റോമർ 11 - "ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും"

 

ആമുഖം

1948-ൽ “ഇസ്രായേൽ” എന്നറിയപ്പെടുന്ന രാഷ്ട്രം സ്ഥാപിക്കപ്പെടുകയുണ്ടായി. ആ സംഭവം വിശ്വാസികളുടെ ഇടയിൽ ചെറുതല്ലാത്ത ഊഹാപോഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. എന്നാൽ, ദൈവത്തിന്‍റെ പദ്ധതിയിൽ "ഇസ്രായേൽ" രാഷ്ട്രത്തിനു പ്രത്യേകമായ ഒരു ഭാവി ഉണ്ടെന്നു പലരും സ്ഥാപിക്കുവാൻ ഉപയോഗിക്കുന്ന വേദഭാഗമാണ് റോമർ 11. റോമർ 11-ന്‍റെ പഠനത്തിൽ രണ്ടു കാര്യങ്ങൾ നമുക്ക് പരിശോധിക്കാം:

1.      റോമർ 11-ൽ ഇസ്രായേൽ മക്കളോടുള്ള (അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ) ബന്ധത്തിൽ  ദൈവത്തിന്‍റെ വർത്തമാനകാല പദ്ധതി

2.      റോമർ 11-ൽ ഇസ്രായേൽ മക്കളോടുള്ള ബന്ധത്തിൽ  ദൈവത്തിനു പ്രത്യേക ഭാവി പദ്ധതി ഉണ്ടെന്നു തോന്നിപ്പിക്കുന്ന വേദഭാഗങ്ങളുടെ ശരിയായ വിശദീകരണം (റോമർ 11:25,26)

റോമർ 11: ഇസ്രായേലിനോടുള്ള ദൈവത്തിന്‍റെ വർത്തമാനകാല പദ്ധതി

ഇസ്രായേലിനോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്‍റെ വർത്തമാനകാല പദ്ധതിയെ കുറിച്ച് റോമാ ലേഖനത്തിൽ ഉടനീളം നമുക്ക് കാണുവാൻ കഴിയും. വിശ്വസിക്കുന്ന ഏവനും "ആദ്യം യെഹൂദന്നും പിന്നെ യവനന്നും" സുവിശേഷം ദൈവശക്തിയാകുന്നു എന്ന് പൗലോസ് പറയുകയുണ്ടായി (റോമർ 1:16). റോമർ 9,10,11 അധ്യായങ്ങളിലും ഇസ്രായേലിനോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്‍റെ വർത്തമാനകാല പദ്ധതിയെ കുറിച്ചുള്ള ധാരാളം പരാമർശങ്ങൾ കാണുവാൻ കഴിയും.

റോമർ 11-ലെ ചില പ്രധാനപ്പെട്ട വേദഭാഗങ്ങൾ ചൂണ്ടികാണിക്കുവാൻ ആഗ്രഹിക്കുന്നു.

·        റോമർ 11:1: “എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.”

Ø  ദൈവം സ്വന്ത ജനത്തെ തള്ളിക്കളഞ്ഞുവോ എന്ന ചോദ്യത്തിന് പൗലോസ് മറുപടി പറയുന്നു: "ഒരു നാളും ഇല്ല"

Ø  ദൈവം സ്വന്ത ജനത്തെ തള്ളിക്കളഞ്ഞട്ടില്ല എന്ന് സ്ഥാപിക്കുവാൻ പൗലോസ് വർത്തമാനകാല ദൈവത്തിന്‍റെ പ്രവർത്തിയെയാണ് ഉപയോഗിച്ചത്. “ഞാനും ഇസ്രായേല്യനല്ലോ” എന്ന് പൗലോസ് പ്രസ്താവിക്കുന്നു.

Ø  ദൈവം തന്‍റെ സ്വന്ത ജനത്തെ തള്ളിക്കളഞ്ഞില്ല എന്ന് പൗലോസ് സ്ഥാപിക്കുന്നത് ഭാവിയിൽ അവർക്കു പ്രത്യേക പദ്ധതി ഉണ്ടാകും എന്ന് പറഞ്ഞല്ല. പൗലോസ് തന്‍റെ ഉദാഹരണം ചൂണ്ടികാണിച്ചു അത് സ്ഥാപിക്കുന്നു.

Ø  വർത്തമാനകാലത്തു, ദൈവത്തിന്‍റെ ഇസ്രായേലിനുവേണ്ടിയുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. പൗലോസാണ്‌ അതിനു നല്ല തെളിവ്.

Ø  യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്‍റെ ആഗ്രഹം ഇന്ന് നിവൃത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കപ്പെട്ടു എന്ന് ചില വിശ്വാസികൾ പറയുന്നത് തെറ്റാണ്. ദൈവവചനം അതിനെ ഖണ്ഡിക്കുന്നു.

·        റോമർ 11:5: “അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.”

Ø  ഈ കാലത്തും ഇസ്രായേലിൽ നിന്നുള്ള ഒരു ശേഷിപ്പ് രക്ഷിക്കപ്പെടുന്നുണ്ട്. ഇസ്രയേലിന്‍റെ ഒരു അംശം രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Ø  വീണ്ടെടുപ്പിൻ ചരിത്രത്തിന്‍റെ ഓരോ കാലഘട്ടത്തിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പ് രക്ഷിക്കപ്പെട്ടിരുന്നു.

Ø  ഇന്ന്, അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതിയായ എല്ലാ ഇസ്രായേല്യനും സുവിശേഷം വിശ്വസിക്കുന്നില്ല. എന്നാൽ, അബ്രഹാമിന്‍റെ സ്വാഭാവിക സന്തതിയായ എല്ലാവരെയും രക്ഷിക്കുകയെന്നത് ദൈവത്തിന്‍റെ പദ്ധതി ആയിരുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

Ø  പൗലോസിന്‍റെ ചാർച്ചക്കാരായവർ ദൈവത്തെ തള്ളിക്കളഞ്ഞത്കൊണ്ട് ദൈവ വചനം വൃഥാവായിപ്പോയോ എന്ന ചോദ്യമാണ് നാം റോമർ 9:1-7-ൽ കാണുന്നത്. പൗലോസിന്‍റെ വിശദീകരണം ശ്രദ്ധേയമാണ്. ഇസ്രായേലിൽ നിന്ന് ഉത്ഭവിച്ചവർ എല്ലാവരും ഇസ്രായേല്യർ അല്ല എന്ന് പൗലോസ് പറയുന്നു (റോമർ 9:6). എല്ലാ സ്വാഭാവിക ഇസ്രായേല്യനെയും രക്ഷിക്കുകയെന്നത് ദൈവത്തിന്‍റെ പദ്ധതി ആയിരുന്നില്ല എന്ന് പൗലോസ് വ്യക്തമായി പറയുന്നു.

·        റോമർ 11:13-14: “13എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്‍റെ 14സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.”

Ø  "സ്വജാതിക്കാർക്ക് സ്പർദ്ധ ജനിപ്പിക്കുന്നതും" അവരിൽ "ചിലരെ" രക്ഷിക്കുന്നതും ഇസ്രായേലിനോടുള്ള ദൈവത്തിന്‍റെ വർത്തമാനകാല പദ്ധതിയായി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. 

Ø  പൗലോസിന്റെ പ്രവർത്തനത്തിന്‍റെ ഫലമായി ജാതികൾ മശിഹായുടെ രാജ്യത്തിന്‍റെ അനുഗ്രഹങ്ങൾ അനുഭവിക്കുന്നത് കാണുമ്പോൾ യെഹൂദന്മാർക്കു സ്പർദ്ധ ജനിക്കുകയും അങ്ങനെ അവർ സുവിശേഷത്തിൽ വിശ്വസിക്കുകയും ചെയ്യും എന്ന് പൗലോസ് ആഗ്രഹിച്ചു.

Ø  പൗലോസിന്‍റെ വർത്തമാനകാല ശുശ്രൂഷയുടെ ഫലമായി "ചില യെഹൂദന്മാരെ" (=ശേഷിപ്പ്) രക്ഷയിലേക്കു നയിക്കുന്നത് യെഹൂദന്മാരുടെ “അംഗീകരണവുമായി” പൗലോസ് ബന്ധപ്പെടുത്തുന്നു. മൂലഭാഷയിൽ, റോമർ 11:15  തുടങ്ങുന്നത് "എന്തുകൊണ്ടെന്നാൽ" (“for if”; ഗ്രീക്കിൽ “ei gar”) എന്ന  സമുച്ചയപദം ഉപയോഗിച്ചാണ്. ഇസ്രയേലിന്‍റെ അംഗീകരണവും പൗലോസിന്‍റെ വർത്തമാനകാല പ്രവർത്തനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഇത് കാണിക്കുന്നു. ഓരോ കാലത്തും "ശേഷിപ്പ്" രക്ഷിക്കപ്പെടുന്നതിലൂടെയാണ് ഇസ്രായേലിന്‍റെ അംഗീകരണം നടക്കുന്നത് എന്നത് വ്യക്തമായ സത്യമാണ്.

Ø  ഓരോ കാലത്തും ഒരു "ശേഷിപ്പ്" രക്ഷിക്കപ്പെടുന്നതിലൂടെയാണ് ഇസ്രായേലിന്‍റെ യഥാസ്ഥാനം നടക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

Ø  റോമർ 11:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന "മരിച്ചവരുടെ ഉയിർപ്പു" ശരീരത്തിന്‍റെ പുനരുത്ഥാനമാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. "മരിച്ചവരിൽനിന്നുമുള്ള ജീവൻ" ("life from the dead") എന്നാണ് യഥാർത്ഥ തർജ്ജമ. വർത്തമാനകാലത്തു, അവിശ്വാസികളായ യെഹൂദന്മാർ ഒലിവുമരത്തിലേക്കു വിശ്വാസത്താൽ ഒട്ടിക്കപ്പെടുമ്പോൾ ദൈവജനത്തിനു ഉണ്ടാകുന്ന ഏറ്റവും വലിയ അനുഗ്രഹീത സ്ഥിതിയെ ആലങ്കാരികമായി ആ പ്രയോഗം കാണിക്കുന്നു. "മരണം", "ജീവൻ" എന്ന പദങ്ങൾ ശാരീരിക മരണത്തെയും ശാരീരിക ജീവനെയും കാണിക്കുവാൻ വേണ്ടി മാത്രമല്ല, ആലങ്കാരികമായും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട് (2 കൊരിന്ത്യർ 4:12; റോമർ 6:13).

·        റോമർ 11:30-31: “30നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, 31നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു [*ഇപ്പോൾ*] കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.”

Ø  ചില ഇംഗ്ലീഷ് തർജ്ജമകളിൽ മൂന്നു പ്രാവശ്യം "ഇപ്പോൾ" എന്ന പദം ഉപയോഗിച്ചിട്ടുണ്ട് (ESV, NIV, NASB).

Ø  ജാതികൾക്കു ഇപ്പോൾ കരുണ ലഭിക്കുന്നു എന്നും, ഇസ്രായേൽ മക്കൾക്ക് “ഇപ്പോൾ” കരുണ ലഭിക്കേണ്ടതിനു  ഇസ്രായേൽ മക്കൾ “ഇപ്പോൾ” അനുസരിക്കാതിരിക്കുന്നു എന്നും പൗലോസ് പറയുന്നു.

Ø  വർത്തമാനകാല പദ്ധതിയെ ഉറപ്പിക്കുന്ന പ്രസ്താവനയാണ് നാം റോമർ 11:32-ൽ കാണുന്നത്: "ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു". ദൈവം ജാതികളോടും യെഹൂദന്മാരോടും കരുണ കാണിക്കുവാൻ വേണ്ടി അവരെ അനുസരണക്കേടിൽ അടച്ചുകളയുന്നു എന്ന് പൗലോസ് പറയുന്നു.

·        റോമർ 11:17-24

Ø  ഒലിവു മരത്തിന്‍റെ ചിത്രീകരണം പൗലോസ് പങ്കുവയ്ക്കുന്നു.

Ø  ദൈവജനത്തിന്‍റെ ഉടമ്പടിയുടെ പദവിയെയാണ് (covenantal status) ഒലിവുമരം ചിത്രീകരിക്കുന്നത്.

Ø  ഇസ്രായേലിനെ മൊത്തത്തിൽ ഒലിവു മരത്തിൽനിന്നും ഒടിച്ചു കളഞ്ഞു എന്ന് ബൈബിളിൽ പറയുന്നില്ല. അവിശ്വാസികളെ മാത്രമാണ് ഒടിച്ചു കളഞ്ഞത്.

Ø  ഈ ചിത്രീകരണത്തിൽ എവിടെയും ഇസ്രായേൽ ഒലിവു മരത്തിൽ ഒട്ടിക്കപ്പെടുന്നത് ഭാവിയിലാണെന്ന ധ്വനിയില്ല. അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും ഒലിവു മരത്തിൽ ഒട്ടിയ്ക്കും എന്നാണ് പൗലോസ് പറയുന്നത്. ഒരുവൻ സുവിശേഷത്തിൽ വിശ്വസിക്കുമ്പോഴാണ് ഒലിവു മരത്തിൽ ഒട്ടിയ്ക്കപ്പെടുന്നത്.

Ø  എല്ലാ കാലത്തിലും ഇസ്രായേലിലെ ഒരു ശേഷിപ്പ് ഒലിവു മരത്തിലേക്ക് ഒട്ടിയ്ക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം.

റോമർ 11:25-26

റോമർ 11:25-26: “25സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. 26ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.

“യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു”

Ø  അല്പകാലത്തേക്കു ഇസ്രായേലിനു കാഠിന്യം ഭവിച്ചിരിക്കുന്നു എന്നാണ് പലരും ഈ പ്രയോഗത്തെ തെറ്റിദ്ധരിച്ചിട്ടുള്ളത്.

Ø  എന്നാൽ, ഇസ്രായേലിനു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു എന്നാണു ഈ വാക്യത്തിന്‍റെ യഥാർത്ഥ അർത്ഥം. അതായത്, ഇസ്രയേലിന്‍റെ ഒരു അംശത്തിനു കാഠിന്യം ഭവിച്ചിരിക്കുന്നു.

Ø  ഇസ്രയേലിന്‍റെ ഒരംശത്തിനു കാഠിന്യം ഭവിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മറ്റൊരു പരിപൂരകമായ സത്യം അർത്ഥമാക്കുന്നുണ്ട്: ഈ കാലത്തും ഇസ്രയേലിന്‍റെ ഒരംശം രക്ഷിക്കപ്പെടുന്നുണ്ട്.

Ø  ഇന്ന് ഇസ്രായേലിനു മുഴുവൻ കാഠിന്യം ഭവിച്ചിട്ടില്ല. അംശമായ കാഠിന്യം മാത്രം. മറ്റേ അംശം രക്ഷിക്കപ്പെടുന്നു.

“ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം

ജാതികളുടെ പൂർണ്ണ സംഖ്യ ചേരുവോളം ഇസ്രായേലിനു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു എന്നതുകൊണ്ട് ജാതികളുടെ പൂർണ്ണസംഖ്യ ചേർന്നുകഴിഞ്ഞ ശേഷം ഇസ്രായേലിന്‍റെ അംശമായ കാഠിന്യം മാറുമെന്ന് അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. അങ്ങനെ അനുമാനിച്ചതിനു ശേഷം, ഇസ്രായേലിനു പ്രത്യേകമായ ഒരു ഭാവിയുണ്ടെന്നു അവർ സ്ഥാപിക്കും. അത് തെറ്റിദ്ധാരണ മാത്രമാണ്.

ജാതികളുടെ പൂർണ്ണസംഖ്യ ചേർന്നതിനു ശേഷം ഇസ്രായേലിന്‍റെ അംശമായ കാഠിന്യം മാറി, അന്ന് ജീവിക്കുന്ന ഇസ്രായേലിലെ അവിശ്വാസികൾ എല്ലാവരും രക്ഷിക്കപ്പെടും എന്നുള്ളത് താഴെ പറയുന്ന കാരണങ്ങളാൽ നമുക്ക് തള്ളിക്കളയാം.

1.      കാഠിന്യം എന്ന പദം തിരഞ്ഞെടുപ്പിന്‍റെ മർമത്തോട് ബന്ധപ്പെട്ട ഒരു പദമാണ്. രണ്ടു കൂട്ടം മനുഷ്യരെ നമുക്ക് കാണുവാൻ കഴിയും തിരഞ്ഞെടുക്കപ്പെട്ടവരും കാഠിന്യം ഭവിച്ചവരും (റോമർ 11:7). തിരഞ്ഞെടുക്കപ്പെട്ടവർ രക്ഷിക്കപ്പെടുന്നു. കാഠിന്യം ഭവിച്ചവർ നിത്യമായി നഷ്ടപ്പെടുന്നു. ഭാവിയിൽ അംശമായ കാഠിന്യം മാറുമെന്ന് നാം പറയുന്നുവെങ്കിൽ ഒരുനാൾ എല്ലാ ഇസ്രായേൽ മക്കളും തിരഞ്ഞെടുക്കപ്പെട്ടവരാകും എന്ന് പറയുന്നതിന് തുല്യമാണത്. തിരഞ്ഞെടുപ്പിൻ ദൈവശാസ്ത്രം അറിയുന്ന ഏതു വിശ്വാസി അതിനു തയ്യാറാകും!? തിരഞ്ഞെടുക്കപ്പെടാത്തവർ (കാഠിന്യം ഭവിച്ചവർ) ഒരുനാൾ തിരഞ്ഞെടുക്കപ്പെടുമെന്നു പറയുന്നത് അസംബന്ധമാണ്.

Ø  യോഹന്നാൻ സുവിശേഷത്തിൽ കർത്താവിന്‍റെ ആടുകൾ (sheep) എന്ന ചിത്രീകരണം നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട് (യോഹന്നാൻ 10). കർത്താവിന്‍റെ ആടുകൾ (sheep) കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ക്രിസ്തുവിന്‍റെ ആടായതുകൊണ്ടാണ് ഒരുവൻ ക്രിസ്തുവിൽ വിശ്വസിക്കുന്നത് എന്നാണ് യേശു ക്രിസ്തു പറഞ്ഞത്. വിശ്വസിക്കുമ്പോഴല്ല ആടാകുന്നത്. ആടായതുകൊണ്ടാണ് ഒരുവൻ വിശ്വസിക്കുന്നത് (യോഹന്നാൻ 10:26). ഒരുനാൾ, ആടുകൾ അല്ലാത്തവർ ആടുകളായി തീരും എന്ന് നാം പറഞ്ഞാൽ അത് പരസ്പര വൈരുധ്യമുള്ള കാര്യമായിരിക്കും.

2.      തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചതിനു ശേഷമാണ് കർത്താവിന്‍റെ കള്ളനെപോലെയുള്ള വരവ് എന്നാണ് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നത് (2 പത്രോസ് 3:9,14). കർത്താവിന്‍റെ കള്ളനെപോലെയുള്ള വരവിനു ശേഷം ചിലർ രക്ഷിക്കപ്പെടുമെന്നു പറഞ്ഞാൽ അത് പരസ്പര വിരുദ്ധ പ്രസ്താവനയായി പോകും.

“ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം” എന്ന പ്രയോഗം കൊണ്ട് ജാതികളുടെ പൂർണ്ണസംഖ്യ ചേരുന്നതുവരെ ഇസ്രായേലിന്‍റെ അംശമായ കാഠിന്യം തുടർന്നുകൊണ്ടേയിരിക്കുമെന്നു മാത്രമേ അർത്ഥമുള്ളൂ. അത് കഴിഞ്ഞു ആ സ്ഥിതി മാറുമെന്ന് നമുക്ക് ആ പദം ഉപയോഗിച്ചു ഉറപ്പിക്കുവാൻ സാധ്യമല്ല. “വരേക്കും” (=ഓളം; “until”) എന്ന  പദം ഈ അർത്ഥത്തിലും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ടെന്നു നമുക്ക് കാണുവാൻ കഴിയും

1.      വെളിപ്പാട്17:17: “ദൈവത്തിന്‍റെ വചനം നിവൃത്തിയാകുവോളംന്‍റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.”

ദൈവവചനം നിവൃത്തിയാകുവോളം പത്തു രാജാക്കന്മാർ അവരുടെ രാജ്യം മൃഗത്തിന് ഏൽപ്പിക്കുമെന്നേ ഇതിനു അർത്ഥമുള്ളൂ. ദൈവവചനം നിവൃത്തിയായശേഷം പത്തു രാജാക്കന്മാർ അവരുടെ രാജ്യം മൃഗത്തിൽനിന്നു തിരിച്ചു വാങ്ങും എന്ന് ഇതിനു അർത്ഥമില്ല. മൃഗവും പത്തു രാജാക്കന്മാരും ഒരുമിച്ചാണ് നശിപ്പിക്കപ്പെടുന്നത്.

2.      1 കൊരിന്ത്യർ 15:25: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.”

സകല ശത്രുക്കളും നശിപ്പിക്കപ്പെടുന്നത് വരെ ക്രിസ്തുവിന്‍റെ വാഴ്ച തുടരും എന്നേ അർത്ഥമുള്ളൂ. സകല ശത്രുക്കളും നശിപ്പിക്കപ്പെട്ടശേഷം ക്രിസ്തുവിന്‍റെ വാഴ്ച അവസാനിക്കും എന്നർത്ഥമില്ല. അവന്‍റെ വാഴ്ച നിത്യ വാഴ്ചയാണ് (വെളിപ്പാട്   11:15; 22:3).

“ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും”

ഈ വാക്യത്തെ "അതിനു ശേഷം യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും" എന്ന രീതിയിലാണ് പലരും വ്യാഖ്യാനിക്കാറുള്ളത്. ജാതികളുടെ പൂർണ്ണ സംഖ്യ വന്നതിനു ശേഷം ഇസ്രായേൽ മുഴുവൻ രക്ഷിക്കപ്പെടുമെന്നു അവർ തെറ്റായി അനുമാനിക്കുന്നു. എന്നാൽ അത് വസ്തുതാവിരുദ്ധമാണ്. "അതിനു ശേഷം" (kai tote) എന്നല്ല "ഇങ്ങനെ" (ഈ വിധത്തിൽ = kai houtos) എന്നാണ് നാം വായിക്കുന്നത്. "ഇങ്ങനെ" എന്ന് പൗലോസ് പറയുമ്പോൾ "എങ്ങനെ" എന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതിനു ഉത്തരം ഇതാണ്: പൗലോസ് ഇതുവരെ പറഞ്ഞ രീതിയിൽ.

Ø  ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം ഇസ്രായേലിനു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു എന്ന് പൗലോസ് റോമർ 11:25-ൽ പറഞ്ഞു. അതിന്‍റെ അർത്ഥം, ബാക്കി അംശം ഈ കാലത്തു രക്ഷിക്കപ്പെടുന്നു എന്നുള്ളതാണ്. ഈ വിധത്തിലാണ് ഇസ്രായേൽ എല്ലാവരും രക്ഷിക്കപ്പെടുന്നത്.

Ø  ഓരോ കാലത്തും രക്ഷിക്കപ്പെടുവാനുള്ളവർ എല്ലാവരും രക്ഷിക്കപ്പെടുമ്പോൾ ഇസ്രയേലിന്‍റെ പൂർണ്ണ സംഖ്യ ചേരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

Ø  ഇസ്രായേൽ മുഴുവൻ രക്ഷിക്കപ്പെടുമെന്നു പറയുമ്പോൾ പൗലോസിന്‍റെ ശ്രദ്ധ യുഗാന്ത്യത്തിലേക്കല്ല പോകുന്നത്, മറിച്ചു, ഈ പുതിയ നിയമ സഭാകാലം മുഴുവൻ നടക്കുന്ന ദൈവത്തിന്‍റെ പ്രവർത്തിയിലേക്കാണ്.

Ø  ഈ സഭാകാലത്തു, ഇസ്രായേലിന്‍റെ ഒരംശവും, ജാതികളുടെ ഒരംശവും രക്ഷിക്കപ്പെടുന്നു. ആ അവസ്ഥ ലോകാവസാനംവരെ തുടർന്നുപോകും. ലോകാവസാനത്തിൽ ജാതികളുടെ പൂർണ്ണസംഖ്യ ചേരും, ഇസ്രായേലിന്‍റെയും. ഇതാണ് എല്ലാ ഇസ്രായേലും രക്ഷിക്കപ്പെടുകയെന്നാൽ.

“യിസ്രായേൽ മുഴുവനും” (All Israel)

“ഇസ്രായേൽ മുഴുവനും” എന്ന് പറയുമ്പോൾ ആരൊക്കെ അതിൽ ഉൾപ്പെടുന്നു? അഞ്ചു സാധ്യതകളാണ് ഉള്ളത്:

1.      അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ എല്ലാവരും

2.      കർത്താവിന്‍റെ വരവിന്‍റെ സമയത്തു ജീവനോടെയിരിക്കുന്ന അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികൾ എല്ലാവരും

3.      കർത്താവിന്‍റെ വരവിന്‍റെ സമയത്തു ജീവനോടെയിരിക്കുന്ന അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികളിൽ ഭൂരിഭാഗവും.

4.      അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതികളിൽ രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും

5.      യെഹൂദന്മാരിലും ജാതികളിൽനിന്നും രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും

മരിച്ചതിനു ശേഷം വീണ്ടും ഒരു അവസരം എന്ന വാദം ദൈവവചനപ്രകാരം അല്ലാത്തതുകൊണ്ട് ഒന്നാമത്തെ സാധ്യത നാം തള്ളിക്കളയണം. "എല്ലാ ഇസ്രായേലും" എന്ന് പറഞ്ഞിരിക്കുന്നതിനെ "ഭൂരിഭാഗം ഇസ്രായേലും" എന്നാക്കി വ്യാഖ്യാനിക്കുന്നത് അസാധ്യമായതുകൊണ്ടു മൂന്നാമത്തെ വീക്ഷണവും നാം തള്ളിക്കളയണം. "മുഴുവൻ" എന്ന് പറഞ്ഞാൽ മുഴുവൻ എന്നുതന്നെയാണ് അർത്ഥം.

കർത്താവിന്‍റെ വരവിന്‍റെ സമയത്തു ജീവിക്കുന്ന എല്ലാ യെഹൂദന്മാരും രക്ഷിക്കപ്പെടുമെന്നു പറയുന്നത് വചനവിരുദ്ധമാണ്. കാരണം:

Ø  പഴയ നിയമത്തിൽ പരിച്ഛേദനയാണ് ഒരുവനെ ഇസ്രായേൽ രാഷ്ട്രത്തോടു ബന്ധപ്പെടുത്തിയത്. (ഉൽപത്തി 17:11-14; പുറപ്പാട് 12:47-49). പരിച്ഛേദന ഏൽക്കാത്ത അബ്രാഹാമിന്‍റെ സ്വാഭാവിക സന്തതിയെ ദൈവം ഇസ്രായേലായി കണക്കാക്കിയിരുന്നില്ല. പരിച്ഛേദനയേറ്റ ഒരു ജാതീയനെ സ്വദേശിയെപോലെ ദൈവം കണക്കാക്കുകയും ചെയ്തു.

Ø  അതുകൊണ്ടു "സ്വാഭാവികമായ" നിലയിൽ (biological) ഇസ്രായേല്യനെ നിർവചിക്കുവാൻ കഴിയുകയില്ല.

Ø  എന്നാൽ കർത്താവിന്‍റെ വരവിൽ ജീവിച്ചിരിക്കുന്ന ഇസ്രായേല്യർ എല്ലാവരും രക്ഷിക്കപ്പെടുമെങ്കിൽ നമ്മുടെ സുവിശേഷീകരണത്തിന്‍റെ കാഴ്ചപ്പാട് മാറ്റേണ്ടിവരും. ഒരുവൻ ഇന്ന് സുവിശേഷം നിരസിക്കുകയാണെങ്കിൽ, അവരെ യെഹൂദാ മതം സ്വീകരിക്കുവാൻ നാം പ്രോത്സാഹിപ്പിക്കുമോ? അതിൽ നാം സന്തോഷിക്കുമോ? ക്രിസ്തുവിന്‍റെ വരവ് ഏറ്റവും അടുത്താണ് എന്ന് വിശ്വസിക്കുന്ന നാം യെഹൂദാമതത്തിലേക്കു  ആൾക്കാരെ ചേർക്കുവാൻ പ്രോത്സാഹിപ്പിക്കുമോ?

Ø  കർത്താവിന്‍റെ വരവിന്‍റെ സമയത്തു ജീവിച്ചിരിക്കുന്ന എല്ലാ യെഹൂദനും രക്ഷിക്കപെടുമെന്നാണ് നാം പറയുന്നതെങ്കിൽ നാം അങ്ങനെ ചെയ്യേണ്ടി വരും. അത് ക്രിസ്തുവിന്‍റെ സുവിശേഷത്തിനു നേരെ വിപരീതവുമാണ്. ഈ ഒരു വീക്ഷണത്തിന്‍റെ ബുദ്ധിശൂന്യതയും, വചനവിരുദ്ധതയും വായനക്കാർക്കു മാനസ്സിലാക്കാവുന്നതേയുള്ളു.

Ø  ക്രിസ്തുവിന്‍റെ വരവിൽ ചില മനുഷ്യർക്ക്, “പുറമെയുള്ള അവസ്ഥ” അനുസരിച്ചു രക്ഷ ഉറപ്പാണ് എന്ന് പറയുന്നത് ദുരുപദേശമാണ്. രക്തവും DNA-യും നോക്കി ദൈവം ചിലരുടെ രക്ഷ ഉറപ്പാക്കുന്നു എന്ന് പറയുന്നത് വചനവിരുദ്ധമാണ്. അതുകൊണ്ടു രണ്ടാമത്തെ സാധ്യത നാം തള്ളിക്കളയണം.

"ഇസ്രായേൽ മുഴുവൻ" എന്ന് പറയുന്നതിൽ ആരൊക്കെ ഉൾപ്പെടുന്നു എന്ന ചോദ്യം ശേഷിക്കുന്നു? അതിൽ എല്ലാ ജാതിയിലുമുള്ള തിരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്നുണ്ടോ? അല്ലെങ്കിൽ, ഇസ്രായേലിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണോ ഉൾപ്പെടുന്നത്? ഈ രണ്ടു സാധ്യതകൾക്കുംവേണ്ടി ശക്തമായ വാദങ്ങൾ നിരത്താവുന്നതാണ്. രണ്ടു വീക്ഷണങ്ങളും റോമർ 11-ന്‍റെ സന്ദർഭത്തോട് ചേർന്നുനിൽക്കുന്നതുമാണ്.

“ഇസ്രായേൽ മുഴുവൻ” എന്നുപറഞ്ഞാൽ എല്ലാ തിരഞ്ഞെടുക്കപ്പെട്ട യെഹൂദന്മാരുമാണെന്ന വീക്ഷണത്തിനുള്ള അനുകൂല വാദങ്ങൾ:

Ø  ദൈവം സ്വന്തജനമായ ഇസ്രായേലിനെ തള്ളിക്കളഞ്ഞുവോ എന്ന ചോദ്യമാണ് റോമർ 11-ലെ വിഷയം (റോമർ 11:1).

Ø  സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിക്കുന്ന കാര്യം റോമർ 11:14-ൽ പറഞ്ഞിരിക്കുന്നു. അങ്ങനെ രക്ഷിക്കപ്പെടുന്ന "ചിലരുടെ" രക്ഷയെ ഇസ്രായേലിന്‍റെ അംഗീകരണമായി പൗലോസ് ബന്ധിപ്പിക്കുന്നു.

Ø  അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ സ്വാഭാവിക കൊമ്പായ യെഹൂദന്മാരെ ഒലിവു മരത്തിലേക്ക് ചേർത്തൊട്ടിക്കുന്ന കാര്യം റോമർ 11:23-ൽ നാം കാണുന്നുണ്ട്.

Ø  ഈ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ, റോമർ 11:25-ലെ മർമം വ്യക്തമാണ്. യെഹൂദന്മാർ കർത്താവിനെ തള്ളിക്കളഞ്ഞതുകൊണ്ടു കർത്താവും അവരെ തള്ളിക്കളയും എന്ന് പലരും കരുതിയിരുന്നിട്ടുണ്ടാകും. എന്നാൽ, ദൈവം പിതാക്കന്മാരോടുള്ള ഉടമ്പടി നിമിത്തം ഇസ്രായേലിനെ തള്ളിക്കളഞ്ഞില്ല. ഇസ്രായേലിൽനിന്നുമുള്ള ഒരു ശേഷിപ്പ് എല്ലാ കാലത്തും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ഒരു മർമ്മമാണ്. ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.

“ഇസ്രായേൽ മുഴുവൻ” എന്നുപറഞ്ഞാൽ എല്ലാ വിശ്വാസികളുമാണെന്ന വീക്ഷണത്തിനുള്ള അനുകൂല വാദങ്ങൾ:

Ø  "ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം" (until the fullness of the Gentiles has come in) എന്ന പ്രയോഗം നാം റോമർ 11:25-ൽ കാണുന്നുണ്ട്. “ജാതികളുടെ പൂർണ്ണസംഖ്യ” എന്ന് പറഞ്ഞാൽ ജാതികളിൽ നിന്നുമുള്ള വിശ്വാസികൾ എല്ലാവരുമാണ്. എന്നാൽ, ആ ജാതികൾ ഏതിലേക്കാണ് ചേർക്കപ്പെടുന്നത്? ഒരു ഉത്തരമേ അതിനുള്ളു. വിശ്വാസികളായ ജാതികൾ ഇസ്രായേലിലേക്ക് ചേർക്കപ്പെടുന്നു.

Ø  ദൈവത്തിന്‍റെ ഉടമ്പടിയുടെ ജനമായ ഇസ്രായേലിലേക്ക് (ഒലിവു മരത്തിലേക്ക്) വിശ്വാസികളായ ജാതികൾ ചേർക്കപ്പെടുന്നു എന്ന് റോമർ 11:17-ൽ നാം കാണുന്നു. സുവിശേഷം വിശ്വസിക്കുന്നതിലൂടെ അവർ ദൈവത്തിന്‍റെ ഇസ്രായേലായി മാറുന്നു.

Ø  അവിശ്വാസികളായിരുന്നപ്പോൾ ജാതികൾ യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരായിരുന്നു എന്ന് നാം എഫെസ്യർ 2:12-ൽ വായിക്കുന്നു. വിശ്വാസികളായ ജാതികൾ വിശുദ്ധന്മാരുടെ സഹപൌരന്മാരാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (എഫെസ്യർ 2:19).

Ø  ജാതികൾ യെഹൂദന്മാരോട് കൂടെ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളുമാണ് എന്നതാണ് റോമർ 11:25-ലെ മർമ്മത്തിന്‍റെ ഒരു വശം (എഫെസ്യർ 3:5,6). എല്ലാ കാലത്തും ഇസ്രായേലിൽ നിന്നുമൊരു ശേഷിപ്പ് ഉണ്ടെന്ന കാര്യമാണ് മർമ്മത്തിന്‍റെ മറ്റൊരു വശം.

Ø  വിശ്വാസികളായ എല്ലാവരെയും “ദൈവത്തിന്‍റെ ഇസ്രായേൽ” എന്ന് പൗലോസ് ഗലാത്യർ 6:16-ൽ വിശേഷിപ്പിക്കുന്നു.

“വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും” (റോമർ 11:27)

റോമർ 11:27: “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം എന്നു എഴുതിയിരിക്കുന്നുവല്ലോ.”

കർത്താവിന്‍റെ രണ്ടാം വരവിനെകുറിച്ചുള്ള പ്രവചനമാണ് ഇതെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ടു ഇസ്രായേൽ രക്ഷിക്കപ്പെടുന്നത് കർത്താവിന്‍റെ രണ്ടാം വരവിലാണെന്നു അവർ അനുമാനിക്കുന്നു. എന്നാൽ ആ വീക്ഷണം തെറ്റാണു എന്ന് നാം കണ്ടുവല്ലോ. ഈ വാക്യത്തോടുള്ള ബന്ധത്തിൽ ചില വിശദീകരണംകൂടി നൽകുന്നു.

Ø  "വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും" എന്ന ഭാവികാല പ്രയോഗം ഉദ്ധരണിക്കുള്ളിലാണ്. അതുകൊണ്ടു, റോമാ ലേഖനം എഴുതിയ സമയത്തിന്‍റെ ഭാവിയിലാണ് വിടുവിക്കുന്നവന്‍റെ വരവ് എന്ന് അർത്ഥമില്ല. അപ്പോസ്തല പ്രവർത്തികൾ 15:13-18-ലെ സമാനമായ ഉദ്ധരണി നാം കണ്ടുവല്ലോ.

Ø  വിടുവിക്കുന്നവൻ യാക്കോബിൽനിന്നു അഭക്തിയെമാറ്റും എന്നാണ് നാം കാണുന്നത്. കർത്താവ് ഒന്നാമത് വന്നത് തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കുവാനാണെന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (മത്തായി 1:21).

Ø  ക്രിസ്തു "പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും" എന്നാണ് ദൈവവചനം പറയുന്നത് (എബ്രായർ 9:28). അതുകൊണ്ടു ക്രിസ്തു രണ്ടാമത് വരുന്നത് ആരുടേയും പാപങ്ങളെ നീക്കുവാൻ അല്ല, പാപികളെ ന്യായംവിധിക്കുവാനാണ്.

Ø  വിടുവിക്കുന്നവൻ സീയോനിൽനിന്നു വരുമ്പോൾ തന്‍റെ ജനവുമായി ഒരു നിയമം (=ഉടമ്പടി) ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നു. ആ ഉടമ്പടി ശാശ്വതമായ പുതിയ ഉടമ്പടിയാണ് (യിരേമ്യാവു 31:31). യേശു ക്രിസ്തുവിന്‍റെ ഒന്നാം വരവിൽ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടു (മത്തായി 26:28). അത് നിത്യമായ ഉടമ്പടിയാണ്. അത് കൂടെ കൂടെ സ്ഥാപിക്കേണ്ട ആവശ്യമില്ല. അത് ഒരിക്കൽ  സ്ഥാപിക്കപ്പെട്ട കാര്യമാണ്.

Ø  കർത്താവ് രണ്ടാമത് വരുന്നത് പുതിയ ഉടമ്പടി സ്ഥാപിക്കുവാനല്ല. പുതിയ ഉടമ്പടിയുടെ ഭാഗമായവരുടെ രക്ഷാ പൂർത്തീകരണത്തിനായി അവൻ രണ്ടാമതും പ്രത്യക്ഷനാകും.

Ø  രക്ഷിക്കപ്പെടുവാനുള്ളവർ എല്ലാവരും രക്ഷിക്കപ്പെട്ടതിനു ശേഷമാണ് കർത്താവ് കള്ളനെപ്പോലെ പ്രത്യക്ഷനാവുക (2 പത്രോസ് 3:9,14). കർത്താവ് വീണ്ടും വന്നുകഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യനും രക്ഷിക്കപ്പെടുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

Ø  "ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ" "ആദ്യം യെഹൂദനും പിന്നെ യവനനും" നിത്യ നാശം എന്ന ശിക്ഷാവിധിയിലേക്കു തള്ളിക്കളയപ്പെടും (റോമർ 2:9, 16).

 

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും