യെഹെസ്കേൽ 40-48

 

പഴയ നിയമ ആചാരങ്ങളായ മൃഗയാഗം, ദൈവാലയം, ലേവ്യപൗരോഹിത്യം ഇവയെല്ലാം ഭാവിയിൽ ദൈവത്തിന്‍റെ പദ്ധതിയിൽ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് യുഗവാദികൾ (Dispensationalists) പറയുന്നത്. യെഹെസ്കേൽ 40-48 ആക്ഷരീകമായി വ്യാഖ്യാനിക്കുന്നവർ മൃഗയാഗങ്ങൾ (40:39; 43:18-27), ലേവ്യ പൗരോഹിത്യം (40:44-47), പരിച്ഛേദന (44:9), ഉത്സവങ്ങൾ, ശബ്ബത്താചരണം (44:24), പെസഹാപെരുന്നാൾ ആചരണം (45:21) ഇവയെല്ലാം വീണ്ടും വരുമെന്ന് പറയേണ്ടി വരും. അങ്ങനെ യുഗവാദികൾ പഠിപ്പിക്കുന്നുമുണ്ട്.  അതിനു അവർ പല അടവുകളും പറയും. ഭാവിയിൽ പുനഃസ്ഥാപിക്കപ്പെടുന്ന മൃഗയാഗങ്ങൾ പുതിയ നിയമ മൃഗയാഗങ്ങൾ ആയിരിക്കുമെന്ന് ചിലർ വാദിക്കുന്നു. ഇന്ന് നാം ആചരിക്കുന്ന കർതൃമേശ പോലെ ഭാവിയിലെ മൃഗയാഗങ്ങൾ കർത്താവിന്‍റെ മരണത്തെ ഓർക്കുവാൻ വേണ്ടിയുള്ളതായിരിക്കും എന്ന് മറ്റു ചിലർ വാദിക്കും. യെഹെസ്കേൽ 40 മുതൽ 48 വരെ മന്ദിരത്തെക്കുറിച്ചും മൃഗയാഗങ്ങളെക്കുറിച്ചും വളരെ സസൂക്ഷ്മമായ അളവുകളും വിശദാംശങ്ങളും നല്കിയിരിക്കുന്നതുകൊണ്ടു അത് ആക്ഷരീകമായി  വ്യാഖ്യാനിക്കേണ്ടവയാണെന്നു ചിലരും വാദിക്കുന്നു. എന്നാൽ, ഈ പറഞ്ഞ എല്ലാ യുഗവാദ ന്യായങ്ങളും അടിസ്ഥാനരഹിതമാണ്.

വളരെ സൂക്ഷമായ അളവുകളും വിശദാംശങ്ങളും നല്കിയിട്ടുണ്ടെകിൽ ആക്ഷരീകമായി വ്യാഖ്യാനിക്കേണം എന്ന് പറയുന്നവരോട് എന്‍റെ ഒരു മറുചോദ്യം: എത്ര വിശദമായി പറഞ്ഞാലാണ്, ഒരു വേദഭാഗം നിർബന്ധമായും ആക്ഷരീകമായി വ്യാഖ്യാനിക്കേണ്ടവ ആണ് എന്ന് തീരുമാനിക്കുവാൻ കഴിയുക? ആരാണ് ഇത് തീരുമാനിക്കുന്നത്? അതിന്‍റെ ഉത്തരം ഇതാണ്: ഓരോ യുഗവാദികളും അവർക്കു തോന്നിയതുപോലെ തീരുമാനിക്കും. അത് മനുഷ്യ കേന്ദ്രികൃത വ്യാഖ്യാനമാണ്.

എന്നാൽ അമില്ലേന്നിയലിസ്റ്റുകൾ ക്രിസ്തുവിന്‍റെയും തന്‍റെ അപ്പോസ്തലന്മാരുടെയും മാതൃക പിന്തുടരുന്നു. യെഹെസ്കേൽ 40 മുതൽ 48 വരെ അധ്യായങ്ങളിൽ എത്ര വിശദമായ കണക്കുകൾ പറഞ്ഞാലും അതിന്‍റെ നിവൃത്തി പുതിയ ഉടമ്പടിയുടെ വ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കും. യെഹെസ്കേൽ 40-48-ന്‍റെ യുഗവാദ വ്യാഖ്യാനം തെറ്റാണ്. കാരണം:

1.     പാപങ്ങൾക്ക് വേണ്ടി ഇനി ഒരു യാഗവും ആവശ്യമില്ല എന്ന് എന്ന് പുതിയ നിയമം പറഞ്ഞിരിക്കുന്നു.

യുഗവാദികൾ പറയുമായിരിക്കും, പഴയനിയമത്തിൽ മൃഗയാഗങ്ങൾ പാപങ്ങളെ മോചിച്ചിട്ടില്ല എന്ന്. അത് ശരിയാണ്. എന്നാൽ പാപങ്ങൾക്കുവേണ്ടി നിഴൽ എന്ന രൂപത്തിൽ മൃഗയാഗങ്ങൾ ദൈവം കല്പിച്ചിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ആ നിഴൽ എന്ന രൂപത്തിൽപോലും മൃഗയാഗങ്ങൾ ആവശ്യമില്ല എന്നാണ് എബ്രായർ  10:18-ൽ പറഞ്ഞിരിക്കുന്നത്. യെഹെസ്കേൽ 45:17-ൽ “യിസ്രായേൽഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അർപ്പിക്കേണം” എന്ന പ്രയോഗം നാം കാണുന്നുണ്ട്. എന്നാൽ ക്രിസ്തു പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി മരിച്ചിരിക്കെ ഭാവിയിൽ യിസ്രായേൽ മക്കളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി (നിഴലായി) മൃഗയാഗങ്ങൾ കഴിക്കും എന്ന് പറയുന്നത് അസംബന്ധമാണ്. ക്രിസ്തുവിന്‍റെ ശരീരയാഗം മനുഷ്യരുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആത്മാവിന്‍റെയും വീണ്ടെടുപ്പിനു മതിയായതാണെന്നിരിക്കെ മൃഗയാഗങ്ങൾ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി നിഴൽ രൂപത്തിൽ കഴിക്കപ്പെടും എന്ന പഠിപ്പിക്കൽ ഗുരുതരമായ തെറ്റാണ്. എന്നാൽ യെഹെസ്കേൽ പ്രാവാചകന് തെറ്റ് പറ്റിയതാണോ എന്ന് ഞങ്ങൾ ചോദിക്കുന്നു. ഒരിക്കലും അല്ല. യുഗവാദികളുടെ അമിതമായ ആക്ഷരീകവ്യാഖ്യാനമാണ് തെറ്റ്.

2.      യെഹെസ്കേൽ 37:25-28: “25ന്‍റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്‍റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും. 26ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്‍റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും…..”

സദാകാലത്തേക്കും സ്ഥാപിക്കപ്പെടുന്ന വിശുദ്ധമന്ദിരം ആക്ഷരീകമാണെന്നു യുഗവാദികൾ പഠിപ്പിക്കുന്നു. എന്നാൽ സദാകാലം എന്ന് പറഞ്ഞിരിക്കുന്നത് സഹസ്രാബ്ദയുഗത്തെക്കുറിച്ചാണെന്നും അവർ വാദിക്കുന്നു (കാരണം പുതിയ ഭൂമിയിൽ മന്ദിരം ഇല്ല എന്ന് ദൈവവചനം പറയുന്നു, വെളിപ്പാട് 21:22). സദാകാലം എന്ന വാക്കിനെക്കുറിച്ചുള്ള ഒരു  സാങ്കേതിക പഠനം ഇപ്പോൾ നടത്തുവാൻ ആഗ്രഹിക്കുന്നില്ല. ഒരു കാര്യം വ്യക്തമാണ്, യെഹെസ്കേൽ 37:26-ൽ പറഞ്ഞിരിക്കുന്ന സമാധാനനിയമം പുതിയനിയമമാണ്. അത് ശാശ്വതനിയമമായിരിക്കുമെന്നും പറഞ്ഞിരിക്കുന്നു. ആ പുതിയ നിയമ അനുഗ്രഹങ്ങളാണ് ദേശത്തിൽ എന്നേക്കും വസിക്കുന്നതും, സദാകാലത്തേക്കുള്ള വിശുദ്ധമന്ദിരവും. എന്നാൽ, പുതിയനിയമം നിത്യമാണെന്നും എന്നാൽ ദേശവും, മന്ദിരവും ആയിരമാണ്ടേക്കു മാത്രം ഉള്ളതാണെന്നും പറയുന്നത് യുക്‌തിസഹമല്ല.

3.      യെഹെസ്കേൽ 40-48-ന്‍റെ പുതിയ നിയമ വ്യാഖ്യാനം അത് ഉറപ്പിക്കുന്നു.

യെഹെസ്കേൽ 40-48-ന്‍റെ പുതിയ നിയമ വ്യാഖ്യാനം നാം കാണുന്നത് വെളിപ്പാട് 21-22-ലാണ്. ദൈവാലയത്തിൽ നിന്നും പുറപ്പെടുന്ന ജീവജല നദിയെ ദൈവത്തിന്‍റെ സിംഹാസനത്തിൽനിന്നും പുറപ്പെടുന്നതായി നാം വെളിപ്പാട് 22:1-ൽ കാണുന്നു. പുതിയ ഭൂമിയിൽ ജീവവൃക്ഷമുണ്ട് (വെളിപ്പാട് 22:1,2; യെഹെസ്കേൽ 47:12) . യെഹെസ്കേൽ 47:1-12-ന്‍റെ നിവൃത്തിയാണ് നാം വെളിപ്പാട് 22:1, 2-ൽ കാണുന്നത്. എന്നാൽ നാം പുതിയ ഭൂമിയിൽ മന്ദിരത്തെയും, മൃഗയാഗങ്ങളെയുംകുറിച്ച് കാണുന്നില്ല (വെളിപ്പാട് 21:22). അതിന്‍റെ കാരണം ഇതാണ്, യെഹെസ്കേൽ 40-48-ൽ കാണുന്ന നിഴലുകൾ എല്ലാം ക്രിസ്തുവിന്‍റെ ശരീരയാഗത്തോടുകൂടെ അതിന്‍റെ യഥാർത്ഥ, പൊരുളായ തലത്തിലേക്ക് കടന്നിരിക്കുന്നു. യോഹാന്നാൻ അപ്പോസ്തലന് അത് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു, യെഹെസ്കേൽ 40-48-ൽ നാം കാണുന്ന ഓരോ സസൂക്ഷ്മ വിവരണങ്ങളും നാം വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. എന്നാൽ, ക്രിസ്തുവിലും തന്‍റെ ജനത്തിലും അതിന്‍റെ യാഥാർഥ്യങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു, ഭാവിയിൽ പൂർണ്ണമായി നിറവേറുകയും ചെയ്യും.

4.      ദൈവത്തിന്‍റെ പദ്ധതി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനെ വീണ്ടും പിന്നോട്ട് കൊണ്ടുപോകുന്ന വ്യാഖ്യാനമാണ് യുഗവാദികളുടേതു.

പഴയ നിയമ നിഴലുകളെ ബലഹീനവും നിഷ്പ്രയോജനവുമുള്ളതു, മാറിപ്പോകുന്ന, കുറവുള്ള, പഴയതും ജീർണിക്കുന്നതും എന്നൊക്കെയാണ് ദൈവവചനം വിളിച്ചിരിക്കുന്നത് (എബ്രായർ 7:12, 18, 19; 8:7, 13). രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കപ്പെട്ടപ്പോൾ നിഴലുകളെ യഹോവ ആക്ഷേപിച്ചു എന്ന് എബ്രായർ 8:8-ൽ എഴുതിയിരിക്കുന്നു. പഴയ നിയമ യാഗങ്ങളിൽ ദൈവം പ്രസാദിച്ചില്ല എന്നും എഴുതിയിരിക്കുന്നു (എബ്രായർ 10:6). രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കി എന്ന് വചനം രേഖപ്പെടുത്തിയിരിക്കുന്നു (എബ്രായർ 10:9). നീക്കിക്കളയപ്പെട്ട, പഴയതും, ജീർണിക്കുന്നതും, കർത്താവിന്‍റെ രക്തത്താൽ സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ ഭാഗമാക്കുന്നത് പുതിയ ഉടമ്പടിയുടെ പൂർണ്ണതയെ ഇകഴ്ത്തുന്നതാണ്. അത്കൊണ്ട് യുഗവാദ സിദ്ധാന്തം ഒരു വിശ്വാസിക്ക് ചേർന്നതല്ല.

പുതിയ നിയമ കാലഘട്ടത്തെ കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ എന്തുകൊണ്ട് നിഴൽ ഭാഷയിൽ കാര്യങ്ങൾ രേഖപ്പെടുത്തി എന്നത് ന്യായമായ സംശയമാണ്. അതിനു പല കാരണങ്ങൾ ഉണ്ട്. പുതിയ നിയമ കാലഘട്ടത്തെക്കുറിച്ചു പഴയ നിയമ മനുഷ്യരോട് പറയുമ്പോൾ അവർ അനുഭവിക്കാത്ത കാര്യങ്ങളെ അവർക്കു പരിചിതമായ ഭാഷയിൽ ചിത്രീകരിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ടു പുതിയ നിയമ യാഥാർഥ്യങ്ങളെ നിഴലുകൾ ഉപയോഗിച്ചു ചിത്രീകരിക്കുവാൻ യഹോവയ്‌ക്കു പ്രസാദമായി എന്ന് നമുക്ക് ചിന്തിക്കാം. എന്നാൽ പഴയ നിയമ നിഴലുകളെ എങ്ങനെ വ്യാഖ്യാനിക്കേണം എന്ന് പുതിയ നിയമം പഠിപ്പിക്കുന്നു. അതാണ് നാം പിന്തുടരേണ്ടത്.

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും