എന്തുകൊണ്ട് അന്ത്യകാല പഠനം? (Why study Eschatology?)
അന്ത്യകാല പഠനം കൊണ്ട് എന്താണു വിശ്വാസികൾക്ക് നേട്ടം എന്ന
സംശയം പലർക്കും വരാം. അന്ത്യകാല പഠനം ദൈവവചന പഠനത്തിന്റെ ഒരു ഭാഗമായതുകൊണ്ടു ദൈവവചനം
പഠിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഇതിൽനിന്നും ലഭിക്കും.
2
പത്രോസ് 1:18-21: “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ
ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ
അതിനെ കരുതിക്കൊണ്ടാൽ നന്നു. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ
ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ
മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”
ഒരു ഇരുട്ടായ സ്ഥലത്തിൽകൂടി പോകുമ്പോൾ നാം വെളിച്ചത്തെ
എത്രമാത്രം വിലമതിക്കും എന്ന് നമുക്കറിയാം. നാം അത് കെട്ടുപോകാതെ സൂക്ഷിക്കും. അതുപോലെ
തന്നെയാണ് പ്രവചനങ്ങൾ. നമ്മൾ രക്ഷാപൂർത്തി പ്രാപിക്കുന്നതുവരെയുള്ള സമയം ഇരുട്ട് നിറഞ്ഞതാണ്,
അഴുക്കു നിറഞ്ഞതാണ്. ആ ബോധ്യം ഉള്ളവർ എല്ലാം പ്രവചനത്തെ ഒരു നിധിയായി സൂക്ഷിക്കും.
ദൈവകല്പനയാലാണ് പ്രവചനം എഴുതപ്പെട്ടത്. അത് വായിക്കുന്നതും, ഗ്രഹിക്കുന്നതും, വിശ്വസിക്കുന്നതും,
അനുസരിക്കുന്നതും, പ്രസംഗിക്കുന്നതും ദൈവത്തിന്റെ ഹിതമാണ്, ദൈവത്തിനു പ്രസാദമാണ്.
2
തിമോത്തി. 3:14-17: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും
വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ
അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”
ഈ വാക്യ ങ്ങളുടെ പശ്ചാത്തലം: അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക (2 തിമോത്തി
3:1). പുനരുത്ഥാനം ഇല്ല എന്ന് ചിലർ പഠിപ്പിക്കുന്നു (2:18). മനുഷ്യർ അശുദ്ധരായി ജീവിക്കുന്നു
(3:1-7). പഠിച്ചിട്ടും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കാൻ കഴിയാത്തവർ (3:7-8). ദുഷ്ടമനുഷ്യർ,
മായാവികൾ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും ദോഷത്തിൽ
മുതിർന്നവരും (3:13).
പൗലോസ് തിമോത്തിയോസിനോട് പറയുന്നത് എന്താണു?
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. അതുകൊണ്ടു ദൈവത്തിന്റെ മനുഷ്യനെ സകല സത്യത്തിലും
വഴിനടത്തുവാൻ അത് പ്രാപ്തമാണ്. അന്ത്യകാലത്തു വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞു വരുന്ന സകല
തെറ്റായ ഉപദേശങ്ങളെയും മറികടന്നു ദൈവം ആഗ്രഹിക്കുന്നത് പോലെ ജീവിക്കുവാൻ സകല തിരുവെഴുത്തും
ആവശ്യമാണ്. അന്ത്യകാലത്തു സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേൾക്കുവാൻ മനുഷ്യർ തിരിയുന്ന
കാലം വരുമെന്ന് അപ്പോസ്തലൻ മുന്നറിയിപ്പ് തന്നിട്ടുണ്ട് (4:4). അതുകൊണ്ടു ദൈവഭക്തന്മാരായ
നാം സകല തിരുവെഴുത്തും പരിശോധിക്കണം, ഗ്രഹിക്കണം, പ്രസംഗിക്കണം (4:2). അത് ദൈവത്തിന്റെ
ഹിതമാണ്.
മത്തായി
5:17-20: “ഞാൻ ന്യായപ്രമാണത്തെയൊ
പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ
ഞാൻ വന്നതു. സത്യമായിട്ടു
ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം
ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.”
പ്രവചനങ്ങൾ എല്ലാം നിവർത്തിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്.
താൻ വന്നത് അതിനുവേണ്ടിയാണെന്നും അവൻ പറഞ്ഞു. അവൻ പറഞ്ഞ കാര്യങ്ങൾ എല്ലാം നിവർത്തിക്കപ്പെടും.
തന്റെ പുത്രനെ ദൈവം കൈവിട്ടതുപോലും തന്റെ വചനത്തെ
നിവർത്തിക്കുവാൻ വേണ്ടിയാണ്. ഈ ലോകത്തിൽ നൂറു ശതമാനം സത്യമാണ് എന്ന് പറയുവാൻ നമുക്ക്
വേറെ ഒന്നും ഇല്ല. ദൈവവചനം മാത്രം. അതുകൊണ്ടു സുസ്ഥിരമല്ലാത്ത ഈ ലോകത്തു ഒരു നങ്കൂരമായിട്ടു
അവന്റെ വചനം മാത്രമേ നമുക്കുള്ളൂ. അതുകൊണ്ടു പ്രവചനത്തെ നാം അവഗണിക്കരുത്.
ലൂക്കോസ്
24:25-27: “അവൻ അവരോടു:
“അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത
മന്ദബുദ്ധികളേ, ക്രിസ്തു
ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു.
മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും
തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.”
പ്രവചനങ്ങളിൽ ഉള്ളത് എല്ലാം
വിശ്വസിക്കണം എന്ന് നമ്മുടെ കർത്താവു ആഗ്രഹിക്കുന്നു. എല്ലാം വിശ്വസിക്കണമെങ്കിൽ, നാം
ആദ്യം അത് വായിക്കണം, ശരിയായി ഗ്രഹിക്കണം. പ്രവചനങ്ങളെ നാം അറിയുവാൻ ശ്രമിക്കുമ്പോൾ
നാം ക്രിസ്തുവിനെ കുറിച്ച് അറിയുവാനാണ് ശ്രമിക്കുന്നത്. അത് ദൈവത്തിനു എത്രയോ പ്രസാദമുള്ള
കാര്യമാണ് എന്നോർക്കുക.
ലൂക്കോസ്
24:44-47: “പിന്നെ
അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ
ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു
ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു….. ക്രിസ്തു കഷ്ടം അനുഭവിക്കയും
മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും
പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.”
പ്രവചനങ്ങളുടെ വ്യാപ്തി എന്താണെന്ന് കർത്താവു ഇവിടെ പറയുന്നു.
കർത്താവിന്റെ മരണവും ഉയിർപ്പും പ്രവചനങ്ങളിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, അവന്റെ നാമത്തിൽ
സുവിശേഷം സകല ജാതികളോടും പ്രസംഗിക്കപ്പെടും എന്ന കാര്യവും പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
പുതിയ നിയമ പ്രവചനങ്ങളിൽ നമ്മുടെ രക്ഷയുടെ പൂർത്തീകരണത്തെ കുറിച്ചുള്ള വാഗ്‌ദത്തവും
അടങ്ങിയിട്ടുണ്ട്.
ദൈവത്തിന്റെ രക്ഷയുടെ പദ്ധതിയെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും
അറിയുവാൻ നമ്മൾ പ്രവചനങ്ങൾ പഠിക്കണം. അങ്ങനെ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചു അറിഞ്ഞു
നമ്മുടെ ജീവിതത്തെ അവന്റെ മഹത്വത്തിനായി ക്രമപ്പെടുത്തുവാൻ ദൈവം നമ്മളെ സഹായിക്കുമാറാകട്ടെ.
Comments
Post a Comment