ഈ ലോകം, വരുവാനുള്ള ലോകം - വിഭജന രേഖ (the Great Events that separates this Age and the Age to Come - Dividing Line)

യേശു ക്രിസ്തുവിന്റെ അന്ത്യകാല സിദ്ധാന്തത്തിൽ ഈ ലോകം, വരുവാനുള്ള ലോകം  മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ രണ്ടു ലോകത്തെയും വേർതിരിക്കുന്നത് ദുഷ്ടന്മാരുടെ ന്യായവിധിയും നീതിമാന്മാരുടെ പുനരുത്ഥാനവുമാണ്.

മത്തായി 13:37-43: “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;  കൊയ്യുന്നവർ ദൂതന്മാർ കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.”

രണ്ടു ലോകങ്ങളെയും വേർതിരിക്കുന്ന ദുഷ്ടന്മാരുടെ ന്യായവിധിയെകുറിച്ചു നമുക്കിനി പഠിക്കാം. മൂന്ന് വേദ ഭാഗങ്ങളാണ് ഇതിനായി ഉദ്ധരിക്കുവാൻ  ആഗ്രഹിക്കുന്നത്:

a)       മത്തായി 25:31-46

b)      റോമാ. 2:5-16

c)       2 പത്രോസ് 3:1-13

ഓരോ വേദഭാഗത്തുനിന്നും നാം മൂന്നു ചോദ്യങ്ങൾക്കു ഉത്തരം മനസ്സിലാക്കുവാൻ ശ്രമിക്കും:

1.       ആ ന്യായവിധിയിൽ ആരൊക്കെ ഉൾപ്പെടും?

2.       ആ ന്യായവിധിയുടെ സമയം എപ്പോൾ?

3.       ആ ന്യായവിധിയുടെ ഫലം എന്ത്?

ഉത്തരം:

1. ന്യായവിധിയുടെ വ്യാപ്തി: ജീവനോടെയുള്ളവരും മരിച്ചവരുമായ സകല മനുഷ്യരും അന്ന് ന്യായാസനത്തിന് മുമ്പിൽ നിൽക്കേണ്ടി വരും.

2.   ന്യായവിധിയുടെ സമയം: യേശു ക്രിസ്തുവിന്റെ രണ്ടാം വരവിൽ ആ ന്യായവിധി സംഭവിക്കും.

3. ന്യായവിധിയുടെ ഫലം: ദുഷ്ടന്മാർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.

മത്തായി 25:31-46

ന്യായവിധിയുടെ സമയം: ക്രിസ്തുവിന്റെ രണ്ടാം വരവ്

മത്തായി 25:31-33: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.”

ന്യായവിധിയാൽ സംഭവിക്കുന്ന കാര്യങ്ങൾ: നിത്യ ജീവനും നിത്യ ദണ്ഡനവും

മത്തായി 25:34, 41, 46: (വാക്യം 34)  “രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.(വാക്യം 41)“പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (വാക്യം 46) “ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

ന്യായവിധിയുടെ വ്യാപ്തി: സകല മനുഷ്യരും

മത്തായി 25:32: “സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും….”

സകല ജാതികളെയും എന്ന് പറഞ്ഞിരിക്കുന്നതിൽ ആരൊക്കെ ഉൾപ്പെടും?

പ്രീ മില്ലേനിയം വിശ്വസിക്കുന്നവർ വാദിക്കാറുള്ളത് അതിൽ യിസ്രായേലിലെ മനുഷ്യർ ഉൾപ്പെടില്ല എന്നാണ്. അതുകൊണ്ടു മത്തായി 25-ൽ പറഞ്ഞിരിക്കുന്നത് അന്ത്യന്യായവിധിയല്ല എന്ന് അവർ വാദിക്കുന്നു.

ജാതികൾ എന്ന പദം മത്തായിയുടെ സുവിശേഷത്തിൽ യിസ്രായേലിന്നു പുറത്തുള്ള ജാതികളെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത് (മത്തായി 6:32; 10:5; 10:18; 12:18; 12:21; 20:19; 20:25). എന്നാൽ "സകല ജാതികൾ" എന്ന പ്രയോഗം തികച്ചും വ്യത്യസ്തമായ രീതിയിലാണ് മത്തായി ഉപയോഗിച്ചിരിക്കുന്നത്. മത്തായി 25:31-നു പുറമെ മത്തായി 24:9; 24:14; 28:19-ൽ ഇത് ഉപയോഗിച്ചിരിക്കുന്നു.

മത്തായി 24:9: “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.”

മത്തായി 24:14: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”

മത്തായി 28:19: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.”

സകല ജാതികളും യേശുവിന്റെ ശിഷ്യന്മാരെ പകക്കും എന്ന് പറയുമ്പോൾ അതിൽ യെഹൂദന്മാരും ഉൾപ്പെടുന്നുണ്ട്. സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും സുവിശേഷം പ്രസംഗിക്കപ്പെടും എന്ന് പറയുമ്പോഴും അതിൽ യെഹൂദാജാതി ഉൾപ്പെടുന്നുണ്ട്. സകലജാതികളെയും ശിഷ്യരാക്കി കൊള്ളുവാൻ കർത്താവു പറഞ്ഞപ്പോൾ അതിൽ യെഹൂദാജാതിയേയും ഉൾപ്പെടുത്തിയിരുന്നു. സഭയുടെ സുവിശേഷവേലയുടെ വ്യാപ്തിയിൽ യെഹൂദനും ഉൾപ്പെടുന്നു.

പ്രവർത്തികൾ 1:8: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.”

അതുകൊണ്ടു, മത്തായി 25-ലെ ന്യായവിധിയിലും യിസ്രായേൽ ഉൾപ്പെടുന്ന സകല ജാതികളും ഉൾപ്പെടുന്നു.

മാത്രമല്ല, മത്തായി എഴുതിയ സുവിശേഷത്തിൽ കാണുന്ന ന്യായവിധി എന്ന പ്രമേയത്തിന്റെ ഒടുവിലത്തെ പരാമർശമാണ് മത്തായി 25:31-46-ൽ കാണുന്നത്. മത്തായി 25:31-46 നാം വ്യാഖ്യാനിക്കേണ്ടത് ന്യായവിധിയെക്കുറിച്ചോ ന്യായവിധി ദിവസത്തെക്കുറിച്ചോ പറയുന്ന മറ്റു വേദഭാഗങ്ങളോടൊപ്പമാണ്.

മത്തായി 7:22: “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും നാളിൽ എന്നോടു പറയും.”

മത്തായി 11:21-24:  “എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു…. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും.”

മത്തായി 12:36-42:  “എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു…. നീനെവേക്കാർ ന്യായവിധിയിൽ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും…. തെക്കെ രാജ്ഞി ന്യായവിധിയിൽ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും.”

മത്തായി 16:27: “മനുഷ്യ പുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.”

പുരാതന കാലത്തെ ജാതികളും, യേശുവിന്റെ കാലത്തെ പട്ടണങ്ങളും, ഓരോ മനുഷ്യരും, ചരിത്രത്തിലെ സകല ജാതികളും ന്യായവിധിയുടെ സമയത്തുണ്ടായിരിക്കും എന്ന് ഈ ഭാഗങ്ങളൊക്കെയും  പഠിപ്പിക്കുന്നു.  യിസ്രായേല്യരും അതിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടു മത്തായി 25ലെ ന്യായവിധിയുടെ വ്യാപ്തി തികച്ചും സാർവത്രീകമാണ്.

ക്രിസ്തുവിന്റെ വരവിൽ സകല മനുഷ്യരും ന്യായം വിധിക്കപെടുമെങ്കിൽ അവർ അതിനു മുൻപേ ഉയിർത്തെഴുന്നേറ്റിരിക്കണമല്ലോ. അതുകൊണ്ടു, ക്രിസ്തുവിന്റെ രണ്ടാം വരവിൽ ഇതുവരെ ഭൂമിയിൽ ജീവിച്ച സകല മനുഷ്യരും ഉയിർത്തെഴുന്നേൽക്കും.


റോമർ  2:5-16

ന്യായവിധിയാൽ സംഭവിക്കുന്ന കാര്യങ്ങൾ: നിത്യ ജീവനും നിത്യ ദണ്ഡനവും

റോമർ  2:7, 8: നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.”

ന്യായവിധിയുടെ വ്യാപ്തി: സകല മനുഷ്യരും

റോമർ  2:6, 9, 10, 12: (വാക്യം 6) “അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” (വാക്യം 9)  “തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.” (വാക്യം 10)  “നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.” (വാക്യം 12)ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.”

മരിച്ചുപോയവരും ജീവനോടെയിരിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു. കാരണം, പൗലോസ് തന്റെ കാലത്തു ജീവിച്ചിരുന്ന മനുഷ്യരും ഈ ന്യായവിധിയിൽ പങ്കുകൊള്ളും എന്ന് പ്രസംഗിച്ചു .

റോമർ 2:5: എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.”

ഈ പറഞ്ഞതിൽ ഉൾപ്പെടാത്ത ആരുണ്ട്? ആരുമില്ല.  സകല നീതിമാന്മാരും സകല നീതികെട്ടവരും, യെഹൂദനും യവനനും, ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരും ന്യായപ്രമാണം കൂടാതെ പാപം ചെയ്തവരും, മരിച്ചവരും ജീവിക്കുന്നവരും അതിൽ ഉൾപ്പെടുന്നു.

ന്യായവിധിയുടെ സമയം: ക്രിസ്തുവിന്റെ രണ്ടാം വരവ്

റോമർ  2:6: “അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.”

റോമർ  2:16: “ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.”

മത്തായി 16:27: “മനുഷ്യ പുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.

ഈ മൂന്ന് വാക്യങ്ങളിലെ സമാന്തരത ഈ ന്യായവിധി യേശു ക്രിസ്തുവിന്റെ രണ്ടാം വരവിൽ സംഭവിക്കുന്നതാണെന്നു സൂചിപ്പിക്കുന്നു.

ഇവിടെ പറഞ്ഞിരിക്കുന്ന പ്രതിഫലവും ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ ക്രിസ്ത്യാനികൾക്ക് നൽകപ്പെടുന്ന പ്രതിഫലവും തമ്മിലുള്ള സാമ്യവും ചൂണ്ടിക്കാണിക്കുന്നത് ഇതു രണ്ടാമത്തെ വരവിൽ സംഭവിക്കുന്നു എന്നാണ്.

റോമാ 2:7: നിത്യജീവൻ

മത്തായി 25:46: നിത്യജീവൻ

റോമാ 2:7,10: മഹത്വം

കൊലോ. 3:4: തേജസ്സു

1കൊരി. 15:43: തേജസ്സു

റോമാ. 8:18: തേജസ്സു

റോമാ 2:7: അക്ഷയത

1കൊരി. 15:53: അക്ഷയത

 

2 പത്രൊസ് 3:1-13

ന്യായവിധിയുടെ സമയം: ക്രിസ്തുവിന്റെ രണ്ടാം വരവ്

2 പത്രൊസ് 3:3, 9, 10 : (വാക്യം 3)അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?” (വാക്യം 9)ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” (വാക്യം 10)കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.”

പത്രോസിന്റെ വിഷയം കർത്താവിന്റെ വാഗ്ദത്തമാണ്. ആ വാഗ്ദത്തം കർത്താവിന്റെ കള്ളനെപോലെയുള്ള വരവാണ്, കർത്താവിന്റെ ദിവസമാണ്, അവന്റെ പ്രത്യക്ഷതയാണ് എന്നുള്ളത് വ്യക്തമാണല്ലോ.

ന്യായവിധിയുടെ വ്യാപ്തി: സകല മനുഷ്യരും

2 പത്രൊസ് 3:6, 7: അതിനാൽ [വെള്ളത്താൽ] അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.”

2 പത്രൊസ് 3:10: കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.

പുതിയ ഭൂമി എന്ന പദവും സർവത്രീകതയെ കാണിക്കുന്നതാണ്. നോഹയുടെ കാലത്തു നടന്ന ജലപ്രളയവുമായുള്ള സാമ്യപ്പെടുത്തലും ഇത് ഉറപ്പിക്കുന്നു.

ന്യായവിധിയാൽ സംഭവിക്കുന്ന കാര്യങ്ങൾ: നിത്യ ജീവനും നിത്യ ദണ്ഡനവും

2 പത്രൊസ് 3: 7: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.”

നാം ആകാശവും ഭൂമിയും നശിക്കുന്ന ദൈവദിവസത്തിന്റെ വരവ് കാത്തിരിക്കുന്നു എന്നാണ് പത്രോസ് പറയുന്നത് (വാക്യം 11). നീതികെട്ടവർ നിത്യനരകത്തിലേക്കും നീതിമാന്മാർ പുതിയ ഭൂമിയിലേക്കും പ്രവേശിക്കും. നിത്യമായ പ്രതിഫലമാണ് ഈ ന്യായവിധിയുടെ ലക്ഷ്യം.

--------------------------------------------------------------------------------------------------------------------------------

Note

കർത്താവിന്റെ ദിവസം എന്ന് പത്രോസ് പറഞ്ഞിരിക്കുന്നത് ആയിരാമാണ്ടു ഉൾപ്പെടുന്ന കാലത്തെയാണ് എന്ന് പ്രീ-മില്ലേനിയം വിശ്വസിക്കുന്നവർ വാദിക്കാറുണ്ട്. അത് തികച്ചും തെറ്റാണു കാരണം:

1. കർത്താവിന്റെ ദിവസത്തിൽ ദുഷ്ടന്മാർക്കു പെട്ടെന്ന് നാശം വന്നുഭവിക്കും എന്നാണ് പറയുന്നത്. ആയിരം വര്ഷം നിലനിൽക്കുന്ന ന്യായവിധി എങ്ങനെയാണ് പെട്ടെന്നാകുന്നത്? ആയിരം വര്ഷം കഴിഞ്ഞുള്ള ന്യായവിധി എങ്ങനെയാണ് പെട്ടെന്നാകുന്നത്?

1 തെസ്സലൊനീക്യർ 5:2, 3: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.”

2. എല്ലാവരും രക്ഷിക്കപ്പെടുവാൻ വേണ്ടിയാണ് കർത്താവു വരുവാൻ വൈകുന്നതെന്ന് പത്രോസ് പറയുന്നു. അതുകൊണ്ടു, ഒരുവൻ രക്ഷിക്കപ്പെടണമെങ്കിൽ കർത്താവിന്റെ ദിവസം വരുന്നതിനു മുൻപ് രക്ഷിക്കപ്പെടണം. കർത്താവിന്റെ ദിവസം ഒരു ആയിരം വർഷം നീണ്ടുനിൽക്കുന്നുവെങ്കിൽ, പത്രോസ് പറയുന്നതിന്റെ അർഥം എന്താണ്? ആയിരാമാണ്ടിൽ അനേകർ രക്ഷിക്കപ്പെടുമെന്നു വാദിക്കുന്നത് പത്രോസിന്റെ ഉപദേശത്തോടു യോജിക്കുന്നില്ലല്ലോ.

2 പത്രൊസ് 3:9, 10: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും….”

3.  പത്രോസിൽ കർത്താവിന്റെ പ്രത്യക്ഷതയും കർത്താവിന്റെ ദിവസവും എന്ന് പറഞ്ഞിരിക്കുന്നത് ഒരേ കാര്യത്തെ തന്നെയാണ്.

2 പത്രൊസ് 3:3, 9, 10 : (വാക്യം 3)അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? (വാക്യം 9) ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. (വാക്യം 10) കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.”

പത്രോസ് ഇവിടെ കർത്താവിന്റെ വാഗ്ദത്തം എന്താണെന്നു സൂചിപ്പിക്കുന്നു. കർത്താവിന്റെ പ്രത്യക്ഷതയാണ് വാഗ്‌ദത്തം. കർത്താവിന്റെ ദിവസമാണ് വാഗ്‌ദത്തം. കർത്താവിന്റെ ദിവസം ആയിരം വർഷം നീണ്ടു നിൽക്കുമെങ്കിൽ, അതുപോലെതന്നെ അവന്റെ വരവും ആയിരം വർഷം നീണ്ടു നില്കും എന്ന് വാദിച്ചുകൂടെ?

ഈ കാരണങ്ങളാൽ കർത്താവിന്റെ ദിവസം ഒരു ആയിരം വർഷം നീണ്ടു നിൽക്കുന്ന ഒരു കാലമായി ഗ്രഹിക്കുന്നതു അസാധ്യമാണ്.

---------------------------------------------------------------------------------------------------------------------------------------

സംഗ്രഹം

മത്തായി 25:31-46; റോമർ 2:5-16; 2 പത്രൊസ് 3:1-13 എന്നി മൂന്ന് വേദഭാഗങ്ങൾ പഠിക്കുവാൻ  ഇടയായി. മൂന്നു വേദഭാഗങ്ങളും കർത്താവിന്റെ രണ്ടാം വരവിൽ സംഭവിക്കുന്ന ന്യായവിധിയെകുറിച്ചാണ് പറയുന്നത്. ലോകചരിത്രത്തിൽ ജീവിച്ച സകല മനുഷ്യരും ആ ന്യായവിധിയിൽ ഉൾപ്പെടുന്നതുകൊണ്ടു അത് അന്ത്യന്യായവിധിയാണ്. അന്ത്യന്യായവിധിക്കു മുന്പായി സകല മനുഷ്യരും ഉയിർത്തെഴുന്നേൽക്കണം എന്നാകകൊണ്ടു കർത്താവിന്റെ രണ്ടാം വരവിൽ വിശ്വാസികളും അവിശ്വാസികളും ഉയിർത്തെഴുന്നേൽക്കും എന്ന് വ്യക്തമാണല്ലോ. മൂന്നു വേദഭാഗങ്ങളിലും കർത്താവിന്റെ രണ്ടാം വരവിനു ശേഷമുള്ള ഭൂമിയിലെ ആയിരാമാണ്ടു വാഴ്ചയെ സൂചിപ്പിക്കുന്നില്ല എന്ന് മാത്രമല്ല അതിനു നേർ വിപരീതവുമാണ്. വെളിപ്പാടുപുസ്തകത്തിന്റെ ശരിയായ വ്യാഖ്യാനം അപ്പോസ്തലന്മാർ മുമ്പ് പഠിപ്പിച്ച കാര്യങ്ങളുമായി വൈരുധ്യമുള്ളതല്ല (വൈരുധ്യമുള്ളതാകരുതു).

വേദഭാഗങ്ങളിൽ നിന്നും വ്യക്തമാകുന്ന കാര്യം, പ്രീ-മില്ലേനിയം എന്ന ഉപദേശം അപ്പോസ്തലന്മാർ പഠിപ്പിച്ചിട്ടില്ല എന്നാണ്. പൊതുവെയുള്ള അഭിപ്രായപ്രകാരം,  യോഹന്നാനെ ഒഴിച്ചുള്ള പതിനൊന്നു അപ്പോസ്തലന്മാരും വെളിപ്പാട് പുസ്തകം എഴുതുന്നതിനു മുന്പായി മരിച്ചുവല്ലോ. അതുകൊണ്ടു, പത്രോസ് , പൗലോസ് എന്നിവർ ആരും ഒരു പ്രീ-മില്ലേനിയം എന്ന ആശയത്തിലുള്ള ഉപദേശം വിശ്വസിച്ചിരുന്നില്ല. നാമും അത് വിശ്വസിക്കുവാൻ ആവശ്യമില്ല. അപ്പോസ്തോലന്മാർ  വിശ്വസിച്ചിരുന്നതും അവർ നമുക്ക് എഴുതി തന്നതുമായ ഉപദേശം നമുക്ക് വിശ്വസിക്കാം. അതിനായി ദൈവം നമ്മളെ ധാരാളം സഹായിക്കുമാറാകട്ടെ. ആമേൻ.




ഗ്രന്ഥാസൂചി (Bibliography):

1. Waldron, Samuel E. The End Times Made Simple.




Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും