വെളിപ്പാട് 20:1-10 - വിവരണം - ഭാഗം 1

 വെളിപ്പാട് 20:1-10 - ന്റെ സാഹിത്യ ഘടന എന്താണെന്നു ആദ്യം സൂചിപ്പിക്കുന്നു:

വെളിപ്പാട് 20:1-10-ന്റെ ഘടന (Structure)

20:1-3: ആയിരമാണ്ടു ഭൂമിയിൽ

20:4-6: ആയിരമാണ്ടു സ്വർഗത്തിൽ

20:7-10: ഭൂമിയിൽ

രണ്ടാമത്തെ ഘടന

20:1-3: ആയിരമാണ്ടിന്റെ ഉൽഘാടനം

20:4-6: ആയിരമാണ്ടിന്റെ തുടർച്ച

20:7-10: ആയിരമാണ്ടിന്റെ സമാപനം

മുകളിൽ രേഖപ്പെടുത്തിയ സാഹിത്യ ഘടന ശരിയാണോ എന്നുള്ളത് വരും പഠനങ്ങളിൽ തെളിയിക്കുന്നതാണ്.

വെളിപ്പാട് 20:1-3

“അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. 2അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. 3ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.”

എന്തിനാണ് സാത്താനെ ബന്ധിച്ചതു? സാത്താനെ ബന്ധിച്ചതുകൊണ്ടു അവനെ ഒന്നും ചെയ്യുവാൻ കഴിയാത്തവനാക്കി എന്നാണോ കരുതേണ്ടത്? ജാതികളെ വഞ്ചിക്കാതിരിക്കുവാനാണ് പിശാചിനെ ബന്ധിച്ചതു. എല്ലാവിധ വഞ്ചനയും ഇതിൽ പെടുമെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ, എട്ടാം വാക്യം "വഞ്ചനയെ" കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നുണ്ട്.

വെളിപ്പാട് 20:8: “ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.”

സാത്താനെ തടവിൽനിന്നു അഴിച്ചുവിടുമ്പോൾ അവൻ ചെയ്യുന്ന കാര്യം ജാതികളെ അവസാന യുദ്ധത്തിനായി കൂട്ടിച്ചേർക്കുവാൻവേണ്ടി  വഞ്ചിക്കുവാൻ പുറപ്പെടും എന്നതാണ്. അപ്പോൾ വെളിപ്പാട് 20:3- വഞ്ചിക്കാതിരിക്കുവാൻ അവനെ ബന്ധിച്ചു എന്ന് പറയുന്നത് ദൈവജനത്തിനെതിരായി അവസാന യുദ്ധം ചെയ്വാൻ ജാതികളെ വഞ്ചിച്ചു കൂട്ടിച്ചേർക്കാതിരിക്കുവാൻ വേണ്ടി ബന്ധിച്ചു എന്ന് മനസ്സിലാക്കുന്നതാണ് ഉത്തമം.

കർത്താവിന്റെ വരവിനു മുൻപായി ദൈവജനത്തെ ഉന്മൂലനം ചെയ്യുവാൻ പിശാചും അവന്റെ സൈന്യവും ശ്രമിക്കും എന്ന് ദൈവവചനം പ്രവചിക്കുന്നുണ്ട്.

യെഹെസ്കേൽ 38:16: “ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന്നു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.”

സെഖര്യാവ് 14:2: “ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും….”

വെളിപ്പാട് ദൈവജനത്തെ ധൈര്യപ്പെടുത്തുന്നു. പിശാച് അവരെ നശിപ്പിക്കുവാൻ അവസാനമായി ശ്രമിക്കുന്ന  മഹാ യുദ്ധം ദൈവം അനുവദിക്കുമ്പോൾ മാത്രമേ സംഭവിക്കുകയുള്ളു. ഒരുദിവസം ദൈവം പിശാചിനെ അനുവദിക്കും (ബന്ധനം നീക്കും). അന്ന് അവൻ സകല ജാതികളെയും യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിനു വശീകരിപ്പാൻ പുറപ്പെടും.

പിശാചിന് എന്തുകൊണ്ട് ഒന്നാം നൂറ്റാണ്ടിൽത്തന്നെ സഭയെ നിർമൂലമാക്കാൻ സാധിച്ചില്ല? ചെറിയ ആട്ടിൻകൂട്ടത്തെ അവനു റോമൻ സൈന്യത്തെ ഉപയോഗിച്ച് നശിപ്പിക്കാമായിരുന്നു. വെളിപ്പാട് സംശയലേശമെന്യേ പറയുന്നു: സാത്താൻ ബന്ധിക്കപ്പെട്ടവനാണ്.

വെളിപ്പാട് 20:7-10

7ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. 8അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. 9അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. 10അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.”

ആയിരമാണ്ടു കഴിയുമ്പോൾ പിശാചിനെ അഴിച്ചുവിടും. ദൈവം അവനെ അനുവദിക്കും. എന്തിനു വേണ്ടി? അവന്റെ ജനത്തിനെതിരെ അവസാനമായി യുദ്ധം ചെയ്യുവാൻ വേണ്ടി. പ്രവചനങ്ങളും അത് സൂചിപ്പിക്കുന്നു.

യെഹെസ്കേൽ 38: 3-6: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും……. പുറപ്പെടുമാറാക്കും.”

സെഖര്യാവ് 14:2: “ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും….”

യഹോവയായ ദൈവത്തിന്റെ സർവാധികാരം നാം ഇവിടെ കാണുന്നു. യഹോവ തന്റെ ജനത്തിനെതിരെ യുദ്ധം ചെയ്‍വാൻ പിശാചിനെയും കൂട്ടരെയും അനുവദിക്കുന്നു. പിശാചും അവന്റെ സൈന്യവും ചെയ്ത ദുഷ്ടത നിമിത്തം അവരെ നിത്യ നാശത്തിനേൽപ്പിക്കുന്നു.

തെസ്സലോനിക്യ ലേഖനവും ഇതേ കാര്യം തന്നെയാണ് പറയുന്നത്.

2 തെസ്സലോനിക്യർ 2:3-12: “3ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. 4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ. നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? 6 അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു. 7 അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. 9 അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; 10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. 11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു  12ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.”

വെളിപ്പാട് 20-ഉം 2 തെസ്സലോനിക്യർ 2-ഉം ചേർത്ത് വായിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിലാകും:

1.   ക്രിസ്തുവിന്റെ വീണ്ടും വരവിനു മുൻപായി, സാത്താന്റെ പ്രവർത്തികൾ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത നിലയിൽ ശക്തിപ്പെടും.

2. ക്രിസ്തുവിന്റെ വീണ്ടും വരവിനു മുൻപായി, ലോകമെമ്പാടുമുള്ള ദൈവജനം അവിശ്വാസികളാൽ പീഡ അനുഭവിക്കും. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത നിലയിൽ.

3.  കർത്താവിന്റെ രണ്ടാം വരവിൽ ദൈവജനത്തെ പീഡിപ്പിക്കുന്നവരെ ദൈവം നിത്യമായി ശിക്ഷിക്കും, തന്റെ ജനത്തെ സംരക്ഷിക്കും.

 

വെളിപ്പാട് 20

2 തെസ്സലോനിക്യർ 2

ഒരു ദൂതൻ സാത്താനെ ബന്ധിച്ചു

അധർമ്മമൂർത്തി സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നു

ആയിരമാണ്ടു കഴിഞ്ഞിട്ട് അല്പകാലം അവനെ അഴിച്ചുവിടും

തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോകും

ജാതികൾ വഞ്ചിക്കപ്പെടും

അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും…

സാത്താനെയും ജാതികളെയും നശിപ്പിക്കും 

അധർമ്മമൂർത്തിയെ  കർത്താവായ യേശു നശിപ്പിക്കും;

സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരും

 

പ്രായോഗിക പാഠങ്ങൾ:

1.       സാത്താൻ ഇന്ന് ബന്ധിക്കപ്പെട്ടവനാണ്. അവനു ഇന്ന് ദൈവജനത്തെ ഉന്മൂലനം ചെയ്യുവാൻ സാധിക്കയില്ല. ദൈവജനം അവർക്കു നൽകപ്പെട്ട ഉത്തരവാദിത്തം ചെയ്തുകൊണ്ടേയിരിക്കും. സുവിശേഷപ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും. ഈ ബോധം നമ്മെ ധൈര്യപ്പെടുത്തുന്നതാണ്.

2.       ഭാവിയിൽ പിശാചിനെ ദൈവം അനുവദിക്കും. പിശാച് ദൈവജനത്തെ വളയും. നാം കരുതിക്കൊള്ളണം. എന്നാൽ, ദൈവജനത്തെ ഉന്മൂലനം ചെയ്യുവാൻ അവനു സാധിക്കയില്ല. കർത്താവു തന്റെ ജനത്തിന് വേണ്ടി പൊരുതും. ശത്രുവിന്റെ പദ്ധതികൾ മുൻപേകൂട്ടി നാം മനസ്സിലാക്കുന്നതുകൊണ്ടു നമുക്ക് ഒരുങ്ങുവാൻ പറ്റും. മഹാദിവസത്തിലെ യുദ്ധത്തിനായി നമുക്ക് ഒരുങ്ങാം.

വെളിപ്പാട് 20:4-6

4ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 5മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. 6ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.”

യോഹന്നാൻ ന്യായാസനങ്ങളെ കണ്ടു. ന്യായസങ്ങളിൽ ഇരിക്കുന്നവരെയും കണ്ടു.

യോഹന്നാൻ കണ്ട ന്യായാസനങ്ങൾ സ്ഥിതി ചെയുന്നത് എവിടെയാണ്? അത് സ്വർഗത്തിലാണ് എന്നു നമുക്ക് മനസ്സിലാക്കാം.

·         വെളിപ്പാടുപുസ്തകത്തിൽ 47 പ്രാവശ്യം ന്യായാസനങ്ങൾ (thrones) എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. 40 പ്രാവശ്യവും അത് ദൈവത്തിന്റെയോ, കുഞ്ഞാടിൻറെയോ, അല്ലെങ്കിൽ ഇരുപത്തിനാലു മൂപ്പന്മാരുടെയോ സ്വർഗ്ഗത്തിലുള്ള സിംഹാസനത്തെ സൂചിപ്പിക്കുന്നു. മൂന്നു പ്രാവശ്യം പിശാചിന്റെ അല്ലെങ്കിൽ മൃഗത്തിന്റെ സിംഹാസനത്തെ കാണിക്കുന്നു (2:13; 13:2; 16:10). മൂന്നു പ്രാവശ്യം പുതിയ ഭൂമിയിലുള്ള  ദൈവത്തിന്റെ സിംഹാസനത്തെ സൂചിപ്പിക്കുന്നു (21:5; 22:1, 3). പുതിയ ആകാശ പുതിയ ഭൂമിയിൽ മാത്രമേ സ്വർഗ്ഗത്തിലുള്ള ദൈവത്തിന്റെ സിംഹാസനം ഭൂമിയിൽ പ്രത്യക്ഷമാവുകയുള്ളു (21:3).

സിംഹാസനം

സ്ഥലം

എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു

ദൈവത്തിന്റെ സിംഹാസനം, കുഞ്ഞാടിന്റെ സിംഹാസനം

സ്വർഗത്തിൽ

36

മൂപ്പന്മാരുടെ സിംഹാസനങ്ങൾ

സ്വർഗത്തിൽ

3 (4:4 2x; 11:16)

ദൈവത്തിന്റെ സിംഹാസനം പുതിയ ഭൂമിയിൽ

പുതിയ ഭൂമി

4 (21:3; 21:5; 22:1; 22:3)

മൃഗത്തിന്റെ സിംഹാസനം സാത്താന്റെ സിംഹാസനം

ഭൂമിയിൽ

3  (2:13; 13:2; 16:10)

 

പുതിയ ആകാശ പുതിയ ഭൂമി വരുന്നതുവരെ സ്വർഗത്തിൽ സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സിംഹാസനം ഭൂമിയിലേക്ക് വരുന്നത് എപ്പോഴാണെന്ന് വെളിപ്പാട് 21-22 വെളിപ്പെടുത്തുന്നു.

വെളിപ്പാടു 21:1-4: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.”

വെളിപ്പാടു 22:1-3: “വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.”

അതുകൊണ്ടു പുതിയ ആകാശ പുതിയ ഭൂമി വരുന്നതിനു മുമ്പുള്ള വെളിപ്പാട് 20:4-ലെ സിംഹാസനങ്ങൾ (24 മൂപ്പന്മാരുടെയായിരിക്കാം) സ്വർഗത്തിലാണ് യോഹന്നാൻ കാണുന്നതെന്ന് ന്യായമായി നമുക്ക് മനസ്സിലാക്കാം.

വെളിപ്പാട് 20:4-6

4ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 5മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. 6ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.”

യോഹന്നാൻ എന്താണ് കണ്ടത്? ആത്മാക്കളെ. ഗ്രീക്കിൽ “psychasഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. “psychasഎന്നാൽ രണ്ടു അർഥങ്ങൾ ഉണ്ട്.

1.       ആത്മാവ്: ശരീരത്തിൽനിന്നും വേർപെട്ട  ആത്മാവ്

2.       ജീവി: ശരീരവും ആത്മാവും അടങ്ങുന്ന വ്യക്തി

വെളിപ്പാട് 20:4-ൽ ഏതു അർത്ഥത്തിലാണ് “psychasഎന്ന പദം ഉപയോഗിച്ചിരിക്കുന്നത്?

മനുഷ്യ ശരീരത്തിൽനിന്നും വേർപെട്ട ആത്മാവിനെയാണ് വെളിപ്പാട് 20:4-ൽ വിവരിച്ചിട്ടുള്ളത് എന്ന് സന്ദർഭം നോക്കി മനസ്സിലാക്കുവാൻ കഴിയും. കാരണം:

1.  തല ഛേദിക്കപ്പെട്ടവരുടെ ആത്മാക്കൾ എന്നാണ് വെളിപ്പാട് 20:4-ൽ പറയുന്നത്.

2. തല ഛേദിക്കപ്പെട്ടവർ എന്നുള്ളത് പെർഫെക്റ്റ് ടെൻസിലാണ് (Perfect tense) രേഖപ്പെടുത്തിയിരിക്കുന്നത്. തല ഛേദിക്കപ്പെട്ടതിന്റെ ഫലങ്ങൾ യോഹന്നാൻ ആത്മാക്കളെ കാണുമ്പോൾ തുടരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ. തല ഛേദിക്കപ്പെട്ട മനുഷ്യ ശരീരത്തെ (തലയില്ലാത്ത ഉടലിനെ) യോഹന്നാൻ കണ്ടു എന്നാണെങ്കിൽ അത് ഒരു ഭീകര കാഴ്ചയാണ്. ആ കാഴ്ചയല്ല യോഹന്നാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്, ശരീരത്തിൽ നിന്നും വേർപിരിഞ്ഞ ആത്മാക്കളെയാണ് യോഹന്നാൻ കണ്ടത്.

3. വെളിപ്പാട് ആറാം അധ്യായത്തിൽ കാണുന്ന ചിത്രീകരണവുമായുള്ള സമാന്തരത അത് സൂചിപ്പിക്കുന്നു.

വെളിപ്പാട് 6:9: “അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു”

വെളിപ്പാട് 6:9

വെളിപ്പാട് 20:4

അറുക്കപ്പെട്ടവരുടെ ആത്മാക്കൾ

തല ഛേദിക്കപ്പെട്ടവരുടെ ആത്മാക്കൾ (ഇംഗ്ലീഷ് തർജമ നോക്കുക)

ദൈവവചനം നിമിത്തം

ദൈവവചനം നിമിത്തം

തങ്ങൾ പറഞ്ഞ സാക്ഷ്യം നിമിത്തം

യേശുവിന്റെ സാക്ഷ്യം നിമിത്തം

വെളിപ്പാട് 6:9 സ്വർഗത്തിലുള്ള  വിശ്വാസികളുടെ ആത്മാക്കളെ കുറിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു എല്ലാവരും സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ, വെളിപ്പാട് 20:4-ൽ കാണുന്ന ആത്മാക്കളും സ്വർഗത്തിലുള്ള വിശ്വാസികളുടെ ആത്മാക്കളാണെന്നു വ്യക്തമല്ലേ.






ഗ്രന്ഥസൂചി:

1. Beale, G. K. The Book of Revelation. (The New International Greek Testament Commentary, NIGTC). Eerdmans.
2. Storms, C. Samuel. Kingdom Come: The Amillennial Alternative.
3. Waldron, Samuel E. The End Times Made Simple.

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും