വെളിപ്പാട് 20 - ആമുഖം
ആയിരാമാണ്ടു വാഴ്ച എന്ന വിഷയത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന ബൈബിളിലെ ഏക ഭാഗം വെളിപ്പാട് ഇരുപതാം അധ്യായമാണ്. ഇരുപതാം അധ്യായത്തിൽ 6 തവണ ആയിരമാണ്ട് എന്ന പ്രയോഗം കാണുന്നു.
വെളിപ്പാട്
ഇരുപതാം അധ്യായത്തിന്റെ പഠനത്തിലേക്ക് കടക്കുന്നതിനു മുമ്പ് വിശ്വാസികളുടെ ഇടയിൽ നിലനിൽക്കുന്ന
ചില അഭിപ്രായങ്ങളെ പരിശോധിക്കാം.
പ്രീ-മില്ലെന്നിയലിസം
(Pre-millennialism): കർത്താവ് രണ്ടാമത് വന്നു കഴിഞ്ഞതിനു ശേഷം ആയിരാമാണ്ടു വാഴ്ച.
എ-മില്ലെന്നിയലിസം
(A-millennialism): കർത്താവ് രണ്ടാമത് വരുന്നതിനു മുനമ്പ് ആയിരാമാണ്ടു
വാഴ്ച.
വെളിപ്പാട്
ഇരുപതാം അധ്യായത്തെ കുറിച്ച് പ്രീ-മില്ലേനിയലിസ്റ്റുകൾ വിശ്വസിക്കുന്നത്:
1. വെളിപ്പാട്
ഇരുപതാം അധ്യായം വെളിപ്പാട് പത്തൊമ്പതാം അധ്യായത്തെ ചരിത്ര ക്രമത്തിൽ പിൻതുടരുന്നു.
അതായത്, വെളിപ്പാട് 19-ൽ രണ്ടാം വരവിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ടു
വെളിപ്പാട് 20-ൽ വിവരിക്കുന്ന ആയിരാമാണ്ടു കർത്താവിന്റെ വരവിനു ശേഷമാണ്.
2. സാത്താനെ
ബന്ധിച്ചിരിക്കുന്നു എന്നുള്ളത് അവന്റെ സകല പ്രവർത്തികളെയും ഉദ്ദേശിച്ചാണ്. അതുകൊണ്ടു
ആയിരാമാണ്ടിൽ സാത്താന് ഒരു പ്രവർത്തിയും ലോകത്തിൽ ചെയ്യുവാൻ സാധിക്കയില്ല.
3. ഒന്നാം
പുനരുത്ഥാനം വിശ്വാസികളുടെ ശരീരത്തിന്റെ പുനരുത്ഥാനമാണ്. അത് കർത്താവിന്റെ രണ്ടാം വരവിൽ
സംഭവിക്കും. അവിശ്വാസികളുടെ പുനരുത്ഥാനം കർത്താവിന്റെ വരവ് കഴിഞ്ഞു ആയിരം വർഷത്തിനു
ശേഷമേ സംഭവിക്കുകയുള്ളൂ.
വെളിപ്പാട്
20-നെ കുറിച്ച് ഭൂരിഭാഗം എ-മില്ലേനിയലിസ്റ്റുകൾ
വിശ്വസിക്കുന്നത്:
1. വെളിപ്പാട്
20-ൽ പറയുന്ന കാര്യങ്ങൾ പത്തൊമ്പതിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളെ ചരിത്രത്തിൽ
പിൻതുടരുന്നവയല്ല.
2. സാത്താനെ
ബന്ധിച്ചിരിക്കുന്നു എന്നുള്ളത് അവന്റെ സകല പ്രവർത്തനമേഖലയോടുള്ള ബന്ധത്തിൽ അല്ല. മറിച്ചു,
ഒരു പ്രത്യേക ഉദ്ദേശത്തോടുള്ള ബന്ധത്തിലാണ്.
3. ഒന്നാം
പുനരുത്ഥാനം ശരീരത്തിന്റെ പുനരുത്ഥാനം അല്ല. ശരീരത്തിന്റെ പുനരുത്ഥാനം കർത്താവിന്റെ
രണ്ടാം വരവിൽ വിശ്വാസികളും അവിശ്വാസികളും ഉയിർത്തെഴുന്നേൽക്കുമ്പോഴാണ്.
കഴിഞ്ഞ
ചില പഠനങ്ങളിൽ പ്രീ-മില്ലെന്നിയലിസം എന്ന ഉപദേശം പുതിയ നിയമത്തിലെ ശേഷം ഭാഗങ്ങളുമായി
ചേർന്നുപോകുന്നില്ല എന്ന് നാം കണ്ടുവല്ലോ. അതായത്, മറ്റു വേദഭാഗങ്ങൾ പ്രീ-മില്ലെന്നിയലിസം
എന്ന ഉപദേശത്തെ തള്ളിക്കളയുന്നു.
വരും പഠനങ്ങളിൽ നാം രണ്ടു കാര്യങ്ങൾ പരിശോധിക്കുന്നു:
1. പ്രീ-മില്ലേനിയലിസ്റ്റുകൾ
വെളിപ്പാട് ഇരുപതാം അധ്യായത്തെ കുറിച്ച് ധരിച്ചിരിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കുന്നു.
2. മറ്റുവേദഭാഗങ്ങളോട്
നിരക്കുന്നതും വെളിപ്പാട് ഇരുപതാം അധ്യായത്തോടു
നീതി പുലർത്തുന്നതുമായ വൃത്യസ്തമായ വീക്ഷണം സാധ്യമാണോ എന്നും പരിശോധിക്കുന്നു.
----------------------------------------------------------------------------------------------------------------------------------------------------
പ്രമേയം:
വെളിപ്പാട് 20:1-6 വരെ പറയുന്ന കാര്യങ്ങൾ വെളിപ്പാട് 19-ൽ പറയുന്ന കർത്താവിന്റെ രണ്ടാം
വരവിനു ശേഷം നടക്കുന്ന കാര്യമല്ല. മറിച്ചു, അതിനു മുൻപ് നടക്കേണ്ട കാര്യങ്ങളാണ്.
കാരണം:
1. ജാതികൾ
കർത്താവിന്റെ രണ്ടാം വരവിൽ നശിപ്പിക്കപ്പെടും എന്ന് പത്തൊമ്പതാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നു.
ആയിരാമാണ്ടിൽ ഭൂമിയിൽ ജാതികളുണ്ട്. വാക്യം: വെളിപ്പാട് 19:17-21; വെളിപ്പാട് 20:3, 7, 8.
2. വെളിപ്പാട് 19-ലെയും 20:8-10 -ലെയും യുദ്ധങ്ങൾ തമ്മിലുള്ള സാമ്യം. വാക്യം: വെളിപ്പാട് 19:17, 18; വെളിപ്പാട് 20:8; യെഹെസ്കേൽ 39:17.
3. ഏഴാമത്തെ
ക്രോധകലശം ഒഴിക്കുമ്പോൾ ദൈവക്രോധം തീരും. അത് രണ്ടാമത്തെ വരവിൽ സംഭവിക്കും. അതുകൊണ്ടു
ആയിരാമാണ്ടിനു ശേഷം രേഖപ്പെടുത്തിയിരിക്കുന്ന ദൈവക്രോധം വേറെ ഒരു സംഭവമായി കാണുവാൻ
കഴികയില്ല. വാക്യം: വെളിപ്പാട് 15:1.
4. ആകാശവും ഭൂമിയും ഇനി ഒരിക്കൽ മാത്രമേ ഇളകുകയുള്ളു.
അതുകൊണ്ടു, വെളി. 6:12-15-ലും 20:11, 12-ലും കാണുന്ന ആകാശത്തിന്റെയും ഭൂമിയുടെയും ഇളക്കം
ഒരു സംഭവം തന്നെയാണ്. അത് കർത്താവിന്റെ രണ്ടാം വരവിൽ സംഭവിക്കും. വാക്യം: എബ്രായർ 12:28.
വിശദീകരണം:
1.
വെളിപ്പാട്
19:13-20ലും 20:3ലും കാണുന്ന ജാതികൾ
വെളിപ്പാട്
20:1-3-ൽ പറയുന്ന സംഭവങ്ങൾ 19:17-21ൽ പറയുന്ന
സംഭവത്തെ ചരിത്രത്തിൽ പിന്തുടരുന്നതാണെങ്കിൽ ചില വൈരുധ്യങ്ങൾ രൂപപ്പെടും. സാത്താൻ സകല
ജാതികളെയും വഞ്ചിച്ചു കഴിഞ്ഞിട്ട് (16:13-16, 19:19-20), കർത്താവിന്റെ വരവിൽ ആ വഞ്ചിക്കപ്പെട്ട
ജാതികൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ട്
(19:17-21), ജാതികളെ വഞ്ചിക്കാതിരിക്കുവാൻ സാത്താനെ ബന്ധിച്ചു എന്ന് പറയുന്നതിൽ എന്ത്
അർത്ഥമാണുള്ളത്?
പ്രീ
മില്ലേനിയലിസ്റ്റുകൾ പറയുമായിരിക്കും ചില മനുഷ്യർ 19-ലെ യുദ്ധത്തിൽ പങ്കെടുക്കാതെ ആയിരാമാണ്ടിൽ
പ്രവേശിക്കുമെന്നു. അവർ നശിപ്പിക്കപ്പെടാത്ത അവിശ്വാസികളായ ജാതികൾ ആണെന്ന്.
പക്ഷെ,
വെളിപ്പാട് 19:17-21-ൽ സകല അവിശ്വാസികളും നശിപ്പിക്കപ്പെടും എന്ന് പറയുന്നു. ഒരു അവിശ്വാസിയും
നശിപ്പിക്കപ്പെടാതെ ശേഷിക്കുകയില്ല.
വെളിപ്പാട് 13:8, 16: “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും……. അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ
നെറ്റിയിലോ മുദ്ര കിട്ടുമാറും……”
ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും
സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവരും = ജീവപുസ്തകത്തിൽ പേര് എഴുതീട്ടില്ലാത്ത ഭൂവാസികൾ
ഒക്കെയും = എല്ലാ അവിശ്വാസികളും.
വെളിപ്പാട്
19ലും അതെ പദപ്രയോഗം കാണുന്നു.
വെളിപ്പാട് 19:18-21: “രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ
മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും
സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും
വലിയവരുമായ എല്ലാവരുടെയും മാംസവും
തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു……….ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ
നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.”
പത്തൊമ്പതാം
അധ്യായത്തിലെ വിശേഷണം ഒരു അവിശ്വാസിയും നശിപ്പിക്കപ്പെടാതെ ഒഴിഞ്ഞുപോകുന്നില്ല എന്ന്
ഉറപ്പിക്കുന്നു.
2. യെഹെസ്കേൽ 38-39
യെഹെസ്കേലിൽ
കാണുന്ന യുദ്ധത്തെക്കുറിച്ചുള്ള പരാമർശം വെളിപ്പാട് 19-ലും 20-ലും കാണുന്നു.
വെളിപ്പാട് 19: 17-18
– “ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു
ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ
മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും
ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു……
അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.”
യെഹെസ്കേൽ 39: 17-20 – “മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
സകലവിധ പക്ഷികളോടും
എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും
രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു
വേണ്ടി അറുപ്പാൻ പോകുന്ന [വെളിപ്പാട് 19:21] എന്റെ യാഗത്തിന്നു നാലുപുറത്തു
നിന്നും വന്നുകൂടുവിൻ. നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം;
അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും
കാളകളും തന്നേ. ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന
എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം
കുടിക്കുകയും ചെയ്യും. ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും
വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ
കർത്താവിന്റെ അരുളപ്പാടു.”
വെളിപ്പാട് 20:8.
9: “അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള
ഗോഗ്, മാഗോഗ് എന്നവരെ
യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും;
എന്നാൽ ആകാശത്തു നിന്നു തീ
ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.”
യെഹെസ്കേൽ 38:21, 22: “ഞാൻ എന്റെ സകല പർവ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാൻ
കല്പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരന്നു
വിരോധമായിരിക്കും. ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും
അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും
തീയും ഗന്ധകവും [വെളിപ്പാട് 20:9]വർഷിപ്പിക്കും.”
യെഹെസ്കേൽ 39:6:
“മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു
അവർ അറിയും.”
യെഹെസ്കേൽ 38-39ൽ
പറയുന്നത് ദൈവജനത്തെ അന്ത്യകാലത്തു ആക്രമിക്കുവാൻ വരുന്ന ഗോഗിനെയും മാഗോഗിനെയും കുറിച്ചാണ്.
വെളിപ്പാട് 19 ഗോഗ് മാഗോഗ് യുദ്ധത്തെകുറിച്ചാണ് സൂചിപ്പിക്കുന്നത്. വെളിപ്പാട്
20:8-9-ഉം ഗോഗ് മാഗോഗ് യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. അപ്പോൾ അത് രണ്ടും ഒരേ യുദ്ധത്തെ
കുറിച്ചല്ലേ പറയുന്നത്?
അങ്ങനെയെങ്കിൽ
20:1-6വരെ പറയുന്ന കാര്യങ്ങൾ കർത്താവിന്റെ വീണ്ടും വരവിനു മുമ്പുള്ള സംഭവങ്ങളാണ്. അയിരമാണ്ടു
വെളിപ്പാട് 19ൽ പറയുന്ന കർത്താവിന്റെ രണ്ടാം വരവിനു മുൻമ്പാണ്.
3.
വെളിപ്പാട്
16:12-16; 19:19ഉം 20:8 ഉം തമ്മിലുള്ള ബന്ധം
വെളിപ്പാട് 16:12-16 – “….. മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ
വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും
തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ
മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ
അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ……അവ
അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.”
വെളിപ്പാട് 19:19 – “കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും
യുദ്ധം ചെയ്‍വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ
കണ്ടു.”
വെളിപ്പാട് 20:8 – “അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ
കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു
വശീകരിപ്പാൻ പുറപ്പെടും.”
|
16:12-16 |
19:19 |
20:8 |
|
പിശാച്, മൃഗം, കള്ളപ്രവാചകൻ എന്നിവർ വഞ്ചിക്കുന്നു |
മൃഗം, കള്ളപ്രവാചകൻ എന്നിവർ വഞ്ചിക്കുന്നു |
പിശാച് വഞ്ചിക്കുന്നു |
|
സർവ്വഭൂതലത്തിലും
ഉള്ള രാജാക്കന്മാർ |
രാജാക്കന്മാർ
സഹസ്രാധിപന്മാർ വീരന്മാർ സ്വതന്ത്രന്മാർ ദാസന്മാർ ചെറിയവർ വലിയവർ (എല്ലാവരും) |
ഭൂമിയുടെ
നാലു ദിക്കിലുമുള്ള ജാതികൾ |
|
അപ്പോൾ
സംഭവിച്ചുതീർന്നു…… സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി (16: 20;
6:14) |
|
അവന്റെ സന്നിധിയിൽനിന്നു
ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല (20:11) |
വെളിപ്പാട്
16-ൽ പറയുന്ന യുദ്ധവും 19-ൽ പറയുന്ന യുദ്ധവും 20-ൽ പറയുന്ന യുദ്ധവും ഒരേ യുദ്ധമല്ലേ?
ആണെങ്കിൽ ആയിരമാണ്ടു ഇപ്പോഴാണ്.
4.
“The
war”
മൂലഭാഷയിൽ
“the war” (ton polemon; τὸν πόλεμον) എന്നാണ് വെളിപ്പാട്
16:14-ലും 19:19-ലും 20:8-ലും ഉപയോഗിച്ചിരിക്കുന്നത്.
വെളിപ്പാട് 16:14:
“ഇവ സർവ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ
സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു (ton polemon; τὸν πόλεμον) കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ
അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.
വെളിപ്പാട് 19:19:
“കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ
സൈന്യത്തോടും യുദ്ധം
(ton polemon; τὸν πόλεμον) ചെയ്‍വാൻ
മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.
വെളിപ്പാട് 20:8:
“അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി
സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി (ton
polemon; τὸν πόλεμον) കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
ആർട്ടിക്കിളോടെ
ഉപയോഗിച്ചിരിക്കുന്നത് സൂചിപ്പിക്കുന്നത് മൂന്നിടത്തും കാണുന്ന യുദ്ധങ്ങൾ വളരെ പ്രസിദ്ധമായ
ഒരേ ഒരു യുദ്ധത്തെ കുറിച്ചാണ് വിവരിക്കുന്നതെന്നാണ്. വെളിപ്പാട് 16-ലും 19-ലും പറഞ്ഞിരിക്കുന്നത്
ഒരേ യുദ്ധത്തെക്കുറിച്ചാണെന്നു എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാൽ 20-ൽ പറയുന്ന
യുദ്ധവും അതുതന്നെയാണ്. അതല്ലാതെ ആയിരാമാണ്ടു കഴിഞ്ഞു നടക്കുന്ന വേറെ യുദ്ധത്തെ കുറിച്ചല്ല.
5.
വെളിപ്പാട്
15:1-ഉം 16:12-16; 19:19; 20:8-ഉം തമ്മിലുള്ള ബന്ധം
വെളിപ്പാട് 15:1: “ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വർഗ്ഗത്തിൽ
കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീർന്നു.”
ഏഴാം ക്രോധകലശത്തോടുകൂടെ ദൈവത്തിന്റെ കോപം തീർന്നു, അല്ലെങ്കിൽ പൂർത്തിയായി, എന്ന് കാണുന്നു. വെളി. 16:17-21-ൽ പറയുന്ന ക്രോധവും 19:19-21-ൽ പറയുന്ന കുഞ്ഞാടിന്റെ ക്രോധവും ക്രിസ്തുവിന്റെ രണ്ടാം വരവിൽ സംഭവിക്കുന്നതാണ്. വെളി. 20:8-9-ൽ പറയുന്ന ജാതികളുടെമേലുള്ള ദൈവക്രോധം ഏഴാം ക്രോധകലശത്തിന്റെ തന്നെ വിവരണം ആണെന്നേ നമുക്ക് മനസ്സിലാക്കുവാൻ കഴിയുകയുള്ളു. കാരണം, ഏഴാം ക്രോധകലശത്തോടുകൂടെ ദൈവത്തിന്റെ ക്രോധം തീരും (പൂർത്തിയാകും).
6.
എബ്രായർ
12:26-28-ഉം വെളിപ്പാട് 6:12-17; 16:17-21; 19:11-21; 20:9-11-ഉം തമ്മിലുള്ള ബന്ധം
പ്രീ-മില്ലേനിയൽ
ആശയത്തിൽ, ആകാശവും ഭൂമിയും രണ്ടുതവണയെങ്കിലും ഇളകും എന്ന് വിശ്വസിക്കണം. ഒന്ന് ആയിരമാണ്ടിനു
മുന്പും (വെളി. 6:12-17; 16:17-21 ) ഒന്ന് ആയിരമാണ്ടിനു ശേഷവും (വെളി. 20:9-11).
വെളിപ്പാട് 6:12-17:
“…….വലിയോരു ഭൂകമ്പം…..പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും
ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി…..സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ
കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ
മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.”
വെളിപ്പാട് 16:17-21:
“……അപ്പോൾ സംഭവിച്ചുതീർന്നു എന്നു ഒരു
മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു….. മിന്നലും നാദവും ഇടിമുഴക്കവും
വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ
ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.….. സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി.….”
വെളിപ്പാട് 20:11:
“ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു
ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ
കണ്ടില്ല.”
എന്നാൽ
എബ്രായലേഖനകർത്താവ് എന്ത് പറയുന്നു?
എബ്രായർ
12:26: “അവന്റെ ശബ്ദം അന്നു ഭൂമിയെ
ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ
മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.”
“ഇനി ഒരിക്കൽ” (ഹപാക്സ്; hapax; ἅπαξ) എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി
ഒരിക്കൽ (ഒരിക്കൽ മാത്രം) ദൈവം ആകാശവും ഭൂമിയും ഇളക്കും എന്ന ആശയമാണ് ഇവിടെയുള്ളത്.
"ഇനി ഒരിക്കൽ" എന്ന് പറഞ്ഞതിനെ 'ഇനി രണ്ടു പ്രാവശ്യം’ എന്ന് മനസ്സിലാക്കുവാൻ
പാടില്ല. എപ്പോഴാണ് ആകാശവും ഭൂമിയും "ഒരിക്കൽ" ഇളകുന്നത്? ഇളക്കമില്ലാത്തതു
നിലനിൽക്കേണ്ടതിനു ഇളക്കമുള്ളതിനെ മാറ്റുവാൻ കർത്താവു വരുമ്പോൾ (എബ്രായർ 12:27).
അതുകൊണ്ടു, വെളി. 6-ലും 20-ലും കാണുന്ന ആകാശത്തിന്റെയും
ഭൂമിയുടെയും ഇളക്കം ഒരു സംഭവം തന്നെയാണ്. അത് കർത്താവിന്റെ രണ്ടാംവരവിന്റെ സമയത്തു
നടക്കും.
അതുകൊണ്ടു, വെളിപ്പാട് 20:1-6 വരെ
പറയുന്ന കാര്യങ്ങൾ വെളിപ്പാട് 19-ൽ പറയുന്ന കർത്താവിന്റെ രണ്ടാം വരവിനു ശേഷം നടക്കുന്ന
കാര്യമല്ല. മറിച്ചു, അതിനു മുൻപ് നടക്കേണ്ട കാര്യങ്ങളാണ്.
ഗ്രന്ഥസൂചി:
1. Beale, G. K. The Book of Revelation. (The New International Greek Testament Commentary, NIGTC). Eerdmans.
2. Storms, C. Samuel. Kingdom Come: The Amillennial Alternative.
Comments
Post a Comment