വെളിപ്പാട് 20:1-10 - വിവരണം – ഭാഗം 2
വെളിപ്പാട് 20:4-6
“4ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ
അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും
മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ
മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 5മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
6ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും
ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും
പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.”
സ്വർഗത്തിലുള്ള
അറുക്കപ്പെട്ട ദൈവമക്കളുടെ ആത്മാക്കൾ എന്താണ് ചെയ്യുന്നത്? അവർ ജീവിക്കുന്നു. അവർ ക്രിസ്തുവിനോടുകൂടെ
വാഴുന്നു. അതിനെയാണ് ഒന്നാം പുനരുത്ഥാനം എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്നത്.
പ്രീ-മില്ലേനിയലിസ്റ്റുകൾ ചോദിക്കുന്ന
ചില ചോദ്യങ്ങൾ താഴെ രേഖപ്പെടുത്തുന്നു:
1. സ്വർഗത്തിൽ
ആത്മാക്കൾ ജീവിക്കുന്നതിനെ ബൈബിളിൽ പുനരുത്ഥാനം (<anastasis>) എന്ന് വിളിച്ചിട്ടുണ്ടോ?
2. “മരിച്ചവരിൽ
ശേഷമുള്ളവർ ആയിരാമാണ്ടു കഴിയുവോളം ജീവിച്ചില്ല". അതിന്റെയര്ഥം ആയിരാമാണ്ടു കഴിഞ്ഞു
അവർ ജീവിക്കും എന്നല്ലേ?
3. രണ്ടാം പുനരുത്ഥാനം എന്നുള്ളത് ശരീരത്തിന്റെ പുനരുത്ഥാനം ആണെങ്കിൽ വിശുദ്ധന്മാർ ജീവിക്കുന്നതും (ഒന്നാം പുനരുത്ഥാനം) ശരീരത്തിന്റെ പുനരുത്ഥാനത്തെയല്ലേ കാണിക്കുന്നത്?
ചോദ്യം 1:
സ്വർഗത്തിൽ ആത്മാക്കൾ ജീവിക്കുന്നതിനെ ബൈബിളിൽ പുനരുത്ഥാനം എന്ന് വിളിച്ചിട്ടുണ്ടോ?
മറുപടി:
42
പ്രാവശ്യം പുതിയ നിയമത്തിൽ <anastasis> എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. 39 പ്രാവശ്യവും
ശരീരത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെയാണ് ആ പദംകൊണ്ടു അർത്ഥമാക്കുന്നത്. ലൂക്കോസ് 2:34-ൽ
<anastasis> എന്ന പദം ശരീരത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെയാണോ കാണിക്കുന്നത്
എന്നത് വ്യക്തമല്ല.
ലൂക്കോസ് 2:34:
“പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം
വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.”
മറ്റു
രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് വെളിപ്പാട് 20:6-ലാണ്. അത് ഏതു അർത്ഥത്തിലാണ് എന്നാണ്
നാം പരിശോധിക്കുന്നത്.
ഉയിർത്തെഴുന്നേൽപ്പിന്റെ
ചിത്രം ബൈബിളിൽ പല കാര്യങ്ങളെയും ചൂണ്ടിക്കാണിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. ആത്മീയ ജീവനെ
കാണിക്കുവാൻ ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട് (എഫെസ്യർ 2:7). ഒരു
രാജ്യത്തിൻറെ ആത്മീയ യഥാസ്ഥാനത്തെ കാണിക്കുവാൻ ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്
(യെഹെസ്കേൽ 37:5,7,14).
അതുകൊണ്ടു,
പ്രതീകാത്മകഭാഷയിൽ സത്യങ്ങളെ വിശേഷിപ്പിക്കുന്ന വെളിപ്പാട് പുസ്തകത്തിൽ സ്വർഗത്തിലുള്ള
വിശ്വാസികളുടെ ആത്മാക്കളുടെ അവസ്ഥയെ ഒരു പുനരുത്ഥാന ജീവിതമായി പറഞ്ഞിട്ടുണ്ടെങ്കിൽ
അതിൽ എന്താണ് കുഴപ്പം?
മരിച്ചുപോയ
വിശുദ്ധന്മാർ ഇന്ന് സ്വർഗത്തിൽ അനുഗ്രഹീതമായ അവസ്ഥയിൽ ആണല്ലോ ഉള്ളത്. അവർ മരിച്ചപ്പോൾ
മഹത്വത്തിൽനിന്നു മഹത്വത്തിലേക്കു പോകുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ഫിലിപ്പിയർ 1:23:
“…….വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ”
ഒരു
വിശ്വാസി മരിക്കുമ്പോൾ അവരുടെ ആത്മാവ് ഭൂമിയിൽനിന്നും സ്വർഗത്തിലേക്ക് ഉയർത്തപ്പെടുകയാണ്
ചെയ്യുന്നത്.
ശരീരത്തിന്റെ
പുനരുത്ഥാനവുമായി തന്റെ വായനക്കാർ തെറ്റിദ്ധരിക്കപ്പെടാതെയിരിപ്പാൻവേണ്ടി യോഹന്നാൻ
അതിനു "ഒന്നാം" എന്ന വിശേഷണവും നൽകി.
ഒന്നാമത്തെ എന്ന വിശേഷണത്തിന്റെ
പ്രാധാന്യം:
വെളിപ്പാട്
20:6-ൽ പുനരുത്ഥാനം എന്ന പദത്തിന്റെ മുമ്പിൽ “ഒന്നാം” എന്ന വിശേഷണം ചേർത്തിട്ടുണ്ട്.
“ഒന്നാം പുനരുത്ഥാനം” എന്ന പ്രയോഗം തിരുവെഴുത്തിൽ മറ്റെവിടെയും കാണുവാൻ സാധിക്കുകയില്ല.
എന്താണ് “ഒന്നാം” എന്ന വിശഷണംകൊണ്ട് അർത്ഥമാക്കുന്നത്? ഒരേ സ്വഭാവമുള്ള രണ്ടു സംഭവപരമ്പരകളിൽ
ഒന്നാമത്തേത് എന്നാണോ അതിന്റെ അർഥം? നമുക്ക് പരിശോധിക്കാം.
വെളിപ്പാട്
21-ൽ യോഹന്നാൻ "ഒന്നാമത്തെ" ഭൂമിയെയും "പുതിയ" ഭൂമിയെയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
വെളിപ്പാട് 21:1:
“ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു;
ഒന്നാമത്തെ ആകാശവും ഒന്നാമത്തെ
ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും
ഇനി ഇല്ല”
ഒന്നാം
ഭൂമി = പഴയ ഭൂമി
രണ്ടാം
ഭൂമി = പുതിയ ഭൂമി
ഒന്നാമത്തെ
ഭൂമി എന്നുള്ളത് പുതിയ ഭൂമി വരുമ്പോൾ മാറ്റപ്പെടുന്ന ഒന്നാണ്. "ഒന്നാമത്" എന്ന് പറയുമ്പോൾ ഒന്നാമത്തെ
ഭൂമിയുടെ അതേ സ്വഭാവമാണ് "പുതിയ"
ഭൂമിക്ക് (രണ്ടാമത്തെ ഭൂമിക്കു) എന്ന് അർത്ഥമില്ല.
മറിച്ച്, ഒന്നാമത്തെ ഭൂമിയുടെയും രണ്ടാമത്തെ ഭൂമിയുടെയും
(പുതിയ ഭൂമി) വ്യത്യസ്ത സ്വഭാവങ്ങളെ കാണിക്കുവാൻ "ഒന്നാമത്തെ" എന്ന പദം കൊണ്ട്
യോഹന്നാൻ ഉദ്ദേശിക്കുന്നു.
അതുപോലെ,
"രണ്ടാം" മരണത്തെ കുറിച്ച് വെളിപ്പാട് 20-ലും 21-ലും കാണുന്നു. ഒന്നാം മരണവും
ഉണ്ട്. ഒന്നാം മരണവും രണ്ടാം മരണവും ഒരേ സ്വഭാവത്തിലുള്ളതല്ല.
ഒന്നാം മരണം ശരീരത്തിന്റെ മരണമാണ്. രണ്ടാം മരണം നിത്യമായ ആത്മീയ മരണമാണ്.
ഈ
കാലമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളെ ദൈവവചനം "ഒന്നാം" എന്ന പദത്തോടുകൂടെ
വിശേഷിപ്പിക്കുന്നു. അത് താത്ക്കാലികമാണ്. എന്നാൽ വരുവാനുള്ള കാലവുമായി ബന്ധപ്പെട്ടിരിക്കുന്ന
സംഭവങ്ങളെ ദൈവവചനം "രണ്ടാം", അല്ലെങ്കിൽ "പുതിയ" എന്ന പദത്തോടുകൂടെ
വിശേഷിപ്പിക്കുന്നു. അത് നിത്യമാണ്. പരിപൂർണ്ണമാണ്. അതുകൊണ്ടു "ഒന്നാമത്തെ" എന്ന പദപ്രയോഗം
ഒരേ പോലെയുള്ള സംഭവ പരമ്പരകളുടെ ആദ്യത്തെ സംഭവമായി കാണുവാൻ സാധിക്കുകയില്ല. "ഒന്നാമത്തെ" എന്നതുകൊണ്ട് ഈ കാലവുമായി
ബന്ധപ്പെട്ട, താൽക്കാലികമായ ഒന്നായി ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു
ഉദാഹരണം കാണിക്കാം. മോശെ മുഖാന്തരം കൊടുത്ത നിയമത്തെ ഒന്നാമത്തെ നിയമം എന്ന് തിരുവെഴുത്തു
വിശേഷിപ്പിക്കുന്നു. എന്നാൽ, ക്രിസ്തു യേശു മുഖാന്തരം സ്ഥാപിച്ച നിയമത്തെ രണ്ടാമത്തെ
നിയമം എന്നും രേഖപ്പെടുത്തിയിരിക്കുന്നു (എബ്രായർ 8:7,8,13; 9:1,15,18; 10:9)
എബ്രായർ 8:7:
“ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു
എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.”
ഒന്നാമത്തെ
നിയമം = പഴയ നിയമം
രണ്ടാമത്തെ
നിയമം = പുതിയ നിയമം
ഒന്നാം
നിയമവും രണ്ടാം നിയമവും ഒരേ സ്വഭാവമുള്ള നിയമങ്ങൾ അല്ല. ഒന്ന് താത്കാലികമാണ്. മറ്റൊന്ന്
നിത്യമാണ്.
അതുകൊണ്ടു ഒന്നാമത്തെ പുനരുത്ഥാനം എന്ന്
പറഞ്ഞിരിക്കുന്നത് രണ്ടാമത്തെ പുനരുത്ഥാനവുമായി ഒരേ സ്വഭാവമുള്ളതാണെന്ന അനുമാനം ഒരു
അടിസ്ഥനവും ഇല്ലാത്തതാണ്.
ചോദ്യം 2:
“മരിച്ചവരിൽ ശേഷമുള്ളവർ ആയിരാമാണ്ടു കഴിയുവോളം ജീവിച്ചില്ല". അതിന്റെയര്ഥം ആയിരാമാണ്ടു
കഴിഞ്ഞു അവർ ജീവിക്കും എന്നല്ലേ?
മരിച്ചവരിൽ
ശേഷമുള്ളവർ ആയിരാമാണ്ടു കഴിയുവോളം ജീവിച്ചില്ല എന്നുള്ള പ്രയോഗം ആയിരാമാണ്ടു കഴിഞ്ഞു
അവർ ജീവിച്ചു എന്ന് അർത്ഥമാക്കണം എന്ന് നിർബന്ധമില്ല. സന്ദർഭം നോക്കി അത് തീരുമാനിക്കേണം.
ചില
ഉദാഹരങ്ങൾ നമുക്കു നോക്കാം:
വെളിപ്പാട് 17:17:
“ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും
ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ
തോന്നിച്ചു.”
ദൈവവചനം
നിവൃത്തിയാകുവോളം പത്തു രാജാക്കന്മാർ അവരുടെ രാജ്യം മൃഗത്തിന് ഏൽപ്പിക്കുമെന്നേ അതിനു
അർത്ഥമുള്ളൂ. ദൈവവചനം നിവൃത്തിയായശേഷം പത്തു രാജാക്കന്മാർ അവരുടെ രാജ്യം മൃഗത്തിൽനിന്നു
തിരിച്ചു വാങ്ങും എന്ന് അതിനു അർത്ഥമില്ല. മൃഗവും പത്തു രാജാക്കന്മാരും ഒരുമിച്ചാണ്
നശിപ്പിക്കപ്പെടുന്നത്.
1 കൊരിന്ത്യർ 15:25:
“അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.”
സകല
ശത്രുക്കളും നശിപ്പിക്കപ്പെടുന്നത് വരെ ക്രിസ്തുവിന്റെ വാഴ്ച തുടരും എന്നേ അർത്ഥമുള്ളൂ.
സകല ശത്രുക്കളും നശിപ്പിക്കപ്പെട്ടശേഷം ക്രിസ്തുവിന്റെ വാഴ്ച അവസാനിക്കും എന്നർത്ഥമില്ല.
അവന്റെ വാഴ്ച നിത്യ വാഴ്ചയാണ്.
അതുകൊണ്ടു
ആയിരാമാണ്ടു കഴിഞ്ഞശേഷം മരിച്ചവരിൽ ശേഷമുള്ളവർ ജീവിക്കും എന്ന് പറയുന്നതിൽ അടിസ്ഥാനം
ഇല്ല. അങ്ങനെ പറയുവാൻ മറ്റു തെളിവുകൾ കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഒരർത്ഥത്തിൽ, വിശ്വാസികൾ
സ്വർഗത്തിൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്ന അവസ്ഥ ശേഷമുള്ളവർ (അവിശ്വാസികൾ) ഒരിക്കലും
അനുഭവിക്കുകയില്ല.
ചോദ്യം 3: രണ്ടാം പുനരുത്ഥാനം എന്നുള്ളത് ശരീരത്തിന്റെ പുനരുത്ഥാനം ആണെങ്കിൽ വിശുദ്ധന്മാർ ജീവിക്കുന്നതും (ഒന്നാം പുനരുത്ഥാനം) ശരീരത്തിന്റെ പുനരുത്ഥാനത്തെയല്ലേ കാണിക്കുന്നത്?
ഒരു
വേദഭാഗത്തു ഒരു പദം രണ്ടോ അതിൽ കൂടുതലോ പ്രാവശ്യം ഉപയോഗിക്കുകയാണെങ്കിൽ എല്ലാപ്രാവശ്യവും
ഒരേ അർഥം ആ പദത്തിന് ഉണ്ടായിരിക്കണം എന്ന് ചിലർ വാദിക്കാറുണ്ട്.
എന്നാൽ
അത് തികച്ചും യുക്തിരഹിതമാണ്.. ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം.
യോഹന്നാൻ 11:25, 26:
“യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു
എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.”
മത്തായി 8:22:
“യേശു അവനോടു: “നീ എന്റെ പിന്നാലെ വരിക; മരിച്ചവർ
തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.”
റോമർ 9:6:
“ആമേൻ. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു
ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും……..വരികയില്ല;”
യോഹന്നാൻ 6:49,50:
“നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.”
യോഹന്നാൻ 5:25-29:
“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ
ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു;
ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും
തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ
അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും
അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും
പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.”
വെളിപ്പാട്
20-ൽ നിന്നും നമുക്ക് ചില കാര്യങ്ങൾ ഗ്രഹിക്കുവാൻ കഴിയും. വെളിപ്പാടിൽ ഒന്നാം പുനരുത്ഥാനത്തെകുറിച്ചും
രണ്ടാം മരണത്തെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു. ഒന്നാം മരണവും രണ്ടാം പുനരുത്ഥാനവും
ഉണ്ടെന്നു അത് സൂചിപ്പിക്കുന്നുണ്ട്. ഈ നാല് പ്രയോഗത്തിലെ മൂന്നു കാര്യങ്ങൾ നമുക്ക്
എളുപ്പത്തിൽ മനസ്സിലാകും:
ഒന്നാം മരണം:
ശരീരത്തിന്റെ മരണം
രണ്ടാം മരണം:
നിത്യമായ ആത്മീയ മരണം
രണ്ടാം പുനരുത്ഥാനം:
ശരീരത്തിന്റെ പുനരുത്ഥാനം
ഒന്നാം
മരണവും രണ്ടാം മരണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ, അതുപോലെ ഒന്നാം പുനരുത്ഥാനവും
രണ്ടാം പുനരുത്ഥാനവും ബന്ധപ്പെട്ടിരിക്കുന്നു എന്ന് യുക്തിസഹമായി നമുക്ക് ചിന്തിക്കാം.
|
ഒന്നാം
മരണം |
രണ്ടാം
മരണം |
|
ഭൗതിക
മരണം |
ആത്മീയ
മരണം, ഭൗതികമല്ല |
|
ഈ
ലോകവുമായി ബന്ധപ്പെട്ടത് |
വരുവാനുള്ള
കാലവുമായി ബന്ധപ്പെട്ടത് |
|
താൽക്കാലികം |
നിത്യം,
പൂർണ്ണമായതു |
|
അവിശ്വാസികളും
വിശ്വാസികളും അനുഭവിക്കുന്നു |
അവിശ്വാസികൾ
മാത്രം അനുഭവിക്കും |
|
ഒന്നാം
പുനരുത്ഥാനം |
രണ്ടാം
പുനരുത്ഥാനം |
|
ആത്മീയ
പുനരുത്ഥാനം |
ഭൗതീകമായ
പുനരുത്ഥാനം |
|
ഈ
കാലവുമായി ബന്ധപ്പെട്ടത് |
വരുവാനുള്ള
കാലവുമായി ബന്ധപ്പെട്ടത് |
|
താൽക്കാലികം |
നിത്യം,
പൂർണ്ണമായതു |
|
വിശ്വാസികൾ
മാത്രം അനുഭവിക്കും |
അവിശ്വാസികളും
വിശ്വാസികളും അനുഭവിക്കും |
ഒന്നാം
നൂറ്റാണ്ടിലെ വിശ്വാസികളോടുള്ള ബന്ധത്തിൽ ഈ ദർശനം എത്രയോ അർത്ഥവത്താണ് എന്ന് നമുക്ക്
മനസ്സിലാക്കുവാൻ സാധിക്കും. റോമൻ സാമ്രാജ്യം വിശ്വാസികൾക്ക് ഒരു വിലയും കൽപ്പിക്കാത്ത
കാലമായിരുന്നു അത്. മൃഗങ്ങളെപ്പോലെ വിശ്വാസികളെ അവർ ഓടിച്ചു. വിശ്വാസികളെ അവർ ഭീക്ഷണിപ്പെടുത്തി.
എന്തിനു വേണ്ടി? വിശ്വാസികൾ യേശുവിനെ കുറിച്ചുള്ള സത്യം പറയാതെയിരിക്കുവാൻ. എന്നാൽ
വിശ്വാസികൾ അത് അനുസരിക്കുവാൻ തയ്യാറായിരുന്നില്ല. റോമൻ സാമ്രാജ്യം അവരെ ജീവിക്കുവാൻ
യോഗ്യരല്ലാത്തവർ എന്ന് വിധിച്ചു. അവരെ കൊന്നുകളഞ്ഞു.
യോഹന്നാൻ
ഈ വിശ്വാസികളെക്കുറിച്ചു എന്താണ് പറയുന്നത്? അവർ മരണപ്പെടുകനിമിത്തം അവർ മഹത്വത്തിൽനിന്നു
മഹത്വത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അവർ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുന്നതുകൊണ്ടു
അവർ പുരോഹിതന്മാരാണ്. മരണത്തിനു അവരെ ഒന്നും ചെയ്യുവാൻ സാധിക്കില്ല. എന്നാൽ വിശ്വാസികളെ
കൊന്ന ശത്രുക്കളുടെ അവസ്ഥ എന്താണ്? അവർ ഈ ഭൂമിയിൽ സുഖലോലുപരായി ജീവിക്കുമായിരിക്കും.
എന്നാൽ അവർ അവസാന ദിവസം പുനരുത്ഥാനം ചെയ്യുമ്പോൾ അവർ അനുഭവിക്കുന്നത് രണ്ടാം മരണം ആയിരിക്കും.
·
വിശ്വാസി ശാരീരികമായി മരിക്കും, എന്നാൽ മഹത്വത്തിൽ
നിന്ന് മഹത്വത്തിലേക്കു പ്രവേശിക്കും.
·
അവിശ്വാസി ശാരീരികമായി ഉയിർക്കും, എന്നാൽ അവർ മരണത്തിലേക്ക് പോകും.
ഒരു
വിശ്വാസിക്ക് മരണം എന്ന് പറയുന്നത് ഒരർത്ഥത്തിൽ ഉയിർപ്പാണ്. അവിശ്വാസിക്ക് ഉയിർപ്പു
എന്ന് പറയുന്നത് മരണമാണ്. ഇതാണ് വെളിപ്പാട്
20:4-6 ന്റെ സന്ദേശം.
ഗ്രന്ഥസൂചി:
Comments
Post a Comment