വെളിപ്പാട് 20:1-10 - വ്യാഖ്യാനതത്വം
വെളിപ്പാട് 20-ന്റെ ചില സവിശേഷതകളും അതിൽനിന്നു ഉരുത്തിരിയുന്ന ചില വ്യാഖ്യാന തത്വങ്ങളും:
1. വെളിപ്പാട് എഴുതിയത് ദൈവസഭയ്ക്കാണ്
വെളിപ്പാട് 1:4: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു….”
വെളിപ്പാട് 22:16: “യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു….”
വെളിപ്പാട് പുസ്തകത്തിന്റെ ആമുഖത്തിലും ഉപസംഹാരത്തിലും പറയുന്ന പ്രസ്താവനയാണ് മുകളിൽ നാം കാണുന്നത്. ഇത് കാണിക്കുന്നത്, വെളിപ്പാട് പുസ്തകം മുഴുവനും സഭയ്ക്ക് വേണ്ടിയും, സഭയോടുള്ളബന്ധത്തിലുമാണ് എഴുതിയിരിക്കുന്നത് എന്നാണ്. വെളിപ്പാട് പുസ്തകം നാലു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അധ്യായങ്ങളിലും സഭയെ സംബന്ധിക്കുന്ന കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്.
2.
ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കി വ്യാഖ്യാനിക്കണം
വെളിപ്പാടിലെ
ദർശനം കാണുമ്പോൾ യോഹന്നാൻ പത്മൊസ് ദ്വീപിലായിരുന്നു. ദൈവവചനവും ദൈവരാജ്യവും നിമിത്തം
ഉപദ്രവിക്കപ്പെട്ടുക്കൊണ്ടിരുന്ന അപ്പൊസ്തലനാണ് ദൈവം വെളിപ്പാട് കാണിച്ചുകൊടുത്തത്.
മാത്രമല്ല, വെളിപ്പാട് പുസ്തകം എഴുതിയതും വിശ്വാസത്തിനു വേണ്ടി ഉപദ്രവിക്കപ്പെടുന്ന
സഭകൾക്ക് വേണ്ടിയാണ്.
വെളിപ്പാട് 1:9:
“നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.”
വെളിപ്പാട് 2:2, 3:
“ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും…… നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.”
വെളിപ്പാട് 2:10, 11:
“നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.”
വെളിപ്പാട് 2:13:
“നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.”
വെളിപ്പാട് 12:11: "അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല."
വെളിപ്പാട് 13:7-10: "വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവും കൊണ്ടു ആവശ്യം.
ഒന്നാം
നൂറ്റാണ്ടിലെ ഉപദ്രവിക്കപ്പെട്ട ദൈവസഭയ്ക്കാണ് വെളിപ്പാട് എഴുതിയത് എന്ന ബോധം വെളിപ്പാട് 20 വ്യാഖ്യാനിക്കുമ്പോൾ നമുക്ക് വേണം.
3.
ചരിത്രക്രമത്തിലല്ലാത്ത സാഹിത്യ ഘടന
(Non-chronological Structure)
വെളിപ്പാട്
പുസ്തകം ചരിത്രത്തിൽ നിറവേറുന്ന കാര്യങ്ങളുടെ ക്രമത്തിലല്ല എഴുതിയിരിക്കുന്നത്. ഒരു ഉദാഹരണം നോക്കാം:
വെളിപ്പാട് 11:15-18: “……ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി……മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.”
ഇവിടെ വായിക്കുന്നത് കർത്താവിന്റെ രണ്ടാം വരവിൽ സംഭവിക്കേണ്ട
അവിശ്വാസികളായ മനുഷ്യരുടെ ന്യായവിധി, ദൈവമക്കളുടെ പ്രതിഫലം, പിതാവിന്റെയും പുത്രന്റെയും
നിത്യവാഴ്ച എന്നിവയെക്കുറിച്ചാണ്.
എന്നാൽ തൊട്ടടുത്ത അധ്യായത്തിൽ (വെളിപ്പാട് 12) നാം
വീണ്ടും രണ്ടാം വരവിനു മുമ്പുള്ള കാലത്തെകുറിച്ചു കാണുന്നു.
അതുകൊണ്ടു,
പത്തൊമ്പതാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടന്നു കഴിഞ്ഞിട്ടേ ഇരുപതാം അധ്യായത്തിൽ പറയുന്ന കാര്യങ്ങൾ സംഭവിക്കുകയുള്ളു എന്ന് കരുതരുത്. അത് നമുക്ക് സൂക്ഷ്മമായ
പഠനത്തിലൂടെ മാത്രമേ തീരുമാനിക്കുവാൻ പറ്റുകയുള്ളു.
4.
ദൈവരാജ്യം - വെളിപ്പാട് ഇരുപതിൽ
വെളിപ്പാട് ഇരുപതിൽ നാം വായിക്കുന്നത് ക്രിസ്തുവിന്റെ വാഴ്ചയെക്കുറിച്ചാണ്. അപ്പോൾ, ദൈവരാജ്യമാണ് വെളിപ്പാട് ഇരുപതിലെ കേന്ദ്രവിഷയം. അതുകൊണ്ടു, ആയിരാമാണ്ടു വാഴ്ചയെ ദൈവരാജ്യത്തെക്കുറിച്ചു പരാമർശിക്കുന്ന മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുന്നത് നമ്മെ സഹായിക്കും. ഉദാഹരണത്തിന്, മത്തായി 13:24-30,
37-43-ഉം 1 കൊരിന്ത്യർ 15:23-28-ഉം ക്രിസ്തുവിന്റെ രാജ്യത്തെ കുറിച്ച് വിവരിക്കുന്ന വേദഭാഗങ്ങളാണ്. വെളിപ്പാട് 20-ഉം ഈ വേദഭാഗങ്ങളും തമ്മിലുള്ള സമാന്തരങ്ങൾ നമുക്ക് ശ്രദ്ധിക്കാം.
5.
സാഹിത്യരൂപം മനസ്സിലാക്കി വ്യാഖ്യാനിക്കണം
ഒരു എഴുത്തിൽ നിന്നും നാം എന്ത് പ്രതീക്ഷിക്കുന്നു എന്ന് തീരുമാനിക്കുന്നത് ആ എഴുത്തിന്റെ ഭാഷാശൈലിയെക്കുറിച്ചുള്ള (സാഹിത്യരൂപം)
നമ്മുടെ കാഴ്ചപ്പാടാണ്. ഒരു എഴുത്തിനെ ലേഖനരൂപമായിട്ടാണ് നാം മനസ്സിലാക്കുന്നതെങ്കിൽ, ആക്ഷരീകമായ സാഹിത്യ രൂപമായിരിക്കും നാം പ്രതീക്ഷിക്കുക.
ബൈബിളിലെ പ്രവചനങ്ങളെ കഴിയുമെങ്കിൽ എല്ലാം
നാം ആക്ഷരികമായിത്തന്നെ വ്യാഖ്യാനിക്കണം എന്നുള്ളത് വളരെ തെറ്റായ വ്യാഖ്യാനനിയമമാണ്.
ദൈവത്തിനു സകലവും സാധ്യമാണ്. പത്തു തലയുള്ള ചുവന്ന സർപ്പത്തെ സൃഷ്ടിയ്ക്കുവാൻ ദൈവത്തിനു
കഴിയും. ദൈവവചനം നാം വ്യാഖ്യാനിക്കേണ്ടത് അത് ഏതു സാഹിത്യരൂപത്തിൽ എഴുതിയെന്നതിനനുസരിച്ചാണ്.
ആക്ഷരീകമായി എഴുതിയത് ആക്ഷരീകമായും, പ്രതീകത്മകമായി എഴുതിയത് പ്രതീകത്മകമായും വ്യാഖ്യാനിക്കണം.
എന്നാൽ എങ്ങനെയാണ് ഒരു വേദഭാഗം എതു സാഹിത്യരൂപമാണെന്നും
എങ്ങിനെ വ്യാഖ്യാനിക്കണമെന്നും നാം തിരിച്ചറിയുന്നത്? നമ്മുടെ ഇഷ്ടങ്ങളാണോ അത് തീരുമാനിക്കുന്നത്?
“ഈ ഭാഗം അക്ഷരീകമായി വ്യാഖ്യാനിക്കേണ്ടതാണെന്നു ഞാൻ കരുതുന്നു” എന്നാണോ വാദിക്കേണ്ടത്?
"തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുന്നത് തിരുവെഴുത്തുകളാൽത്തന്നെ" എന്നുള്ളതാണ്
തെറ്റിക്കൂടാത്ത വ്യാഖ്യാന നിയമം. ഏതു അക്ഷരീകം, ഏതു ആലങ്കാരികം എന്ന് ദൈവ വചനം തന്നെ
ബോധ്യപ്പെടുത്തും. ബൈബിളിൽ വിവിധങ്ങളായ സാഹിത്യ രൂപങ്ങളുണ്ടെന്നു നാം ഗൗരവമായി കാണുന്നുവെങ്കിൽ,
സാഹിത്യരൂപങ്ങളെ തിരിച്ചറിയുവാൻ തിരുവെഴുത്തുകളെത്തന്നെ അനുവദിക്കുന്നു എങ്കിൽ, നാം
അത് ഉള്ളതുപോലെത്തന്നെ വ്യാഖ്യാനിക്കുവാൻ ഇടയാകും.
വെളിപ്പാട് പുസ്തകത്തിന്റെ സാഹിത്യ രൂപം എന്താണ്? വെളിപ്പാടുപുസ്തകത്തിൽനിന്നു തന്നെ നമുക്ക് അത് മനസ്സിലാക്കുവാൻ ശ്രമിക്കാം.
വെളിപ്പാട് 1:1:
“യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.”
വെളിപ്പാട് 22:6:
“…..പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.”
വെളിപ്പാട് പുസ്തകം ചരിത്രത്തിൽ സംഭവിക്കേണ്ട കാര്യങ്ങളുടെ
പ്രദര്ശനമായിരുന്നു. ദൈവം അത് യോഹന്നാന് പ്രദർശിപ്പിച്ചു കൊടുത്തു. ഏതു രൂപത്തിലാണ്
പ്രദർശിപ്പിച്ചു കൊടുത്തതു? ചരിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആക്ഷരീകമായ രീതിയിലാണോ
യോഹന്നാൻ ദർശിച്ചത്? അതോ ചരിത്രസംഭവങ്ങളുടെ പ്രതീകാത്മകമായ ചിത്രമാണോ യോഹന്നാൻ കണ്ടത്?
ഇത് മനസ്സിലാക്കണമെങ്കിൽ ദാനിയേൽ പ്രവചനം രണ്ടാം അധ്യായം പഠിക്കണം. ദാനിയേൽ 2-ൽ രാജാവ്
ഒരു സ്വപ്നം കണ്ടു.
ദാനിയേൽ 2:28, 29: “എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു: രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.”
ദാനിയേൽ 2-ൽ ദർശനങ്ങളിലൂടെ ദൈവം രാജാവിന് ഭാവിയിൽ നടക്കേണ്ടുന്ന കാര്യങ്ങൾ അറിയിച്ചു കൊടുത്തതു പ്രതീകത്മകമായിട്ടായിരുന്നു. രാജാവ് കണ്ട ദർശനത്തെ അവനു വ്യാഖ്യാനിച്ചുകൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.
അതുപോലെതന്നെ വെളിപ്പാടുപുസ്തകത്തിലെ ദർശനവും പ്രതീകത്മകരൂപത്തിലാണ്. വെളിപ്പാട് പുസ്തകം ചരിത്രത്തിൽ സംഭവിക്കും എന്നതിന് യാതൊരു തർക്കത്തിന്റെയും ആവശ്യമില്ല. എന്നാൽ എങ്ങനെ അത് ചരിത്രത്തിൽ സംഭവിക്കും എന്ന് വ്യാഖ്യാനത്തിലൂടെ നാം മനസ്സിലാക്കണം.
വെളിപ്പാടുപുസ്തകത്തിൽ ചില പ്രതിരൂപങ്ങളെ വ്യാഖ്യാനിച്ചുതന്നിട്ടുണ്ട്. വ്യാഖ്യാനിച്ചിട്ടില്ലാത്ത പ്രതിരൂപങ്ങളെ നാം ശേഷം തിരുവെഴുത്തുകളുടെ സഹായത്താൽ വ്യാഖ്യാനിക്കണം.
വെളിപ്പാട് പുസ്തകം വ്യാഖ്യാനിച്ചുതന്നിട്ടുള്ള പ്രതിരൂപങ്ങൾ:
ഏഴു നിലവിളക്കു = ഏഴു സഭ
ഏഴു നക്ഷത്രം = സഭകളുടെ ദൂതന്മാർ
ഏഴു ദീപങ്ങൾ = ദൈവത്തിന്റെ ഏഴു ആത്മാക്കൾ
മഹാസർപ്പം = സാത്താൻ
വെളിപ്പാട് പുസ്തകം വ്യാഖ്യാനിച്ചുതന്നിട്ടില്ലാത്ത പ്രതിരൂപങ്ങൾ (ചിലതുമാത്രം):
വായിൽ മൂർച്ചയേറിയ വാൾ, ചങ്ങല, പുസ്തകം, കുഞ്ഞാടിന്റെ കല്യാണം
കുഞ്ഞാട്, സ്ത്രീ, മഹാവേശ്യ, മൃഗം, കള്ളപ്രവാചകൻ, കുതിര
ദൈവത്തിന്റെ മുദ്ര, മൃഗത്തിന്റെ മുദ്ര
10 ദിവസം, 144,000, 1260 ദിവസം, 144 മുഴം
ദൈവത്തിന്റെ ഏഴു ആത്മാക്കൾ
വെളിപ്പാടുപുസ്തകം ഇരുപതാം അധ്യായവും ഈ ശൈലിയിൽ നിന്ന് വ്യത്യസ്തമല്ല.
വെളിപ്പാട് 20:1: “അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു.”
“കണ്ടു” എന്ന പ്രയോഗം നമ്മെ ഓർപ്പിക്കുന്നതു, യോഹന്നാൻ വെളിപ്പാട് ഇരുപതിൽ കണ്ടത് ചരിത്ര സംഭവങ്ങളുടെ പ്രതിരൂപങ്ങളെയാണ് എന്നാണ്. എന്തൊക്കെയാണ് യോഹന്നാൻ കണ്ടത്: ഒരു ദൂതൻ ആക്ഷരീകമായ ചങ്ങലകൊണ്ടു ഒരു മഹാസർപ്പത്തെ പിടിച്ചു ഒരു സ്ഥലത്തു ബന്ധിച്ചു. തടവറയുടെ അക്ഷരീകമായ താക്കോലും യോഹന്നാൻ കണ്ടു.
നാം എന്താണ് ചെയ്യേണ്ടത്. യോഹന്നാൻ പറയുന്ന കാര്യങ്ങളുടെ അർഥം എന്താണ് എന്ന് തിരുവെഴുത്തുകളിലൂടെ മനസ്സിലാക്കണം. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
1. സ്ഥിരതയോടുകൂടെ നാം വ്യാഖ്യാനിക്കണം. മഹാസർപ്പം, താക്കോൽ, ചങ്ങല, അടച്ചുപൂട്ടുക , മുദ്ര എന്ന പ്രതിരൂപങ്ങളെ നാം പ്രതിരൂപങ്ങളായി തന്നെ വ്യാഖ്യാനിച്ചു, ആയിരാമാണ്ടു എന്ന പ്രയോഗത്തിലേക്കു വരുമ്പോൾ, അത് ആക്ഷരീകം ആകണം എന്ന് ശഠിക്കുന്നത് സ്ഥിരതയാർന്ന വ്യാഖ്യാനം അല്ല. നമ്മുടെ മനസ്സിന് തോന്നും പോലെയുള്ള വ്യാഖ്യാനമാണ്.
2. പ്രതിരൂപങ്ങളെ നാം വ്യാഖ്യാനിക്കുമ്പോൾ, അതേ പ്രതിരൂപങ്ങൾ ബൈബിളിലെ ശേഷം ഭാഗങ്ങളിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്ന് നാം ആരായാണം. തിരുവെഴുത്തുകളിലെ മറ്റു ഭാഗങ്ങൾ നമ്മെ വ്യക്തമായ അർഥം ലഭിക്കുവാൻ സഹായിക്കും.
3. പ്രതിരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഒരു വേദഭാഗം എടുത്തു, ബൈബിളിലെ ആക്ഷരീകമായ സാഹിത്യരൂപങ്ങളിൽ (ലേഖനം, ഉപദേശം, ചരിത്രപുസ്തകം) പറയുന്ന വ്യക്തവും സുനിശ്ചിതവുമായ ഉപദേശത്തെ നിഷേധിക്കുവാൻ പാടില്ല. കാരണം, ദൈവവചനം വൈരുധ്യം ഇല്ലാത്തതാണ്.
Comments
Post a Comment