേഷം ഒരായിരം വർഷം കഴിഞ്ഞതിനു ശേഷമേ പുതിയ ആകാശ പുതിയ ഭൂമി വരികയുള്ളൂ എന്നു നിങ്ങൾ തീർച്ചയായും വിശ്വസിക്കണം.
കാരണം: പുതിയാകാശ പുതിയ ഭൂമിയിൽ മരണവും കഷ്ടവും ശാപവും ഉണ്ടാവുകയില്ല. അവിടെ അവിശ്വാസികൾ പ്രവേശിക്കയുമില്ല (വെളിപ്പാട് 21:1,4, 5, 8).
4. യേശുക്രിസ്തുവിന്റെ വരവിനുശേഷം പിന്നെയും ഒരായിരം വർഷം കൂടി മനുഷ്യർക്ക് രക്ഷിക്കപ്പെടുവാനുള്ള അവസരമുണ്ടായിരിക്കും എന്ന് നിങ്ങൾ വിശ്വസിക്കണം.
കാരണം: അവരുടെ വാദം അനുസരിച്ചു എണ്ണിയാലൊടുങ്ങാത്ത മനുഷ്യർ അക്കാലത്തും ജനിക്കും. അവരും സുവിശേഷം കേട്ട് ഗ്രഹിച്ചു രക്ഷിക്കപ്പെടുവാനുള്ള കഴിവുള്ളവരാകയാൽ, അവർക്കും അവസരം ലഭിക്കേണ്ടതല്ലയോ? അവർക്കും ദൈവിക വെളിപ്പാടുകളോട് പ്രതികരിക്കുവാനുള്ള അവസരം ഉണ്ടാകേണ്ടതല്ലയോ? മാത്രമല്ല, തേജസ്കരിക്കപ്പെട്ട കർത്താവും അവരുടെ മധ്യത്തിൽ ഉണ്ടല്ലോ.
5. യേശുക്രിസ്തു
രണ്ടാമത് വന്നു ഒരായിരമാണ്ടിനു ശേഷം അവിശ്വാസികൾ മാത്രം ഉയിർത്തെഴുന്നേൽക്കും എന്ന്
നിങ്ങൾ വിശ്വസിക്കണം.
കാരണം: എല്ലാ പ്രീ-മില്ലേനിയലിസ്റ്റുകളും ഉറച്ചു വിശ്വസിക്കുന്നത് അവിശ്വാസികൾ എല്ലാം ആയിരാമാണ്ടു വാഴ്ചയ്ക്കു ശേഷം മാത്രം ഉയിർത്തെഴുന്നേൽക്കും എന്നാണ്.
6.
യേശു ക്രിസ്തു രണ്ടാമത് വന്നു ചുരുങ്ങിയത്
ഒരായിരം ആണ്ടിനു ശേഷം മാത്രമേ അവിശ്വാസികൾ ന്യായം വിധിക്കപ്പെടുകയുള്ളൂ, നിത്യ ശിക്ഷാവിധിയിലേക്കു
പോവുകയുള്ളൂ എന്ന് നിങ്ങൾ തീർച്ചയായും വിശ്വസിക്കണം.
ഇതൊക്കെ വിശ്വസിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് പ്രീ-മില്ലേനിയലിസ്റ്റുകൾ
ചോദിച്ചേക്കാം. പുതിയ നിയമ പുസ്തകങ്ങൾ വ്യക്തമായി
നിഷേധിക്കുന്ന കാര്യങ്ങൾ അവർ വിശ്വസിക്കേണ്ടി വരുന്നു എന്നുള്ളതാണ് കുഴപ്പം. നമുക്ക്
ചില വേദഭാഗങ്ങൾ പരിശോധിക്കാം: 1 കൊരിന്ത്യർ 15:22-28; 1 കൊരിന്ത്യർ 15:50-57; റോമർ
8:18-23; 2 പത്രോസ് 3:8-13; മത്തായി 25:31-46 ; 2 തെസ്സലോനിക്യർ 1:5-10; യോഹന്നാൻ
5:28-29.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: കർത്താവിന്റെ രണ്ടാം വരവിനു ശേഷവും ശത്രുക്കൾ
ഉണ്ടായിരിക്കും.
ബൈബിൾ
എന്ത് പറയുന്നു: യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ അവസാനത്തെ
ശത്രുവായ മരണം നീങ്ങിപ്പോകും. അതിനുശേഷം ദൈവമക്കൾ വസിക്കുന്ന ലോകത്തിൽ ഒരു ശത്രുവും
ഉണ്ടായിരിക്കുകയില്ല.
വാക്യം:
1 കൊരിന്ത്യർ 15:20-28; 1 കൊരിന്ത്യർ 15: 54, 55
വിശദീകരണം:
കൊരിന്ത്യർ 15:25, 26-ൽ ഒടുക്കത്തെ ശത്രുവായി മരണം നീങ്ങിപ്പോകും എന്നു കാണുന്നു.
1
കൊരിന്ത്യർ 15: 25, 26: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം
വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.”
അവസാനത്തെ ശത്രുവായി മരണം നീങ്ങിക്കഴിഞ്ഞാൽ പിന്നെ വേറെ ശത്രുക്കൾ നീങ്ങാതെ അവശേഷിക്കുന്നില്ല എന്നു സാരം. എപ്പോഴാണ് മരണം നീങ്ങിപ്പോകുന്നത്?
1 കൊരിന്ത്യർ
15:51-56 അതിന്റെ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്.
1
കൊരിന്ത്യർ 15:51-56:
“51 ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: 52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. 54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം
വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. 55 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? 56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.”
മരണത്തിന്റെ പരാജയം സംഭവിക്കുന്നത് അന്ത്യകാഹള നാദത്തിങ്കൽ
നാം എല്ലാവരും അക്ഷയരായി ഉയിർക്കുമ്പോഴാണ്. അത് യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ
സംഭവിക്കും.
വിശുദ്ധന്മാർ ഉയിർത്തെഴുന്നേൽക്കുമ്പോഴാണ് മരണം നീങ്ങി
ജയം വന്നിരിക്കുന്നു എന്ന പ്രവചനം നിവൃത്തിയാകുന്നത്. ഏതാണ് ആ പ്രവചനം?
യെശയ്യാ
25:8: “അവൻ മരണത്തെ സദാകാലത്തേയ്ക്കും
നീക്കിക്കളയും. യഹോവയായ കർത്താവു സകല മുഖങ്ങളിലും നിന്ന് കണ്ണുനീർ തുടയ്ക്കയും
തന്റെ ജനത്തിന്റെ നിന്ദ സകല ഭൂമിയിലും നിന്ന് നീക്കിക്കളകയും ചെയ്യും”.
പ്രീ-മില്ലേനിയലിസ്റ്റുകൾ പറയുന്നത് പോലെ കർത്താവിന്റെ
രണ്ടാമത്തെ വരവിനുശേഷവും ഇവിടെ മരണം തുടരുന്നു എങ്കിൽ നമ്മുടെ കർത്താവായ യേശുക്രിസ്തു
രണ്ടാമത് വരുമ്പോൾ അന്ത്യകാഹള നാദത്തിങ്കൽ
“മരണം നീങ്ങി ജയം വന്നു” എന്നുള്ള വചനം നിവൃത്തിയാകുന്നത് എങ്ങിനെ?
യെശയ്യാ 25:8 പ്രകാരം “അവൻ മരണത്തെ സദാകാലത്തേയ്ക്കും നീക്കിക്കളയും….”
മാത്രമല്ല “……യഹോവയായ കർത്താവു സകല മുഖങ്ങളിലും
നിന്ന് കണ്ണുനീർ തുടയ്ക്കയും…….ചെയ്യും” എന്നുമുണ്ട്. വെളിപ്പാട് 21:1-4-ൽ പുതിയ ആകാശവും പുതിയ ഭൂമിയും വരുമ്പോൾ “…… അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു
കളയും. ഇനി മരണം
ഉണ്ടാകയില്ല. ദുഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല…..” എന്ന് വായിക്കുന്നു.
ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ മരണം നീങ്ങിപ്പോകുന്നു എന്നും കർത്താവു തന്റെ ജനത്തിന്റെ
കണ്ണുനീർ എന്നേയ്ക്കുമായി തുടച്ചു കളയുന്നു എന്നും പുതിയ ആകാശവും പുതിയ ഭൂമിയും വരുന്നു എന്നും നിത്യത
ആരംഭിക്കുന്നു എന്നുള്ളതുമൊക്കെ ഇതിൽ നിന്ന് വ്യക്തമാവുകയാണ്.
ഉപസംഹാരം:
1. മരണത്തിന്റെ
മരണം (അവസാനം) ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ സംഭവിക്കും.
2. ക്രിസ്തുവിന്റെ
മഹത്വപ്രത്യക്ഷതയിൽ ഒടുക്കത്തെ ശത്രുവായി മരണം നീങ്ങിപ്പോകുമെന്നും അതിനു ശേഷവും ശത്രുക്കൾ ഉണ്ടാകുമെന്നും അവർ (സാത്താൻ, മത്സരികളായ ജാതികൾ) പിന്നെയും വിശുദ്ധന്മാർക്കെതിരായി ഗോഗ്-മാഗോഗ്
യുദ്ധത്തിന് വരുമെന്നും പഠിപ്പിക്കുന്നത് തികച്ചും പരസ്പര വിരുദ്ധമാണ്.
3. അതുകൊണ്ടു,
വെളിപ്പാട് 20-ലെ ആയിരാമാണ്ടു വാഴ്ച കർത്താവിന്റെ രണ്ടാം വരവിനു മുൻപാണ്.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: കർത്താവിന്റെ വരവിനുശേഷം ദൈവരാജ്യത്തിൽ
പുനരുത്ഥാനം ചെയ്യപ്പെടാത്ത മനുഷ്യർ ഉണ്ടായിരിക്കും.
ബൈബിൾ
എന്ത് പറയുന്നു: പുനരുത്ഥാനം കഴിഞ്ഞവർ മാത്രമേ ദൈവരാജ്യം
അവകാശമാക്കുകയുള്ളു.
വാക്യം:
1 കൊരിന്ത്യർ 15:50-52
വിശദീകരണം:
1
കൊരിന്ത്യർ 15:50-52: “50 സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല,
ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. 51 ഞാൻ
ഒരു മർമ്മം നിങ്ങളോടു പറയാം: 52 നാം എല്ലാവരും
നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ
അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.”
ദൈവരാജ്യം അവകാശമാക്കുവാൻ പുതുജനനവും, മനുഷ്യ ജീവിതത്തിൽ
ആത്മീകമായ രൂപാന്തരവും മാത്രമല്ല മനുഷ്യ ശരീരത്തിന്റെ ഉയിർപ്പും രൂപാന്തരവും കൂടിയേ
തീരൂ എന്ന് പൗലോസ് വാദിക്കുന്നു. ആത്മാവിനോടൊപ്പം ശരീരവും സംപൂർണതയിലേക്കു രൂപാന്തപ്പെടുന്നവർ
മാത്രമേ (പുനരുത്ഥാനം) ദൈവരാജ്യം (പിതാവിന്റെ രാജ്യം) അവകാശമാക്കുകയുള്ളൂ. മാംസരക്തങ്ങൾക്കു ദൈവരാജ്യം
അവകാശമാക്കുവാൻ കഴികയില്ല എന്ന് പറഞ്ഞിട്ട് പൗലോസ് വിശ്വാസികളുടെ പുനരുത്ഥാനത്തെകുറിച്ച്
രേഖപ്പെടുത്തിയിരിക്കുന്നു.
പ്രീ-മില്ലെന്നറിയലിസ്റ്റുകൾ പറയുന്നത് പുനരുത്ഥാന ശരീരം ലഭിക്കാത്ത അവിശ്വാസികളും ദൈവരാജ്യത്തിന്റെ സമൃദ്ധിയും നീതിയും ആയിരാമാണ്ടിൽ അനുഭവിക്കും എന്നാണ്. ഇത് ദൈവവചനത്തിനു വിരുദ്ധമാണ്.
ഉപസംഹാരം:
1. ദൈവരാജ്യം
അവകാശമാക്കുവാൻ പുനരുത്ഥാനം കൂടിയേതീരൂ എന്ന് പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു.
2. അതുകൊണ്ടു
കർത്താവിന്റെ വരവിൽ ദൈവരാജ്യം അതിന്റെ സംപൂർണ്ണതയിൽ വരുമ്പോൾ ഒരു അവിശ്വാസിയും അത്
അനുഭവിക്കുകയില്ല. അതിൽ പ്രവേശിക്കുകയില്ല.
3. പ്രീ-മില്ലേനിയലിസം
എന്ന സിദ്ധാന്തം വചനവിരുദ്ധമാണ്.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: ഈ ശാപഗ്രസ്തമായ ഭൂമി, ഈ പഴയ സൃഷ്ടി, മനുഷ്യന്റെ വീഴ്ച നിമിത്തം സംഭവിച്ച
ശാപവും പേറി, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു ശേഷവും ഒരായിരം വർഷം അതുപോലെ
തന്നെ തുടരും.
ബൈബിൾ
എന്ത് പറയുന്നു: കർത്താവിന്റെ രണ്ടാം വരവിൽ വിശുദ്ധന്മാർ
രൂപാന്തരപ്പെടുന്ന സമയത്തു സൃഷ്ടിയും രൂപാന്തരപ്പെടും.
വാക്യം:
റോമർ 8:18-23
വിശദീകരണം:
റോമർ
8:18-23: “18 നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ
ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. 19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ
ആകാംക്ഷയോടെ കാത്തിരിക്കുന്നു. 20
സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും
ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; 21 മനഃപൂർവ്വമായിട്ടല്ല,
അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. 22 സർവ്വസൃഷ്ടിയും ഇന്നുവരെ
ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. 23
ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു
കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.”
സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ക്രിസ്തുവിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു. സൃഷ്ടി എന്തിനാണ് ദൈവമാക്കളുടെ ശരീരത്തിന്റെ വീണ്ടെടുപ്പിനെ
കാത്തിരിക്കുന്നത്? അന്നാണ് അവരുടെയും വീണ്ടെടുപ്പ് നടക്കുന്നത്. അന്നാണ് സകലതും പുതിയതായി
തീരുന്നതു എന്നുള്ളതുകൊണ്ടാണ്. ദൈവമക്കൾ തേജസ്കരിക്കപ്പെടുമ്പോൾ, സൃഷ്ടി തന്നെയും ദ്രവത്വത്തിന്റെ
ദാസ്യത്തിൽ നിന്നും വീണ്ടടുക്കപ്പെടും. സൃഷ്ടിയെ
ഒരു വ്യക്തിയെയെന്നപോലെ ഇവിടെ മൂർത്തീകരിച്ചിരിക്കുന്നു.
സൃഷ്ടി കാത്തിരിക്കുന്നു, ആശയോടെ മായയ്ക്ക്
കീഴ്പെട്ടിരിക്കുന്നു എന്നിങ്ങനെ എഴുതിയിരിക്കുന്നത് അതുകൊണ്ടാണ്.
ദൈവമക്കളും ഈ സൃഷ്ടിയും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ വീഴ്ചയിലും,
ശാപത്തിലും, കഷ്ടങ്ങളിലും ഒരുമിച്ചായിരിക്കുന്നതുപോലെ വീണ്ടെടുപ്പിലും ഭാവിയിലെ മഹത്വത്തിലും ഒരുമിച്ചുണ്ടായിരിക്കും.
നമ്മുടെ വീണ്ടെടുപ്പിന്റെ സമയത്തു സൃഷ്ടി ദ്രവത്വത്തിൻ്റെ ദാസ്യത്തിൽ നിന്നും
വിടുതൽ പ്രാപിക്കുന്നില്ല എന്നാണ് നാം വിശ്വസിക്കുന്നത് എങ്കിൽ വീണ്ടെടുപ്പിന്റെ സമ്പൂർണ്ണതയും ആത്യന്തികതയും നാം
ഗൗരവമായി കണക്കാക്കുന്നില്ല എന്നർത്ഥം.
ചില പ്രീ-മില്ലേനിയലിസ്റ്റുകൾ ചിന്തിക്കുന്നത് ആയിരാമാണ്ടു
വാഴ്ചയ്ക്കു മുൻപ് ഈ പ്രകൃതി അപൂർണായ മാറ്റത്തിനു വിധേയമാകും, വാഴ്ചയ്ക്കു ശേഷം പൂർണവും
അവസാനവുമായ മാറ്റത്തിനു വിധേയമാകും എന്നാണ്. എങ്കിൽ നമ്മുടെ വീണ്ടെടുപ്പും കർത്താവിന്റെ
വരവിനു ഒരു ആയിരം വർഷം കഴിഞ്ഞിട്ട് മാത്രമേ പൂർണമാവുകയുള്ളു എന്ന് വാദിച്ചുകൂടെ?
2 പത്രോസ് 3:10-13-ലും വെളിപ്പാട് 21:1-ലും പറയുന്ന പുതിയ ആകാശ പുതിയ ഭൂമിയുടെ
വരവുമായി സമാനതകളുള്ളതാണ് പൗലോസിന്റെ ലേഖനങ്ങളിലെ വിശുദ്ധന്മാരുടെയും ഈ സൃഷ്ടിയുടെയും
വീണ്ടെടുപ്പിന്റെ വിവരണങ്ങൾ.
ഉപസംഹാരം:
1. സർവ
സൃഷ്ടിയും ദൈവപുത്രന്മാരുടെ പുനരുത്ഥാനത്തെ കാത്തിരിക്കുന്നു. അതിന്റെ കാരണം, അന്ന്
ഭൂമിയുടെയും സർവ സൃഷ്ടിയുടെയും വീണ്ടെടുപ്പ് സംഭവിക്കും എന്നുള്ളതാണ്.
2. എന്നാൽ,
വിശുദ്ധന്മാരുടെ പുനരുത്ഥാനത്തിനു ശേഷം ഒരു ആയിരം വർഷം കഴിഞ്ഞിട്ട് മാത്രമേ ഭൂമി വീണ്ടെടുക്കപ്പെടുകയുള്ളു
എന്ന് പ്രീ-മില്ലെന്നിയലിസ്റ്റുകൾ വിശ്വസിക്കുന്നു.
3. അതുകൊണ്ടു
പ്രീ മില്ലെന്നിയലിസം വചനവിരുദ്ധമാണ്.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: കർത്താവ് രണ്ടാമത് വന്നു ആയിരം വർഷം കഴിഞ്ഞേ
പുതിയ ആകാശ പുതിയ ഭൂമി വെളിപ്പെടുകയുള്ളു.
ബൈബിൾ
എന്ത് പറയുന്നു:
കർത്താവിന്റെ രണ്ടാം വരവിൽ പുതിയാകാശ പുതിയ ഭൂമി വെളിപ്പെടും.
വാക്യം:
2 പത്രോസ് 3:8-13
വിശദീകരണം:
2
പത്രോസ് 3:3, 4, 8-13: (വാക്യം
3, 4) “3 അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം
എവിടെ? 4 പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ
തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ
അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” (വാക്യം 8-13) “8 എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം
ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം
നിങ്ങൾ മറക്കരുതു. 9 ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല.
ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ
കാണിക്കുന്നതേയുള്ളു. 10 കർത്താവിന്റെ ദിവസമോ
കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ
കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 11 ഇങ്ങനെ
ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും
ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു 12 നിങ്ങൾ എത്ര
വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. 13 എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം
നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു
കാത്തിരിക്കുന്നു.”
പത്രോസിന്റെ വിഷയം കർത്താവിന്റെ
വാഗ്ദത്തമാണ്. ആ വാഗ്ദത്തം കർത്താവിന്റെ കള്ളനെപോലെയുള്ള വരവാണ്, കർത്താവിന്റെ ദിവസമാണ്,
അവന്റെ പ്രത്യക്ഷതയാണ് എന്നുള്ളത് വ്യക്തമാണല്ലോ.
അപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
1. ആകാശം ഒഴിഞ്ഞുപോകും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ ഇപ്പോഴത്തെ ആകാശത്തിന്റെയും ഭൂമിയുടെയും ശുദ്ധീകരണം നടക്കും. “കർത്താവിന്റെ ദിവസ”ത്തിലാണ് ആകാശം ഒഴിഞ്ഞു പോകുന്നത്.
2. പുതിയ ആകാശവും പുതിയ ഭൂമിയും ദൈവജനത്തിന്റെ നിത്യ വാസസ്ഥലമായി ഇറങ്ങി വരും. നമ്മുടെ പ്രതീക്ഷ കർത്താവിന്റെ രണ്ടാം വരവാണ്. ആ ദൈവദിവസത്തിലാണ് ഇപ്പോഴത്തെ ആകാശവും ഭൂമിയും പുതിയ ആകാശത്തിനും പുതിയ ഭൂമിയ്ക്കുമായി വഴിമാറുന്ന സമയം.
3. നാം
കാത്തിരിക്കുന്നത് എന്തിനൊക്കെ വേണ്ടിയാണ്.
2 പത്രോസ് 3:11-13 പറയുന്നു: “ഇങ്ങനെ
ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും
ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും
ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും
ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം
അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”
|
Note: കർത്താവിന്റെ
ദിവസം എന്ന് പത്രോസ് പറഞ്ഞിരിക്കുന്നത് ആയിരാമാണ്ടു ഉൾപ്പെടുന്ന കാലത്തെയാണ് എന്ന്
പ്രീ-മില്ലേനിയം വിശ്വസിക്കുന്നവർ വാദിക്കാറുണ്ട്. അത് തികച്ചും തെറ്റാണു. കാരണം: 1. കർത്താവിന്റെ
ദിവസത്തിൽ ദുഷ്ടന്മാർക്കു പെട്ടെന്ന് നാശം വന്നുഭവിക്കും എന്നാണ് പറയുന്നത്. ആയിരം
വര്ഷം നിലനിൽക്കുന്ന ന്യായവിധി എങ്ങനെയാണ് പെട്ടെന്നാകുന്നത്? ആയിരം വര്ഷം കഴിഞ്ഞുള്ള
ന്യായവിധി എങ്ങനെയാണ് പെട്ടെന്നാകുന്നത്? 1 തെസ്സലൊനീക്യർ 5:2, 3: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി
അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ
അവർക്കു പെട്ടെന്നു
നാശം വന്നു ഭവിക്കും; അവർക്കു
തെറ്റിയൊഴിയാവതുമല്ല.” 2. എല്ലാവരും
രക്ഷിക്കപ്പെടുവാൻ വേണ്ടിയാണ് കർത്താവു വരുവാൻ വൈകുന്നതെന്ന് പത്രോസ് പറയുന്നു. അതുകൊണ്ടു,
ഒരുവൻ രക്ഷിക്കപ്പെടണമെങ്കിൽ കർത്താവിന്റെ ദിവസം വരുന്നതിനു മുൻപ് രക്ഷിക്കപ്പെടണം.
കർത്താവിന്റെ ദിവസം ഒരു ആയിരം വർഷം നീണ്ടുനിൽക്കുന്നുവെങ്കിൽ, പത്രോസ് പറയുന്നതിന്റെ
അർഥം എന്താണ്? ആയിരാമാണ്ടിൽ അനേകർ രക്ഷിക്കപ്പെടുമെന്നു വാദിക്കുന്നത് പത്രോസിന്റെ
ഉപദേശത്തോടു യോജിക്കുന്നില്ലല്ലോ. 2 പത്രൊസ് 3:9, 10: “ചിലർ
താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല.
ആരും നശിച്ചുപോകാതെ എല്ലാവരും
മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.
കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും….” 3. പത്രോസിൽ
കർത്താവിന്റെ പ്രത്യക്ഷതയും കർത്താവിന്റെ ദിവസവും എന്ന് പറഞ്ഞിരിക്കുന്നത് ഒരേ കാര്യത്തെ
തന്നെയാണ്. 2
പത്രൊസ് 3:3, 9, 10 : (വാക്യം
3) “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം
എവിടെ? (വാക്യം 9) ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു
തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ
താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ
ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. (വാക്യം 10)
കർത്താവിന്റെ
ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം
കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള
പണികളും വെന്തുപോകയും ചെയ്യും.” പത്രോസ് ഇവിടെ കർത്താവിന്റെ വാഗ്ദത്തം എന്താണെന്നു സൂചിപ്പിക്കുന്നു.
കർത്താവിന്റെ പ്രത്യക്ഷതയാണ് വാഗ്‌ദത്തം. കർത്താവിന്റെ ദിവസമാണ് വാഗ്‌ദത്തം. കർത്താവിന്റെ
ദിവസം ആയിരം വർഷം നീണ്ടു നിൽക്കുമെങ്കിൽ, അതുപോലെതന്നെ അവന്റെ വരവും ആയിരം വർഷം നീണ്ടു
നില്കും എന്ന് വാദിച്ചുകൂടെ? ഈ കാരണങ്ങളാൽ കർത്താവിന്റെ ദിവസം ഒരു ആയിരം വർഷം നീണ്ടു
നിൽക്കുന്ന ഒരു കാലമായി ഗ്രഹിക്കുന്നതു അസാധ്യമാണ്. |
ഉപസംഹാരം:
1.
കർത്താവിന്റെ കള്ളനെപോലെയുള്ള വരവിൽ ഈ ഭൂമി
ശുദ്ധികരിക്കപ്പെടും. പുതിയ ഭൂമി വെളിപ്പെടും.
2.
നാം കാത്തിരിക്കുന്നത് പുതിയ ആകാശ പുതിയ ഭൂമിയെയാണ്.
അല്ലാതെ പഴയ ഭൂമിയിലുള്ള ആയിരാമാണ്ടു വാഴ്ചയെയല്ല.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: കർത്താവിന്റെ രണ്ടാം വരവിനു ശേഷവും അവിശ്വാസികൾക്കു
രക്ഷിക്കപ്പെടുവാൻ അവസരം ഉണ്ടായിരിക്കും. കോടാനുകോടി മനുഷ്യർ അന്ന് ദൈവത്തെ അന്വേഷിക്കും.
ബൈബിൾ
എന്ത് പറയുന്നു: കർത്താവു രണ്ടാമത് വന്നു കഴിഞ്ഞാൽ പിന്നെ
ഒരു അവിശ്വാസിയും രക്ഷിക്കപ്പെടുകയില്ല.
വാക്യം:
2 പത്രോസ് 3:9, 10; 1 തെസ്സലൊനീക്യർ 5:2, 3; 2 തെസ്സലോനിക്യർ 1:5-10
വിശദീകരണം:
2
പത്രോസ് 3:9, 10: “9 ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ
കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ
അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. 10 കർത്താവിന്റെ
ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ
കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.”
കർത്താവ് എന്തുകൊണ്ട് ഇപ്പോൾ വരുന്നില്ല എന്നാണ് പത്രോസ്
വിവരിക്കുന്നത്. ആരും നശിച്ചുപോകരുത് എന്നതാണ് കാരണം. കർത്താവ് വന്നു കഴിഞ്ഞിട്ടും
രക്ഷിക്കപ്പെടുവാൻ അവസരം ഉണ്ടാകുമെങ്കിൽ കർത്താവ് എന്തുകൊണ്ട് താമസിക്കുന്നു എന്ന്
പത്രോസ് വിശദീകരിച്ചതിന് എന്താണ് അർത്ഥമുള്ളത്? കർത്താവിന്റെ കള്ളനെപോലെയുള്ള ദിവസം
വരുവാൻ താമസിക്കുന്നത് തന്നെ രക്ഷിക്കപ്പെടേണ്ടവർ എല്ലാവരും രക്ഷിക്കപ്പെടുവാൻ വേണ്ടിയാണ്.
അതുകൊണ്ടു, കർത്താവിന്റെ ദിവസം വന്നു കഴിഞ്ഞാൽ ഒരു അവിശ്വസിക്കും രക്ഷിക്കപ്പെടുവാൻ
അവസരം ലഭിക്കുകയില്ല. കർത്താവിന്റെ രണ്ടാം വരവിൽ രക്ഷയുടെ വാതിൽ എന്നേക്കുമായി അടയ്ക്കപ്പെടും.
പൗലോസ് എന്താണ് പറയുന്നതെന്ന് നോക്കാം:
1
തെസ്സലൊനീക്യർ 5:2, 3: “2 കള്ളൻ
രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു
നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. 3 അവർ സമാധാനമെന്നും നിർഭയമെന്നും
പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു
നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.”
കർത്താവിന്റെ നാൾ വരുമ്പോൾ ദുഷ്ടന്മാർക്കു പെട്ടെന്ന് നാശം
വന്നു ഭവിക്കും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദൈവവചനം വ്യക്തമായി പറയുമ്പോൾ അതിനെ
എതിർക്കുവാൻ നമുക്ക് അധികാരം ഉണ്ടോ? കർത്താവിന്റെ നാളിൽ അനേകർ രക്ഷിക്കപ്പെടും എന്ന്
പറഞ്ഞാൽ എങ്ങനെ ശരിയാകും? കർത്താവിന്റെ നാളിൽ പെട്ടന്നൊന്നും നാശം വരികയില്ല, ആയിരാമാണ്ടു
കഴിഞ്ഞേ വരികയുള്ളു എന്ന് നമുക്ക് പറയുവാൻ പറ്റുമോ? ഇല്ല. ദൈവവചനത്തിനു വിരുദ്ധമായി
വിശ്വസിക്കുവാൻ പാടുള്ളതല്ല.
2
തെസ്സലോനിക്യർ 1:5-10: “6കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ
നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി 7 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ
സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 8 നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന
നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. 9 ആ നാളിൽ അവൻ
തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ
വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും 10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ
കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം
എന്ന ശിക്ഷാവിധി അനുഭവിക്കും.”
ഉപസംഹാരം:
1. കർത്താവ്
വരുവാൻ താമസിക്കുന്നതുതന്നെ എല്ലാവരും രക്ഷിക്കപെടുവാനാണ്.
2. കർത്താവിന്റെ
നാൾ വരുമ്പോൾ അവിശ്വാസികൾക്കു പെട്ടെന്ന് നാശം വന്നുഭവിക്കും.
3. കർത്താവിന്റെ
വരവിനു ശേഷം ഒരു അവിശ്വാസിയും രക്ഷിക്കപ്പെടുകയില്ല.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: വിശുദ്ധന്മാർ പുനരുത്ഥാനം ചെയ്തശേഷം ഒരു
ആയിരം വർഷം കഴിഞ്ഞേ അവിശ്വാസികൾ പുനരുത്ഥാനം ചെയ്യുകയുള്ളൂ.
ബൈബിൾ
എന്ത് പറയുന്നു: വിശ്വാസികളും അവിശ്വാസികളും പുനരുത്ഥാനം
ചെയ്യുന്നത് ഒരേ സമയത്താണ്.
വാക്യം:
യോഹന്നാൻ 5:28-29
വിശദീകരണം:
യോഹന്നാൻ
5:28-29: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും
പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക
വരുന്നു.”
ഈ വേദഭാഗത്തെ പ്രീ-മില്ലേനിയലിസ്റ്റുകൾ എങ്ങനെ വ്യാഖ്യാനിക്കുന്നു
എന്ന് നമുക്ക് ആദ്യം പരിശോധിക്കാം.
യോഹന്നാൻ 5:25-ലെ “നാഴിക” എന്ന വാക്ക് ഈ പുതിയ നിയമ കാലത്തെ
മുഴുവനും ഉൾക്കൊള്ളുന്നതാകയാൽ യോഹന്നാൻ 5:28-ലെ “നാഴിക” എന്ന വാക്ക് ആയിരാമാണ്ടു വാഴ്ചയിലെ
1000 കൊല്ലങ്ങൾ ആണെന്ന് പ്രീ-മില്ലേനിയലിസ്റ്റുകൾ
വ്യാഖ്യാനിക്കാറുണ്ട്. അങ്ങനെയെങ്കിൽ, യോഹന്നാൻ 5:25-ൽ പറയുന്ന മനുഷ്യരുടെ വീണ്ടും ജനനം
ഈ കാലമായിരിക്കുന്ന ഈ നാഴികയിൽ ഉടനീളം നടക്കുന്നത് പോലെ, വിശ്വാസികളും അവിശ്വാസികളും
ആയിരാമാണ്ടു വാഴ്ചയിലുടനീളം ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുകയും വേണമല്ലോ. അവിടെ നാഴിക
എന്നുള്ളത് ആയിരം വർഷമാണെങ്കിൽ യേശുവിന്റെ ശബ്ദവും ആയിരം വര്ഷം തുടർന്ന് കൊണ്ടിരിക്കും
എന്നു വരും. അപ്പോൾ കോടാനുകോടി പുനരുത്ഥാനങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കേണ്ടി വരും.
എന്നാൽ യോഹന്നാൻ എന്താണ് പറയുന്നത്? കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ “ശബ്ദം കേൾക്കും” എന്നാണ്. അത് കല്ലറകളിലുള്ള
എല്ലാവരും ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേൽക്കുന്നതിനെ കുറിക്കുന്നതാണ്. ആ ശബ്ദം ആ
നാഴികയിൽ ഒരിക്കൽ ഉയരും. അവസാന ദിവസം, ദൈവപുത്രന്റെ ശബ്ദം കേട്ട്, കല്ലറകളിൽ ഉള്ള എല്ലാവരും
(വിശ്വാസികളും അവിശ്വാസികളും) ഉയിർത്തെഴുന്നേൽക്കും. ഇവിടെ ഒരു സാർവത്രികമായ പുനരുത്ഥാനത്തെകുറിച്ച്
മാത്രമേ സൂചിപ്പിക്കുന്നുള്ളു. അതുകൊണ്ടു, ശരീരത്തിന്റെ ഒരേയൊരു പുനരുത്ഥാനമേ ദൈവവചനം
സൂചിപ്പിക്കുന്നുള്ളു.
ഉപസംഹാരം:
1. വിശ്വാസികൾ
യേശുവിന്റെ ശബ്ദം കേട്ട് ഉയിർത്തെഴുന്നേൽക്കുന്ന അതെ നാഴികയിൽ അവിശ്വാസികളും ഉയിർത്തെഴുന്നേൽക്കും.
2. കർത്താവിന്റെ
വരവിൽ വിശ്വാസികൾ ഉയിർത്തെഴുന്നേൽക്കുമെന്നും അതിനു ആയിരാമാണ്ടു കഴിഞ്ഞേ അവിശ്വാസികൾ
ഉയിർത്തെഴുന്നേൽക്കുമെന്നും വിശ്വസിക്കുന്നത് വചന വിരുദ്ധമാണ്.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പ്രീ-മില്ലേനിയലിസ്റ്റുകൾ
എന്ത് വിശ്വസിക്കുന്നു: കർത്താവിന്റെ രണ്ടാം വരവിനു ശേഷം ആയിരാമാണ്ടു
കഴിഞ്ഞേ അന്ത്യന്യായവിധി സംഭവിക്കുകയുള്ളൂ.
ബൈബിൾ
എന്ത് പറയുന്നു: കർത്താവിന്റെ രണ്ടാം വരവിൽ അന്ത്യന്യായവിധി
സംഭവിക്കും.
വാക്യം:
മത്തായി 25:31-46; 2 തെസ്സലോനിക്യർ 1:5-10
വിശദീകരണം:
മത്തായി
25:31-46: (വാക്യം 31-33) 31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ
അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. 32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും
കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, 33 ചെമ്മരിയാടുകളെ
തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും………. (വാക്യം 46) 46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
ചിലരെ നിത്യനാശത്തിലേക്കും ചിലരെ നിത്യജീവനിലേക്കും നയിക്കുന്ന
അന്ത്യന്യായവിധി ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ സംഭവിക്കുമെന്ന് ഇവിടെ നാം വായിക്കുന്നു.
പ്രീ-മില്ലേനിയലിസ്റ്റുകൾ പറയുന്നത് പോലെ ഒരായിരമാണ്ടു വാഴ്ചയ്ക്കു ശേഷം മാത്രമാണ് ദുഷ്ടന്മാരെ ന്യായംവിധിച്ചു അവരെ തീപ്പൊയ്കയിലേക്കു
തള്ളിക്കളയുന്നതെങ്കിൽ ഇതെങ്ങനെയാണ് ശരിയാകുന്നത്?
മനുഷ്യപുത്രൻ വരുമ്പോൾ അവൻ സിംഹാസനത്തിൽ ഇരിക്കും,
മനുഷ്യപുത്രൻ വരുമ്പോൾ സകലജാതികളെയും മുമ്പിൽ കൂട്ടും, മനുഷ്യപുത്രൻ വരുമ്പോൾ അവരെ
വേർതിരിക്കും എന്നാണ് നാം മനസ്സിലാക്കേണ്ടത്.
പൗലോസ് എന്ത് പറയുന്നു എന്നു നമുക്ക് പരിശോധിക്കാം:
2
തെസ്സലോനിക്യർ 1:5-10: “6കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി 7 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ
സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 8 നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന
നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. 9 ആ നാളിൽ അവൻ
തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ
വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും 10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ
കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം
എന്ന ശിക്ഷാവിധി അനുഭവിക്കും.”
യേശുക്രിസ്തു രണ്ടാമത് വരുമ്പോഴാണ് പാപികളുടെ നിത്യശിക്ഷാവിധി
നടക്കുന്നത്. അതും കഴിഞ്ഞു ഒരായിരം വർഷങ്ങൾക്കു ശേഷമല്ല. അവൻ തന്റെ വിശുദ്ധന്മാരിൽ
മഹത്വപ്പെടേണ്ടതിനു വരുമ്പോൾ എന്ന് പൗലോസ് പറയുന്നു. വെളിപ്പാട് 20:11-15-ൽ ആയിരാമാണ്ടിനു
ശേഷമാണ് ഈ ന്യായവിധിയെന്നു കാണുന്നതുകൊണ്ടു, ആയിരാമാണ്ടു വാഴ്ച ഈ പുതിയ നിയമ സഭാകാലമാണെന്നാണ്
മനസ്സിലാക്കേണ്ടത്. ഒന്നാം നൂറ്റാണ്ടിൽ തെസ്സലോനിക്യരെ പീഡിപ്പിച്ചവരെ, യേശുക്രിസ്തു
രണ്ടാമത് വരുമ്പോൾ നിത്യശിക്ഷയാൽ ദണ്ഡിപ്പിക്കും (2 തെസ്സ1:6, 9).
നിത്യശിക്ഷയ്ക്കു അവർ വിധിക്കപ്പെടണമെങ്കിൽ അവർ ഉയിർത്തെഴുന്നേൽക്കണം. എല്ലാക്കാലത്തുമുള്ള
അവിശ്വാസികൾ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലാണ്
ഉയിർത്തെഴുന്നേറ്റു നശിക്കുന്നത്, അല്ലാതെ പിന്നെയും ഒരായിരമാണ്ടിനു ശേഷമല്ല.
സുവിശേഷം അനുസരിക്കാത്തവർക്കു പ്രതികാരം കൊടുക്കുമ്പോൾ
നിങ്ങൾക്ക് ആശ്വാസം ലഭിക്കും എന്ന് പൗലോസ്
പറഞ്ഞിരിക്കുന്നതിനെ വിശ്വാസികൾക്ക് ആശ്വാസം ലഭിച്ചു ആയിരാമാണ്ടു കഴിയുമ്പോൾ അവിശ്വാസികൾക്കു
പ്രതികാരം കൊടുക്കും എന്ന് പറയുന്നത് വചനവിരുദ്ധമാണ്.
കർത്താവു വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ നിത്യനാശം
എന്ന ശിക്ഷാവിധി അനുഭവിക്കും എന്ന് പൗലോസ് പറയുമ്പോൾ, അല്ല, ആയിരാമാണ്ടിലും സുവിശേഷം
അനുസരിക്കാത്ത ചിലർക്ക് വീണ്ടും അവസരം ലഭിക്കും എന്ന് പറയുന്നതും ഗുരുതരമായ തെറ്റാണു.
ഉപസംഹാരം:
1. കർത്താവിന്റെ
രണ്ടാം വരവിൽ അന്ത്യന്യായവിധി സംഭവിക്കും.
2. കർത്താവിന്റെ
രണ്ടാം വരവിൽ അവിശ്വാസികൾ ഉയിർത്തെഴുന്നേൽക്കും.
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഉപസംഹാരം
യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ സംഭവിക്കുമെന്ന് പുതിയ
നിയമപുസ്തകങ്ങൾ പറയുന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ തന്റെ രണ്ടാമത്തെ വരവിനു ശേഷം ഈ പഴയ ഭൂമിയിൽ ഒരായിരം വർഷം നീണ്ടു നിൽക്കുന്ന
വാഴ്ചയ്ക്കു ഒരു സ്ഥാനവുമില്ലെന്ന് നമുക്ക്
തീർച്ചപ്പെടുത്തുവാൻ കഴിയും. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ ഒടുക്കത്തെ നാളിലെ
ഉയിർത്തെഴുന്നേൽപ്പ്, അന്ത്യന്യായവിധി, പാപത്തിന്റെയും ശാപത്തിന്റെയും അവസാനം, മരണത്തിന്റെ
അവസാനം, പുതിയ ആകാശ പുതിയ ഭൂമിയുടെ വരവ് ഇവയൊക്കെയും സംഭവിക്കും.
പുതിയ നിയമത്തിലെ ശേഷം ഭാഗങ്ങൾ കർത്താവിന്റെ വരവിനു ശേഷമുള്ള
ഒരു ആയിരാമാണ്ടിനെ നിഷേധിക്കുന്നതുകൊണ്ടു ആയിരാമാണ്ടു എന്ന വസ്തുത ഇല്ലായെന്ന് വരുന്നില്ല.
പ്രീ-മില്ലെന്നിയലിസം തെറ്റാണെന്നേ വരികയുള്ളു. പ്രീ-മില്ലെന്നിയലിസം തെറ്റാണെങ്കിൽ
ശരിയായ ആയിരാമാണ്ടു വാഴ്ച എന്താണെന്ന് മനസ്സിലാക്കുവാൻ വിശ്വാസികൾ ശ്രമിക്കണം.
നാം ധരിച്ചുവച്ചിരിക്കുന്ന ആയിരാമാണ്ടിനെക്കുറിച്ചുള്ള
സിദ്ധാന്തം ബൈബിളിലെ മറ്റു ഭാഗങ്ങളുമായി പരസ്പരവിരുദ്ധമാണെങ്കിൽ നാം വിശ്വസിച്ചുവന്ന
നമ്മുടെ സിദ്ധാന്തം നമുക്ക് ഉപേക്ഷിച്ചുകൂടെ? ആയിരാമാണ്ടിനെക്കുറിച്ചു ദൈവവചനവുമായി
ചേർന്നുപോകുന്ന കാഴ്ചപ്പാട് നമുക്ക് പിന്തുടർന്നുകൂടെ? മനുഷ്യരുടെ ഉപദേശം ഉപേക്ഷിച്ചു
ദൈവവചനം മനസ്സിലാക്കുവാൻ, ഗ്രഹിക്കുവാൻ, പ്രസംഗിക്കുവാൻ ദൈവം നമുക്ക് കൃപയും, ജ്ഞാനവും,
ധൈര്യവും തരട്ടെ. അവനു സകല മഹത്വവും. ആമേൻ.
1. Storms, Samuel C. Kingdom Come: The Amillennial Alternative.
2. Waldron, Samuel E. The End Times Made Simple.
Comments
Post a Comment