അന്ത്യകാല പഠനം എന്നാൽ എന്താണ്? (What is Eschatology?)
അന്ത്യകാല പഠനം (eschatology) എന്ന് പറയുമ്പോൾ പലർക്കും പല കാര്യങ്ങളും മനസ്സിൽ വരും. മരിച്ചവരുടെ പുനരുത്ഥാനം, കർത്താവിന്റെ രണ്ടാം വരവ്, സ്വർഗം, നരകം. ഇതെല്ലാം അന്ത്യകാല പഠനത്തിന്റെ ഭാഗമാണ്.
എന്നാൽ അന്ത്യകാല പഠനം (Eschatology) എന്താണെന്നു ആഴത്തിൽ
മനസ്സിലാക്കുവാൻ നമുക്ക് ഒന്ന് പഴയനിയമത്തിലേക്കു പോകാം. ആദാം ദൈവത്തെ അവിശ്വസിച്ചു പാപിയായ കാര്യവും അതുമൂലം അവന്റെ സന്തതികൾ എല്ലാവരും പാപക്കുഴിയിൽ വീണു എന്ന വസ്തുതയും ഉൽപ്പത്തി പുസ്തകം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ കരുണാ സമ്പന്നനായ ദൈവം അവർക്കു ഒരു വീണ്ടെടുപ്പുകാരനെ വാഗ്ദത്തം ചെയ്തു.
ഉൽപ്പത്തി
3:15:
“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”
അന്ന് മുതൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ഒരു വീണ്ടെടുപ്പുകാരനെ പ്രതീക്ഷിച്ചു ജീവിച്ചു.
ആ വീണ്ടെടുപ്പുകാരൻ പാപങ്ങളിൽ നിന്നും, അത് മൂലം അവർ അനുഭവിച്ചിരുന്ന ശാപം,
രോഗം, കഷ്ടം, ആത്മീയ മരണം, ശാരീരിക മരണം എന്നിവയിൽ നിന്നും അവരെ രക്ഷിക്കുമെന്ന് അവർ വിശ്വസിച്ചു. ദൈവത്തെ വിശ്വസിക്കാത്ത അഭക്തരെ അവൻ ന്യായം വിധിക്കുമെന്നും അവർ വിശ്വസിച്ചു. ദൈവത്തിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും എന്നവർ വിശ്വസിച്ചു.
യൂദാ
14, 15: “ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.”
ഇയ്യോബ്
19:25: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.”
എന്നാൽ അന്ത്യകാലം എന്ന പദപ്രയോഗം നാം കാണുന്നത് പ്രവചനപുസ്തകത്തിലാണ്.
യെശയാവു
2:2:
“അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.” (മീഖാ
4:1).
യഹോവ തന്റെ ജനത്തെ രക്ഷിക്കുവാൻ വേണ്ടി അന്ത്യകാലത്തിൽ
പ്രത്യക്ഷപ്പെടുമെന്നു അവർ വിശ്വസിച്ചു. അന്ത്യകാലത്തു, യഹോവ തന്റെ രാജ്യം സ്ഥാപിക്കുമെന്നും
അതിലേക്കു സകല ജാതികളിൽ നിന്നുള്ള മനുഷ്യർ വരുമെന്നും, അവൻ തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും
പഴയ നിയമ പ്രവാചകന്മാർ പ്രവചിച്ചു. പുതിയ നിയമത്തിലും അന്ത്യകാലത്തെക്കുറിച്ചു ധാരാളം
പരാമർശങ്ങളുണ്ട്.
അപ്പോസ്തല
പ്രവർത്തികൾ 2:16, 17: “ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ
പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ
ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”
1
പത്രോസ് 1:20: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ
വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.”
(എബ്രായർ 1:2).
1
പത്രോസ് 1:4, 5: “….അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ
ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ
അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.”
2
പത്രോസ് 3:3, 4: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?
പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ
ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന
പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.”
(യൂദാ 18; 2 തിമോത്തി 3:1-13).
1
യോഹന്നാൻ 2:18: “കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക
ആകുന്നു എന്നു നമുക്കു അറിയാം.”
യഹോവ രക്ഷകനായി (യേശു ക്രിസ്തു) വന്നത് അന്ത്യകാലത്താണ്.
പരിശുദ്ധാത്മസ്നാനം നടന്നത് അന്ത്യകാലത്താണ്. എതിർക്രിസ്തു വരുന്നതും എതിർക്രിസ്തുക്കൾ
വന്നുകൊണ്ടിരിക്കുന്നതും അന്ത്യകാലത്താണ്.
ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ രക്ഷാപൂർത്തി സംഭവിക്കുന്നത് അന്ത്യകാലത്താണ്.
അന്ത്യകാലം എന്നാൽ എന്താണെന്നു നമുക്ക് ഇനി നിർവചിക്കാം.
ക്രിസ്തുവിന്റെ ഒന്നാം വരവ് മുതൽ വിശുദ്ധന്മാർ
അവരുടെ രക്ഷാപൂർത്തി പ്രാപിക്കുന്ന കാലം വരെയുള്ള കാലഘട്ടത്തെയാണ് ബൈബിളിൽ അന്ത്യകാലം
എന്ന് പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടു അന്ത്യകാല പഠനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
1. കർത്താവിന്റെ
ഒന്നാം വരവ്
2. കർത്താവിന്റെ
രണ്ടാം വരവ്
3. ദൈവരാജ്യം
4. ഈ
പുതിയ നിയമ കാലഘട്ടം
5. നമ്മുടെ
രക്ഷാപൂർത്തി
6. മരിച്ചവരുടെ
പുനരുത്ഥാനം
7. അന്ത്യ
ന്യായവിധി
8. സ്വർഗം
9. നരകം
10. പുതിയ
ആകാശ പുതിയ ഭൂമി
Comments
Post a Comment